കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. അശോക് റൈ ഇന്ന് വിരമിക്കുകയാണ്. നീണ്ട മുപ്പത്തിയഞ്ച് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം കൊണ്ട് ഇക്കാലമത്രയും കര്‍മ്മ നിരതനായിരുന്നു അദ്ദേഹം. 1989 മെയ് 8ന് ജൂനിയര്‍ ക്ലര്‍ക്ക് ആയി ബാങ്കില്‍ സേവനം ആരംഭിച്ച അശോക് റൈ ചുവടുകള്‍ ഓരോന്നും താണ്ടി ബാങ്കിന്റെ വളര്‍ച്ചയില്‍ തന്റേതായ നിലയില്‍ സേവനത്തിന്റെ ഓരോ പാഠങ്ങള്‍ സ്വയം പഠിച്ചും പഠിപ്പിച്ചും ഒരു മാതൃകാ ജീവനക്കാരന്റെ വേഷവും പരിവേഷവുമായാണ് പടിയിറങ്ങുന്നത്.
ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലായി 25 വര്‍ഷങ്ങള്‍ ബ്രാഞ്ച് മാനേജറായി ജോലി ചെയ്തിരുന്നു ഇദ്ദേഹം. കാസര്‍കോട് സര്‍ക്കിളിലെ മികച്ച സഹകരണ സംഘമായ കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഒരു സൂപ്പര്‍ ഗ്രേഡ് പദവിയിലുള്ള സഹകരണ ബാങ്കാണ്. അതിന്റെ നിക്ഷേപ സമാഹരണത്തിലും വായ്പ തിരിച്ചടവിലുമൊക്കെ നല്ല അവധാനത പ്രദര്‍ശിപ്പിക്കാന്‍ അശോക് റൈക്ക് കഴിഞ്ഞിട്ടുണ്ട്.
കുംബഡാജെ പഞ്ചായത്തിലെ മരത്തിലയില് എം. രാഘവറൈയുടെയും ഇന്ദിരാ റൈയുടെയും മകനായി 1966 മെയില്‍ ജനിച്ച ഇദ്ദേഹം പരേതനായ കാസര്‍കോട് എം.പി എം. രാമണ്ണ റൈയുടെ മരുമകനാണ്. സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗമായി 12 കൊല്ലം പ്രവര്‍ത്തിച്ചു.
ജില്ലാ പ്രസിഡണ്ടായി ഒമ്പത് വര്‍ഷവും ഏരിയാ സെക്രട്ടറിയായി 5 തവണയും പ്രസിഡണ്ടായി രണ്ട് തവണയും പ്രവര്‍ത്തിച്ചിരുന്നു. ജീവനക്കാരുടെ സഹകരണ സംഘമായ കാസര്‍കോട് ജില്ലാ സഹകരണ എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ആദ്യകാല ഡയറക്ടറായിരുന്നു. കാസര്‍കോട് ജില്ലാ സഹകരണ ജീവനക്കാരുടെ ഹൗസിംഗ് സഹകരണ സൊസൈറ്റിയുടെ പ്രസിഡണ്ടായി 15 വര്‍ഷക്കാലവും പ്രവര്‍ത്തിച്ചു. മധൂര്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡണ്ടാണ് ഇപ്പോള്‍. പാലിയേറ്റീവ് കെയര്‍ സംഘടനയുടെ മധൂര്‍ സോണല്‍ വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിക്കുന്നു. മൃദുഭാഷിയും സൗമ്യനുമാണ് അശോക് റൈ. സാധാരണക്കാരോടും പാവങ്ങളോടും അദമ്യമായ സ്നേഹവും അചഞ്ചലമായ ഐക്യദാര്‍ഢ്യവും കാട്ടി തന്റെ സേവനത്തിന്റെ സഹകരണാത്മകതയും സര്‍ഗാത്മകതയും നെടുനീളെ പ്രദര്‍ശിപ്പിച്ച വ്യക്തിത്വം. ബാങ്കിന്റെ ഓരോ വളര്‍ച്ചയിലും തന്റേതായ ഈടുവയ്പ്പുകള്‍ കാട്ടിക്കൊടുത്ത സഹകാരി. ഒരു യഥാര്‍ത്ഥ സഹകാരിയുടെ രൂപവും ഭാവവും തന്മയീഭവിച്ച വ്യക്തിത്വം. സേവനമേ സഹകരണം എന്ന് നിരന്തരം നമ്മെ ബോധ്യപ്പെടുത്തുന്ന നിഷ്കാമകര്‍മ്മി.
‘വേര്‍പെടുന്നൊരു കാറ്റിനു
പറയാന്‍
കാലമരുളിയ നോവുകളുണ്ട്
കാത്തുനില്ക്കും കനവിനു
പകരാന്‍
കാത്തുവെച്ച ഒരു ഹൃദയവുമുണ്ട്
വിട പറയുകയല്ല നാമൊരു
പുതു പേരില്‍
ചേക്കേറുന്നീ തുടി കൊട്ടും
മനസ്സുകളാലെ
അതിരറ്റ പ്രതീക്ഷകള്‍ വാഴും
നാളേക്ക് വെളിച്ചം വീശാന്‍.
ആജന് ജെ.കെയുടെ ഈ കവിത ഇവിടെ വളരെ അന്വര്‍ഥമായി തോന്നുന്നു. കാരണം ഒരു മനുഷ്യന്റെ സകര്‍മ്മകമായ വ്യക്തിത്വത്തിന് അര്‍ത്ഥവും വ്യാപ്തിയും പകരാന്‍ തന്റേതായ വഴികള്‍ തേടിയതിന്റെ പൊരുളും ദീപ്തിയുമാണ് ഒരു മനുഷ്യന്റെ നാള്‍വഴികള്‍ കാട്ടിത്തരുന്നത്. അതിന്റെ ആസ്തി ബാധ്യതകള്‍ തികച്ചും പോസിറ്റീവ് ആയിരിക്കും.
അത്തരം നല്ല നടവഴികളിലൂടെയും ഊടുവഴികളിലൂടെയും നാം നടക്കുമ്പോഴാണ് നമ്മുടെ ജീവിതം ഭാസുരമാകുന്നത്. അശോക് റൈ വേറിട്ടൊരു വ്യക്തിത്വം തന്നെയാണ്. സഹകരണം എന്ന മൂല ആശയത്തിന്റെ അടിത്തറ തോണ്ടാന്‍ പലരും കച്ചമുറുക്കി ഇറങ്ങിയിരിക്കുന്ന കാലിക പശ്ചാത്തലത്തില്‍ അശോക് റൈ നമുക്ക് മുമ്പില്‍ ഒരു ബിംബം തന്നെയാണ്. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ചിത്രകല യു.എ. ഇ എക്സ്ചേഞ്ചില്‍ ഉദ്യോഗസ്ഥയാണ്. മകന് ഹാര്‍ദിക് റൈ എല്‍.ആന്റ് ടിയില്‍ എഞ്ചിനീയറും മറ്റൊരു മകന് ഹൃദിക് റൈ പ്ലസ് ടു വിദ്യാര്‍ത്ഥിയുമാണ്.
-രാഘവന് ബെള്ളിപ്പാടി