ജീവനെടുക്കാന്‍ നമുക്ക് എന്തധികാരം...

സാങ്കേതികവിദ്യയും സാമൂഹ്യ ചുറ്റുപാടും ഒരുപാട് വളര്‍ന്നൊരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. വറുതിയുടെ കാലവും അസൗകര്യങ്ങള്‍ നിറഞ്ഞ നാളുകളുടെ കഥകളും പ്രായം ചെന്നവര്‍ പറഞ്ഞുതരുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ പോലും രണ്ടുവട്ടം ആലോചിക്കേണ്ടിവരുന്ന ന്യൂജെന്‍ യുഗത്തിലാണ് നമ്മളുള്ളത്.ചെറിയ കൂരയില്‍ ഒരുപാട് കുടുംബങ്ങള്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന കാലത്തില്‍ നിന്നും വലിയ മണിമാളികയില്‍ ചെറിയ കുടുംബങ്ങളായി കഴിയുന്ന തരത്തിലേക്ക് കാലം എത്തിനില്‍ക്കുകയാണ്.ഒപ്പം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനവും ഉപരി പഠനവും കഴിഞ്ഞ് ബിരുദവും ബിരുദാനന്തര ബിരുദവും നേടാന്‍ അവസരവും ഭാഗ്യവും ലഭിച്ചവരാണ് നമ്മളൊക്കെ.പറഞ്ഞുവരുന്നത് […]

സാങ്കേതികവിദ്യയും സാമൂഹ്യ ചുറ്റുപാടും ഒരുപാട് വളര്‍ന്നൊരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. വറുതിയുടെ കാലവും അസൗകര്യങ്ങള്‍ നിറഞ്ഞ നാളുകളുടെ കഥകളും പ്രായം ചെന്നവര്‍ പറഞ്ഞുതരുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ പോലും രണ്ടുവട്ടം ആലോചിക്കേണ്ടിവരുന്ന ന്യൂജെന്‍ യുഗത്തിലാണ് നമ്മളുള്ളത്.
ചെറിയ കൂരയില്‍ ഒരുപാട് കുടുംബങ്ങള്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന കാലത്തില്‍ നിന്നും വലിയ മണിമാളികയില്‍ ചെറിയ കുടുംബങ്ങളായി കഴിയുന്ന തരത്തിലേക്ക് കാലം എത്തിനില്‍ക്കുകയാണ്.
ഒപ്പം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനവും ഉപരി പഠനവും കഴിഞ്ഞ് ബിരുദവും ബിരുദാനന്തര ബിരുദവും നേടാന്‍ അവസരവും ഭാഗ്യവും ലഭിച്ചവരാണ് നമ്മളൊക്കെ.
പറഞ്ഞുവരുന്നത് അതിനെക്കുറിച്ചൊന്നുമല്ല. ഇത്രയൊക്കെ സൗകര്യങ്ങളോട് കൂടിയും വിദ്യാസമ്പന്നരായും നില്‍ക്കുമ്പോഴും നമ്മളില്‍ പലര്‍ക്കും കൈമോശം വന്നുപോയ കാര്യമാണ് പ്രതിസന്ധികളെ തരണം ചെയ്യാന്‍ പറ്റാതിരിക്കുക എന്നത്. ഒരു പ്രശ്‌നം നേരിടേണ്ടി വന്നാല്‍ അതിനെ എങ്ങനെ മാനേജ് ചെയ്ത് ആ പ്രതിസന്ധിയെ തരണം ചെയ്യുക എന്നതില്‍ പലരും തോറ്റുപോവുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ശരിക്കും നമ്മള്‍ നേടിയെടുക്കേണ്ട അല്ലെങ്കില്‍ പരിശീലിപ്പിച്ചെടുക്കേണ്ട മര്‍മ്മപ്രധാനമായ കാര്യങ്ങളിലൊന്നാണ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോവുക എന്നത്. അവിടെ നമ്മള്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതാവുമ്പോളാണ് ആത്മഹത്യ എന്ന കുറുക്കുവഴിയില്‍ ചാടി ജീവിതത്തില്‍ നിന്ന് തന്നെ ഒളിച്ചോടിപ്പോവാന്‍ തോന്നുന്നത്.
ഇന്ന് വളരെ ദൗര്‍ഭാഗ്യകരവും പത്രമാധ്യങ്ങളിലൂടെ ദിനേന ഒരു കോളമെങ്കിലും കാണാന്‍ സാധിക്കുന്ന വാര്‍ത്തയാണ് ആത്മഹത്യ ചെയ്തുള്ള മരണവാര്‍ത്ത. ചില ആത്മഹത്യകളുടെ കാരണങ്ങളെ കുറിച്ചറിയുമ്പോള്‍ സഹതാപവും സങ്കടവും ഒരുമിച്ച് വരികയാണ്. നിസ്സാരമായ പ്രണയ നൈരാശ്യം മൂലം, കടക്കെണി മൂലം, പരീക്ഷയിലെ തോല്‍വി കാരണം, ഭര്‍തൃവീട്ടിലെ പീഡനം മൂലം ഇങ്ങനെ തുടങ്ങി ഒന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങള്‍ക്ക് പോലും ഒരു നിമിഷത്തെ വിഷാദം കാരണം അല്ലെങ്കില്‍ ഒരു നിമിഷത്തെ പൈശാചിക ചിന്ത കാരണം ജീവിച്ച് തുടങ്ങുന്നതിന് മുമ്പേ ജീവിതമസാനിപ്പിച്ച് പോയി കളയുന്നവരുടെ എത്ര വാര്‍ത്തകളാണ് നാം ദിനേന കണ്ടുകൊണ്ടിരിക്കുന്നത്.
ഈ കഴിഞ്ഞ ആഴ്ചയില്‍ കേരളം ചര്‍ച്ച ചെയ്ത രണ്ട് യുവതികളുടെ മരണം മാത്രം എടുക്കാം. പഠന മികവ് കൊണ്ട് ഒരുപാട് പരീക്ഷകള്‍ പാസായി തന്റെ ഏറ്റവും വലിയ അഭിലാഷമായ ഡോക്ടര്‍ ബിരുദം നേടി മിടുക്കിയായ പെണ്‍കുട്ടി സ്ത്രീധനം ചോദിച്ച ആണ്‍സുഹൃത്തിനോട് പകരം വീട്ടിയത് സ്വയം ജീവനെടുത്താണ്. ആണ്‍സുഹൃത്തിനെതിരെ നിയമനടപടി സ്വീകരിച്ച് ആ മിടുക്കി കേരളത്തിന് പാഠവും മാതൃകയും ആവേണ്ടിയിരുന്നു. ജീവനൊടുക്കി തന്നെത്തന്നെ ഇല്ലാതാക്കിയതുകൊണ്ട് എന്തുകാര്യം. സ്ത്രീധനത്തിന് വേണ്ടി വാശി പിടിക്കുകയും വിലപേശുകയും ചെയ്ത ആണ്‍സുഹൃത്തിനെ തുറങ്കലില്‍ അടച്ച് സ്ത്രീധനത്തിനെതിരെ താനിതാ പോരാടിയിരിക്കുന്നുവെന്ന് ഉറക്കെ വിളിച്ചുപറയുകയല്ലേ ചെയ്യേണ്ടിയിരുന്നത്.
എത്ര പ്രതീക്ഷയിലായിരിക്കും ആ മാതാപിതാക്കള്‍ അവരെ വളര്‍ത്തിയിട്ടുണ്ടാവുക? എത്ര കഷ്ടപ്പെട്ടിട്ടായിരിക്കും ആ പെണ്‍കുട്ടി ഓരോ പരീക്ഷകളും നേരിട്ട് ജയിച്ചിട്ടുണ്ടാവുക? അവസാനം നല്ലൊരു ജോലിയും കിട്ടി അന്തസ്സായി ജീവിക്കാന്‍ തുടങ്ങുമ്പോള്‍ എല്ലാം വേണ്ടെന്ന് വെച്ച് ജീവിതത്തില്‍ നിന്ന് ഒളിച്ചോടി പോയിരിക്കുന്നു.
പിറ്റേദിവസത്തെ വാര്‍ത്തയും വേറൊരു യുവതിയുടെതായിരുന്നു ഭര്‍തൃവീട്ടിലെ കശപിശ കാരണം അവരും അങ്ങ് ഒരു മുഴം കയറില്‍ എല്ലാം അവസാനിപ്പിച്ചു കളഞ്ഞു. ഇത് അവസാനമായി നടന്ന രണ്ട് സംഭവങ്ങള്‍ സൂചിപ്പിച്ചെന്ന് മാത്രം. ഇതുപോലെയുള്ള നടുക്കുന്ന സംഭവങ്ങള്‍ അനുദിനം നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നു.
നമ്മുടെ മുന്നിലൊരു പ്രശ്‌നം വരുമ്പോള്‍ ഒരു മുഴം കയറിലോ ഒഴുകുന്ന പുഴയിലോ ഒരു സ്പൂണ്‍ പോയ്സണിലോ ജീവിതമവസാനിപ്പിച്ചു കളയാന്‍ ശ്രമിക്കുന്നവര്‍ ഒന്നോര്‍ക്കുക, ഈ ലോകത്ത് പ്രശ്‌നങ്ങളില്ലാത്തവര്‍ ആരുമില്ല. അതാരുടെയും കുറ്റമല്ല. അത് ഈ പ്രപഞ്ചത്തിലെ നിയമമാണ്. കാരണം, ഈ ജീവിതമെന്നാല്‍ സന്തോഷങ്ങളും സങ്കടങ്ങളും സമ്മിശ്രമായതാണ്. സന്തോഷങ്ങളെ നമ്മള്‍ ആസ്വദിക്കുന്നത് പോലെ സങ്കടങ്ങളെ അതിജീവിക്കാനും പഠിക്കണം. അവിടെയാണ് നമ്മള്‍ വിജയിക്കുക.
അതിനൊക്കെ ആദ്യം വേണ്ടത് നല്ലൊരു തന്റേടമുള്ള മനസ്സിനെ വളര്‍ത്തിയെടുക്കുക എന്നതാണ്. കാരണം, മനസ്സിന്റെ ചാഞ്ചാട്ടമാണ് നമ്മെ പലപ്പോഴും പലനിലയിലും കൊണ്ടെത്തിക്കുന്നത്. ഏത് പ്രതിസന്ധിയെയും ഉറച്ച മനസ്സോടെ നേരിടാനുള്ള കെല്‍പ്പുള്ള ഒരു മനസ്സിനെ നമ്മള്‍ പാകപ്പെടുത്തിയെടുത്തിയിട്ടുണ്ടെകില്‍ ഏത് പ്രതിസന്ധിയെയും നമുക്ക് അനായാസം നേരിടാന്‍ കഴിയും. ഒപ്പം പ്രതിസന്ധിക്കൊടുവിലുള്ള മധുരം നുണയാനും സാധിക്കും. ഒരു പ്രശ്‌നം വരുമ്പോള്‍ അതിനുള്ള പരിഹാരവും അതിന്റെ കൂടെത്തന്നെയുണ്ടാവും. ആ പരിഹാര മാര്‍ഗം കണ്ടെത്തി അതിജീവിക്കുക എന്നതാണ് പ്രധാനം. ഒന്നുക്കൂടി ഓര്‍ക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ആത്മഹത്യ ഭീരുക്കളുടെ ആയുധമാണ്.
ഈ കാണുന്ന, അനുഭവിക്കുന്ന നമ്മുടെ ജീവന്റെയും ആരോഗ്യത്തിന്റെയും വില മനസ്സിലാകാതെ പോവുമ്പോഴാണ് മനോഹരമായ ജീവിതത്തെ പകുതി വഴിയില്‍ ഉപേക്ഷിച്ചു പോവാന്‍ തോന്നുന്നത്.
പകരംവെക്കാന്‍ പോലും സാധിക്കാത്ത, വിലകൊണ്ട് നിര്‍ണ്ണയിക്കാന്‍ പോലുമാവാത്ത എത്രയോ അവയവങ്ങളും അവയുടെ പ്രവര്‍ത്തന ശേഷിയുമൊന്നും ഉപയോഗിച്ചിരിക്കുമ്പോള്‍ മനസ്സിലാക്കാന്‍ പറ്റുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇവയുടെ വിലയറിയണമെങ്കില്‍ ഒന്ന് മെഡിക്കല്‍ കോളേജ് വരാന്തയിലൂടെ ചുമ്മാ നടന്നാല്‍ മതി. അവിടുന്ന് കാണാം മരണത്തോട് മല്ലടിച്ച് കിടക്കുന്നവരും ജീവിതത്തിലേക്ക് ഒന്ന് തിരിച്ചുവരാന്‍ വേണ്ടി തന്റെ സമ്പാദ്യം മുഴുവനായും പണയപ്പെടുത്തി വന്നവരും നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത പണം കൊണ്ട് മരുന്ന് വാങ്ങി ജീവന്‍ നിലനിര്‍ത്താന്‍ പാട് പെടുന്നവരുമൊക്ക.
ഒരല്‍പ്പം കൂടി മുന്നോട്ട് നീങ്ങിയാല്‍ ആസ്പത്രി വാര്‍ഡുകളില്‍ നിന്നും മുറികളില്‍ നിന്നും വേദന കൊണ്ട് പുളയുന്നവരുടെ കാതടപ്പിക്കുന്ന കണ്ണ് നനയിപ്പിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കാം. വീണ്ടും ഒരല്‍പ്പം നടന്നാല്‍ ഐ.സി.യുവിന് മുന്നില്‍ തന്റെ പ്രിയപെട്ടവര്‍ അകത്ത് ഒന്ന് അനങ്ങാന്‍ പോലും പറ്റാതെ വായയിലും മൂക്കിലും വയറിട്ട് ശ്വാസവും വെള്ളവും വലിച്ചെടുക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ എല്ലാവരും ഒരേ ആവശ്യങ്ങള്‍ക്ക് മാത്രമാണ് വന്നത്. ജീവന്‍ നിലനിര്‍ത്താന്‍, ആരോഗ്യം വീണ്ടെക്കാന്‍. അങ്ങനെയുള്ള ഒരാളിന്റെ മുമ്പില്‍ പോയി ചോദിച്ചു നോക്കണം, ഈ ആരോഗ്യത്തിന്റെയും ജീവന്റെ തുടിപ്പിന്റെയും വിലയെന്താണെന്നറിയാന്‍.
അല്ലെങ്കിലും ഈ ആരോഗ്യവും ഈ ശരീരത്തിലേക്ക് ജീവന്‍ വെച്ച് പിടിപ്പിച്ചതുമൊക്കെ നമ്മളല്ലല്ലോ. എല്ലാം സൃഷ്ടാവിന്റെ ഔദാര്യമല്ലെ. അവന്‍ തന്ന ആയുസ്സും ആരോഗ്യവും നശിപ്പിച്ചു കളയാന്‍ നമുക്കെന്തവകാശമാണുള്ളത്.


-അച്ചു പച്ചമ്പള

Related Articles
Next Story
Share it