ബി. അഷ്‌റഫ് സര്‍വ്വീസില്‍ നിന്ന് വിരമിക്കുമ്പോള്‍...

34 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ് സര്‍വീസില്‍ നിന്ന് വിരമിച്ചു. ആരോഗ്യ രംഗത്ത് നിസ്തൂല സേവനം ചെയ്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാതൃക സൃഷ്ടിച്ച് ജില്ലയുടെ അഭിനന്ദനം നേടിയാണ് പടിയിറക്കം. പത്തോളം ആരോഗ്യ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ സേവനമനുഷ്ടിച്ചു. പതിനൊന്ന് മാസം കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത് പി.എച്ച്.സിയിലെ സേവനം ഒഴിച്ചാല്‍ 33 വര്‍ഷവും കാസര്‍ക്കോട് ജില്ലയില്‍ തന്നെയായിരുന്നു സേവനം.ഉദ്യോഗസ്ഥരുടെ ഏകോപനവും ജനങ്ങളോടുള്ള സമീപനവും ജനപ്രതിനിധികളോടുള്ള ആദരവും അഷ്‌റഫിന് നന്നായി വഴങ്ങിയിട്ടുണ്ട്. […]

34 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ് സര്‍വീസില്‍ നിന്ന് വിരമിച്ചു. ആരോഗ്യ രംഗത്ത് നിസ്തൂല സേവനം ചെയ്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാതൃക സൃഷ്ടിച്ച് ജില്ലയുടെ അഭിനന്ദനം നേടിയാണ് പടിയിറക്കം. പത്തോളം ആരോഗ്യ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ സേവനമനുഷ്ടിച്ചു. പതിനൊന്ന് മാസം കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത് പി.എച്ച്.സിയിലെ സേവനം ഒഴിച്ചാല്‍ 33 വര്‍ഷവും കാസര്‍ക്കോട് ജില്ലയില്‍ തന്നെയായിരുന്നു സേവനം.
ഉദ്യോഗസ്ഥരുടെ ഏകോപനവും ജനങ്ങളോടുള്ള സമീപനവും ജനപ്രതിനിധികളോടുള്ള ആദരവും അഷ്‌റഫിന് നന്നായി വഴങ്ങിയിട്ടുണ്ട്. സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ അഷ്‌റഫിന്റെതായ ചില ക്രിയേഷനുകള്‍ ആരോഗ്യ ബോധവല്‍ക്കരണ മേഖലയിലും രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും നല്ല അളവോളം ഉപകാരപ്രദമായിട്ടുണ്ട്.
1987ലാണ് വയനാട്ടിലെ കല്‍പ്പറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച് സേവനം തുടങ്ങിയത്. 1989ല്‍ കുമ്പള പി.എച്ച്.സിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ആദ്യ നിയമനം. 1990 മുതല്‍ 93 വരെ ബെള്ളൂര്‍, 1993 മുതല്‍ 2000 വരെ മുള്ളേരിയ പി.എച്ച്.സികളില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ച് ബദിയടുക്ക സി.എച്ച്.സിയില്‍ സേവനം ചെയ്തു. ജോലിക്കൊപ്പം തന്റേതായ ക്രിയേഷന്‍ രംഗത്തും സജീവമായി. 2003ല്‍ 'ആശ്രയ' എന്ന പേരില്‍ നിരാലംബകര്‍ക്കായുള്ള പ്രൊജക്ട് സര്‍ക്കാറിന് സമര്‍പ്പിക്കുകയും ബദിയടുക്ക സി.എച്ച്.സിയില്‍ വിജയകരമായി നടപ്പിലാക്കുകയും ചെയ്തു. ഇത് ഒരു മാതൃകയാക്കി സര്‍ക്കാര്‍ ഏറ്റെടുത്ത് പിന്നീട് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി. ഈ പ്രൊജക്ട് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച് കേരളത്തിന് 10 കോടി രൂപ ലഭ്യമാക്കി. ഇക്കാര്യം ബദിയടുക്ക പഞ്ചായത്തില്‍ ബി. അഷ്‌റഫിന് നല്‍കിയ ഒരു ആദരവ് പരിപാടിയില്‍ അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ചെര്‍ക്കളം അബ്ദുല്ല വ്യക്തമാക്കിയിരുന്നു. ആ തുകയാണ് കേരളത്തില്‍ ആശ്രയ പദ്ധതിക്ക് ചെലവഴിച്ചത്. 2008 മുതല്‍ 2011 വരെ കുംബഡാജെയിലും മുളിയാറിലും സേവനമനുഷ്ടിച്ച ശേഷം 2012ല്‍ കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത് പി.എച്ച്.സിയില്‍ ജോലി ചെയ്തു. 5 വര്‍ഷം മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പി.എച്ച്.സിയില്‍ സേവനം ചെയ്യവെ ചെങ്കള പഞ്ചായത്ത് സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ്ജ് ചുമതല നല്‍കി. അവിടെ ചരിത്രത്തിലാദ്യമായി 300 ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത കാലയളവില്‍ വലിയ ദൗത്യമായിരുന്നു അഷ്‌റഫിന് നിര്‍വഹിക്കാനുണ്ടായിരുന്നത്. കൊതു നശീകരണ പ്രവര്‍ത്തനത്തിനും ബോധവല്‍ക്കരണത്തിനും നേതൃത്വം നല്‍കി പരിഹാരം കണ്ടു.
മൊഗ്രാല്‍പുത്തൂരിലെ പുഴ മലിനീകരണം വ്യാപക പ്രതിഷേധം ക്ഷണിച്ച് വരുത്തുകയും പത്ര-ദൃശ്യ-മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാവുകയും ചെയ്തത് അക്കാലത്തായിരുന്നു. അറവ്ശാലകളിലെ പോത്തിന്റെ മാലിന്യമായിരുന്നു പുഴയില്‍ തള്ളി മലിനമാക്കിയത്. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം സമര്‍ത്ഥമായി നേരിടുകയും പുഴ വൃത്തിയാക്കുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ചെങ്കള പി.എച്ച്.സി ബില്‍ഡിംഗ് അടക്കം ആരോഗ്യപരിപാലനത്തിന് സാര്‍വ്വത്രിക പ്രൊജക്ട് ഗ്രാമ പഞ്ചായത്തിന് സമര്‍പ്പിച്ച് യാഥാര്‍ത്ഥ്യമാക്കാനും അഷ്‌റഫിന് കഴിഞ്ഞു. മൊഗ്രാല്‍പുത്തൂരില്‍ ആരോഗ്യ മേഖലയില്‍ ജില്ലക്ക് മാതൃകയാവുന്ന കെട്ടിട സമുച്ചയം നൂതന പ്രൊജക്ടിലൂടെ നേടിയെടുത്തു. 2020ല്‍ കോവിഡ് വൈറസ് വ്യാപകമായ കാലത്ത് പ്രശംസനീയമായ സേവനം കാഴ്ച വെച്ചു. ഫീല്‍ഡും ഔദ്യോഗിക യോഗങ്ങളും സര്‍ക്കാറിനുള്ള ദിനംപ്രതി റിപ്പോര്‍ട്ടും മുടക്കം കൂടാതെ നിര്‍വ്വഹിച്ചു. ഒരവസരത്തില്‍ അഷ്‌റഫിന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ക്ഷയരോഗ നിര്‍മ്മാര്‍ജന യജ്ഞത്തിന്റെ ചുമതല ലഭിച്ചപ്പോള്‍ രോഗികള്‍ക്കും കൂട്ടുരിപ്പുകാര്‍ക്കും പോഷകാഹാര ഫുഡ് കിറ്റ് എല്ലാവര്‍ക്കും വിതരണം ചെയ്ത് ശ്രദ്ധ നേടുകയുണ്ടായി. എല്ലാ വര്‍ഷവും പാലിയേറ്റീവ് ദിനത്തില്‍ അംഗപരിമിതര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഫുഡ് കിറ്റും ബെഡ് ഷീറ്റുമായി അഷ്‌റഫ് എത്തുമായിരുന്നു. അവസാനത്തെ മൂന്നു വര്‍ഷം പ്രൊമോഷന്‍ ലഭിച്ച് ഹെല്‍ത്ത് സൂപ്പര്‍വൈസറായി കുമ്പള സി.എച്ച്.സിയിലാണ് നിയമനം ലഭിച്ചത്.
ആരോഗ്യ ബോധവല്‍ക്കരണത്തിന്റെ സന്ദേശവുമായി ഡോക്ടര്‍മാരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും പൊതുപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി 7 ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിച്ച് കേരള ആരോഗ്യ വകുപ്പിന്റെയും കാസര്‍കോട് ജില്ലയുടെയും അഭിനന്ദനം നേടുകയുണ്ടായി. ക്ഷയരോഗ നിര്‍മ്മാര്‍ജന സന്ദേശത്തിന്റെയും മയക്കുമരുന്ന് വിപത്തിനെതിരെയുമുള്ള ഷോര്‍ട്ടു ഫിലിമുകള്‍ അവാര്‍ഡിന് അര്‍ഹത നേടി.
ബോവിക്കാനം ബാലനടുക്കം തറവാട്ടിലെ പരേതരായ മുഗു അബ്ദുല്‍ ഖാദറിന്റെയും ആമിനയുടെയും മകനാണ് അഷ്‌റഫ്. ഭാര്യ: സുഹറ. മക്കള്‍: അഷ്ഫാദ്, അന്‍ഷീഫ്.


-കെ.ബി മുഹമ്മദ് കുഞ്ഞി

Related Articles
Next Story
Share it