വേണം,നീലേശ്വരത്തിനൊരു സാംസ്ക്കാരിക കേന്ദ്രം
ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രമുഖ സാഹിത്യകാരന് ഡോ.അംബികാസുതന്‍ മാങ്ങാട് സാംസ്ക്കാരിക നഗരമായ നീലേശ്വരത്തിന് കിഴക്ക് മലയോര പ്രദേശമായ കൊന്നക്കാട് താമസിക്കുന്ന 82 വയസ്സായ തേറ് എന്ന് പേരുള്ള രോഗശയ്യയില്‍ കിടക്കുന്ന വയോധികനായ തെയ്യം കലാകാരനെ സന്ദര്‍ശിച്ചത്. അന്യം വന്ന് കൊണ്ടിരിക്കുന്ന തെയ്യം കലയുടെ ആശാനാണ് തേറ്. ജീവിതം മുഴുവനും വിവിധ ഭാവങ്ങളില്‍ വിശ്വാസി സമൂഹങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഉറഞ്ഞാടിയ ഈ കലാകാരന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. അദ്ദേഹത്തിനായുള്ള സഹായ ഹസ്തവുമായാണ് ഡോ. അംബികാസുതന്‍ തേറിനെ തേടി മലകയറിയത്. തേറിനെ […]
ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രമുഖ സാഹിത്യകാരന് ഡോ.അംബികാസുതന്‍ മാങ്ങാട് സാംസ്ക്കാരിക നഗരമായ നീലേശ്വരത്തിന് കിഴക്ക് മലയോര പ്രദേശമായ കൊന്നക്കാട് താമസിക്കുന്ന 82 വയസ്സായ തേറ് എന്ന് പേരുള്ള രോഗശയ്യയില്‍ കിടക്കുന്ന വയോധികനായ തെയ്യം കലാകാരനെ സന്ദര്‍ശിച്ചത്. അന്യം വന്ന് കൊണ്ടിരിക്കുന്ന തെയ്യം കലയുടെ ആശാനാണ് തേറ്. ജീവിതം മുഴുവനും വിവിധ ഭാവങ്ങളില്‍ വിശ്വാസി സമൂഹങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഉറഞ്ഞാടിയ ഈ കലാകാരന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. അദ്ദേഹത്തിനായുള്ള സഹായ ഹസ്തവുമായാണ് ഡോ. അംബികാസുതന്‍ തേറിനെ തേടി മലകയറിയത്. തേറിനെ […]
ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രമുഖ സാഹിത്യകാരന് ഡോ.അംബികാസുതന്‍ മാങ്ങാട് സാംസ്ക്കാരിക നഗരമായ നീലേശ്വരത്തിന് കിഴക്ക് മലയോര പ്രദേശമായ കൊന്നക്കാട് താമസിക്കുന്ന 82 വയസ്സായ തേറ് എന്ന് പേരുള്ള രോഗശയ്യയില്‍ കിടക്കുന്ന വയോധികനായ തെയ്യം കലാകാരനെ സന്ദര്‍ശിച്ചത്. അന്യം വന്ന് കൊണ്ടിരിക്കുന്ന തെയ്യം കലയുടെ ആശാനാണ് തേറ്. ജീവിതം മുഴുവനും വിവിധ ഭാവങ്ങളില്‍ വിശ്വാസി സമൂഹങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഉറഞ്ഞാടിയ ഈ കലാകാരന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. അദ്ദേഹത്തിനായുള്ള സഹായ ഹസ്തവുമായാണ് ഡോ. അംബികാസുതന്‍ തേറിനെ തേടി മലകയറിയത്.
തേറിനെ പോലെ വിവിധ കലാ സാംസ്ക്കാരിക മണ്ഡലങ്ങളില്‍ ശോഭിച്ച് ജീവിതാവസാനം വരെ കഷ്ടതയില്‍ കഴിയുന്ന ഒട്ടേറെ കലാകാരന്മാര് വസിക്കുന്ന ഭൂമിയാണ് നീലേശ്വരം പ്രദേശം. ഇവിടെയുള്ള പുരാതന ക്ഷേത്രങ്ങളില്‍ ക്ഷേത്രപാലന്, വൈരജാതന്, മന്ദംപുറത്ത് ഭഗവതി, ആര്യക്കര ഭഗവതി, മുച്ചിലോട്ട് ഭഗവതി, മൂവാളംകുഴി ചാമുണ്ഡി, കേണമംഗലത്ത് ഭഗവതി, പാലോട്ട് ദൈവം, വിഷ്ണുമൂര്‍ത്തി, പുതിയ ഭഗവതി, പുലിയുര്‍ കണ്ണന്, പുലിയുര്‍ കാളി, ചാമുണ്ഡി, രക്ത ചാമുണ്ഡി, പൊട്ടന് ദൈവം, ഗുളികന്, കാലിച്ചാന്‍, മുത്തപ്പന്, തിരുവപ്പന, പാലന്തായി കണ്ണന്, മാപ്പിള തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടാറുണ്ട്. തെയ്യം നീലേശ്വരത്തിന്റെ പൈതൃക കലയാണ്.
നീലേശ്വരം പള്ളിക്കരയിലെ ജന്മിയായിരുന്ന കുറുവാടന്‍ നായനാരുടെ കാലിച്ചെറുക്കനും ഈഴവനുമായ കണ്ണന് തെയ്യക്കോലമായി മാറിയ കഥ നീലേശ്വരം പ്രദേശത്തെ ഈഴവ സമൂഹ ചരിത്രവുമായി ആഴത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നു. ഹിന്ദു മുസ്ലിം സാഹോദര്യ ബന്ധം വിളിച്ചോതുന്ന മാപ്പിള തെയ്യങ്ങളും ഇവിടെ കാലങ്ങളായി തുടരുന്ന ഉദാത്ത അനുഷ്ഠാനമാണ്. കാവുകളും തറവാടുകളും താനങ്ങളും, പള്ളിയറകളും കോട്ടങ്ങളും വിവിധ ഗോത്രാരാധനകളും തെയ്യത്തട്ടകങ്ങളുമുള്ള ഉത്തര മലബാറിലെ തന്നെ ഏറ്റവും പൗരാണിക സാംസ്ക്കാരിക കേന്ദ്രമാണിത്. അതിനാല്‍ നീലേശ്വരത്തെ തെയ്യങ്ങളുടെ നാടെന്നും അറിയപ്പെടുന്നു.
നീലേശ്വരം ചരിത്രം ഇന്നലെകളില്‍
നീലേശ്വരത്തിന്റെ സാംസ്കാരിക ചരിത്രം ക്രിസ്താബ്ദം എട്ടാം നൂറ്റാണ്ട് മുതല്‍ തന്നെ ആരംഭിച്ചതായി കാണാം. ഈ കാലയളവില്‍ നീലേശ്വരവും പരിസരപ്രദേശങ്ങളും രണ്ടാം ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. നീല മഹര്‍ഷി തപസ്സിരുന്ന സ്ഥലമായിരുന്നതിനാലാണ് നീലേശ്വരം എന്ന പേരില്‍ അറിയപ്പെട്ടതെന്ന് ഐതിഹ്യമുണ്ട്. നീലേശ്വരത്തിന്റെ സാംസ്കാരിക ചരിത്രം നീലേശ്വരം രാജവംശത്തിന്റെ സാംസ്കാരിക പൈതൃകവുമായി ഇടകലര്‍ന്നു നില്ക്കുന്നു. കോലത്തിരി രാജവംശത്തിന്റെയും സാമൂതിരി രാജവംശത്തിന്റെയും കുടുംബബന്ധസങ്കലനമാണ് നീലേശ്വരം രാജവംശം. വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ കര്‍ണ്ണാടകത്തില്‍ ഇക്കേരി നായ്ക്കന്മാര് പ്രബല രാഷ്ട്രീയ ശക്തികളായി മാറി. അവര്‍ തുടര്‍ച്ചയായി നീലേശ്വരം ആക്രമിച്ചപ്പോള്‍ ഇക്കേരി ഭരണാധികാരിയായിരുന്ന ശിവപ്പനായ്ക്കിന് കപ്പം കൊടുക്കുവാന്‍ നീലേശ്വരം രാജാവ് നിര്‍ബന്ധിതനായി. ശിവപ്പനായ്ക്കിനുശേഷം അധികാരമേറ്റെടുത്ത സോമശേഖര നായ്ക്ക് 1735-ഓടെ നീലേശ്വരം പൂര്‍ണ്ണമായും കീഴടക്കി. ഇതിഹാസ തുല്യമായ ഈ വിജയത്തിന്റെ സ്മരണയ്ക്കായി ഇക്കേരി രാജാവ് ഒരു വിജയസ്തംഭം ഇവിടെ സ്ഥാപിക്കുകയുണ്ടായി. മൈസൂര്‍ പ്രദേശത്ത് ഹൈദരാലിയുടെ സര്‍വ്വാധിപത്യം വന്നതോടെ നീലേശ്വരം പ്രദേശവും മൈസൂര്‍ സുല്‍ത്താനായ ഹൈദരാലിയുടേയും പിന്നീട് ടിപ്പു സുല്‍ത്താന്റെയും അധീനതയിലായി. ശ്രീരംഗപട്ടണ ഉടമ്പടി പ്രകാരം കവ്വായിപ്പുഴ വരെയുള്ള മലബാര്‍ പ്രദേശം ടിപ്പു സുല്‍ത്താന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് 1792-ല്‍ വിട്ടുകൊടുത്തുവെങ്കിലും 1799-ല്‍ ടിപ്പു സുല്‍ത്താന്റെ വീരമൃത്യുവിനുശേഷമാണ് നീലേശ്വരവും മറ്റു പ്രദേശങ്ങളും ഇംഗ്ലീഷുകാരുടെ അധീനതയില്‍ വന്നു ചേര്‍ന്നത്.
ദേശീയ പ്രസ്ഥാനവും നീലേശ്വരവും
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഉത്തരമലബാറിലെ സിരാ കേന്ദ്രം കൂടിയായിരുന്നു നീലേശ്വരം. 1927 ഒക്ടോബര്‍ 28-ന് മംഗലാപുരത്തേക്കുള്ള യാത്രാമദ്ധ്യേ മഹാത്മാഗാന്ധിക്ക് നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ വെച്ച് രാജാസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നാട്ടുകാരും നല്കിയ സ്വീകരണം ദേശീയ പ്രസ്ഥാനത്തോടുളള നീലേശ്വരം ബന്ധം വെളിവാക്കുന്നതാണ്. സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് മഹാത്മജി തീവണ്ടിയില്‍ വെച്ച് സ്വന്തം കൈപ്പടയില്‍ എഴുതി കൈമാറിയ ആശംസാപത്രം നീലേശ്വരത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുവര്‍ണ്ണരേഖയായി രാജസ് ഹൈസ്ക്കൂളില്‍ സൂക്ഷിച്ചിട്ടുണ്ട്.
1940ല്‍ നീലേശ്വരം പാലായില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായ വിളവെടുപ്പ് സമരത്തില്‍ മുഴങ്ങിക്കേട്ട 'വിത്തിട്ടവര്‍ വിളയെടുക്കണം' എന്ന മുദ്രാവാക്യമാണ് കയ്യൂര്‍ സമര ഗാഥയിലേക്ക് വഴിതെളിച്ചത്. ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ കയ്യൂര്‍, പാലായി, വിഷ്ണുമംഗലം, കരിന്തളം, രാവണീശ്വരം, പുല്ലൂര്‍ മടിക്കൈ തുടങ്ങിയ സ്ഥങ്ങളില്‍ നടന്ന കര്‍ഷക പോരാട്ടങ്ങള്‍ കേരള ചരിത്രത്തില്‍ കയ്യൂര്‍ സമരം എന്ന പേരില്‍ അണയാത്ത തീപന്തമായി ഇപ്പോഴും ജ്വലിച്ചു കൊണ്ടിരിക്കയാണ്. ദക്ഷിണ കാനറ ജില്ലയുടെ ഭാഗമായ കാസര്‍കോടിനെ മലബാറിന്റെ ഭാഗമാക്കാനും ,ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാന രൂപീകരണ വിളംബര സന്ദേശം ഉയര്‍ന്നതും നീലേശ്വരത്തിന്റെ മണ്ണില്‍ നിന്നുമായിരുന്നു. 1949 ഏപ്രില്‍ 23, 24, 25 തിയതികളില്‍ നീലേശ്വരം രാജാസ് ഹൈസ്ക്കൂളില്‍ നടന്ന കേരള സാഹിത്യ പരിഷത്ത് സമ്മേളന വേദിയില്‍ മഹാകവി വള്ളത്തോളായിരുന്നു അധ്യക്ഷത വഹിച്ചത്. 'വിടതരികമ്മേ, കന്നഡ ദാത്രി കേരള ജനനി വിളിക്കുന്നു' എന്ന വിടവാങ്ങല്‍ കവിത ചൊല്ലിക്കൊണ്ട് മഹാകവി ടി.ഉബൈദ് ഐക്യ കേരളത്തിന്റെ സന്ദേശം സദസ്സിനെ ഉല്‍ബോധിപ്പിച്ചു. ജാതിമത രാഷ്ട്രീയ ഭേദമെന്യേ അക്ഷരസ്നേഹികള്‍ ഒത്തുകൂടിയ ഈ സമ്മേളനത്തെ അഭിസംബോധനം ചെയ്ത് കൊണ്ട് വള്ളത്തോള്‍ നീലേശ്വരത്തെ ധവളേശ്വരം എന്നായിരുന്നു വിശേഷിപ്പിച്ചത്. കേരള സംസ്ഥാന രൂപീകരണ ആശയമുയര്‍ത്തി ഇ.എം.എസ് എഴുതിയ 'ഒന്നേകാല്‍ കോടി മലയാളികള്‍, 'കേരളം മലയാളികളുടെ മാതൃഭൂമി'എന്നീ ഗ്രന്ഥങ്ങള്‍ ചര്‍ച്ചചെയ്ത ആദ്യ സാഹിത്യ വേദികൂടിയായിരുന്നു ഈ സമ്മേളനം. മഹാകവി പി.കുഞ്ഞിരാമന് നായര്‍, ആറ്റൂര്‍ കൃഷ്ണ പിഷാരടി, വടക്കുംകൂര്‍ രാജരാജ വര്‍മ, ഓട്ടൂര്‍ ഉണ്ണി നമ്പൂതിരി, ചിറക്കല്‍ ടി. ബാലകൃഷ്ണന് നായര്‍, ടി.എസ് തിരുമുമ്പ്, തുടങ്ങിയ പ്രഗത്ഭര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. സ്വതന്ത്ര ഭാരത ചിന്തകളും കര്‍ഷക സമരങ്ങളും കലാ സാഹിത്യ വിദ്യാഭ്യാസ മുന്നേറ്റങ്ങളും കാലങ്ങളായി ആഴത്തില്‍ വേരിറങ്ങിയ മണ്ണാണ് നീലേശ്വരം. സ്വാതന്ത്ര്യ സമര സേനാനിയും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ എന്‍.കെ. ബാലകൃഷ്ണന്റെ ജന്മനാട് കൂടിയാണിത്. ഒരു പുരുഷായുസ്സ് മുഴുവന്‍ കേരള രാഷ്ട്രീയത്തിലും നീലേശ്വരത്തിന്റെ അടിസ്ഥാന വികസനങ്ങള്‍ നടപ്പാക്കുന്നതിലും അദ്ദേഹം നല്കിയ സേവനം നിസ്തൂലമാണ്. എ.കെ.ജി, ഇ.എം.എസ് നായനാര്‍, കെ.കരുണാകരന്, എ.കെ. ആന്റണി തുടങ്ങി ചെറുതും വലുതുമായ ഇടത് വലത് രാഷ്ട്രീയ നേതാക്കന്മാരുടെ ഉത്തര കേരളത്തിലെ രാഷ്ട്രീയ ആസ്ഥാനമായിരുന്നു ഗതകാല നീലേശ്വരം. മഹാ കവികളായ കുട്ടമത്ത്, പി.കുഞ്ഞിരാമന് നായര്‍, ടി. ഉബൈദ്, ഗോവിന്ദ പൈ, ശില്പി കാനായി കുഞ്ഞിരാമന്, സി.പി. ശ്രീധരന് തുടങ്ങിയ അതികായരുടെ കലാ സാഹിത്യ തട്ടകം കൂടിയായിരുന്നു ഇന്നലെകളിലെ നീലേശ്വരം.
ആധുനിക നീലേശ്വരം
1984 മെയ് 24 നാണ് കാസര്‍കോട് ജില്ല നിലവില്‍ വന്നത്. ഒരു പിന്നോക്ക പ്രദേശത്തിന്റെ സമഗ്രമായ വളര്‍ച്ചക്കും വികസനത്തിനു വേണ്ടിയുളള ജനകീയ മുന്നേറ്റത്തിന്റെ സാക്ഷാത്കാരമായിരുന്നു ഹോസ്ദുര്‍ഗ്ഗ് എന്നീ താലൂക്കുകള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച കാസര്‍കോട് ജില്ല. 2013 മെയ് 28 ന് കാസര്‍കോട് താലൂക്കിനെ വിഭജിച്ച് കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളും ഹൊസ്ദുര്‍ഗ്ഗ് താലൂക്കിനെ വിഭജിച്ച് ഹോസ്ദുര്‍ഗ്ഗ്, വെളളരിക്കുണ്ട് താലൂക്കുകളും നിലവില്‍ വന്നു. എന്നാല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീലേശ്വരം താലൂക്ക് സ്വപ്നം ഇവിടെ മാറ്റിമറിക്കപ്പെട്ടു. ഇതിലൂടെ നീലേശ്വരത്തിന്റെ അടിസ്ഥാന വികസനമാണ് കരിഞ്ഞുണങ്ങിയത്.
കാസര്‍കോട് ജില്ലക്കൊപ്പം പിറവി കൊണ്ട പത്തനംതിട്ട ജില്ലയിലാകട്ടെ ജനസാന്ദ്രതയില്‍ കാസര്കോടിനേക്കാളും പിറകിലായിട്ട് പോലും ആറ് താലൂക്കുകളാണ് അനുവദിച്ചത്. ഇതൊരു വടക്കന്‍ അവഗണനയായി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇത് മൂലം നീലേശ്വരത്തിന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന വികസനങ്ങള്‍ ഏറെ വലുതാണ്. നീലേശ്വരം മുനിസിപ്പാലിറ്റി 01.11.2010 നാണ് നിലവില്‍ വന്നത്. പഞ്ചായത്തായിരുന്നപ്പോഴും അതിന് ശേഷം പത്ത് വര്‍ഷക്കാലം മുനിസിപ്പല്‍ ഭരണം നടന്നിട്ടും നീലേശ്വരത്തുണ്ടാക്കിയ വികസനപ്പട്ടികയില്‍ ഇന്നും ഇടം തേടാതെ കിടക്കുന്ന ഒന്നാണ് നീലേശ്വരത്തോരു സാംസ്ക്കാരിക കേന്ദ്രം.
ഇന്ത്യന്‍ പാര്‍ലിമെന്റിലെ ആദ്യ പ്രതിപക്ഷ നേതാവായ എ.കെ.ജി യെ തിരഞ്ഞെടുത്തയച്ച ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് നീലേശ്വരം. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായ ഇ.എം.എസിനെ തിരഞ്ഞെടുത്തയച്ച നിയോജക മണ്ഡലവും കൂടിയാണിത്. അതെല്ലാം ഇപ്പോള്‍ പഴങ്കഥകളായിരിക്കയാണ്. ഇതിഹാസതുല്യമായ ചരിത്രങ്ങളുറങ്ങുന്ന ഈ പൈതൃക നഗരം വികസനത്തില്‍ മറ്റിതര നഗരങ്ങളെ അപേക്ഷിച്ച് ഏറെ പിന്നോക്കം നില്ക്കുന്നു വെന്നത് ഖേദകരമാണ്. ഉത്തര മലബാറിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നീലേശ്വരം രാജാസ് ഹൈസ്ക്കൂളും കോട്ടപ്പുറം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളും. 1918ലാണ് നീലേശ്വരം രാജാസ് ഹൈസ്ക്കൂള് പിറവി കൊണ്ടത്. കോട്ടപ്പുറം സ്ക്കൂള് 1886 ലും. അക്കാലം തൊട്ട് തന്നെ മലയാളം, കന്നട ഭാഷകളില്‍ കലാ രംഗത്ത് പിറകൊണ്ട ഒട്ടുമിക്ക നാടകങ്ങളും കലാ സാംസ്കാരിക പരിപാടികളും സാഹിത്യ ചര്‍ച്ചകളും സെമിനാറുകളുമെല്ലാം രാജാസ് അങ്കണങ്ങളില്‍ അരങ്ങേറിയിരുന്നു. നാടകപ്രസ്ഥാനത്തിന്റെയും സാഹിത്യ പ്രവര്‍ത്തനത്തിന്റെയും ഒരു വടക്കന്‍ ഈറ്റില്ലമായിരുന്നു നീലേശ്വരം. ലോക പരിസ്ഥിതി ഭൂപടത്തില്‍ സ്ഥാനം പിടിച്ച കരീം ഫോറസ്റ്റിന്റെ ഉപജ്ഞാതാവ് പി. അബ്ദുല്‍ കരീം, പ്രസിദ്ധ സിനിമാ നടികളായ കാവ്യാ മാധവന്, സനൂഷ, കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നാടക കലാകാരന് രാജ്മോഹന്‍, കേരള സംഗീതനാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും മികച്ച നടനുള്ള പുരസ്കാരവും ലഭിച്ച ശ്രീധരന് നീലേശ്വരം, ആര്‍ട്ടിസ്റ്റ് ദാമോദരന്‍ മാസ്റ്റര്‍, ഇന്ത്യന്‍ ബാസ്കറ്റ്ബൊള്‍ താരം ഹരീഷ് സാഹിത്യ പ്രതിഭകളായ സുബൈദ, സുറാബ്, ഇ.കെ. നീലേശ്വരം ആര്‍ട്ടിസ്റ്റ് ഏറുമ്പുറം, പ്രവാസി നാടകകൃത്ത് ബിജു, തുടങ്ങി കലാകായിക സാഹിത്യ രംഗത്ത് പ്രവര്‍ത്തിച്ചവരും, ഇപ്പോഴും സജീവമായി രംഗത്തുള്ളവരും നീലേശ്വരത്തുകാരാണ്.
ഗതകാല നീലേശ്വരത്തെ ഓരോ വാരാന്ത്യങ്ങളിലും ഉച്ഛഭാഷിണികളിലൂടെ മുഴങ്ങിക്കേട്ടിരുന്ന കലാ സാഹിത്യ സാംസ്ക്കാരിക പരിപാടികളുടെ ആരവങ്ങള്‍ നിലച്ചിട്ടിപ്പോള്‍ കാലങ്ങളായി.
കര്‍ഷകരുടെ വിളവെടുപ്പ് വിപണിയായിരുന്ന വ്യാഴാഴ്ച്ച ചന്തയും പുരാതന വാണിജ്യ കേന്ദ്രമായ നീലേശ്വരം ബസാറും ഉറങ്ങിക്കിടക്കുന്നു. ജനത കലാസമിതി, പ്രവാസി സംഘടനയായ നിറം നീലേശ്വരം തുടങ്ങിയ കലാ സംഘടനകളുടെ പരിപാടികള്‍ വര്‍ഷത്തിലൊരിക്കല്‍ തലപൊക്കുമെങ്കിലും, ശ്രുതി തുടങ്ങിയ കലാസമിതികളടങ്ങുന്ന നാടകക്കളരികളും, മറ്റു കലാസംഗീത നൃത്ത പഠന കേന്ദ്രങ്ങളും ഏതാണ്ട് വിസ്മൃതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. കുലത്തൊഴിലായി ഒരു സമൂഹം രാപ്പകല്‍ മുഴുവന്‍ അദ്ധ്വാനിച്ചിരുന്ന ഖാദി, കൈത്തറി വ്യവസായം നാമാവശേഷമായി. ഇങ്ങനെ നാം ഇന്നലെ കണ്ട നീലേശ്വരത്തിന്റെ പൈതൃക കാഴ്ച്ചകളെല്ലാം തന്നെ മറഞ്ഞു പോയി കൊണ്ടിരിക്കുകയാണ്. നീലേശ്വരത്തിന്റെ ഗതകാല പ്രതാപം തിരിച്ചെടുക്കാന്‍ കേരളത്തിന്റെ സാംസ്ക്കാരിക വകുപ്പും, നഗരസഭയും തയ്യാറാവണം. ചരിത്രമുറങ്ങുന്ന ഈ മണ്ണില്‍ ആധുനിക സൗകര്യവുമുള്ള ഒരു സാംസ്ക്കാരിക കേന്ദ്രം ഉണ്ടാവേണ്ടതുണ്ട്.
അതിലൂടെ അന്യമായിക്കൊണ്ടി രിക്കുന്ന നീലേശ്വരത്തിന്റെ തനത് കലകളെയും, കലാകാരന്മാരെയും സാഹിത്യ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരേയും വളര്‍ത്തിയെടുക്കാന്‍ കഴിയുകയുള്ളൂ. ആസന്നമായ തിരഞ്ഞെടുപ്പിലൂടെ നഗരസഭക്ക് പുതിയ ഭരണ സമിതി വരികയാണ്. അവരെങ്കിലും നീലേശ്വരത്തൊരു സാംസ്ക്കാരിക കേന്ദ്രം പണി കഴിപ്പിക്കുെമെന്ന് പ്രത്യാശിക്കാം...