ചിരിയുടെ ദോസ്ത് വിട പറയുമ്പോള്‍
ഇന്നലെ അന്തരിച്ച മലയാള സിനിമയിലെ പ്രമുഖ ഹാസ്യതാരം മാമുക്കോയ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ പതിപ്പിച്ചത് ഒരിക്കലും മായാത്ത ഹാസ്യമുദ്രകളാണ്. നാടോടിക്കാറ്റില്‍ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്കയായും സന്ദേശത്തില്‍ കെ.ജി പൊതുവാളായും ചന്ദ്രലേഖയില്‍ പലിശക്കാരനായും മഴവില്‍ക്കാവടിയില്‍ കുഞ്ഞിഖാദറായും റാംജിറാവു സ്പീക്കിംഗില്‍ ഹംസക്കോയയായും വരവേല്‍പ്പില്‍ ഹംസയായും പ്രാദേശിക വാര്‍ത്തകളില്‍ ജബ്ബാറായും കണ്‍കെട്ടില്‍ ഗുണ്ട കീലേരി അച്ചുവായും ഡോക്ടര്‍ പശുപതിയില്‍ വേലായുധന്‍ കുട്ടിയായും തലയണമന്ത്രത്തില്‍ കുഞ്ഞനന്തന്‍ മേസ്തിരിയായും നരേന്ദ്രന്‍ മകന്‍ ജയകാന്തനില്‍ സമ്പീശനായും കളിക്കളത്തില്‍ പൊലീസുകാരനായും ഹിസ് ഹൈനസ് അബ്ദുല്ലയില്‍ ജമാലായും കൗതുക വാര്‍ത്തകളില്‍ […]
ഇന്നലെ അന്തരിച്ച മലയാള സിനിമയിലെ പ്രമുഖ ഹാസ്യതാരം മാമുക്കോയ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ പതിപ്പിച്ചത് ഒരിക്കലും മായാത്ത ഹാസ്യമുദ്രകളാണ്. നാടോടിക്കാറ്റില്‍ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്കയായും സന്ദേശത്തില്‍ കെ.ജി പൊതുവാളായും ചന്ദ്രലേഖയില്‍ പലിശക്കാരനായും മഴവില്‍ക്കാവടിയില്‍ കുഞ്ഞിഖാദറായും റാംജിറാവു സ്പീക്കിംഗില്‍ ഹംസക്കോയയായും വരവേല്‍പ്പില്‍ ഹംസയായും പ്രാദേശിക വാര്‍ത്തകളില്‍ ജബ്ബാറായും കണ്‍കെട്ടില്‍ ഗുണ്ട കീലേരി അച്ചുവായും ഡോക്ടര്‍ പശുപതിയില്‍ വേലായുധന്‍ കുട്ടിയായും തലയണമന്ത്രത്തില്‍ കുഞ്ഞനന്തന്‍ മേസ്തിരിയായും നരേന്ദ്രന്‍ മകന്‍ ജയകാന്തനില്‍ സമ്പീശനായും കളിക്കളത്തില്‍ പൊലീസുകാരനായും ഹിസ് ഹൈനസ് അബ്ദുല്ലയില്‍ ജമാലായും കൗതുക വാര്‍ത്തകളില്‍ […]
![ചിരിയുടെ ദോസ്ത് വിട പറയുമ്പോള്‍ ചിരിയുടെ ദോസ്ത് വിട പറയുമ്പോള്‍](https://utharadesam.com/wp-content/uploads/2023/04/Mamukkoya.jpg)
ഇന്നലെ അന്തരിച്ച മലയാള സിനിമയിലെ പ്രമുഖ ഹാസ്യതാരം മാമുക്കോയ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ പതിപ്പിച്ചത് ഒരിക്കലും മായാത്ത ഹാസ്യമുദ്രകളാണ്. നാടോടിക്കാറ്റില്‍ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്കയായും സന്ദേശത്തില്‍ കെ.ജി പൊതുവാളായും ചന്ദ്രലേഖയില്‍ പലിശക്കാരനായും മഴവില്‍ക്കാവടിയില്‍ കുഞ്ഞിഖാദറായും റാംജിറാവു സ്പീക്കിംഗില്‍ ഹംസക്കോയയായും വരവേല്‍പ്പില്‍ ഹംസയായും പ്രാദേശിക വാര്‍ത്തകളില്‍ ജബ്ബാറായും കണ്‍കെട്ടില്‍ ഗുണ്ട കീലേരി അച്ചുവായും ഡോക്ടര്‍ പശുപതിയില്‍ വേലായുധന്‍ കുട്ടിയായും തലയണമന്ത്രത്തില്‍ കുഞ്ഞനന്തന്‍ മേസ്തിരിയായും നരേന്ദ്രന്‍ മകന്‍ ജയകാന്തനില്‍ സമ്പീശനായും കളിക്കളത്തില്‍ പൊലീസുകാരനായും ഹിസ് ഹൈനസ് അബ്ദുല്ലയില്‍ ജമാലായും കൗതുക വാര്‍ത്തകളില്‍ അഹമ്മദ് കുട്ടിയായും മേഘത്തില്‍ കുറുപ്പായും പട്ടാളത്തില്‍ ഹംസയായും മനസ്സിനക്കരയില്‍ ബ്രോക്കറായും പെരുമഴക്കാലത്തില്‍ അബ്ദുവായും ഉസ്ദാത് ഹോട്ടലില്‍ ഉമ്മറായും കെഎല്‍ പത്തില്‍ ഹംസകുട്ടിയായും ആട് 2ല്‍ ഇരുമ്പ് അബ്ദുല്ലയായും മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തില്‍ അബൂബക്കര്‍ ഹാജിയായും കുരുതിയില്‍ മൂസാ ഖാലിദായും മിന്നല്‍ മുരളിയില്‍ ഡോക്ടര്‍ നാരായണനായും യഥാര്‍ത്ഥ ജീവിതത്തിന്റെ ഗന്ധമുള്ള എത്രയെത്ര കഥാപാത്രങ്ങളിലൂടെയാണ് മാമുക്കോയ എന്ന നടന്‍ നമ്മുടെ നിറഞ്ഞാടിയത്. അദ്ദേഹത്തിന്റെ ചുണ്ടില്‍ നിന്ന് വീഴുന്ന ഓരോ വാക്കുകള്‍ക്കും നര്‍മ്മത്തിന്റെ അടയടികള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു. 'ബാലഷ്ണാ....' എന്ന ഒരു വിളിതന്നെ മതി മാമുക്കോയയുടെ അഭിനയ മികവിന്റെ അടയാളപ്പെടുത്തലുകള്‍ തെളിയിക്കാന്‍. സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രമേ മലയാള സിനിമയില്‍ നായക വേഷം അഭിനയിക്കാന്‍ കഴിയുകയുള്ളുവെന്ന ധാരണകളൊക്കെ രണ്ടുപതിറ്റാണ്ട് മുമ്പ് തന്നെ മാമുക്കോയ തിരുത്തിയിരുന്നു. 2001ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റിലും 2023ല്‍ ഇ.എം അഷ്‌റഫ് സംവിധാനം ചെയ്ത ഉരു എന്ന ചിത്രത്തിലും മാമുക്കോയ നായകനായി.
കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയില്‍ ജനകീയമാക്കിയ മാമുക്കോയ നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് എത്തിയത്. ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനനം. കോഴിക്കോട് എം.എം ഹൈസ്‌കൂളിലായിരുന്നു പഠനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ കല്ലായിയില്‍ മരം അളക്കലായിരുന്നു തൊഴില്‍.
സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് ഒരു നാടകം സിനിമയാക്കിയതാണ് ചലച്ചിത്ര രംഗത്തേക്കുള്ള വഴി തുറന്നത്. നിലമ്പൂര്‍ ബാലന്‍ സംവിധായകനായ 'അന്യരുടെ ഭൂമി' (1979) എന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. മമ്മൂട്ടിയെ നായകനാക്കി സാജന്‍ സംവിധാനം ചെയ്ത സ്‌നേഹമുള്ള സിംഹമായിരുന്നു മൂന്നാമത്തെ ചിത്രം. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറി. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തിന് പുറമേ ഒരു ഫ്രഞ്ച് ചിത്രത്തിലും ഏതാനും തമിഴ് ചിത്രങ്ങളിലും ഒരു ബ്യാരി ചിത്രത്തിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്ചിത്രങ്ങള്‍. 'ഇന്നത്തെ ചിന്താവിഷയ'ത്തിലെ അഭിനയത്തിന് 2008ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി. ഹാസ്യ നടന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ അത് ലഭിച്ച ആദ്യത്തെ നടനായിരുന്നു മാമുക്കോയ. പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ഈ സിനിമ കാസര്‍കോട്ടടക്കം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവേയാണ് മാമുക്കോയയുടെ അപ്രതീക്ഷിത വിയോഗം.
മാമുക്കോയയുടെ എവര്‍ഗ്രീന്‍ രംഗങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നിറഞ്ഞോടുകയാണ്. തഗ് ലൈഫ് രംഗങ്ങള്‍ മാത്രമല്ല, സമൂഹ മാധ്യമങ്ങളില്‍ ഓടിനടക്കുന്ന രസകരമായ രംഗങ്ങള്‍ അനേകം. ഇപ്പോള്‍ മാമുക്കോയയുടെ മൂന്ന് സിനിമകളിലെ വാദിയെ പ്രതിയാക്കുന്ന രംഗങ്ങള്‍ സേഷ്യല്‍ മീഡിയയില്‍ വൈറലാണ്. വടക്കുനോക്കി യന്ത്രത്തിലെ ഫോട്ടോഗ്രാഫര്‍, പ്രാദേശിക വാര്‍ത്തകളിലെ പ്രൊജക്ടര്‍ ഓപ്പറേറ്റര്‍ ജബ്ബാര്‍, ചെറിയലോകവും വലിയ മനുഷ്യരും സിനിമയിലെ അബു എന്ന കഥാപാത്രങ്ങളുടെ പ്രത്യേകതകളാണ് വിലയിരുത്തപ്പെടുന്നത്. മാമുക്കോയ എന്ന നടന്റെ തഗ്ഗ് ലൈഫ് ഒരു പാട് ആഘോഷിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഒരു പ്രശ്നം വരുമ്പോള്‍, വാദിയെ പ്രതിയാക്കി രക്ഷപ്പെടുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ പ്രത്യേകതകള്‍ മലയാളികളെ ഏറെ രസിപ്പിച്ചിട്ടുണ്ട്. വടക്കുനോക്കിയന്ത്രത്തിലെ ഫോട്ടോഗ്രാഫറായ മാമുക്കോയ, താനെടുത്ത് കുളമാക്കിയ ഫോട്ടോയുമായി ശ്രീനിവാസന്റെ അടുത്തേക്കു വരുന്ന ഭാഗമുണ്ട്. സത്യത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടത് മാമുക്കോയയാണ്. എന്നാല്‍ ഫോട്ടോയുമായി അദ്ദേഹം വരുന്നത് പക്ഷേ, പരീക്ഷക്ക് വട്ടപ്പൂജ്യം വാങ്ങിച്ച കുട്ടിയുടെ ഉത്തരക്കടലാസ് കൊടുക്കാന്‍ വരുന്ന ക്ലാസ് ടീച്ചറെപ്പോലെയാണ്. 'ഫോട്ടോ എന്താ ഇങ്ങനെ?" എന്ന് ചോദിക്കുന്ന ശ്രീനിവാസനോട്, 'അതു തന്നാ ഞാനും ചോദിക്കുന്നത് ഇതെന്താ ഇങ്ങനെ?' എന്നാണ് മാമുക്കോയയുടെ മറുചോദ്യം.
'സ്റ്റെഡീ...സ്റ്റെഡീന്ന് നൂറ് വട്ടം പറഞ്ഞതല്ലേ? പിന്നെന്തിനാ അനങ്ങാന്‍ പോയേ?' തെറ്റ് മുഴുവന്‍ ശ്രീനിവാസന്റെ തലയിലിട്ടു കൊടുക്കുകയാണ് മാമുക്കോയ. ശ്രീനിവാസന് ദേഷ്യപ്പെടാനുള്ള ചാന്‍സേ കൊടുക്കുന്നില്ല . ആ ബോഡി ലാംഗ്വേജ് തന്നെ അങ്ങനെയാണ്.
പ്രാദേശിക വാര്‍ത്തകളിലെ പ്രൊജക്ടര്‍ ഓപ്പറേറ്റര്‍ ജബ്ബാര്‍. തലേ ദിവസത്തെ സിനിമാ പ്രദര്‍ശനത്തില്‍ ഒരു റീല്‍ പ്രദര്‍ശിപ്പിക്കാതെ നേരത്തേ പടം അവസാനിപ്പിച്ച് മുങ്ങിയതിനെപ്പറ്റി ജയറാം ചോദിക്കുമ്പോള്‍ മാമുക്കോയ പറയുന്നതിങ്ങനെയാണ്: 'ഒരു എഡിറ്റിംഗ് നടന്നു എന്നുള്ളത് സത്യമാണ്. പതിമൂന്നാമത്തെ റീല്‍ വേണ്ടാന്ന് തോന്നി. ഭയങ്കര ലാഗ്'
സാധാരണ ഗതിയില്‍ മാപ്പ് പറഞ്ഞ് തടിയൂരേണ്ട സ്ഥലമാണ്.
അവിടെയാണ് ഒരു സംവിധായകന്‍ തന്റെ സിനിമയെപ്പറ്റി പറയുന്ന പോലെ വളരെ ആധികാരികമായി പുള്ളി എഡിറ്റിംഗിനെപ്പറ്റിയൊക്കെ തട്ടിവിടുന്നത്.
'ആവശ്യമില്ലാത്ത കരച്ചിലും കഷ്ടപ്പാടും.. നായകന് ബ്ലഡ് കാന്‍സറ്, നായികക്കും ഉണ്ട് എന്തോ ഒരസുഖം. ഈ ഓഡിയന്‍സിനെ ബോറടിപ്പിക്കുന്നത് എനിക്കിഷ്ടമല്ല' പടത്തിന്റെ തിരക്കഥ ജബ്ബാറായിരുന്നോ എന്ന് ചിന്തിച്ചു പോകുന്ന ഒരു നിമിഷം.
അങ്ങനെ ആ റീല്‍ ഒഴിവാക്കേണ്ടിയിരുന്നതിന്റെ അനിവാര്യതയെപ്പറ്റി ജയറാമിന് ക്ലാസെടുത്തു കൊടുത്ത്, അവസാനം ജയറാമിന്റെ കയ്യില്‍ നിന്ന് അമ്പത് രൂപയും വാങ്ങിയാണ് പുള്ളി സ്ഥലം വിടുന്നത്.
ചെറിയലോകവും വലിയ മനുഷ്യരും എന്ന സിനിമയിലെ അബു. താന്‍ നടത്തിയിരുന്ന ഉഡായിപ്പ് ലക്കി സെന്റര്‍ നാട്ടുകാര്‍ തല്ലിപ്പൊളിച്ചു. കടയില്‍ പ്രദര്‍ശിപ്പിക്കാന്‍ കടം വാങ്ങി വച്ചിരുന്ന ടി.വിയും സൈക്കിളും എല്ലാം പോയി. അങ്ങനെ ആകെ മൊത്തം ബേജാറിലായി ഇരിക്കുമ്പോഴാണ് കടം കൊടുത്തവര്‍ സാധനങ്ങള്‍ തിരിച്ചു ചോദിക്കാന്‍ വരുന്നത്.
പതിവുപോലെ ഇങ്ങോട്ട് ചോദിക്കാന്‍ വരുന്നവരെ നേരെ അങ്ങോട്ടു പോയി മുട്ടുകയാണ് മാമുക്കോയ. കടം വാങ്ങിയ സാധനങ്ങളെവിടെ ? എന്നു ചോദിക്കുന്നവരോട് 'അതു പറയാന്‍ ഞാന്‍ നിങ്ങളെ വന്നു കാണണം എന്നു വിചാരിച്ചതാ. ഇപ്പ കണ്ടതു നന്നായി' എന്നാണ് ഒട്ടും കുലുക്കമില്ലാതെയുള്ള മറുപടി.
'ഞാനെന്റെ ലക്കി സെന്റര്‍ അടിച്ചു പൊളിച്ചു. ഇന്‍ഷുറന്‍സ് പൈസ കിട്ടാന്‍ വേറെ മാര്‍ഗമൊന്നും ഞാന്‍ കണ്ടില്ല' സംസാരത്തില്‍ അപാര കോണ്‍ഫിഡന്‍സ്.
തുടര്‍ന്ന് കിട്ടാന്‍ പോകുന്ന ഇന്‍ഷുറന്‍സ് തുകയെപ്പറ്റി അവരെ പറഞ്ഞ് വിശ്വസിപ്പിച്ച് അവസാനം ഇന്‍ഷുറന്‍സ് ക്ലെയിമിന് പോവാനെന്നും പറഞ്ഞ്, ഓരോരുത്തരുടെ കയ്യില്‍ നിന്നും പത്തു രൂപയും വച്ച് വാങ്ങിയാണ് പുള്ളി സ്ഥലം വിടുന്നത്. പോകുമ്പോള്‍, 'ഇനി ഇന്‍ഷുറന്‍സ് കിട്ടാതെ നമ്മള്‍ തമ്മില്‍ കാണുന്ന പ്രശ്നമില്ല' എന്നൊരു ഡയലോഗും പുള്ളി കാച്ചുന്നുണ്ട്.
മനോഹരമാണ് മാമുക്കോയയുടെ ഓരോ കഥാപാത്രങ്ങളും. എത്ര കണ്ടാലും മതിവരാത്ത അസാധ്യ പെര്‍ഫോമന്‍സുകള്‍!