ന്യൂഡെല്‍ഹി: ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനം നിലച്ചു. സെര്‍വര്‍ ഡൗണ്‍ ആയതാണ് പെട്ടെന്നുള്ള പ്രവര്‍ത്തനം നിലക്കാന് കാരണമായതെന്നാണ് സൂചന. ഇന്ത്യയിലും ലോകത്തിന്റെ ചില ഭാഗങ്ങളിലും സേവനം നിലച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ സേവനം നിലച്ചത്. വാട്ട്സ്ആപ്പ് സെര്‍വര്‍ പിശക് കാണിക്കുമ്പോള്‍, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ ഫീഡ് പുതുക്കുന്നില്ല. ഒമ്പത് മണി മുതല്‍ വാട്സാപ്പില്‍ സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കള്‍ പറയുന്നു.
‘ക്ഷമിക്കണം, എന്തോ കുഴപ്പം സംഭവിച്ചു. ഞങ്ങള്‍ അതില്‍ പ്രവര്‍ത്തിക്കുകയാണ്, കഴിയുന്നത്ര വേഗത്തില്‍ ഞങ്ങള്‍ അത് പരിഹരിക്കും’; ഫെയ്സ്ബുക്ക് വെബ്സൈറ്റിലെ ഒരു സന്ദേശത്തില്‍ പറയുന്നു. മുമ്പും നിരവധി തവണ ഇത്തരത്തില്‍ ഇവ തകരാറിലായിരുന്നു. പിന്നീട് പരിഹരിക്കുകയായിരുന്നു.