വി.എം കുട്ടി: വിട പറഞ്ഞത് മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍
'ഈ കുട്ടിയെ വലുതാക്കിയത് കാസര്‍കോടാണ്...' മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ പ്രശസ്ത ഗായകന്‍ വി.എം. കുട്ടി ആറേഴ് വര്‍ഷം മുമ്പ് ഉത്തരദേശത്തിലെ ദേശക്കാഴ്ചക്ക് വേണ്ടി അനുവദിച്ച അഭിമുഖത്തില്‍, തന്നെ വളര്‍ത്തി വലുതാക്കിയ കാസര്‍കോടിനെ കുറിച്ച് വാചാലനാവുന്നുണ്ട്. '1955ല്‍ കോഴിക്കോട് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ കാലം. പ്രശസ്ത കവി ടി. ഉബൈദ് മാഷ് കാസര്‍കോട് നിന്ന് വന്ന് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. ഉബൈദ് മാഷിന് അക്കാലത്ത് തന്നെ വലിയ പേരും പ്രശസ്തിയുമുണ്ട്. ബഹുമാനം കാരണം ഞങ്ങള്‍ അല്‍പ്പം അകന്ന് നില്‍ക്കുമ്പോള്‍ […]
'ഈ കുട്ടിയെ വലുതാക്കിയത് കാസര്‍കോടാണ്...' മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ പ്രശസ്ത ഗായകന്‍ വി.എം. കുട്ടി ആറേഴ് വര്‍ഷം മുമ്പ് ഉത്തരദേശത്തിലെ ദേശക്കാഴ്ചക്ക് വേണ്ടി അനുവദിച്ച അഭിമുഖത്തില്‍, തന്നെ വളര്‍ത്തി വലുതാക്കിയ കാസര്‍കോടിനെ കുറിച്ച് വാചാലനാവുന്നുണ്ട്. '1955ല്‍ കോഴിക്കോട് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ കാലം. പ്രശസ്ത കവി ടി. ഉബൈദ് മാഷ് കാസര്‍കോട് നിന്ന് വന്ന് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. ഉബൈദ് മാഷിന് അക്കാലത്ത് തന്നെ വലിയ പേരും പ്രശസ്തിയുമുണ്ട്. ബഹുമാനം കാരണം ഞങ്ങള്‍ അല്‍പ്പം അകന്ന് നില്‍ക്കുമ്പോള്‍ […]
'ഈ കുട്ടിയെ വലുതാക്കിയത് കാസര്‍കോടാണ്...' മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ പ്രശസ്ത ഗായകന്‍ വി.എം. കുട്ടി ആറേഴ് വര്‍ഷം മുമ്പ് ഉത്തരദേശത്തിലെ ദേശക്കാഴ്ചക്ക് വേണ്ടി അനുവദിച്ച അഭിമുഖത്തില്‍, തന്നെ വളര്‍ത്തി വലുതാക്കിയ കാസര്‍കോടിനെ കുറിച്ച് വാചാലനാവുന്നുണ്ട്.
'1955ല്‍ കോഴിക്കോട് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ കാലം. പ്രശസ്ത കവി ടി. ഉബൈദ് മാഷ് കാസര്‍കോട് നിന്ന് വന്ന് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. ഉബൈദ് മാഷിന് അക്കാലത്ത് തന്നെ വലിയ പേരും പ്രശസ്തിയുമുണ്ട്. ബഹുമാനം കാരണം ഞങ്ങള്‍ അല്‍പ്പം അകന്ന് നില്‍ക്കുമ്പോള്‍ ഉബൈദ് മാഷ് അരികിലേക്ക് അടുപ്പിക്കും. ഞാന്‍ മാഷിന്റെ പാട്ടുകളും കവിതകളും എടുത്തു വായിക്കും. അന്ന് മോയിന്‍കുട്ടി വൈദ്യരുടെ അപ്രകാശിതമായ കുറേ പാട്ടുകള്‍ എനിക്ക് മനപാഠമായിരുന്നു. ഉബൈദ്മാഷ് അവ എന്നോട് പാടാന്‍ പറയും. മാഷിന്റെ അഭിനന്ദനം കിട്ടാന്‍ വേണ്ടി മാത്രം വളരെ ശ്രദ്ധിച്ച്, സൂക്ഷിച്ച് ഞാന്‍ അവ പാടും. ഒടുവില്‍ ആ പാട്ടുകളൊക്കെ എഴുതിത്തരാന്‍ ഉബൈദ് മാഷ് ആവശ്യപ്പെട്ടുതുടങ്ങി. ഞാന്‍ അത് എഴുതിക്കൊടുത്തു. വല്ലാത്തൊരു അഭിമാനമായിരുന്നു അക്കാലത്ത് എനിക്ക്. ഇടയ്‌ക്കൊക്കെ കവിത എന്ന പേരില്‍ ഞാന്‍ എന്തൊക്കെയോ കുത്തിക്കുറിച്ച് ഉബൈദ് മാഷിന് കൊടുക്കുമായിരുന്നു. അടുത്ത തവണ ആകാശവാണിയില്‍ പരിപാടി അവതരിപ്പിക്കാന്‍ വരുമ്പോള്‍ മാഷ് ആ കവിത തിരുത്തി ശരിയാക്കി കൊണ്ടുവരും. നന്നായിട്ടുണ്ടെങ്കില്‍ മാഷ് ആത്മാര്‍ത്ഥമായി അഭിനന്ദിക്കുമായിരുന്നു. തെറ്റുകള്‍ ഉണ്ടെങ്കില്‍ അവ ചൂണ്ടിക്കാട്ടി തിരുത്താന്‍ പറയും...'- സുറുമയിട്ട കണ്ണുകളിലൂടെ കഴിഞ്ഞ കാലത്തിന്റെ മധുരിമയിലേക്ക് നോക്കി വി.എം. കുട്ടി പറഞ്ഞ വാക്കുകള്‍...
'ഉബൈദ് മാഷിലൂടെയാണ് ഞാന്‍ കാസര്‍കോടിനെ കുറിച്ച് കൂടുതല്‍ അറിയുന്നത്. നാട്ടില്‍ വിവാഹ ചടങ്ങുകളിലും മറ്റും മാപ്പിളപ്പാട്ടുപാടി കഴിയുകയായിരുന്ന എനിക്ക് കാസര്‍കോട്ടും ചില വേദികള്‍ കിട്ടിത്തുടങ്ങി. എന്റെ ജീവിതത്തിലെ ആദ്യകാലത്തെ ഏറ്റവും നല്ല വേദികളില്‍ ഒന്ന് തളങ്കരയിലെ മുസ്ലിം ഹൈസ്‌കൂളില്‍ കെ.എസ്. അബ്ദുല്ലയും കെ.എം. അഹ്‌മദ് മാഷും അടക്കമുള്ളവര്‍ ഒരുക്കിയ വേദിയായിരുന്നു. അതെന്റെ ജീവിതത്തിന്റെ വളര്‍ച്ചയുടെ തുടക്കമായിരുന്നു. തളങ്കരയില്‍ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനങ്ങളില്‍ പാടാന്‍ വിളിച്ചതും പാട്ട് വേദികളില്‍ വെറുമൊരു 'കുട്ടി'’മാത്രമായ എന്നെ പാടാന്‍ അനുവദിച്ചതും എനിക്ക് മറക്കാന്‍ ആവില്ല. വലിയ സാഹിത്യകാരന്മാരുടെ സാന്നിധ്യത്തില്‍ ഞാന്‍ അന്ന് പാടി. വലിയ ജനക്കൂട്ടം. നിറഞ്ഞ കയ്യടി. ആ കയ്യടികളായിരുന്നു എന്റെ ജീവിതത്തിലെ മുന്നേറ്റത്തിന്റെ ശക്തി. എന്നിലെ പ്രതിഭയെ പുറത്തെടുക്കാന്‍ എനിക്ക് അവസരം തന്നത് കാസര്‍കോടാണ്. എന്നിലെ പാട്ടുകാരന്‍ വളര്‍ന്നതും മാപ്പിളപ്പാട്ടിനെ ഹൃദയത്തിലേറ്റി സ്‌നേഹിക്കുന്ന ഈ മണ്ണില്‍ വെച്ചുതന്നെ...'-വന്ന വഴിയിലെ പൂക്കളെടുത്തു മണത്ത് വി.എം. കുട്ടി പറഞ്ഞു.
'തളങ്കരയില്‍ പാടിയതോടെ കാസര്‍കോടിന്റെ പല ഭാഗത്തു നിന്നും എന്നെ വിളിക്കാന്‍ തുടങ്ങി. കാഞ്ഞങ്ങാട്ടും ചെറുവത്തൂരും മൊഗ്രാലിലുമൊക്കെ പോയി ഞാന്‍ പാടി. കാസര്‍കോട്ടുകാര്‍ എന്നെ മുംബൈയിലും മറ്റും കൊണ്ടുപോയി പാടിപ്പിച്ചു. ഞാന്‍ ആദ്യമായി മുംബൈ കാണുന്നതുപോലും കാസര്‍കോട്ടുകാരുടെ സഹായത്താലാണ്. അതുകൊണ്ടൊന്നും തീര്‍ന്നില്ല കാസര്‍കോട്ടുകാരുടെ സ്‌നേഹവും സംഭാവനയും. 1970 കളുടെ മധ്യത്തില്‍. വിളയില്‍ വത്സലയെന്ന കൊച്ചുഗായിക ഉദയം കൊണ്ട കാലം. കോഴിക്കോട് ആകാശവാണിയില്‍ ബാലലോകം എന്ന പേരില്‍ ഞാന്‍ കുട്ടികളുടെ പരിപാടി അവതരിപ്പിക്കുന്നു. വാരിക്കുഴിയില്‍ അഹ്‌മദ് കുട്ടി എന്ന സുഹൃത്താണ് വത്സലയെ ആകാശവാണിയില്‍ പരിപാടിക്ക് വേണ്ടി കൊണ്ടുവന്നത്. കെ.എന്‍.എ. ഖാദര്‍ അന്ന് വിദ്യാര്‍ത്ഥിയാണ്. പരിപാടിക്ക് എത്തിയവരുടെ കൂട്ടത്തില്‍ ഖാദറുമുണ്ട്. വത്സലയുടെ പാട്ടുമികവ് തിരിച്ചറിഞ്ഞ ഞാന്‍ വത്സലയെയും കൊണ്ട് ആദ്യമായി കാസര്‍കോട്ട് വന്നു. കെ.എം. അഹ്‌മദ് മാഷിനോട് വിവരം പറഞ്ഞു. അദ്ദേഹം കെ.എസ്. അബ്ദുല്ലയോട് കൂടിയാലോചിച്ച് ഞങ്ങള്‍ക്ക് നല്ലൊരു വേദിയൊരുക്കി. ആദ്യം കര്‍ട്ടണ് പിന്നില്‍ നിന്നാണ് വത്സല പാടിയത്. അത് കെ.എസിന്റെ നിര്‍ദ്ദേശം ആയിരുന്നു. നിറഞ്ഞ സദസിനെ കണ്ട് വത്സലക്ക് സഭാകമ്പം തോന്നേണ്ട എന്ന് കരുതിയാണ്. ഒരു പെണ്‍കുട്ടി അറബി ഗാനം പാടുന്നുവെന്ന് മാത്രമായിരുന്നു അറിയിപ്പ്. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
'ആമിന്‍ത്തുസക്കുറുജീ...'
അക്ഷരസ്ഫുടതയോടെ അതിമനോഹരമായി പാവാടക്കാരി പെണ്‍കുട്ടി ആ പാട്ടു പാടിയപ്പോള്‍ പെരുമഴപോലെ കയ്യടി. സദസ് ഒന്നടങ്കം എണീറ്റ് നിന്നു. കെ.എസ്. അബ്ദുല്ല മുന്‍നിരയില്‍ നിന്ന് എണീറ്റ് സ്റ്റേജിന് പിന്നിലേക്ക് ഓടി വന്ന് വത്സലയെ അഭിനന്ദനം കൊണ്ട്മൂടി.
'വണ്‍സ്‌മോര്‍...'
ഒരുവട്ടം കൂടി ആ പാട്ട് പാടണമെന്ന് സദസ് ഒന്നടങ്കം ആവശ്യപ്പെട്ടു. വത്സല കര്‍ട്ടണ് മുന്നിലേക്ക് വന്നു നിന്നു. പാവാടയിട്ട, മെലിഞ്ഞ ഒരു പെണ്‍കുട്ടി. സദസ് ഒന്നടങ്കം കയ്യടിച്ചു. വത്സല വീണ്ടും ആ പാട്ട് പാടി സദസിന്റെ ആദരം നേടിയ നിമിഷം. അത് എത്ര പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും മറക്കാനാവില്ല. വത്സല പിന്നീട് വിളയില്‍ ഫസീല എന്ന പേരില്‍ രാജ്യത്തും വിദേശ രാജ്യങ്ങളില്‍ ഒരു വാനമ്പാടിയെപോലെ പറന്നു നടന്നു.
***
മൂന്നു പ്രധാന ഘടകങ്ങളാണ് വി.എം. കുട്ടിയില്‍ ഒരുപാട്ടുകാരന്‍ എന്ന മോഹമുദിപ്പിച്ചത്. തരക്കേടില്ലാത്ത സമ്പന്ന കാര്‍ഷിക കുടുംബത്തിലാണ് ജനനം. ജോലിക്കാരായി വീട്ടുമുറ്റത്തു വന്നുപോകുന്നവരില്‍ ദളിതരായിരുന്നു കൂടുതലും. അവര്‍ക്ക് കൃഷി ചെയ്യാനറിയുന്നതുപോലെ തനതു നാടന്‍ കലകളിലും സര്‍ഗശേഷിയുണ്ടായിരുന്നു. ഓണപ്പാട്ടുകള്‍, നാടന്‍ പാട്ടുകള്‍, പരിചമുട്ടുകളി, ചവിട്ടുകളി അങ്ങനെ കണ്ണിനും കാതിനും കൗതുകം പകരുന്ന സര്‍ഗസംഗമഭൂമിയാക്കി അവര്‍ വീടിന്റെ ഉമ്മറപ്പടിയിലെത്തുമായിരുന്നു. നാടന്‍പാട്ടുകളോട് തോന്നിയ ഇഷ്ടം വി.എം. കുട്ടിയുടെ ഉള്ളിലെ കലാകാരനെ വളരാന്‍ സഹായിച്ചു. കൊയ്ത്തുകാലത്ത് വീട്ടില്‍ വിരുന്നെത്തുന്ന ഉണ്ണീന്‍ എളാപ്പ, നന്നായി പാട്ടുപാടുന്ന പാണ്ടികശാല ഫാത്തിമക്കുട്ടി അമ്മായി ഇവര്‍ വി.എം. കുട്ടിയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയവരാണ്.
1948ലാണ് ഫറോക്കില്‍ ഹൈസ്‌കൂള്‍ പഠനത്തിനെത്തുന്നത്. കൊണ്ടോട്ടിയിലെ അന്തരീക്ഷമായിരുന്നില്ല അവിടെ. പഠനം മാത്രം ലക്ഷ്യം. പാട്ടുകാരനായി വി.എം. കുട്ടി സാഹിത്യസമാജത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നു. സഹോദരിമാ മാരില്‍ നിന്ന് സബീനപ്പാട്ടുകള്‍ വാങ്ങി ആലപിക്കും. എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞതോടെ വീണ്ടും നാട്ടിലെത്തി. സുഹൃത്തുക്കളുമായി ചേര്‍ന്നു കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകി. പുളിക്കലില്‍ ഒരു ലൈബ്രറി തുടങ്ങുകയായിരുന്നു ആദ്യലക്ഷ്യം. ബാപ്പാന്റെ കടയുടെ മുകളിലെ മുറി കണ്ടെത്തി. യുവജന വായനാശാല രൂപീകരിക്കപ്പെട്ടു. ആദ്യ പ്രസിഡണ്ടും വി.എം. കുട്ടിയായിരുന്നു.
ഇന്നും പുളിക്കലില്‍ പതിനായിരത്തിലേറെ പുസ്തക ശേഖരവുമായി ഈ ഗ്രന്ഥശാല വഴികാട്ടുന്നുണ്ട്. വീടുകളില്‍ കയറിയിറങ്ങിയാണ് പുസ്തകങ്ങളും മാസികകളും ശേഖരിച്ചിരുന്നത്. ഫറോക്കില്‍ നിന്ന് രാമനാട്ടുകര സേവാമന്ദിരത്തിലേക്കാണ് പിന്നീട് വന്നെത്തുന്നത്. അധ്യാപക പരിശീലനമായിരുന്നു ലക്ഷ്യം. പാട്ടിലേക്കും അധ്യാപക ജോലിയിലേക്കുമുള്ള വഴിത്തിരിവായിരുന്നു അത്.
1957ലാണ് കേരളത്തില്‍ ആദ്യമായി ഒരു മാപ്പിളപ്പാട്ട് ഗായകസംഘം എന്ന ആശയം നടപ്പാക്കുന്നത്. സാഹിത്യസമാജങ്ങളില്‍ നിന്നുള്ള പ്രചോദനം ഒരു ഗായകന്‍ എന്ന ആത്മവിശ്വാസം കുട്ടിയിലുണ്ടാക്കിയിരുന്നു. കുട്ടീസ് ഓര്‍ക്കസ്ട്ര എന്ന പേരില്‍ ട്രൂപ്പുണ്ടാക്കി. മലപ്പുറം കോട്ടപ്പടിയിലായിരുന്നു ആദ്യവേദി. ഗാനമേള ട്രൂപ്പുകള്‍ക്കിടയില്‍ അരമണിക്കൂര്‍ മാത്രം മാപ്പിളപ്പാട്ടിനായി മാത്രം വേദി ഒഴിഞ്ഞുനല്‍കുകയായിരുന്നു. പിന്നീട് മാപ്പിളപ്പാട്ടിനായി മാത്രം വേദിയൊരുക്കി ആസ്വാദകര്‍ കാത്തിരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. 1970-80കളില്‍ വി.എം കുട്ടി-വിളയില്‍ വല്‍സല (വിളയില്‍ ഫസീല) കൂട്ടുകെട്ട് മാപ്പിളപ്പാട്ടില്‍ തരംഗം സൃഷ്ടിച്ചു. എം.എസ് ബാബുരാജ് വി.എം. കുട്ടിയുടെ ട്രൂപ്പിലുണ്ടായിരുന്നു. 1973 മുതല്‍ 1978 വരെ ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റായാണ് ബാബുരാജ് കൂടെയുണ്ടായിരുന്നത്. ബാബുക്കയെന്ന അതുല്യപ്രതിഭയില്‍ നിന്ന് വി.എം. കുട്ടി സംഗീതത്തിന്റെ നിരവധി പാഠങ്ങള്‍ പഠിച്ചു.
മലപ്പുറം ജില്ലയില്‍ ഒതുങ്ങിയ സംഘത്തിന്റെ സഞ്ചാരം കേരളത്തിനകത്തും പുറത്തും ഗള്‍ഫിലുമെത്തിയത് പെട്ടെന്നായിരുന്നു. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബാഗ്ലൂര്‍ തുടങ്ങി വിവിധ നഗരങ്ങളിലും മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. പിന്നീട് ഗള്‍ഫ് നാടുകളിലുമെത്തി.
ലക്ഷദ്വീപില്‍ പ്രാധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുന്നില്‍ പരിപാടി അവതരിപ്പിക്കാനുള്ള ഭാഗ്യവുമുണ്ടായി. പ്രധാനമന്ത്രിയെ ഒപ്പനയും മാപ്പിളപ്പാട്ടുമായി വരവേല്‍ക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. സെയ്ദ് മുഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവരോടൊത്താണ് വി.എം. കുട്ടി ലക്ഷദ്വീപിലേക്ക് പോയത്. രാജീവ് ഗാന്ധിയെ ഹൃദ്യമായി വരവേറ്റു. അദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടപ്പെട്ടത് ഒപ്പനയായിരുന്നു. അത് വീണ്ടും കാണണമെന്നു പറഞ്ഞു. പത്തു മിനുട്ടുള്ള ഒപ്പന പലതവണയായി ആവര്‍ത്തിച്ച് അരമണിക്കൂറോളം അദ്ദേഹം ആസ്വദിച്ചു. റഷ്യയിലേക്കുളള ഇന്ത്യന്‍ കലാകാരന്മാരുടെ സംഘത്തില്‍ വി.എം. കുട്ടിയെയും സംഘത്തെയും ഉള്‍പ്പെടുത്താമെന്ന് രാജീവ് ഗാന്ധി അറിയിച്ചു. സന്തോഷത്തില്‍ കഴിയവെയാണ് അദ്ദേഹത്തിന്റെ വേര്‍പ്പാടുണ്ടായത്. സോണിയാ ഗാന്ധി, പി.വി നരസിംഹ റാവു അടക്കമുള്ളവരുടെ മുന്നിലും വി.എം. കുട്ടിക്ക് പാടാന്‍ അവസരമുണ്ടായി.
യേശുദാസ്, കെ.ജി മാര്‍ക്കോസ്, ജയചന്ദ്രന്‍, ഉണ്ണിമേനോന്‍ തുടങ്ങിയ ഗായകര്‍ക്കു വേണ്ടി കാസറ്റുകള്‍ക്ക് സംഗീതം നല്‍കി. മലയാള ചലച്ചിത്രങ്ങളിലും ചെറിയ സാന്നിധ്യമുണ്ടായിട്ടുണ്ട്. പതിനാലാം രാവ്, മൈലാഞ്ചി എന്നീ സിനിമകളിലാണ് പാടിയത്. ഐ.വി ശശി സംവിധാനം ചെയ്ത 1921 സിനിമയുടെ സംഗീതസംവിധാനവും നിര്‍വഹിച്ചു.
മുത്തുനാവാ രത്നം മുഖം (ഗായകന്‍ നൗഷാദ്), ഫിര്‍ദൗസില്‍ അണയുവാന്‍ (വിളയില്‍ ഫസീല) തുടങ്ങിയ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു. മാര്‍ക്ക് ആന്റണി എന്ന സിനിമക്ക് ഗാനമെഴുതിയിട്ടുണ്ട്. കവികളായ നല്ലളം വീരാന്‍, ചാക്കീരി അഹമ്മദ്കുട്ടി, ടി. ഉബൈദ്, തോട്ടോളി മുഹമ്മദ്, ഇരുമ്പുഴി മുഹമ്മദ് എന്നിവരില്‍ നിന്നാണ് മാപ്പിളപ്പാട്ടിലെ പരമ്പരാഗതമായ പ്രാസനിയമങ്ങള്‍ പഠിച്ചത്. മോയിന്‍കുട്ടി വൈദ്യരുടെയും ടി. ഉബൈദിന്റെയുമൊക്കെ വരികള്‍ക്ക് ഇന്നും ആസ്വാദകരുണ്ടാവുന്നത് അതുകൊണ്ടാണ്.