ഡോ. വൈഭവ് സക്‌സേന കാസര്‍കോട് നിന്ന് മടങ്ങുമ്പോള്‍...

ദേശീയ-സംസ്ഥാന തലങ്ങളില്‍ പ്രഗല്‍ഭരായ ഒട്ടുമിക്ക പൊലീസ് ഓഫീസര്‍മാരും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ ചുമതല വഹിച്ചവരാണ്. പലരും തങ്ങളുടെ സര്‍വീസ് ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ സേവനം അനുഷ്ടിച്ചത് കാസര്‍കോട്ടാണ്.ജില്ല പിറന്ന് രണ്ട് മാസം കഴിഞ്ഞ്, 1984 ആഗസ്റ്റ് മൂന്നിനാണ് എ.ഐ.നെറ്റോ ഡെസ്മണ്ട് കാസര്‍കോട് ജില്ലയിലെ ആദ്യത്തെ പൊലീസ് സുപ്രണ്ടായി ചുമതലയേല്‍ക്കുന്നത്. പിന്നാലെ, രാജ്യം കണ്ട ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളും പില്‍ക്കാലത്ത് ഇന്റലിജന്‍സ് ബ്യൂറോ ഓഫ് ഇന്ത്യ മേധാവിയും കേന്ദ്ര സര്‍ക്കാരിന്റെ ജമ്മു കാശ്മീര്‍ ചുമതലയുള്ള ഉദ്യോഗസ്ഥനുമായി […]

ദേശീയ-സംസ്ഥാന തലങ്ങളില്‍ പ്രഗല്‍ഭരായ ഒട്ടുമിക്ക പൊലീസ് ഓഫീസര്‍മാരും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ ചുമതല വഹിച്ചവരാണ്. പലരും തങ്ങളുടെ സര്‍വീസ് ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ സേവനം അനുഷ്ടിച്ചത് കാസര്‍കോട്ടാണ്.
ജില്ല പിറന്ന് രണ്ട് മാസം കഴിഞ്ഞ്, 1984 ആഗസ്റ്റ് മൂന്നിനാണ് എ.ഐ.നെറ്റോ ഡെസ്മണ്ട് കാസര്‍കോട് ജില്ലയിലെ ആദ്യത്തെ പൊലീസ് സുപ്രണ്ടായി ചുമതലയേല്‍ക്കുന്നത്. പിന്നാലെ, രാജ്യം കണ്ട ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളും പില്‍ക്കാലത്ത് ഇന്റലിജന്‍സ് ബ്യൂറോ ഓഫ് ഇന്ത്യ മേധാവിയും കേന്ദ്ര സര്‍ക്കാരിന്റെ ജമ്മു കാശ്മീര്‍ ചുമതലയുള്ള ഉദ്യോഗസ്ഥനുമായി പേരെടുത്ത ദിനേശ്വര്‍ ശര്‍മ്മ ജില്ലയുടെ രണ്ടാമത്തെ എസ്.പിയായി എത്തി (17.06.1986 മുതല്‍ 28.11.1988 വരെ). ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹബും (24.03.1997 മുതല്‍ 24.03.1998 വരെ) എ.ഡി.ജി.പിമാരായ എസ്. ശ്രീജിത്തും (14.04.2000 മുതല്‍ 20.06.2001 വരെ) എം.ആര്‍. അജിത് കുമാറുമൊക്കെ (20.06.2001 മുതല്‍ 05.12.2001 വരെ) ആദ്യകാലത്ത് കാസര്‍കോട് ജില്ലാ പൊലീസ് സുപ്രണ്ടിന്റെ പദവിയില്‍ ഇരുന്നവരാണ്. വില്‍സണ്‍ എം. പോളും കെ. പത്മകുമാറും പി. വിജയനും പി. പ്രകാശും ഡോ. എ. ശ്രീനിവാസയും തോംസണ്‍ ജോസും ഡി. ശില്‍പ്പയും അടക്കമുള്ള, ഉന്നത പദവിയിലെത്തുകയും കുറ്റാന്വേഷണ മികവ് കൊണ്ട് ശ്രദ്ധേയരാവുകയും ചെയ്ത പല പൊലീസ് ഉദ്യോഗസ്ഥരും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആ പദവിയിലേക്കാണ് കഴിഞ്ഞ വര്‍ഷം ജനുവരി 3ന് ഉത്തര്‍പ്രദേശിലെ ലക്‌നൗ സ്വദേശിയായ ഡോ. വൈഭവ് സക്‌സേന എത്തുന്നത്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ സേവനത്തിന് ശേഷമാണ് ആദ്യമായി ഒരു ജില്ലാ പൊലീസ് മേധാവിയായി വൈഭവ് സക്‌സേന കാസര്‍കോട്ട് ചുമതല ഏല്‍ക്കുന്നത്. ഒരു വര്‍ഷവും 11 മാസവും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ കസേരയിലിരുന്ന അദ്ദേഹം നിരവധി കേസുകളുടെ കുരുക്കഴിക്കാനും ലഹരി മാഫിയയെ പിടിച്ചുകെട്ടാനും കഴിഞ്ഞുവെന്ന വലിയ സംതൃപ്തിയോടെയാണ് കാസര്‍കോടിനോട് വിട ചൊല്ലുന്നത്. 19ന് എറണാകുളം റൂറല്‍ എസ്.പിയായി അദ്ദേഹം പോവും. സ്ഥലം മാറ്റ ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ കഴിഞ്ഞയാഴ്ച തന്നെ അദ്ദേഹം പുതിയ താവളത്തിലേക്ക് പോവാന്‍ ഒരുങ്ങിയെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള യാത്ര കഴിയും വരെ കാസര്‍കോട്ട് തുടരാന്‍ ആഭ്യന്തര വകുപ്പ് ആവശ്യപ്പെടുകയായിരുന്നു.
ഞായറാഴ്ച രാത്രി ജില്ലാ പൊലീസ് ഓഫീസേര്‍സ് അസോസിയേഷനും ജില്ലാ പൊലീസ് അസോസിയേഷനും നല്‍കിയ ഹൃദ്യമായ യാത്രയയപ്പില്‍ പൊലീസ് മേധാവി എന്ന നിലയില്‍ വൈഭവ് സക്‌സേന നല്‍കിയ നായകത്വത്തിന്റെ കരുത്തും മേന്മകളും പെരുമയും എണ്ണിയെണ്ണി നിരത്തുകയായിരുന്നു ഓരോ പൊലീസ് ഉദ്യോഗസ്ഥരും. കുറ്റാന്വേഷണങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ പിന്തുണയും ഊര്‍ജവും മാത്രമല്ല, പൊലിസ് സേനയുടെ ക്ഷേമത്തിന് വേണ്ടി നടത്തിയ വിവിധ പദ്ധതികളും അവര്‍ എടുത്തു പറഞ്ഞു. ഇന്നലെ കലക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പിലും വൈഭവ് സക്‌സേനയുടെ നേട്ടങ്ങളും പ്രവര്‍ത്തന മികവും എണ്ണിപ്പറയുകയായിരുന്നു ജില്ലാ കലക്ടറും സബ് കലക്ടറും അടക്കമുള്ളവര്‍.
കാസര്‍കോട്ടെ ജനങ്ങള്‍ നല്‍കിയ പിന്തുണക്കും സഹപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നുനിന്ന് നല്‍കിയ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി പറഞ്ഞാണ് വൈഭവ് സക്സേന കാസര്‍കോട്ട് നിന്ന് മടങ്ങുന്നത്. മറഞ്ഞിരുന്നായിരുന്നു വൈഭവ് സക്സേനയുടെ പ്രവര്‍ത്തനം. ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലേക്ക് കയറി വരുന്നതിലും പബ്ലിസിറ്റികളിലുമൊന്നും അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു.
ഓഫീസിലിരുന്നുകൊണ്ട് സഹപ്രവര്‍ത്തകരെ നിയന്ത്രിക്കുകയും ഓരോരുത്തരുടെയും കഴിവ് പരമാവധി പ്രയോജനപ്പെടുത്തി ക്രമസമാധാന പാലനത്തിലും കേസുകള്‍ തെളിയിക്കുന്നതിലും മിടുക്ക് തെളിയിക്കുകയും ചെയ്ത വൈഭവിന്റെ പ്രവര്‍ത്തനങ്ങള്‍ കാസര്‍കോടിന്റെ വലിയ കയ്യടിയാണ് നേടിയത്.
ക്ലീന്‍ കാസര്‍കോട് പദ്ധതി വഴി ലഹരി മാഫിയയെ തുടച്ചു നീക്കാന്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. മയക്കുമരുന്ന് മാഫിയക്കെതിരായ പ്രവര്‍ത്തനങ്ങളിലാണ് വൈഭവ് സക്സേന കൂടുതലും ശ്രദ്ധ പതിപ്പിച്ചത്.
വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ മയക്കുമരുന്ന് മാഫിയകളുടെ കെണിയില്‍ അകപ്പെട്ടുപോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണത്തിന് പ്രത്യേക ടീമുകളെ ഉണ്ടാക്കി. സ്‌കൂളുകള്‍ക്ക് സമീപം എല്ലായ്പ്പോഴും പൊലീസിന്റെ സാന്നിധ്യം ഉറപ്പ് വരുത്താനും പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തിനായി പിങ്ക് പൊലീസിന്റെ സേവനം ഏത് നിമിഷവും ലഭ്യമാക്കാനും ഡോ. വൈഭവ് സക്സേന പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ലഹരി വിരുദ്ധ നിയമപ്രകാരം (എന്‍.ഡി.പി.എസ്) 3252 പേരടക്കം അബ്കാരി കേസുകളുമായി ബന്ധപ്പെട്ട് 8869 പേരെയാണ് സക്‌സേനയുടെ സേവനകാലത്ത് കാസര്‍കോട്ട് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 2937 ലഹരി വിരുദ്ധ കേസുകളും 4771 അബ്കാരി കേസുകളും ഈ കാലയളവില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 1961.44 ഗ്രാം എം.ഡി.എം.എയും 245 കിലോഗ്രാം കഞ്ചാവും 129 ഗ്രാം ഹഷിഷ് ഓയിലും 1000 ലിറ്റര്‍ സ്പിരിറ്റും പിടികൂടിയതും ഇദ്ദേഹത്തിന്റെ സേവനകാലത്താണ്. അബ്കാരി കേസുകളില്‍ 3089 പേര്‍ക്ക് പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ നല്‍കാനും കഴിഞ്ഞു.
ക്യാമ്പസുകളിലും കോളനികളിലും മറ്റുമായി ക്ലീന്‍ കാസര്‍കോട് പദ്ധതിയിലൂടെ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വിവിധയിടങ്ങള്‍ നാടകങ്ങള്‍ സംഘടിപ്പിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തും സമൂഹത്തിന് ലഹരിയുടെ കെണിയെയും വിപത്തിനെയും കുറിച്ച് നിരന്തരം പറഞ്ഞുകൊടുത്തു. സക്‌സേനയുടെ നേതൃത്വത്തില്‍ വിവിധ കോളനികള്‍ സന്ദര്‍ശിച്ച് നാട്ടുകാരെ ഒപ്പം കൂട്ടി അമ്മമാരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുമടക്കം ലഹരി സംഘത്തെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനും പ്രത്യേകം താല്‍പര്യം കാട്ടി. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൂര്‍ണ സുരക്ഷിതത്വം നല്‍കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
സ്വകാര്യ പരിപാടികള്‍ക്ക് വിരളമായേ വൈഭവ് സക്‌സേന ചെല്ലാറുണ്ടായിരുന്നുള്ളൂ. പൊലീസുകാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും ശ്രദ്ധചെലുത്തിയ മേലുദ്യോഗസ്ഥന്‍ എന്ന നിലയില്‍ ജില്ലയിലെ മുഴുവന്‍ പൊലീസുകാര്‍ക്കും അദ്ദേഹം പ്രിയങ്കരനായി തീര്‍ന്നു.
ശാസ്ത്രീയമായ വഴികളാണ് കുറ്റാന്വേഷണ രംഗത്ത് ഡോ. വൈഭവ് സക്സേന എപ്പോഴും മുഖമുദ്രയാക്കിയത്. അതിന് ഒട്ടേറെ തെളിവുകളുണ്ട്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളി പിലിപ്പള്ളയില്‍ കുഴല്‍ കിണര്‍ കരാറുകാരന്‍ ചൗക്കാലിലെ തോമസ് ക്രാസ്റ്റയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇതൊരു കൊലപാതകമാണെന്ന് ഉടന്‍ തിരിച്ചറിയുകയും ദിവസങ്ങള്‍ക്കകം തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത് വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പൊലീസ് ടീമിന്റെ ശാസ്ത്രീയമായ അന്വേഷണം കൊണ്ടാണ്.
ഈ വര്‍ഷം ജൂണ്‍ 28നായിരുന്നു സംഭവം. കേസില്‍ പിലിപ്പള്ളത്തെ ചൗക്കാര്‍ വീട്ടില്‍ മുനീറും ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ അഷ്റഫുമാണ് അറസ്റ്റിലായത്. കൊലയാളികളാരെന്ന് ഒരു സൂചനയുമില്ലായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ ചില ശാസ്ത്രീയ തെളിവുകളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളുമാണ് പ്രതികളിലേക്ക് വിരല്‍ ചൂണ്ടിയത്.
ജില്ലയില്‍ ഒരു വിദ്യാര്‍ത്ഥിനി മരിച്ചത് അടുക്കത്ത്ബയലിലെ റൊമാന്‍സിയ ഹോട്ടലില്‍ നിന്ന് മന്തി കഴിച്ചാണെന്ന കോലാഹലങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ സത്യാവസ്ഥ കണ്ടെത്തുന്നതിലും വൈഭവ് സക്സേന വിജയിച്ചു. വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്ന് ഹോട്ടലിനെതിരെ ശക്തമായ രോഷം ഉയരുകയുണ്ടായി. സംഭവം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തയായി. അന്നു തന്നെ ഹോട്ടല്‍ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ ഒരു കേസിലും വ്യക്തമായ തെളിവുകള്‍ ലഭ്യമാവാതെ ധൃതിപിടിച്ച് നടപടിയെടുക്കുന്ന ശീലം വൈഭവ് സക്‌സേനക്കില്ല. മന്തി കഴിച്ചാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്ന് വ്യക്തമാകുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ അദ്ദേഹം ഹോട്ടല്‍ ഉടമയുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയ ഉടനെ അത് പരിശോധിക്കുന്നതിനിടയിലാണ് എസ്.പിയുടെ ശ്രദ്ധയില്‍ ഒരു കാര്യം പെട്ടത്. ഹോട്ടലില്‍ നിന്ന് വാങ്ങിയ മന്തി കഴിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി മരിക്കുന്നത്. ഡോക്ടര്‍ കൂടിയായ വൈഭവ് സക്സേനക്ക് ചില സംശയങ്ങള്‍ ജനിച്ചു. അദ്ദേഹം വിശദമായ പരിശോധനക്കായി ലാബിലേക്കയച്ചു. അതോടെയാണ് ഭക്ഷണത്തില്‍ നിന്നല്ല, വിഷം അകത്ത് ചെന്നാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്ന് വ്യക്തമാവുന്നത്. അതോടെ ഹോട്ടല്‍ ഉടമ വിട്ടയക്കപ്പെട്ടു. വഴി തിരിഞ്ഞുപോകുമായിരുന്ന അന്വേഷണം യഥാര്‍ത്ഥ ദിശയിലെത്തിക്കാന്‍ വൈഭവ് സക്സേനക്ക് കഴിഞ്ഞു.
തന്റെ പ്രവര്‍ത്തന കാലത്ത് 19 കൊലപാതകങ്ങളില്‍ 43 പേരെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പിടികൂടി. 61 പേരെ കാപ്പ ചുമത്തി ജയിലിലടക്കുകയും ചെയ്തു.
ഓരോ പൊലീസ് ഉദ്യോഗസ്ഥനെയും വിശ്വാസത്തിലെടുത്ത് അവരെ ഒപ്പം ചേര്‍ത്തുപിടിച്ച് കേസന്വേഷണം ഊര്‍ജിതമാക്കാനും സക്സേന പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓരോ കീഴുദ്യോഗസ്ഥനോടും സുഹൃത്തിനോടെന്ന പോലെയാണ് പെരുമാറിയത്. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് ഏറ്റവും മികച്ച രീതിയില്‍ നവീകരിക്കാനും പൊലീസ് സേനയ്ക്കാവശ്യമായ വാഹനങ്ങളടക്കം ലഭ്യമാക്കാനും ജില്ലാ പൊലീസ് ആസ്ഥാനത്ത് ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
'പൂര്‍ണ മനസോടെയല്ല കാസര്‍കോടിനോട് വിട പറയുന്നത്. അവസരം ലഭിച്ചാല്‍ ഇനിയും ഇവിടെ വരും. കേസുകള്‍ പിടിക്കപ്പെട്ടതും തെളിയിക്കപ്പെട്ടതുമൊന്നും എന്റെ മാത്രം നേട്ടമല്ല, ഡി.വൈ.എസ്.പിമാരും സി.ഐമാരും എസ്.ഐമാരും ഓരോ പൊലീസുകാരും ചേര്‍ന്നുനിന്ന് നടത്തിയ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. ജനങ്ങളും പൊലീസും മാധ്യമ പ്രവര്‍ത്തകരുമെല്ലാം എന്നോടൊപ്പം കൈകോര്‍ത്തുനിന്നിട്ടുണ്ട്. എല്ലാവരോടും നന്ദിയുണ്ട്'-ഡോ. വൈഭവ് സക്‌സേന പറഞ്ഞുനിര്‍ത്തി.


-ടി.എ.എസ്

Related Articles
Next Story
Share it