കാഞ്ഞങ്ങാട്: നഗരത്തില്‍ ഓടിക്കൊണ്ടിരിക്കെ ജീപ്പിന് തീപിടിച്ചു. സംഭവം നഗരത്തില്‍ പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് കോട്ടച്ചേരിയിലാണ് സംഭവം. അജാനൂര്‍ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബൊലേറൊ ജീപ്പാണ് കത്തിയത്. കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം കഴിഞ്ഞ് അജാനൂരിലേക്ക് പോകുന്ന ഭാഗത്ത് വെച്ചാണ് സംഭവം. മേല്‍പ്പാലം കഴിഞ്ഞയുടന്‍ ജീപ്പില്‍ നിന്നും മണം വരുന്നത് ഡ്രൈവര്‍ നിസാമുദ്ദീന്റെ ശ്രദ്ധയില്‍പ്പെട്ടു. നിമിഷങ്ങള്‍ക്കകം പുകയും പിന്നാലെ തീയും പടര്‍ന്നു. ഇതിനിടെ നിസാമുദ്ദീനും കൂടെയുണ്ടായിരുന്ന സ്‌കൂള്‍ ജീവനക്കാരനും ജീപ്പില്‍ നിന്നും ചാടി രക്ഷപ്പെട്ടു. അപ്പോഴേയ്ക്കും തീ ആളി പടരുകയായിരുന്നു. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തി. അതിനിടെ അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസമുണ്ടായി. റോഡിന്റെ മധ്യത്തില്‍ വെച്ചാണ് തീ പിടിത്തമുണ്ടായത്. തീ കെടുത്തിയതിന് ശേഷം നാട്ടുകാരും അഗ്‌നിരക്ഷാ സേനാംഗങ്ങളും കത്തിക്കരിഞ്ഞ ജീപ്പിനെ ഒരു വശത്തേക്ക് നീക്കിയതിനുശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.