മുഴുവന്‍ എ പ്ലസുകാര്‍ മാത്രം ആഘോഷിക്കപ്പെടുമ്പോള്‍...

എസ്.എസ്.എല്‍സി.പരീക്ഷയും പ്ലസ്ടു പരീക്ഷയും കഴിഞ്ഞ് അതിന്റെ ഫലം വരുമ്പോള്‍ ഉന്നതവിജയികളെന്ന് വിലയിരുത്തപ്പെടുന്നവരെ അനുമോദിക്കാന്‍ നമ്മുടെ നാട്ടിലെ ക്ലബ്ബുകളും സംഘടനകളും മല്‍സരിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഉന്നതവിജയികള്‍ എന്ന വിശേഷണത്തിന് അര്‍ഹരാകണമെങ്കില്‍ എഴുതിയ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കണം. ഒരുവിഷയത്തില്‍ മാത്രം ബി പ്ലസ് ലഭിച്ച് മറ്റെല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചതുകൊണ്ട് മാത്രം ആ കുട്ടിയെ ഉന്നതവിജയിയായി കാണാന്‍ കഴിയില്ല. ഇങ്ങനെയൊരു തെറ്റായ കാഴ്ചപ്പാട് സമൂഹത്തില്‍ ശക്തിപ്പെടാന്‍ എ പ്ലസുകാരെ മാത്രം തിരഞ്ഞുപിടിച്ചുകൊണ്ടുള്ള അനുമോദനച്ചടങ്ങുകള്‍ കാരണമായിട്ടുണ്ടെന്നതാണ് വസ്തുത. […]

എസ്.എസ്.എല്‍സി.പരീക്ഷയും പ്ലസ്ടു പരീക്ഷയും കഴിഞ്ഞ് അതിന്റെ ഫലം വരുമ്പോള്‍ ഉന്നതവിജയികളെന്ന് വിലയിരുത്തപ്പെടുന്നവരെ അനുമോദിക്കാന്‍ നമ്മുടെ നാട്ടിലെ ക്ലബ്ബുകളും സംഘടനകളും മല്‍സരിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഉന്നതവിജയികള്‍ എന്ന വിശേഷണത്തിന് അര്‍ഹരാകണമെങ്കില്‍ എഴുതിയ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കണം. ഒരുവിഷയത്തില്‍ മാത്രം ബി പ്ലസ് ലഭിച്ച് മറ്റെല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചതുകൊണ്ട് മാത്രം ആ കുട്ടിയെ ഉന്നതവിജയിയായി കാണാന്‍ കഴിയില്ല. ഇങ്ങനെയൊരു തെറ്റായ കാഴ്ചപ്പാട് സമൂഹത്തില്‍ ശക്തിപ്പെടാന്‍ എ പ്ലസുകാരെ മാത്രം തിരഞ്ഞുപിടിച്ചുകൊണ്ടുള്ള അനുമോദനച്ചടങ്ങുകള്‍ കാരണമായിട്ടുണ്ടെന്നതാണ് വസ്തുത. മുമ്പൊന്നും കുട്ടികളെ ഇങ്ങനെ വേര്‍തിരിച്ച് ഓരോരോ കള്ളികളിലാക്കിക്കൊണ്ടുള്ള അനുമോദനച്ചടങ്ങ് നമ്മുടെ നാട്ടിലുണ്ടായിരുന്നില്ല. പരീക്ഷയില്‍ വിജയിച്ച കുട്ടികളെയെല്ലാം അനുമോദിക്കുന്ന പ്രോല്‍സാഹനത്തിന്റെ ഉയര്‍ന്ന മാതൃകകളായിരുന്നു ഇവിടത്തെ കലാ-കായിക-സാംസ്‌കാരിക സംഘടനകളൊക്കെയും അനുവര്‍ത്തിച്ചിരുന്നത്. ഉയര്‍ന്ന മാര്‍ക്കും ഗ്രേഡും ഒക്കെ നേടിയ കുട്ടികള്‍ തൊട്ട് സാധാരണവിജയം കൈവരിച്ച കുട്ടികള്‍ക്ക് വരെ ഒരുപോലെ ആത്മവിശ്വാസം പകര്‍ന്നുനല്‍കുന്ന സംഘടനകളും കൂട്ടായ്മകളും നാടിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയെന്താണ്. ഏതെങ്കിലും സംഘടനയുടെ വാര്‍ഷികാഘോഷപരിപാടികളോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും പരിപാടികളോ സംഘടിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ ആലോചിക്കാന്‍ ചേരുന്ന യോഗങ്ങളില്‍ വരാറുള്ള പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും വിജയിച്ച കുട്ടികള്‍ക്ക് അനുമോദനം നല്‍കണമെന്നല്ല. വിജയിച്ചവരില്‍ മുഴുവന്‍ എ പ്ലസുകാരെ മാത്രം അനുമോദിക്കണം എന്നാണ്. ഇതുവഴി ബന്ധപ്പെട്ട സംഘടനകള്‍ ലക്ഷ്യമിടുന്നത് അനുമോദിക്കപ്പെടുന്നവരുടെ എണ്ണം പരമാവധി കുറച്ച് ചിലവ് ചുരുക്കുക എന്നതായിരിക്കും. കേരളത്തിലെ മുഴുവന്‍ പരീക്ഷാവിജയികളെയും അനുമോദിക്കേണ്ട ബാധ്യത അതാത് പ്രദേശങ്ങളിലെ ക്ലബ്ബുകള്‍ക്കും സംഘടനകള്‍ക്കുമില്ല. ആ പ്രദേശത്തുള്ള വിജയികളെ അനുമോദിക്കുക എന്ന സാമൂഹിക ഉത്തരവാദിത്വം മാത്രമാണ് നിര്‍വഹിക്കാനുള്ളത്. എന്നാല്‍ ആ കുറച്ച് വിജയികളിലെ ഒന്നോ രണ്ടോ അല്ലെങ്കില്‍ മൂന്നോ എ പ്ലസുകാരെ മാത്രമാണ് ഇപ്പോള്‍ അനുമോദനത്തിനായി തിരഞ്ഞെടുക്കുന്നത്. ചെറിയ ചിലവ് വരുന്ന ഉപഹാരമാണ് എ പ്ലസുകാര്‍ക്ക് നല്‍കുന്നത്. അതിന്റെ കൂട്ടത്തില്‍ മുഴുവന്‍ എ പ്ലസ് ലഭിച്ചില്ലെങ്കിലും മികച്ച വിജയം നേടിയ പ്രദേശത്തെ മറ്റ് കുട്ടികള്‍ക്ക് കൂടി ചെറിയ തുകയ്ക്കുള്ള ഉപഹാരം നല്‍കിയാല്‍ ആ കുട്ടികള്‍ക്കുണ്ടാകുന്ന സന്തോഷം എത്രമാത്രം വലുതായിരിക്കും. ഇനി ആ കുട്ടികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ മെച്ചപ്പെടാനും ഇനിയുള്ള പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കാനും ഉള്ള പ്രോല്‍സാഹനവും അംഗീകാരവുമായി സമത്വം പ്രതിഫലിക്കുന്ന അനുമോദനച്ചടങ്ങുകള്‍ മാറും. നിര്‍ഭാഗ്യവശാല്‍ മുഴുവന്‍ എ പ്ലസ് ലഭിച്ചില്ലെന്ന കാരണത്താല്‍ വിജയിച്ച ഒരു വിഭാഗം വിദ്യാര്‍ഥികളെ അവഗണിക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്യുന്ന വിവേചനത്തിന്റെ ചടങ്ങുകളായി അനുമോദനപരിപാടികള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു നാട്ടില്‍ അനുമോദനച്ചടങ്ങില്‍ മുഴുവന്‍ എ പ്ലസുകാര്‍ ഉപഹാരം വാങ്ങി പ്രശംസ പിടിച്ചുപറ്റുമ്പോള്‍ അതേ നാട്ടിലെ വിജയിച്ച മറ്റുകുട്ടികള്‍ തികഞ്ഞ അപകര്‍ഷതാബോധത്തോടെയും ആത്മനിന്ദയോടെയും സദസിലിരുന്ന് ഈ ചടങ്ങ് വീക്ഷിക്കുന്നുണ്ടാകും. താന്‍ വിജയിച്ചിട്ടില്ല പരാജയപ്പെട്ടതാണെന്ന ധാരണ അത്തരം കുട്ടികളില്‍ ഉടലെടുക്കും. മികച്ച വിജയം നേടിയിട്ടും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്തതിന്റെ പേരില്‍ കുടുംബങ്ങളില്‍ ക്രൂശിക്കപ്പെടുന്ന കുട്ടികള്‍ നിരവധിയാണ്. അയല്‍പക്കത്തെ മുഴുവന്‍ എ പ്ലസുകാരനെയോ എ പ്ലസുകാരിയെയോ ചൂണ്ടിക്കാണിച്ചായിരിക്കും സാധാരണ വിജയികളായ കുട്ടികള്‍ക്ക് അവരുടെ വീടുകളില്‍ നിന്നും വഴക്ക് കേള്‍ക്കേണ്ടിവരിക. വീട്ടില്‍ നിന്നുള്ള ശാരീരികവും മാനസികവുമായ കടുത്ത പീഡനങ്ങള്‍ താങ്ങാനാകാതെ നമ്മുടെ നാട്ടില്‍ നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. നാടുവിട്ട കുട്ടികളും ഏറെയാണ്. പണ്ടുകാലങ്ങളില്‍ പരീക്ഷയില്‍ പരാജയപ്പെടുന്ന കുട്ടികള്‍ മാത്രമാണ് വീട്ടുകാരില്‍ നിന്നും വഴക്ക് കേള്‍ക്കേണ്ടിവന്നിരുന്നത്. ഇക്കാലത്ത് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചില്ലെങ്കില്‍ ആ കുട്ടിക്ക് താങ്ങാനാകാത്ത സമ്മര്‍ദ്ദം വീട്ടുകാരില്‍ നിന്ന് നേരിടേണ്ടിവരുന്നു. ഇങ്ങനെ സാധാരണവിജയികളായ പല കുട്ടികളും സ്വസ്ഥതയും സമാധാനവുമില്ലാതെ കഴിയുമ്പോഴായിരിക്കും നാട്ടില്‍ അനുമോദനം മുഴുവന്‍ എ പ്ലസുകാര്‍ക്ക് മാത്രം എന്ന പ്രഖ്യാപനവുമായി അവിടത്തെ ഏതെങ്കിലും ക്ലബ്ബിന്റെയോ സംഘടനയുടേയോ നോട്ടീസിറങ്ങുന്നത്. ഈ നോട്ടീസ് കാണിച്ച് നീ എല്ലാറ്റിനും എ പ്ലസ് വാങ്ങിയിരുന്നെങ്കില്‍ അനുമോദനം കിട്ടുമായിരുന്നില്ലേയെന്ന് വക തിരിവില്ലാത്ത രക്ഷിതാവ് കുട്ടിയോട് കയര്‍ക്കും .അങ്ങനെ ആ കുട്ടിയുടെ വേദനക്ക് പിന്നെയും ആഴം കൂട്ടുന്ന പരിപാടികളായി അനുമോദന ചടങ്ങുകള്‍ മാറുന്നു. വിജയിച്ച കുട്ടികളെ സമൂഹത്തില്‍ ഒന്നാംതരക്കാരും രണ്ടാംതരക്കാരുമാക്കി മുദ്രകുത്തി മാറ്റി നിര്‍ത്തുന്നതില്‍ നാട്ടിലെ ക്ലബ്ബുകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഫുള്‍ എ പ്ലസുകാര്‍ക്ക് വിദ്യാഭ്യാസരംഗത്ത് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ പ്രോല്‍സാഹനം നല്‍കുകയെന്ന സദുദ്ദേശപരമായ ലക്ഷ്യമായിരിക്കാം ചടങ്ങുകള്‍ക്ക് പിന്നിലെങ്കില്‍ കൂടിയും നാട്ടിലെ വിജയിച്ച മറ്റ് കുട്ടികളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയോ പാര്‍ശ്വവല്‍ക്കരിക്കുകയോ ചെയ്യാന്‍ ഈ ചടങ്ങുകള്‍ കാരണമാകുന്നുവെന്നത് വിഷയത്തിന്റെ മറുപുറമാണ്. പരീക്ഷകളില്‍ അല്‍പ്പം മാര്‍ക്കുകുറഞ്ഞതുകൊണ്ടോ പരാജയപ്പെട്ടതുകൊണ്ടോ ആ കുട്ടിയുടെ ഭാവി അതോടെ അവസാനിക്കുന്നില്ല. ഒരു പക്ഷേ ആ കുട്ടി മുഴുന്‍ എ പ്ലസ് നേടിയ കുട്ടിയെക്കാള്‍ ജീവിതത്തില്‍ വിജയിച്ചെന്നുവരാം. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്തവരാണ് പില്‍ക്കാലത്ത് ഉന്നതമായ പദവികളും അംഗീകാരങ്ങളും കരസ്ഥമാക്കിയതെന്നതിന് ദൃഷ്ടാന്തങ്ങള്‍ ഏറെയുണ്ട്.അപ്പോള്‍ മുഴുവന്‍ എ പ്ലസുകാരെ മാത്രമല്ല, വിജയിച്ച എല്ലാ കുട്ടികളെയും പരാജയപ്പെട്ട കുട്ടികളെയും കൂടി ചേര്‍ത്തുപിടിക്കുമ്പോഴാണ് അനുമോദനച്ചടങ്ങുകള്‍ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള മഹത്തായ കര്‍മ്മമായി മാറുന്നത്. അല്ലാത്തവ സാമൂഹിക സമത്വത്തോട് മുഖം തിരിച്ച് നില്‍ക്കുന്ന
വെറും കെട്ടുകാഴ്ചകള്‍ മാത്രമായി മാറും. പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ചേര്‍ന്ന ഒരു ചടങ്ങില്‍, പ്രൊഫസര്‍ എം.എന്‍ വിജയന്‍ നടത്തിയ ഒരു പ്രസംഗം ഏത് കാലത്തും പ്രസക്തമാണ്. ' ഈ യോഗത്തില്‍ വന്നിരിക്കുന്ന കുട്ടികള്‍ വിജയികളായി സമ്മാനം വാങ്ങാന്‍ വന്നിരിക്കുന്നവരാണ്, നല്ല കാര്യം. പക്ഷെ, സമ്മാനം വാങ്ങാന്‍ കഴിയാത്ത കുട്ടികള്‍ എവിടെയൊക്കെയോ ഉണ്ട്. ഇവിടെ വരാത്ത കുട്ടികളുണ്ട്, പത്രങ്ങളാല്‍ വേട്ടയാടപ്പെടാത്ത കുട്ടികളുണ്ട്, കളര്‍ ചിത്രങ്ങളായി തീരാന്‍ സാധിക്കാതെ പോകുന്ന കുട്ടികളുണ്ട്.
ഇത് നമ്മുടെ വെളിച്ചത്തിന്റെ ഒരു മറുപുറമാണ്. ഇവിടെ എന്തുണ്ട് എന്നതു മാത്രമല്ല, എന്തില്ല എന്നതുകൂടി ചിന്താവിഷയമായി തീരേണ്ടതുണ്ട്. ജയിച്ചവരെ കാണുമ്പോള്‍, തോറ്റവരെവിടെ എന്ന അന്വേഷണം നമ്മുടെ സമൂഹത്തില്‍ പ്രസക്തമായി തീരേണ്ടതുണ്ട്- ഇതാണ് എം.എന്‍ വിജയന്റെ പ്രസംഗത്തിന്റെ ചുരുക്കം. ഇന്നത്തെ അനുമോദനച്ചടങ്ങുകള്‍ തോറ്റവരെ മറക്കുമ്പോള്‍ എപ്ലസിന്റെ കണക്കെടുപ്പില്‍ പുറന്തള്ളപ്പെട്ടുപോയ വിജയികളെ പരിഹസിക്കുക കൂടി ചെയ്യുന്നു. ഇത് കുട്ടികളോട് ചെയ്യുന്ന വലിയ മാനസിക കുറ്റകൃത്യമായി അനുഭവപ്പെടുകയും ചെയ്യുന്നു. ഒന്നുകില്‍ അതാത് പ്രദേശത്തിന്റെ പരിധികളില്‍പ്പെടുന്ന വിജയിച്ച കുട്ടികളെയെല്ലാം അനുമോദിക്കുക. മുഴുവന്‍ എ പ്ലസുകാരെക്കുറിച്ച് പ്രത്യേക പരാമര്‍ശം നടത്തുക. ഇതൊന്നും സാധിക്കില്ല എന്നാണെങ്കില്‍ ഒരു കുട്ടിയെയും അനുമോദിക്കാതിരിക്കുക. അങ്ങനെയെങ്കിലും കുട്ടികളുടെ മാനസികാവസ്ഥയോട് നീതി പുലര്‍ത്തുക.


-ടി.കെ പ്രഭാകരകുമാര്‍

Related Articles
Next Story
Share it