'കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍ ഞങ്ങള്‍, കേരള സര്‍ക്കാര്‍ വ്യവസായ സംരംഭങ്ങളുമായി ഏറ്റവും നന്നായി സഹകരിക്കുന്നവര്‍'; കിറ്റക്‌സിന്റെ 3500 കോടിയുടെ പദ്ധതി വിവാദം കൊഴുക്കുന്നതിനിടെ ട്വീറ്റുമായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്‍

കൊച്ചി: കേരളം വ്യവസായ സൗഹൃദമല്ലെന്ന ചര്‍ച്ചകളും വിവാദങ്ങളും നിലനില്‍ക്കുന്നതിനിടെ കേരള സര്‍ക്കാരിനെ അനുകൂലിച്ച് ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് വര്‍ധന്‍ ഗോയെങ്ക. കേരള സര്‍ക്കാര്‍ വ്യവസായ സംരംഭങ്ങളുമായി ഏറ്റവും നന്നായി സഹകരിക്കുന്നവരാണെന്ന് ഗോയങ്കെ ട്വീറ്റ് ചെയ്തു. കേരളസര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്നും കിറ്റക്‌സിന്റെ 3500 കോടിയുടെ പദ്ധതി ഉപേക്ഷിക്കുകയാണെന്നുമുള്ള കിറ്റക്‌സ് ഗ്രൂപ്പിന്റെ അറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനം രൂക്ഷമായ സാഹചര്യത്തിലാണ് ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്റെ ട്വീറ്റ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ള വ്യവസായിയാണ് ഹര്‍ഷ് ഗോയെങ്ക. സാമ്പത്തിക […]

കൊച്ചി: കേരളം വ്യവസായ സൗഹൃദമല്ലെന്ന ചര്‍ച്ചകളും വിവാദങ്ങളും നിലനില്‍ക്കുന്നതിനിടെ കേരള സര്‍ക്കാരിനെ അനുകൂലിച്ച് ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് വര്‍ധന്‍ ഗോയെങ്ക. കേരള സര്‍ക്കാര്‍ വ്യവസായ സംരംഭങ്ങളുമായി ഏറ്റവും നന്നായി സഹകരിക്കുന്നവരാണെന്ന് ഗോയങ്കെ ട്വീറ്റ് ചെയ്തു. കേരളസര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്നും കിറ്റക്‌സിന്റെ 3500 കോടിയുടെ പദ്ധതി ഉപേക്ഷിക്കുകയാണെന്നുമുള്ള കിറ്റക്‌സ് ഗ്രൂപ്പിന്റെ അറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനം രൂക്ഷമായ സാഹചര്യത്തിലാണ് ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്റെ ട്വീറ്റ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ള വ്യവസായിയാണ് ഹര്‍ഷ് ഗോയെങ്ക.

സാമ്പത്തിക വിദഗ്ധ ഷാമിക രവിയുടെ ട്വീറ്റിന് മറുപടിയായാണ് ഗോയെങ്കയുടെ ട്വീറ്റ്. കിഴക്കമ്പലത്തെ കിറ്റക്‌സ് ഗ്രൂപ്പ് കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കാന്‍ പോകുന്നുവെന്നും അതിന് കാരണം സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പീഡനം മൂലമാണെന്നും ആരോപിച്ചുകൊണ്ടുള്ള സ്വരാജ്യ മാഗസിനിന്റെ ലേഖനം ഷാമിക റീ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ഗോയെങ്ക ഇക്കാര്യം വ്യക്തമാക്കിയത്.

'ഞങ്ങളാണ് കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍. കേരള സര്‍ക്കാര്‍ അത്യധികം പിന്തുണ നല്‍കുന്നവരായിട്ടാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുള്ളത്,' - ഹര്‍ഷ് ഗോയെങ്ക ട്വീറ്റില്‍ കുറിച്ചു.

അനാവശ്യ പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ചാണ് കേരള സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നതായും 3500 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നതായും സാബു ജേക്കബ് അറിയിച്ചത്. അതേസമയം വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റക്‌സില് നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. കിറ്റക്‌സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോള്‍ തന്നെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കിയിരുന്നു. നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles
Next Story
Share it