അസ്സൂച്ച എന്ന കെ.എം ഹസ്സനെ ഓര്‍ക്കുമ്പോള്‍...

കാസര്‍കോട്ട് പേരും പെരുമയുമുള്ള നിരവധി വലിയ ജീവിതങ്ങള്‍ ഉണ്ടായിരുന്നു. പുകള്‍പറ്റ ഖാദി കുടുംബങ്ങള്‍, ഇസ്ലാമിക് പണ്ഡിതര്‍, പട്‌ളയില്‍ 'അഷ്ടാംഗ ഹൃദയ' ത്തിന് കാവ്യരൂപം നല്‍കിയ ആമദ്ച്ച എന്ന ജീനിയസ് വരെ. കേരള കലാമണ്ഡലം, സാഹിത്യ-സംഗീത നാടക അക്കാദമികളില്‍ ജനറല്‍ കൗണ്‍സില്‍ അംഗം വരെ ആയിരുന്ന മഹാകവി ടി. ഉബൈദ്, അങ്ങ് മഞ്ചേശ്വരത്ത് രാഷ്ട്രകവി ഗോവിന്ദപൈ, ഇങ്ങ് പെര്‍ഡാലയില്‍ കവി കയ്യാര്‍ കിഞ്ഞണ്ണറൈ, സാമൂഹ്യ പരിഷ്‌കര്‍ത്താവും വ്യവസായ പ്രമുഖനും ആയിരുന്ന കെ.എസ് അബ്ദുല്ല, ഒരു നിയോജക മണ്ഡലത്തെ ഏതുവിധം […]

കാസര്‍കോട്ട് പേരും പെരുമയുമുള്ള നിരവധി വലിയ ജീവിതങ്ങള്‍ ഉണ്ടായിരുന്നു. പുകള്‍പറ്റ ഖാദി കുടുംബങ്ങള്‍, ഇസ്ലാമിക് പണ്ഡിതര്‍, പട്‌ളയില്‍ 'അഷ്ടാംഗ ഹൃദയ' ത്തിന് കാവ്യരൂപം നല്‍കിയ ആമദ്ച്ച എന്ന ജീനിയസ് വരെ. കേരള കലാമണ്ഡലം, സാഹിത്യ-സംഗീത നാടക അക്കാദമികളില്‍ ജനറല്‍ കൗണ്‍സില്‍ അംഗം വരെ ആയിരുന്ന മഹാകവി ടി. ഉബൈദ്, അങ്ങ് മഞ്ചേശ്വരത്ത് രാഷ്ട്രകവി ഗോവിന്ദപൈ, ഇങ്ങ് പെര്‍ഡാലയില്‍ കവി കയ്യാര്‍ കിഞ്ഞണ്ണറൈ, സാമൂഹ്യ പരിഷ്‌കര്‍ത്താവും വ്യവസായ പ്രമുഖനും ആയിരുന്ന കെ.എസ് അബ്ദുല്ല, ഒരു നിയോജക മണ്ഡലത്തെ ഏതുവിധം സംരക്ഷിക്കണമെന്ന് സ്വന്തം പ്രതിഭകൊണ്ട് തെളിയിച്ച ടി.എ ഇബ്രാഹിം, നിഷ്‌കളങ്കതയുടെ പര്യായമായ ബി.എം അബ്ദുല്‍റഹ്‌മാന്‍, ഹമീദലി ഷംനാട്... ഈ ലിസ്റ്റ് എത്രവേണമെങ്കിലും നീട്ടാം.
പക്ഷെ; തൊട്ടതെല്ലാം പൊന്നാക്കിയ ഒരാള്‍, എന്തിലും ഏതിലും സര്‍ഗാത്മകതയുടെ നക്ഷത്രവെട്ടങ്ങള്‍ ചാര്‍ത്തിയ ഒരാള്‍... കെ.എം ഹസന്‍ എന്ന അസ്സൂച്ച.
2013 മെയ് 10ന് എല്ലാവരേയും ഖേദത്തിലാഴ്ത്തി 'കടന്നുപോയ' അസ്സൂച്ച.
അസ്സൂച്ച യഥാര്‍ത്ഥത്തില്‍ ആരായിരുന്നു. ആ ചോദ്യത്തിലുപരി അസ്സൂച്ച എന്തൊക്കെ ആയിരുന്നില്ല എന്ന ചോദ്യത്തിനാണ് പ്രസക്തി. 13 വര്‍ഷത്തെ എന്റെ കാസര്‍കോടന്‍ ജീവിതത്തില്‍ വിവിധ മേഖലകളില്‍ നിരവധി വ്യക്തിത്വങ്ങളെ അടുത്തറിഞ്ഞു. ഇടപഴകി, അവരിലൊന്നും പ്രകടമാവാത്ത 'നിശ്ശബ്ദതയുടെ കൈവിരല്‍ സ്പര്‍ശ'ങ്ങള്‍ എന്നത് കെ.എം ഹസ്സന്റെ വ്യക്തി സവിശേഷത ആയിരുന്നു. യഥാര്‍ത്ഥ ജീനിയസ്...
ഉബൈദ് എന്ന കാസര്‍കോട്ടുകാരുടെ ഉബൈച്ച മരിച്ച ദിനം. മയ്യത്ത് കിടത്തിയ ഇടുങ്ങിയ മുറിയുടെ ഓരത്ത് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നിലയുറപ്പിച്ച അസ്സൂച്ചയുടെ ചിത്രമാണ് ഇതെഴുതുമ്പോള്‍ എന്റെ മനോമുകുരത്തില്‍.
ചരമ അറിയിപ്പിന് കോളാമ്പി ഘടിപ്പിച്ച ടാക്‌സി വാഹനം വന്നു. ഞാനാണ് ഓടുന്ന വാഹനത്തില്‍ ഇരുന്ന് ആ മരണ വിശേഷം കാസര്‍കോട് താലൂക്കിലാകെ അറിയിച്ചത്. തളങ്കരയില്‍ നിന്ന് വാഹനം മടങ്ങുമ്പോള്‍ പള്ളിക്കാലില്‍ വെച്ച് അസ്സൂച്ച കൈ കാണിച്ചു. വാഹനം നിന്നു. 'ഓരോ പോയിന്റിലും കാര്‍ നിര്‍ത്തി പറയണം. ഓടുന്ന കാറില്‍ നിന്ന് അനൗണ്‍സ്‌മെന്റ് ജനം ചിലപ്പോള്‍ വ്യക്തമായി കേള്‍ക്കില്ല..'
അനൗണ്‍സ്‌മെന്റ് പൂര്‍ത്തിയാക്കി ഞാന്‍ പള്ളിക്കാലില്‍ എത്തുമ്പോള്‍ എസ്.കെ പൊറ്റക്കാട് ആത്മസുഹൃത്തിന്റെ വിയോഗത്തില്‍ കരള്‍ നുറുങ്ങി കോഴിക്കോട്ട് നിന്ന് എത്തി. അസ്സൂച്ചയാണ് പൊറ്റക്കാടിനെ മയ്യത്ത് കിടത്തിയ മുറിയിലേക്ക് ആനയിച്ചത്. മാലിക് ദീനാര്‍ ജുമാമസ്ജിദിലേക്ക് വിലാപയാത്ര നീങ്ങുമ്പോള്‍ കെ.എസ് അബ്ദുല്ലക്കൊപ്പം മയ്യത്ത് കട്ടില്‍ തോളിലേറ്റിയവരില്‍ അസ്സൂച്ചയും ഉണ്ടായിരുന്നു.
ഓര്‍മ്മകള്‍ ഇത്തിരി...
2021ല്‍ കാസര്‍കോട്ട് ഒരു ഹൃസ്വ പരിപാടിയുമായി എത്തിയ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ഹോട്ടല്‍ വൈസ്രോയിയില്‍ ചെറിയ ഭക്ഷണ സല്‍ക്കാരവും എനിക്ക് അസ്സൂച്ചയുടെ മകന്റെ വക മധുരപ്പൊതിയുമുണ്ടായി.
ഉത്തരദേശത്തില്‍ 'ഓര്‍മ്മയുടെ അറകള്‍' നിരവധി ലക്കങ്ങള്‍ കടന്നുപോയെങ്കിലും അസ്സൂച്ചയെ ഞാന്‍ എഴുതിയില്ല. മറന്നതല്ല. അറകളുടെ കൊച്ചുകോളത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല ആ ജീവിതവും അദ്ദേഹം തൊട്ട് കനകമാക്കിയ സംരംഭങ്ങളും.
1940ല്‍ ജനിച്ച കെ.എം ഹസ്സന്‍ ടി.ഉബൈദിന്റെ പ്രാഥമിക സ്‌കൂളിലാരംഭിച്ച് വിദ്യാനഗറിലെ പ്രഥമ ഗ്രാജ്വേഷന്‍ വിദ്യാര്‍ത്ഥി വരെ ആയി. പഠിപ്പില്‍ മിടുക്കന്‍, മറ്റ് മേഖലകളിലും ആ നൈപുണ്യങ്ങള്‍ തിളങ്ങി നിന്നു. കരിമ്പുഴ രാമചന്ദ്രനെ പോലൊരു ധിഷണാശാലിയായ പ്രിന്‍സിപ്പലിന്റെ കീഴില്‍ വരെ വിദ്യ അഭ്യസിച്ച കെ.എം ഹസ്സന്റെ കാന്തദര്‍ശിത്വങ്ങള്‍ ആ കാലത്തുതന്നെ വെളിവായിരുന്നു.
കുഞ്ഞിമംഗലം ദാമു അടക്കം നിരവധി പ്രത്ഭര്‍ അന്ന് വിദ്യാനഗര്‍ കോളേജിലുണ്ടായിരുന്നു. സ്‌കൂള്‍ പഠന കാലത്തുതന്നെ പൂച്ചെടികള്‍ ശേഖരിക്കലും അവ മുറ്റത്ത് നട്ടുനനയ്ക്കലും കെ.എം ഹസ്സന്റെ ജീവിത ശൈലിയായിരുന്നു. മിണ്ടാപ്രാണികളോട് അതിലാളനയോടെ ഹസ്സന്‍ ഇടപെട്ടു.
കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് ഉദ്യോഗം തേടുക ആയിരുന്നില്ല. എന്തിനും ഏതിനും ടി. ഉബൈദായിരുന്നു ഹസ്സന്‍ എന്ന കര്‍മകുശലന്റെ വഴികാട്ടി.
ഉദ്യോഗം എന്നതിലുപരി വ്യാപാര മേഖലയിലേക്കാണ് കുടുംബ പാരമ്പര്യം അനുസരിച്ച് ഹസ്സന്‍ നീങ്ങിയത്. സാമൂഹ്യ വിപ്ലവങ്ങള്‍ക്ക് ഉബൈദ് തിരികൊളുത്തുമ്പോള്‍ മുന്നില്‍ നില്‍ക്കാനും കെ.എം ഹസ്സന്‍ വിരുതുകാട്ടി. എന്നും ആ 'നിശ്ശബ്ദസഞ്ചാരി' പുതിയ ചക്രവാളങ്ങളെ തേടി. ഒത്തിരി ഒത്തിരി കഴിവുകള്‍. ഒന്നും വാണിജ്യവത്ക്കരിക്കാന്‍ തുനിഞ്ഞില്ല.
ആകാശവാണി റേഡിയോ നിലയങ്ങളില്‍ വയലും വീടും എന്ന കാര്‍ഷിക പരിപാടി അധികം ശ്രേതാക്കള്‍ കാതുകൊടുക്കാതിരുന്ന കാലത്ത് തന്നെ അദ്ദേഹം അവതരിപ്പിച്ചിരുന്നു. കൃഷി-മൃഗസംരക്ഷണ വിഷയങ്ങളില്‍ പുത്തന്‍ സര്‍ഗ്ഗാത്മകത വീര്യങ്ങള്‍ ചെലുത്തി ഇത് അവതരിപ്പിക്കുന്നതില്‍ കെ.എം ഹസ്സന്‍ പ്രതിഭാവിലാസം കാട്ടി. 'ആകാശവാണി'അഖിലേന്ത്യാ ഡയറക്ടര്‍ പി.സി ചാറ്റര്‍ജി അഭിനന്ദിക്കുന്നേടത്തോളം ആ സര്‍ഗ ചൈതന്യം ആകാശവാണിയുടെ എല്ലാ നിലയങ്ങളിലും നിശ്ശബ്ദം ചാതുരി പ്രകടിപ്പിച്ചു. ആദ്യ പ്രവേശം തൃശൂര്‍ റേഡിയോ നിലയത്തിലാണ്. 1975 മെയ് മാസം വയലും വീടും ഒരു സ്മരണിക ഇറക്കിയപ്പോള്‍ ഫക്രുദ്ദീന്‍ അലി അഹമ്മദ്, കേന്ദ്രമന്ത്രി ജഗജ്ജീവന്‍ റാം, സി. അച്യുതമേനോന്‍, കൃഷിമന്ത്രിയായിരുന്ന വക്കംപുരുഷോത്തമന്‍, അഗ്രികള്‍ച്ചറല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എന്‍. കാളീശ്വരന്‍ അടക്കം മഹദ് വ്യക്തിത്വങ്ങളെ ആ സ്മരണികയില്‍ അണിനിരത്തുന്നതില്‍ കെ.എം ഹസ്സന്‍ നൈപുണ്യം പ്രകടിപ്പിച്ചു.
അക്കാലം ചന്ദ്രിക ദിനപത്രത്തില്‍ ഞാനും ഹസ്സന്റെ മന്ത്രിക ചാതുര്യങ്ങളെ കുറിച്ച് കുറിപ്പ് എഴുതി. മാതൃഭൂമിയിലും മനോരമയിലും നിരവധി എക്‌സ്‌ക്ലൂസിവുകള്‍...
'മുട്ട വിരിയിക്കാന്‍ ചൊട്ടുവിദ്യ', 'വീടകത്തൊരു തേനീച്ചക്കൂട്' തുടങ്ങിയ വിവിധ കണ്ടുപിടിത്തങ്ങള്‍... ഒട്ടുചെടികളുടെ വിവിധ ശേഖരം...
അക്കാലം താടി രോമങ്ങള്‍ക്കുപകരം തേനീച്ചയെ വളര്‍ത്തിയ കര്‍ഷകന്‍ എന്നത് കെ.എം ഹസ്സന്റെ നൈപുണ്യം ആയിരുന്നു. കുറഞ്ഞ ചെലവില്‍ രണ്ട് അലൂമിനിയം ചരുവങ്ങളാല്‍ ഇന്‍കുബേറ്റര്‍ തത്വം പരിചയപ്പെടുത്തിയ കെ.എം ഹസ്സന് അത് വാണിജ്യ വത്കരിച്ച് ലക്ഷങ്ങള്‍ സ്വരൂപിക്കാമായിരുന്നു. അതിനൊന്നും ആ കര്‍മ്മവ്യഗ്രത തുനിഞ്ഞില്ല.
പ്രശസ്ത കാര്‍ഷിക ഗവേഷകന്‍ ഡോ. അഹമദ് ബാവപ്പ കാസര്‍കോടന്‍ വിശേഷങ്ങള്‍ അയവിറക്കിയപ്പോള്‍ കെ.എം ഹസ്സനെ പ്രത്യേകം അനുസ്മരിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
ഇന്ന് ശരാശരി വികസനം നടപ്പിലായ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ മറ്റൊരു ദിശയിലേക്ക് മാറ്റാന്‍ ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടായി. അതിനെ ചെറുത്ത് കാസര്‍കോടിന്റെ ബഹുമുഖ വികസനത്തിന് ഇന്നത്തെ സ്റ്റേഷന്‍ പരിസരം എന്നത് കെ.എം ഹസ്സന്റെ ആസൂത്രണ ബുദ്ധിയുടെ മികവ് ആയി അറിയപ്പെട്ടു. കാസര്‍കോട്ട് ആഴ്ച ചന്തകള്‍ എന്ന സംസ്‌കാരത്തിന്റെ പിന്നിലെ ബുദ്ധികൂര്‍മ്മത കെ.എം ഹസ്സന്‍ ആയിരുന്നു.
താലൂക്കിലെ മുസ്ലിം പിന്നോക്കാവസ്ഥ തിരിച്ചറിഞ്ഞ് മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ എന്ന പ്രസ്ഥാനം കെ.എം ഹസ്സന്റെ തലയില്‍ ഉദിച്ച ആശയമായിരുന്നു. മരണം വരെ ആ ആശയത്തെ അദ്ദേഹം നട്ടുനനച്ചു. കാര്‍ഷിക സെമിനാറുകളിലെ കന്നുകാലി പ്രദര്‍ശനങ്ങളില്‍ അദ്ദേഹത്തിന്റെ ആടുമാടുകള്‍ ഒന്നാംസ്ഥാനം നേടി. മിണ്ടാപ്രാണികളോട് സംസാരിക്കാന്‍ ഹസ്സന് അറിയാമായിരുന്നു. അവരുടെ ആവശ്യങ്ങള്‍ തൊട്ടറിഞ്ഞ് നല്‍കാനും നൈപുണ്യം പ്രദര്‍ശിപ്പിച്ചു. തേനീച്ചകളുടെ കളിത്തോഴന്‍ എന്ന വിളികേട്ട അസ്സൂച്ച സര്‍ഗാത്മകമാക്കി സ്വന്തം കിടപ്പുമുറി കൃഷികാര്യങ്ങള്‍ക്ക് ലാബോറട്ടറിയാക്കി. തേനീച്ചയെ വളര്‍ത്താന്‍ ക്രിസ്റ്റല്‍ കെയ്ജ് പദ്ധതി ആവിഷ്‌ക്കരിച്ചു.
രണ്ടു വ്യാഴവട്ടം പള്ളിക്കാല്‍ വാര്‍ഡില്‍ നിന്ന് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.എം ഹസ്സന്‍ വെള്ളവും വെളിച്ചവും വാര്‍ഡില്‍ എത്തിക്കാന്‍ നഗരസഭയുടെ ശുഷ്‌കിച്ച ഖജനാവ് തികയാതെ വന്നപ്പോല്‍ സ്വന്തം പണപ്പെട്ടി തുറന്നു. വാര്‍ഡിനെ പ്രകാശപൂരിതമാക്കി. വാര്‍ഡ് പ്രകാശപൂരിതമായി.
പള്ളിക്കാല്‍ മൊയ്തീന്‍കുട്ടി മുഹമ്മദിന്റെയും ഐഷാബിയുടേയും ഈ സദ്പുത്രന്‍ ചന്ദ്രഗിരിക്കരയിലെ ഐശ്വര്യം ഏറെയുള്ള നയകോവിദന്‍ ആയിരുന്നു. കലയും സാഹിത്യവും ആ ജീവിതത്തെ സര്‍ഗാത്മമാക്കി.

Related Articles
Next Story
Share it