സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനില്‍പിനായി പോരാടുമ്പോള്‍...

ആധുനിക വിദ്യാഭ്യാസ രംഗത്ത് ഏറ്റവും അനിവാര്യമായ ഒന്നാണ് സാങ്കേതിക വിദ്യാഭ്യാസം. ചെറുതും വലുതുമായ നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് സാങ്കേതിക വിദ്യാഭ്യാസ രംഗത്തുള്ളത്. സര്‍ക്കാറിന്റെയോ മറ്റു അര്‍ദ്ധ സര്‍ക്കാറുകളുടേയോ ഒരു തരത്തിലുമുള്ള ഗ്രാന്റുകളോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇത്തരം കോഴ്‌സുകള്‍ പഠിപ്പിച്ച് വരുന്നത്. കാസര്‍കോട് ജില്ലയില്‍ തന്നെ നൂറുകണക്കിന് സ്ഥാപനങ്ങളുണ്ട്. ഉള്ള സമ്പാദ്യവും അതിന് മുകളില്‍ ബാങ്ക് ലോണുകളുമെടുത്ത് സ്ഥാപനം തുടങ്ങിയവരാണ് അധികവും. ലോകത്തിന്റെ തന്നെ സാമ്പത്തിക അടിത്തറ തകര്‍ത്തെറിഞ്ഞ കോവിഡ് മഹാമാരിയില്‍ കഴിഞ്ഞ ഒന്നര […]

ആധുനിക വിദ്യാഭ്യാസ രംഗത്ത് ഏറ്റവും അനിവാര്യമായ ഒന്നാണ് സാങ്കേതിക വിദ്യാഭ്യാസം. ചെറുതും വലുതുമായ നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് സാങ്കേതിക വിദ്യാഭ്യാസ രംഗത്തുള്ളത്. സര്‍ക്കാറിന്റെയോ മറ്റു അര്‍ദ്ധ സര്‍ക്കാറുകളുടേയോ ഒരു തരത്തിലുമുള്ള ഗ്രാന്റുകളോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇത്തരം കോഴ്‌സുകള്‍ പഠിപ്പിച്ച് വരുന്നത്. കാസര്‍കോട് ജില്ലയില്‍ തന്നെ നൂറുകണക്കിന് സ്ഥാപനങ്ങളുണ്ട്. ഉള്ള സമ്പാദ്യവും അതിന് മുകളില്‍ ബാങ്ക് ലോണുകളുമെടുത്ത് സ്ഥാപനം തുടങ്ങിയവരാണ് അധികവും.
ലോകത്തിന്റെ തന്നെ സാമ്പത്തിക അടിത്തറ തകര്‍ത്തെറിഞ്ഞ കോവിഡ് മഹാമാരിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പ്രതിസന്ധി നേരിടുന്ന വലിയൊരു വിഭാഗമാണ് സാങ്കേതിക വിദ്യാഭ്യാസ മേഖല. കോവിഡ് മഹാമാരി രൂക്ഷമായത് കൊണ്ട് 2020 മാര്‍ച്ച് 11 മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ട ഏഴുമാസം സ്ഥാപനങ്ങള്‍ അടച്ചിട്ടു. പിന്നീട് ഒരുപാട് നിബന്ധനകള്‍ക്ക് വിധേയമായി സെപ്റ്റംബറില്‍ സ്ഥാപനങ്ങള്‍ തുറന്നെങ്കിലും വാടക കുടിശ്ശിക, ബാങ്ക് ലോണ്‍ കുടിശ്ശിക, വൈദ്യുതി ബില്ല് കുടിശ്ശിക, ഫോണ്‍, ഇന്റര്‍നെറ്റ് കുടിശ്ശിക, പോരാത്തതിന് ഏഴുമാസം അടച്ചിട്ടത് മൂലം പ്രവര്‍ത്തന രഹിതമായിപ്പോയ കമ്പ്യൂട്ടറുകള്‍, എയര്‍ കണ്ടിഷനറുകള്‍, മറ്റു ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ അങ്ങനെ പലതും ബാധ്യതയായി വന്നപ്പോഴും വീണ്ടും കടത്തിന്‍മേല്‍ കടമെടുത്തും ലോണിന്‍മേല്‍ ലോണെടുത്തും പുതിയൊരു പുലരി പ്രതീക്ഷിച്ച് പതുക്കെപ്പതുക്കെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അപ്പോഴും പ്രധാന പ്രശ്‌നം പൊതുഗതാഗത സംവിധാനം കൃത്യമായി പ്രാവര്‍ത്തികമായിരുന്നില്ല എന്നതായിരുന്നു. ഏതാണ്ട് 2020 ഡിസംബര്‍ ആയപ്പോഴെക്കും സ്ഥാപനങ്ങളൊക്കെ ഒന്ന് ഉണര്‍ന്ന് വന്നു. നഷ്ടപ്പെട്ടു പോയ ഒരു അക്കാദമിക്ക് വര്‍ഷം മെല്ലെ തിരിച്ചുപിടിക്കാന്‍ നോക്കുകയായിരുന്നു എല്ലാ സ്ഥാപനങ്ങളും അങ്ങനെ 2021 ന്റെ പുലരിയെത്തി മഹാമാരിയില്ലാത്ത പ്രത്യാശയുടെ പുതുവര്‍ഷത്തെ എല്ലാവരും പ്രാര്‍ത്ഥനാ പൂര്‍വ്വം വരവേറ്റു. രണ്ടു മാസം കഴിഞ്ഞാല്‍ പൊതു പരീക്ഷകളൊക്കെ കഴിയും, കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ടു പോയ ബിസിനസ്സ് ഈ വര്‍ഷം തിരിച്ചുപിടിക്കണം, എല്ലാ സ്ഥാപന ഉടമകളും അവരെ ആശ്രയിച്ചു കഴിയുന്ന 1000 കണക്കിന് ജീവനക്കാരും ഒരു പോലെ ആഗ്രഹിച്ചു കാത്തിരിക്കുമ്പോഴാണ് ഇടിത്തീ പോലെ കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചു കുലുക്കിയത്. കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ 16 മുതല്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീണു. ഇപ്പോള്‍ രണ്ട് മാസത്തോളമായി അടഞ്ഞുകിടക്കുന്നു. ഇനി എന്നു തുറക്കപ്പെടുമെന്നറിയാതെ സ്ഥാപനങ്ങള്‍ക്കും സ്ഥാപന ഉടമകള്‍ക്കുമുണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ക്കപ്പുറം ഒരുപാട് വിദ്യാര്‍ത്ഥികളുടെ കരിയറിനെയാണ് കോവിഡ് മഹാമാരി മൂലം പ്രയാസപ്പെടുത്തുന്നത്.
ഒരു വര്‍ഷത്തേയും ഒന്നര വര്‍ഷത്തേയും കോഴ്‌സ് എടുത്തവര്‍ക്ക് ഇപ്പോള്‍ ഒരു വര്‍ഷത്തോളം അധികമായി വീടുകളിലും മറ്റുമായി, പലരും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു, പാര്‍ട് ടൈം ജോലിയെടുത്തു പഠനം നടത്തിയിരുന്ന പലരും പണിയില്ലാത്തത് കൊണ്ട് പഠനം ഉപേക്ഷിച്ചു. പലരും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞു തുടങ്ങി. പല സ്ഥാപനങ്ങളിലും ജീവനക്കാരും പുതിയ മേച്ചില്‍പുറം തേടാന്‍ തുടങ്ങി. ഒന്നും ആരുടെയും കുറ്റമല്ല. ഒരു മഹാമാരി മൂലം എല്ലാവരും പ്രതിസന്ധിയിലാണ് എന്ന സത്യം തിരിച്ചറിയാതെ പോവുകയാണ്. ഇക്കാലമത്രയും ഒരു കൂട്ടായ്മയും സങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഉണ്ടായിരുന്നില്ല. എന്നാല്‍ കോവിഡിന്റെ ആദ്യ തരംഗത്തില്‍ മാസങ്ങളോളം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടപ്പെട്ടപ്പോള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍, പ്രയാസങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ മുന്നിലെത്തിക്കുന്നതിന് വേണ്ടി കഴിഞ്ഞ വര്‍ഷം ഓള്‍ കേരള ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെല്‍ഫയര്‍ അസോസിയേഷന്‍ എന്ന സംഘടന സംസ്ഥാന അടിസ്ഥാനത്തിന്‍ രൂപികരിക്കുകയും ഇന്ന് പതിനാല് ജില്ലകളിലും ശക്തമായ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുകയുമാണ്. ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സ്ഥാപന ഉടമകളും ജീവനക്കാരും വീട്ടുമുറ്റ പ്രതിഷേധം സംഘടിപ്പിച്ചു. തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ അധികാരികള്‍ കാണുമെന്ന വിശ്വാസത്തില്‍ നിലനില്‍പ്പിനായുള്ള പോരാട്ടം തുടരുകയാണ്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിസന്ധി പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ കരിയറിനെയാണ് ബാധിച്ചിരിക്കുന്നത്. ആയതിനാല്‍ എത്രയും പെട്ടെന്ന് തന്നെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ച് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
(ഓള്‍ കേരള ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍)

Related Articles
Next Story
Share it