മെസ്സിയില്‍ നിന്ന് പഠിക്കാനുള്ളത്...

ലയണല്‍ മെസ്സിയെന്ന ഫുട്‌ബോള്‍ താരത്തിന് ലഭിച്ച അംഗീകാരമാണ് ഈ ലോക കിരീടം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട, കൂടുതല്‍ ഫാന്‍സുകളുള്ള താരമാണ് മെസ്സി. ഗ്രൗണ്ടില്‍ അച്ചടക്കത്തോടെയുള്ള ചലനങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്ലബ് താരം. അര്‍ജന്റീനയെന്ന മുന്‍നിര ടീമിന്റെ നായകന്‍ എന്ന നിലയില്‍ മുന്നില്‍ നിന്ന് നയിച്ചാണ് മെസ്സി ജയിച്ചടക്കിയത്. കളത്തിലെ മെസ്സിയുടെ ജീവിതത്തിനപ്പുറം അധികമാരും ഓര്‍ക്കാത്ത ഒരു ജീവചരിത്രമുണ്ട് മെസ്സിക്ക്. സാമ്പത്തിക പ്രയാസങ്ങളും രോഗവും തളര്‍ത്തിയ കുട്ടിക്കാലത്ത് […]

ലയണല്‍ മെസ്സിയെന്ന ഫുട്‌ബോള്‍ താരത്തിന് ലഭിച്ച അംഗീകാരമാണ് ഈ ലോക കിരീടം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട, കൂടുതല്‍ ഫാന്‍സുകളുള്ള താരമാണ് മെസ്സി. ഗ്രൗണ്ടില്‍ അച്ചടക്കത്തോടെയുള്ള ചലനങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്ലബ് താരം. അര്‍ജന്റീനയെന്ന മുന്‍നിര ടീമിന്റെ നായകന്‍ എന്ന നിലയില്‍ മുന്നില്‍ നിന്ന് നയിച്ചാണ് മെസ്സി ജയിച്ചടക്കിയത്. കളത്തിലെ മെസ്സിയുടെ ജീവിതത്തിനപ്പുറം അധികമാരും ഓര്‍ക്കാത്ത ഒരു ജീവചരിത്രമുണ്ട് മെസ്സിക്ക്. സാമ്പത്തിക പ്രയാസങ്ങളും രോഗവും തളര്‍ത്തിയ കുട്ടിക്കാലത്ത് നിന്ന് ഇന്നത്തെ മെസ്സിയിലേക്കുള്ള യാത്ര ആര്‍ക്കും പ്രചോദനമാണ്. ഈ ജീവിത കഥയില്‍ നിന്ന് ചിലത് പഠിക്കേണ്ടതുണ്ട്. മെസ്സിയുടെ കളിക്കളത്തിന് പുറത്തെ പ്രണയത്തില്‍ നിന്നും വിവാഹത്തില്‍ നിന്നും മറ്റുമല്ല നാം പഠിക്കേണ്ടത്. എല്ലാ പ്രതീക്ഷയും നഷ്ടഷെട്ട രോഗിയായ ഒരാള്‍ ഫുട്‌ബോള്‍ ലോകം കീഴടക്കിയതിന്റെ നാള്‍വഴികളില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. താനിഷ്ടപ്പെട്ട കളിക്ക് ഏത് അവയവമാണോ ഏറ്റവും ആവശ്യമായത് ആ അവയവത്തിന് പരിക്ക് പറ്റിയപ്പോള്‍ തനിക്ക് പറ്റിയ പണിയല്ല ഇത് എന്ന് വിധിയെഴുതി മാറിനില്‍ക്കാതെ മികച്ച ഫുട്‌ബോളര്‍ എന്ന ലക്ഷ്യത്തില്‍ ഉറച്ച് നിന്ന പ്രതിഭ എന്ന നിലയില്‍ മന:ശാസ്ത്രജ്ഞര്‍ ഉയര്‍ത്തിക്കാണിക്കുന്ന മെസ്സിയുടെ ആരും പകര്‍ത്താതെ പോയ ജീവചരിത്രമാണ് നിങ്ങള്‍ക്ക് മുമ്പില്‍ വെക്കുന്നത്.
ഒരു സ്വപ്‌നത്തിലും വിശ്വാസമില്ലാത്ത ആളായിരുന്നു മെസ്സിയുടെ പിതാവ് ജോര്‍ജ് ഹൊറാസിയോ മെസി. സ്റ്റീല്‍ ഫാക്ടറിയിലെ സാധാരണ ജീവനക്കാരന് വലിയസ്വപ്‌നങ്ങള്‍ കണ്ടിട്ട് കാര്യമില്ലല്ലോ. ജീവിതം യാഥാര്‍ത്ഥ്യമാണെന്നും സ്വപ്‌നത്തിന് ജീവിതത്തെ മാറ്റിയെഴുതാന്‍ കഴിയില്ലെന്നും ദരിദ്രനായ ആ കുടുംബനാഥന്‍ ഭാര്യ സെലാ മേരിയോട് പറയുമായിരുന്നു. ഓഫീസിലെ തൂപ്പുകാരിയായിരുന്നു മേരി. മേരി ഒരുനാള്‍ സ്വന്തം കുടുംബം ഉയരത്തിലെത്തുമെന്ന് വെറുതെയങ്ങ് കരുതി സന്തോഷിക്കും. നാല് മക്കളായിരുന്നു ഈ ദമ്പതികള്‍ക്ക്. മൂത്തവന്‍ ന്റോഡിഗ്രസ്. രണ്ടാമന്‍ മത്തിയാസ്. മൂന്നാമന്‍ ലയണല്‍ മെസ്സി. പിന്നെ ഒരേ ഒരു പെണ്‍കുട്ടി മരിയ. ഫാക്ടറിയിലേക്ക് പോവുമ്പോള്‍ വഴിയോരത്തെ മൈതാനത്ത് കുട്ടികള്‍ പന്ത് തട്ടുന്നത് കാണുമ്പോള്‍ ജോര്‍ജ്ജ് ഇമചിമ്മാതെ ആ കാഴ്ച്ചകള്‍ കാണും. ഒരു ദിവസം ഇളയ മകന്‍ ലയണലിനെ അരികില്‍ വളിച്ച് പറഞ്ഞു പന്ത് കളിക്കാന്‍ നീയും പോവണം. അച്ഛന്റെ വാക്കുകള്‍ കേട്ടതും സന്തോഷത്തോടെ അടുത്ത ദിവസം മുതല്‍ ലയണല്‍ അയല്‍പക്കത്തെ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ 5 വയസ്സുള്ള ലയണല്‍ പന്ത് തട്ടിത്തുടങ്ങി. അഞ്ചുവയസ്സുകാരന്‍ ലയണലിന്റെ പ്രകടനം എല്ലാവരെയും അത്ഭുതപ്പെടുത്തി. എതിരാളികളെ ഒന്നൊന്നായി കീഴ്‌പ്പെടുത്തി ലയണല്‍ വലകുലുക്കുമ്പോള്‍ അവനിലുള്ള ഭാവി കൂട്ടുകാര്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു.
അങ്ങനെ ഇരിക്കെ ആണ് മൈതാനത്ത് കാലുവേദനമൂലം ലയണല്‍ പിടഞ്ഞുവീഴുന്നത്. ആദ്യം ആരും വകവെച്ചില്ല. പിന്നീട് വേദനസഹിക്കാതായപ്പോള്‍ ജോര്‍ജ് ലയണലിനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി. ഡോക്ടറുടെ വാക്കുകള്‍ കേട്ടപ്പോള്‍ ജോര്‍ജ് ഞെട്ടി, കാലിന് പിള്ളവാതം പോലുള്ള ഗുരുതരമായ രോഗമാണ്. രക്തയോട്ടമില്ല. ഓടിക്കളിക്കാന്‍ കഴിയില്ല. ഇവന്‍ വീട്ടില്‍ തന്നെ ഇരുന്നോട്ടെയെന്ന വാക്കുകളുമായപ്പോള്‍ ജോര്‍ജ് അന്ന് ഫാക്ടറിയില്‍ പോവാതെ വീട്ടിലേക്ക് മടങ്ങി. ഡോക്ടറുടെ വാക്കുകള്‍ ഹൃദയഭേദകമായിരുന്നു.
അപ്പോഴേക്കും ലയണല്‍ ഫുട്‌ബോളുമായി വേര്‍പിരിയാനാവത്ത വിധം അഗാധപ്രണയത്തിലായിരുന്നു. ഫുട്‌ബോളില്ലാത്ത ജീവിതം മെസ്സിക്ക് അസഹ്യമായിരുന്നു. വേദന വകവെക്കാതെ ആ 11കാരന്‍ പന്ത് തട്ടി. മികവുറ്റപന്തടക്കവും തീപാറും ഷോട്ടുകളും ഉതിര്‍ത്ത് ലയണല്‍ ഒരു സ്റ്റാര്‍ ആയി കഴിഞ്ഞിരുന്നു. വൈകാതെ ലയണലിന്റെ ഫുട്‌ബോളിലുള്ള വൈദഗ്ധ്യം നാട്ടില്‍ പാട്ടായി.
റിവര്‍ പ്ലേറ്റ് അര്‍ജന്റീനയിലെ പ്രമുഖ ക്ലബ്ബായി മാറുന്നകാലം. കുരുന്നു പ്രതിഭകളെ തേടി റൊസാരിയോ പട്ടണത്തിലെത്തിയ ക്ലബ്ബിന്റെ മാനേജരോട് നാട്ടുകാര്‍ ഒന്നടങ്കം ലയണലിന്റെ പേര് പറഞ്ഞേേപ്പള്‍ അദ്ദേഹം ജോര്‍ജിന്റെ വീട്ടിലെത്തി. സങ്കടത്തോടെ ജോര്‍ജ് മകന്റെ രോഗകാര്യങ്ങള്‍ പറഞ്ഞു. നല്ല ചികിത്സ കിട്ടിയാല്‍ രോഗം മാറ്റാം. ഒരുമാസത്തെ ചികിത്സക്ക് പക്ഷേ പതിനായിരത്തോളം ഡോളര്‍ വേണം. മാനേജര്‍ കൈ മലര്‍ത്തി. വെറുമൊരു ഫാക്ടറി തോഴിലാളി മാസം പതിനായിരം ഡോളര്‍ മകന്റെ ചികിത്സാ ചിലവിനായി എങ്ങനെ ഉണ്ടാക്കും? എന്നാല്‍ ജോര്‍ജിനെ ഏറെ ചിന്തിപ്പിച്ചത് ലയണലിന്റെ രോഗത്തേക്കാള്‍ ഉപരി അവന്റെ ഫുട്‌ബോളിലുള്ള കഴിവും പ്രേമവുമായിരുന്നു. വേദനയില്‍ തളര്‍ന്നിരിക്കാന്‍ ലയണല്‍ തയ്യാറായിരുന്നില്ല. അവന്‍ പന്ത് തട്ടി മാലോകരെ അതിശയിപ്പിച്ച് കൊണ്ടിരുന്നു. രോഗത്തിന്റെ മൂലക്കിരുന്നാല്‍ ശരിയാവില്ലെന്ന് മെസ്സി ചിന്തിച്ചു.
രോഗം കീഴടക്കിയ കുരുന്നു പ്രതിഭയെകുറിച്ചുള്ള വാര്‍ത്തകള്‍ അര്‍ജന്റീനയില്‍ നിന്ന് സ്‌പെയിനിലെത്തി. ജോര്‍ജ്ജിന്റെ ചില കുടുംബക്കാര്‍ സ്‌പെയിനിലുണ്ടായിരുന്നു. വാര്‍ത്ത കേട്ട ബാര്‍സിലോണയുടെ സ്‌പോര്‍ട്ടിംഗ് ഡയരക്ടര്‍ കാര്‍ലോസ് റെക്‌സാച്ച് നുവോ കാംപിലെത്താന്‍ ജോര്‍ജിനോട് പറഞ്ഞു. ഫാക്ടറിയിലെ സുഹൃത്തിനോട് കടം വാങ്ങിയ പൈസയുമായി ജോര്‍ജും ലയണലും ബാര്‍സിലോണയിലെത്തി. വലിയ മൈതാനത്ത് പന്ത് തട്ടുന്ന കുരുന്നുകള്‍ക്കൊപ്പം ലയണല്‍ വേദനിക്കുന്ന കാലുമായി ഇറങ്ങി. പരിശീലനം പത്ത് മിനുട്ട് പിന്നിട്ടപ്പോള്‍ ലയണല്‍ വേദന മറന്നു. അവന്‍ പന്തിനെ ലാളിക്കാന്‍ തുടങ്ങി. കൂട്ടുകാര്‍ക്ക് കൊച്ചു കൊച്ചു പാസുകള്‍ നല്‍കുമ്പോഴും പന്തില്‍ അസാമാന്യ നിയന്ത്രണം ചെലുത്തിയ നീക്കങ്ങള്‍. കാര്‍ലോസ് ഇരുന്ന ഇരുപ്പില്‍ അരികില്‍ കണ്ട ഒരു കടലാസ് തുണ്ടെടുത്തു. ഒരുവര്‍ഷം ലയണല്‍ ഇവിടെ കളിക്കട്ടെയെന്ന് പറഞ്ഞ് ജോര്‍ജ്ജിന് കുറിപ്പ് കൊടുത്തു. അവന്റെ മരുന്നും ചികിത്സയുമെല്ലാം നാട്ടിലാണെന്ന് പറഞ്ഞപ്പോള്‍ അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞ ആ മാനേജര്‍ ജോര്‍ജ്ജിന് അല്‍പ്പം കറന്‍സിയും നല്‍കി പറഞ്ഞയച്ചു. മകന്റെ പേരില്‍ ആദ്യം കിട്ടുന്ന മണിപ്രൈസ് പിതാവ് സന്തോഷത്തോടെ സ്വീകരിച്ചു. മകന്റെ തലയില്‍ മുത്തം വെച്ച് ജോര്‍ജ് നാട്ടിലേക്ക് മടങ്ങി.
കാര്‍ലോസ് ലയണലിനെയുമായി ക്ലബ്ബ് ഹോസ്പിറ്റലിലെത്തി. പരിശീലനവും ഒപ്പം ചികിത്സയുമാണ് ഡോക്ടര്‍ വിധിച്ചത്. തന്റെ ഫുട്‌ബോള്‍ പരിശീലനം മുടങ്ങിപ്പോകാതിരിക്കാന്‍ ലയണല്‍ അടുത്തുള്ള ചായക്കടയില്‍ ജോലിക്ക് കയറി. വേദനയില്‍ പകച്ചുനില്‍ക്കാന്‍ ലയണല്‍ തയ്യാറായിരുന്നില്ല. മറിച്ച് ഒരു ഫുട്‌ബോള്‍ കളിക്കാരാന്‍ ആകണമെന്ന ലയണലിന്റെ ദൃഢമായനിശ്ചയം അവനെ മുന്നോട്ട് നയിച്ചു. ലയണല്‍ പതുക്കെ വേദന മറന്ന് തുടങ്ങി. ആദ്യം ക്ലബ്ബിന്റെ സബ് ജൂനിയര്‍ ബീ ടിമില്‍, ഇരുപത് മിനുട്ടോളം തുടര്‍ച്ചയായി കളിച്ചപ്പോ വേദന വീണ്ടും വന്നു. ഡോക്ടര്‍മാര്‍ പറഞ്ഞു പേടിക്കാതെ കളിക്കാന്‍. പിന്നെ ലയണല്‍ ആരോടും വേദനയെക്കുറിച്ച് പറഞ്ഞില്ല. ഒരുവര്‍ഷം കൊണ്ട് എ ടീമില്‍. ആ സമയത്തൊന്നും ലയണലിന് പ്രതിഫലം കിട്ടിയിരുന്നില്ല. സ്വീകരിച്ചിരുന്നുമില്ല. ഇന്ന് ഏറ്റവും ഉയര്‍ന്ന സംഖ്യ പ്രതിഫലം വാങ്ങുന്ന ഈ താരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നയാ കാശുപോലും വാങ്ങാതെയാണ് കളിച്ചത് എന്ന കാര്യം ഓര്‍ക്കുക. ചികിത്സാ ചെലവ് ഭാരിച്ചതായതിനാല്‍ ക്ലബ്ബിനോട് ഒന്നും ചോദിക്കാന്‍ കഴിയുമായിരുന്നില്ല. ജോര്‍ജ്ജ് ഇടക്കിടെ മകനെ വിളിക്കും. ബാര്‍സയെന്ന ക്ലബ്ബും ലയണല്‍ എന്ന കൊച്ചു താരവും പരസ്പര പൂരകങ്ങളായി മാറുകയായിരുന്നു പിന്നെ. 2003-04 സീസണില്‍ ക്ലബ്ബിന്റെ വിവിധ കാറ്റഗറി ടീമുകളില്‍ അവന്‍ കളിച്ചു. ആദ്യം ബി ടീമില്‍, പിന്നെ എ ടീമില്‍. പിന്നെ ബാര്‍സ സീ ടീമില്‍, ശേഷം ബാര്‍സ എ ടീമില്‍. തളര്‍ന്ന കാലുകളുമായി കളിക്കളം വിടാന്‍ തീരുമാനിച്ച ലയണലിന്റെ കഥകള്‍ സ്‌പെയിനിലുടനീളം വാര്‍ത്തയായിരുന്നു.
2003 നവംബര്‍ 16ന് കേവലം പതിനാറ് വയസും 145 ദിവസവും പ്രായമായപ്പോള്‍ ബാര്‍സിലോണ സീനിയര്‍ ടീമില്‍ ലയണല്‍ പന്ത് തട്ടി. 2004 ഒക്ടോബര്‍ പതിനാറിന് അന്നത്തെ ബാര്‍സ പരിശീലകന്‍ ഫ്രാങ്ക് റെയ്ക്കാര്‍ഡ് ലയണലിനെ അരികില്‍ വിളിച്ചു. നാളെ നീ കളിക്കണം. അന്ന് ഡെക്കൊയ്ക്ക് പകരക്കാരായി ലയണല്‍ ഇറങ്ങുമ്പോള്‍ ആരും നീണ്ട മുടിയുള്ള 16കാരനില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചു കാണില്ല. ഫുട്‌ബോളിന്റെ ചരിത്രം തിരുത്തി 16കാരന്‍ ലയണല്‍ മെസ്സി ബാര്‍സക്ക് വേണ്ടി പന്ത് തട്ടി. സ്‌പെയിനില്‍ ഫുട്‌ബോള്‍ കൊണ്ട് വിസ്മയം തീര്‍ത്ത ലയണലിന് സ്‌പെയിനിന്റെ രാജ്യാന്തര ടീമില്‍ കളിക്കാന്‍ ഓഫര്‍ ലഭിച്ചു. എന്നാല്‍ താന്‍ ജനിച്ചുവളര്‍ന്ന അര്‍ജന്റീനയുടെ വെള്ളയും നീലയും കലര്‍ന്ന ആ കുപ്പായത്തില്‍ കളിക്കാന്‍ ആണ് തനിക്ക് താല്‍പര്യം എന്ന് പറഞ്ഞു ലയണല്‍ ആ ഓഫര്‍ നിരസിച്ചു. വൈകാതെ തന്നെ ലയണല്‍ അര്‍ജന്റീന നാഷണല്‍ ടീമില്‍ അരങ്ങേറി. അണ്ടര്‍ 20 ലോകകപ്പോടെ ലയണല്‍ അരങ്ങേറ്റം ഗംഭീരമാക്കി. ലയണലിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നെ ഉയര്‍ച്ച മാത്രമായിരുന്നു ലയണലിന്റെ കരിയറില്‍. ഗോളുകള്‍ യഥേഷ്ടം. ബഹുമതികള്‍ ധാരാളം. നാല് തവണ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ പട്ടം. പ്രതിരോധത്തെ കീറിമുറിച്ച് ലയണല്‍ പലതവണ വല കുലുക്കിയപ്പോള്‍ ആ ഗോള്‍ ഫുട്‌ബോള്‍ ദൈവം മറഡോണയുടെ നൂറ്റാണ്ടിന്റെ ഗോളിനോട് ഉപമിക്കപ്പെട്ടു. ചിരവൈരികളായ റയല്‍മാഡ്രിന്റെ വലയിലേക്ക് 3 എണ്ണം പറഞ്ഞ ഗോളുകളുമായി ലയണല്‍ വരവറിയിച്ചു. പിന്നീട് നാം കണ്ടത് ലോകത്തിനു മുമ്പില്‍ നിസ്സഹായനായി നിന്ന ആ 11കാരനെയല്ല. കാല്‍വേദനയോടെ കളം വിടുന്ന ചെറുപ്പക്കാരനെയല്ല.
കളിക്കളത്തിലെ മാന്യനാണ് മെസ്സി. സച്ചിനെ പോലെ വ്യക്തിത്വം കൊണ്ടും കളികൊണ്ടും ആരാധക ഹൃദയങ്ങള്‍ കീഴടക്കിയവര്‍ കുറവാണ്. ഇവരുടെ കൂട്ടത്തിലേക്ക് ഈ പേര് കൂടി ചേര്‍ക്കാം, ലയണല്‍ മെസ്സി. പണവും സമ്പത്തും മെസ്സി എന്ന വ്യക്തിയെ തെല്ലും ബാധിച്ചില്ല. മെസ്സിയുടെ പേരില്‍ അര്‍ജന്റീനയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി ട്രസ്റ്റുകള്‍ ഏറെയാണ്. യുനെസ്‌കോ എന്ന പ്രസ്ഥാനത്തിന്റെ ബ്രാന്റ് അംബാസിഡര്‍ കൂടിയാണ് ലയണല്‍. റൊസാരിയോയിലെ വീട്ടിലിരുന്ന് ജോര്‍ജ്ജ് ഉച്ചത്തില്‍ സംസാരിച്ചില്ല. പക്ഷേ ആ പിതാവിന് ഇപ്പോഴും ഒരു സ്വപ്‌നമുണ്ടായിരുന്നു -രാജ്യത്തിന് തന്റെ മകന്‍ ഒരു ലോകകപ്പ് സമ്മാനിക്കണമെന്ന്. ഇപ്പോള്‍ പിതാവ് ജോര്‍ജും സെലാ മേരിയും റോഡ്രിഗസും മത്തിയാസും മരിയയും മാത്രമല്ല ഒരു രാജ്യവും മെസ്സിയിലൂടെ കണ്ട സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെട്ടത്.
മെസ്സിക്ക് ലോകകപ്പ് ലഭിച്ചതില്‍ സന്തോഷിക്കുന്ന മലയാളികള്‍ പകര്‍ത്തേണ്ടത് മുന്നില്‍ കണ്ട ലക്ഷ്യം സാക്ഷാത്കരിക്കാന്‍ മെസ്സിയടക്കം പല പ്രമുഖരും കാട്ടിയ അര്‍പ്പണ ബോധവും നിശ്ചയദാര്‍ഢ്യവുമാണ്. പ്രവര്‍ത്തനങ്ങളില്‍ ആവേശവും തികഞ്ഞ അച്ചടക്കവും കാത്തു സൂക്ഷിക്കുക. ആതുര സേവന രംഗത്ത് എപ്പോഴും നമ്മുടെ ശ്രദ്ധയുണ്ടാവണം. അതാണ് മെസ്സിയും സച്ചിനും കൈമാറുന്ന സന്ദേശങ്ങള്‍. കാല്‍വേദന കാരണം മെസ്സി തന്റെ കരിയര്‍ അവസാനിപ്പിച്ചിരുന്നെങ്കില്‍ മെസ്സിയെ ലോകം അറിയുമായിരുന്നില്ല. പ്രതിസന്ധികള്‍ ഉണ്ടാകും പതറരുത്. പ്രതിസന്ധികളില്‍ നിന്ന് പാഠം പഠിക്കുകയാണ് വേണ്ടത്.


-മുഹമ്മദ് ഹാരിസ് കൊമ്പോട്‌

Related Articles
Next Story
Share it