കോഴിക്കോട്: വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതില്‍ പള്ളികളില്‍ പ്രതിഷേധിക്കണമെന്ന മുസ്ലിംലീഗ് നിലപാട് തള്ളി സമസ്ത. മുഖ്യമന്ത്രി ചര്‍ച്ചക്ക് സന്നദ്ധത കാണിച്ചിട്ടുണ്ടെന്നും പള്ളികളില്‍ പ്രതിഷേധം കുഴപ്പത്തിന് വഴിവെക്കുമെന്നും സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തക്കോയ തങ്ങള്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ ഉചിതമായ രീതിയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വഖഫ് പവിത്രമായ മുതല്‍ ആണ്. അത് ഉള്‍ക്കൊണ്ടാവണം പ്രവര്‍ത്തിക്കേണ്ടത്. ആശങ്കകള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കും. പരിഹാരമായില്ലെങ്കില്‍ മാത്രം പ്രതിഷധം മതി എന്നാണ് തീരുമാനം. ഈ വിഷയം മുഖ്യമന്ത്രി താനുമായി സംസാരിച്ചു. ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചക്ക് ശേഷവും പരിഹാരം ആയില്ല എങ്കില്‍ പ്രതിഷേധിക്കേണ്ടിവരും. അപ്പോള്‍ പ്രതിഷേധം തീരുമാനിക്കും. അതിന് സമസ്ത മുന്നില്‍ ഉണ്ടാകും’-ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
വഖഫ് നിയമനത്തില്‍ പള്ളിയില്‍ നിന്ന് പ്രതിഷേധിക്കാന്‍ സാധിക്കില്ല. പള്ളിയില്‍ പ്രതിഷേധം ആകരുത്. അത് അപകടം ചെയ്യും. പള്ളി ആദരിക്കപ്പെടേണ്ട ഇടമാണ്. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങള്‍ പാടില്ല. പ്രകോപനപരമായ കാര്യങ്ങള്‍ അവിടെ നിന്ന് ഉണ്ടാകരുത്. കൂട്ടായി എടുത്ത തീരുമാനം ആകാം എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പരസ്പരം ഉള്ള പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ കുഴപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പലരും കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുന്നു. അതിന്റെ ഉത്തരവാദിത്തം സമസ്തക്കാവും-ജിഫ്രി തങ്ങള്‍ പറഞ്ഞു.