പാലക്കാട്: സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വടക്കാഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പെരുമ്പടവം പൂക്കോട്ടില് വീട്ടില്‍ ജോമോന് പത്രോസ് എന്ന ജോജോ(48)യുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കൊല്ലം ചവറയില്‍ വെച്ചാണ് ചോദ്യം ചെയ്യലിന് ശേഷം ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജോജോയെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്ന്നാണ് ചവറ പൊലീസ് കാര്‍ തടഞ്ഞ് പിടികൂടിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു. 304 (എ) വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സാധ്യതയുണ്ട്. അശ്രദ്ധയും അമിത വേഗതയുമാണ് അപകട കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ജോജോയുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി ആരംഭിച്ചെന്ന് പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ അറിയിച്ചു. ഇന്ന് ഉച്ചയോടെ സ്ഥലം സന്ദര്‍ശിച്ച ശേഷം വിശദ റിപ്പോര്‍ട്ട് തയ്യാറാക്കും. ബസ് ഉടമയ്ക്ക് എതിരെയുള്ള നടപടി വിശദാന്വേഷണത്തിന് ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകട സമയത്ത് ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാന്‍ ജോജോയുടെ രക്തസാമ്പിള്‍ കാക്കനാട് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.
അതിനിടെ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പരിശോധന നടക്കുകയാണ്. പത്തനംതിട്ട റാന്നിയില്‍ നിന്ന് കുട്ടികളുമായി ടൂര്‍ പോയ ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ബസില്‍ നിയമ വിരുദ്ധമായ ലൈറ്റുകളും മ്യൂസിക് സംവിധാനവും കണ്ടെത്തി.