എന്താണ് കാട്ടിലെ പ്രശ്‌നങ്ങള്‍, നാട്ടിലെയും...

മറ്റുപലതും പോലെ നാട്ടിലിറങ്ങിയുള്ള കാട്ടുമൃഗങ്ങളുടെ പരാക്രമങ്ങളും കൊലപാതകങ്ങളും കൂടി പുതുമ ഒട്ടുമില്ലാത്ത വാര്‍ത്തകളായി മാറിക്കഴിഞ്ഞിരിക്കുന്നു. നാടുകളൊക്കെയും കാടുകളായോ വനങ്ങളായോ മാറിയിരിക്കുന്നു.രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ക്കും കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുമപ്പുറം മനുഷ്യനും മൃഗങ്ങള്‍ക്കും ഇടയില്‍ ഉണ്ടായിരുന്ന അതിര്‍വരമ്പുകള്‍ മാഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭീഷണമായ സ്ഥിതിവിശേഷത്തിന് സത്വരവും ശാശ്വതവുമായ ഒരു പരിഹാരവും ഉണ്ടാക്കാന്‍ ഭരണകൂടങ്ങള്‍ക്കോ സംവിധാനങ്ങള്‍ക്കോ കഴിയുന്നില്ല എന്നത് അത്യന്തം നിരാശാജനകവും ഉത്ക്കണ്ഠാകുലവുമാണ്കുറച്ചു മുമ്പ് വരെ കാട്ടാനക്കൂട്ടങ്ങളും കാട്ടുപോത്തുകളും പന്നികളും ഒരുപറ്റം മനുഷ്യരുടെ ജീവിതോപാധിയായ കൃഷികള്‍ നശിപ്പിക്കുന്നതു മാത്രമായിരുന്നു വാര്‍ത്തകളെങ്കില്‍ ഇന്നത് […]


മറ്റുപലതും പോലെ നാട്ടിലിറങ്ങിയുള്ള കാട്ടുമൃഗങ്ങളുടെ പരാക്രമങ്ങളും കൊലപാതകങ്ങളും കൂടി പുതുമ ഒട്ടുമില്ലാത്ത വാര്‍ത്തകളായി മാറിക്കഴിഞ്ഞിരിക്കുന്നു. നാടുകളൊക്കെയും കാടുകളായോ വനങ്ങളായോ മാറിയിരിക്കുന്നു.
രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ക്കും കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുമപ്പുറം മനുഷ്യനും മൃഗങ്ങള്‍ക്കും ഇടയില്‍ ഉണ്ടായിരുന്ന അതിര്‍വരമ്പുകള്‍ മാഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭീഷണമായ സ്ഥിതിവിശേഷത്തിന് സത്വരവും ശാശ്വതവുമായ ഒരു പരിഹാരവും ഉണ്ടാക്കാന്‍ ഭരണകൂടങ്ങള്‍ക്കോ സംവിധാനങ്ങള്‍ക്കോ കഴിയുന്നില്ല എന്നത് അത്യന്തം നിരാശാജനകവും ഉത്ക്കണ്ഠാകുലവുമാണ്
കുറച്ചു മുമ്പ് വരെ കാട്ടാനക്കൂട്ടങ്ങളും കാട്ടുപോത്തുകളും പന്നികളും ഒരുപറ്റം മനുഷ്യരുടെ ജീവിതോപാധിയായ കൃഷികള്‍ നശിപ്പിക്കുന്നതു മാത്രമായിരുന്നു വാര്‍ത്തകളെങ്കില്‍ ഇന്നത് വന്യമൃഗങ്ങളാല്‍ വിലപ്പെട്ട മനുഷ്യജീവനുകള്‍ തന്നെ നഷ്ടപ്പെടുന്ന നിത്യവാര്‍ത്തകളായി മാറുകയാണ്. ഒരേ ദിവസം തന്നെ ഒന്നിലധികം ആളുകള്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങളാല്‍ കൊല്ലപ്പെടുന്നു.
കാര്‍ഷികവൃത്തി കൊണ്ട് ജീവിക്കാന്‍ പറ്റാതായിത്തീര്‍ന്ന ഒരു നാട്ടില്‍ ഇന്നും ഉപേക്ഷിക്കാനാവാത്ത പഴയ ശീലങ്ങള്‍ കൊണ്ട് കൃഷിയെ മുറുകെപ്പിടിച്ചു നടക്കുന്നവര്‍ക്ക് മുന്നില്‍ ഭരണകൂടങ്ങള്‍ കനിയാതായിട്ട് എത്രയോ വര്‍ഷങ്ങളായിരിക്കുന്നു. വിത്തിനും വളത്തിനും ലഭിച്ചിരുന്ന സബ്‌സിഡികളെല്ലാം എന്നേ നിലച്ചിരിക്കുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവിലയോ അധ്വാനത്തിന് സമാനമായ കൂലിയോ ലഭിക്കാതായതിന്റെ പരിണതിയാണ് ഇന്ന് രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന കര്‍ഷക സമരങ്ങള്‍. മണ്ണില്‍ പണിയെടുത്ത് പൊന്നു വിളയിക്കുന്ന കര്‍ഷകന് ജീവിതം വെല്ലുവിളിയാണെങ്കില്‍ കടകളില്‍ നിന്നും ചന്തകളില്‍ നിന്നും അതേ ഉല്‍പ്പനങ്ങള്‍ കാശുകൊടുത്ത് വാങ്ങി ജീവിക്കുന്നവര്‍ക്കു മുന്നിലും അതിജീവനം ഒരു വലിയ സമസ്യ തന്നെയാണ്. ഇടനിലക്കാര്‍ എന്ന കിങ്കരന്മാര്‍ മാത്രം തടിച്ചു കൊഴുക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറിയത് ഇതേ നെറികെട്ട രാഷ്ട്രീയക്കാര്‍ മൂലം തന്നെയാണ്. ഉയര്‍ന്ന വിദ്യാഭ്യാസമോ ജോലിയോ നേടാന്‍ പാങ്ങില്ലാത്തതിനാല്‍ മാത്രം ചെറുകിട കൃഷികള്‍ ചെയ്ത് പട്ടിണി മാറ്റാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നവരുടെ നേര്‍ക്കും അവരുടെ പാടങ്ങളിലേക്കും പെരുച്ചാഴികളും കാട്ടുപന്നികളും കാട്ടാനകളും മുയല്‍-മയില്‍ക്കൂട്ടങ്ങളും കാട്ടുപോത്തുകളും തുരന്നും ചിന്നം വിളിച്ചും അമറിയും എത്തിയത് നമ്മുടെ അധികാരികളുടെ പിടിപ്പുകേടുകളും അന്ധവിശ്വാസങ്ങളും ലാഭക്കൊതിയും കൊണ്ടു മാത്രമാണ്.
അടുത്തകാലം വരെ മനുഷ്യനെ കടിച്ചു കീറുകയും കൊല്ലുകയും ചെയ്യുന്ന തെരുവു പട്ടികള്‍ മാത്രമായിരുന്നു നമ്മുടെ ഭീതി. നായ്ക്കളുടെ വാക്‌സിന്‍ ഉണ്ടാക്കുന്ന കമ്പനികളില്‍ നിന്നും കോടികള്‍ കമ്മീഷന്‍ കൈപ്പറ്റുന്നവര്‍ തന്നെ ഭരണാധികളായിരിക്കുന്ന നാട്ടില്‍ ഒരു പട്ടിയുടെ വില പോലുമില്ലാത്തതായി മനുഷ്യ ജീവനുകള്‍ മാറിയത് സ്വാഭാവികം. ഇപ്പോള്‍ പട്ടികള്‍ക്കുള്ള മുന്തിയ പ്രിവിലേജുകളില്‍ ആകൃഷ്ടരായിട്ടോ എന്തോ, കടുവ, പുലി, കാട്ടുപോത്തുകള്‍, കാട്ടാനകള്‍, കരടികള്‍, കാട്ടുപന്നികള്‍ തുടങ്ങി എല്ലാ ഹിംസ്ര ജന്തുക്കളും കാടിറങ്ങി നമ്മുടെ നാടുകളില്‍ സൈ്വരവിഹാരം നടത്തുകയാണ്. എല്ലാ അതിരുകളും ജലരേഖകളായിരിക്കുന്നു. ആനകള്‍ നാട്ടിലിറങ്ങി മനുഷ്യരെ ചവിട്ടിയും എറിഞ്ഞും കൊല്ലുന്നു. കടുവയും പുലിയും മനുഷ്യനെ കൊന്നു തിന്നുന്നു. കാട്ടുപന്നികള്‍ മനുഷ്യനെ കുത്തിക്കൊല്ലുന്നു. കാട്ടുപോത്തുകള്‍ കുത്തിമലര്‍ത്തുന്നു.
വനം വകുപ്പ് നാട്ടില്‍ അണ്ടിപ്പരിപ്പു കൊറിച്ചിരിക്കുന്നു. മനുഷ്യ ജീവനു വെല്ലുവിളിയായി നാട്ടില്‍ വിലസുന്ന ഹിംസ്ര ജന്തുക്കളെപ്പോലും വെടിവെച്ചു കൊല്ലാനുള്ള വകുപ്പുകളും തോക്കും തിരയും എന്നോ ആര്‍ക്കോ വേണ്ടി തീറെഴുതിയ ഭരണകൂടങ്ങള്‍ സ്വയം മയക്കത്തിലാണ്ട് മയക്കുവെടിക്കായി ദ്രവിച്ച തോക്കുകള്‍ തിരയുന്നു. ഒരു മഹത്തായ രാജ്യത്തിന്റെ ഗതികേടു തന്നെയാണിത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കെല്‍പ്പോ ചങ്കൂറ്റമോ ഇല്ലാത്ത ഭരണാധികാരികളില്‍ നിന്നും ഇനിയും എന്തു പ്രതീക്ഷിക്കാനാണ്? ആനകള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കാനും ദേശീയ മൃഗങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും മാത്രമേ നമ്മുടെ സംവിധാനങ്ങള്‍ക്കു കഴിയൂ.
കാട്ടില്‍ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാത്തതു കൊണ്ടാണ് കാട്ടുമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതെന്നാണ് ഒരു വാദം. ആരാണ് കാടിനെ ആ വിധം ഊഷരമാക്കിക്കളഞ്ഞത്? കാടിന്റെ വിസ്തൃതി കുറഞ്ഞു വരുന്നതാണ് കാരണമെന്ന് മറ്റൊരു വാദം. ആരാണ് കാടിനെ ആ വിധം ചുരുക്കിയത്? കാടുകളിലേക്കുള്ള മനുഷ്യന്റെ കുടിയേറ്റമാണ് മനുഷ്യനും മൃഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാക്കുന്നതെന്ന വാദവുമുണ്ട്. അങ്ങനെ കുടിയേറേണ്ടി വരുന്നത് എന്തുകൊണ്ടാണ്? കുടിയേറ്റങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്? കാട്ടില്‍ വന്യജീവികളുടെ എണ്ണം ക്രമാതീതമായി പെരുകിയതു കൊണ്ടാണ് അവറ്റകള്‍ കാടുവിട്ടിറങ്ങുന്നത് എന്ന പുതിയ വാദവും മുഴങ്ങിക്കേട്ടു തുടങ്ങിയിട്ടുണ്ട്.
മനുഷ്യനാണ് അവന്റെ നാഗരികതയ്ക്കും കാടുകള്‍ക്കുമിടയില്‍ അതിര്‍ത്തികള്‍ വരച്ചതും കേരളമെന്നും കര്‍ണ്ണാടകമെന്നും തമിഴ്‌നാടെന്നും ഒഡീഷയെന്നും മറ്റും പേരുകള്‍ നല്‍കിയതും. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെയിലിനും മഴയ്ക്കും വായുവിനും ആ അതിരുകളില്ല. അവ അവയുടെ സ്വാഭാവികതയിലൂടെ ചരിക്കും, കയറ്റിറക്കങ്ങള്‍ക്ക് അനുസൃതമായി. കേരളത്തിലെത്തുന്ന ആനകളെ തമിഴ്‌നാട്ടിലേക്കും കര്‍ണ്ണാടകത്തിലെ കടുവകളെ മഹാരാഷ്ട്രയിലേക്കും 'നാടുകടത്തിയാല്‍' അവയ്ക്കറിയില്ല അതെല്ലാം വ്യത്യസ്ത ഭാഷകളും രാഷ്ട്രീയങ്ങളും കൈയ്യാളുന്ന മേഖലകളാണെന്ന്. മനുഷ്യരുടെ കാര്യത്തില്‍ സംഭവിക്കുന്നില്ലെങ്കിലും ഇതര ജന്തുജാലങ്ങളുടെ കാര്യത്തിലെങ്കിലും ഒരു വിശാലമായ കാഴ്ചപ്പാട് ഉണ്ടാക്കേണ്ടതാണ്. റേഡിയോ കോളര്‍ ഘടിപ്പിച്ച് മൃഗങ്ങളെ ഫുട്‌ബോള്‍ പോലെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്ന ഈ രാഷ്ട്രീയ കോമാളിക്കളി ഇനിയും എത്രകാലം? ഒരാളുടെ പറമ്പില്‍ നിന്നും പിടികൂടുന്ന പെരുമ്പാമ്പിനേയും രാജവെമ്പാലയേയും 50 മീറ്റര്‍ അപ്പുറത്തു കൊണ്ടുപോയി തുറന്നു വിടുന്നത് ഏതു യുക്തിയുടെയും ദയാവായ്പിന്റെയും അടയാളമാണ്?


-റഹ്മാന്‍ മുട്ടത്തൊടി

Related Articles
Next Story
Share it