സമൃദ്ധിയുടെ സന്ദേശവുമായി വിഷു

വിഷു സംസ്‌കൃതപദമാണ്. 'തുല്യമായത്' എന്നര്‍ഥത്തില്‍ ഇതിന് വ്യാഖ്യാനമുണ്ട്. രാവും പകലും സമാസമമായ അവസ്ഥ. ബിസി 45-ല്‍ ജൂലിയസ് സീസര്‍ രൂപപ്പെടുത്തിയ കലണ്ടറില്‍ ഈ സമാസമ സിദ്ധാന്തത്തെ 'ഇക്വിനോസ്' എന്ന് പേരിട്ട് വ്യാഖ്യാനിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ രാവും പകലും തുല്യമായി വരുന്ന രണ്ടു ദിവസങ്ങളാണ് മേട, തുലാ വിഷുക്കള്‍. ഇതില്‍ മേട വിഷുവാണ് നമ്മള്‍ പുതുവര്‍ഷ തുടക്കമായി ആഘോഷിച്ചു വരുന്നത്.'കാലമിനിയുമുരളുംവിഷു വരും വര്‍ഷംവരും, പിന്നെയോരോതളിരിനും പൂവരുംകായ്വരും....''കണിക്കൊന്നയല്ലേ,വിഷുക്കാലമല്ലേപൂക്കാതിരിക്കാന്‍എനിക്കാവതില്ല''വിത്തും കൈക്കോട്ടും,കള്ളന്‍ ചക്കേട്ടു,കണ്ടാല്‍ മിണ്ടേണ്ട,ചക്കക്കുപ്പുണ്ടോ...'മലയാളി മനസ്സിലെ വിഷു സങ്കല്‍പ്പങ്ങളെല്ലാം കവി ഭാവനയില്‍ പൂക്കളിലും കായ്കനികളിലും […]

വിഷു സംസ്‌കൃതപദമാണ്. 'തുല്യമായത്' എന്നര്‍ഥത്തില്‍ ഇതിന് വ്യാഖ്യാനമുണ്ട്. രാവും പകലും സമാസമമായ അവസ്ഥ. ബിസി 45-ല്‍ ജൂലിയസ് സീസര്‍ രൂപപ്പെടുത്തിയ കലണ്ടറില്‍ ഈ സമാസമ സിദ്ധാന്തത്തെ 'ഇക്വിനോസ്' എന്ന് പേരിട്ട് വ്യാഖ്യാനിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ രാവും പകലും തുല്യമായി വരുന്ന രണ്ടു ദിവസങ്ങളാണ് മേട, തുലാ വിഷുക്കള്‍. ഇതില്‍ മേട വിഷുവാണ് നമ്മള്‍ പുതുവര്‍ഷ തുടക്കമായി ആഘോഷിച്ചു വരുന്നത്.
'കാലമിനിയുമുരളും
വിഷു വരും വര്‍ഷം
വരും, പിന്നെയോരോ
തളിരിനും പൂവരും
കായ്വരും....'
'കണിക്കൊന്നയല്ലേ,
വിഷുക്കാലമല്ലേ
പൂക്കാതിരിക്കാന്‍
എനിക്കാവതില്ല'
'വിത്തും കൈക്കോട്ടും,
കള്ളന്‍ ചക്കേട്ടു,
കണ്ടാല്‍ മിണ്ടേണ്ട,
ചക്കക്കുപ്പുണ്ടോ...'
മലയാളി മനസ്സിലെ വിഷു സങ്കല്‍പ്പങ്ങളെല്ലാം കവി ഭാവനയില്‍ പൂക്കളിലും കായ്കനികളിലും നിറഞ്ഞു നില്‍ക്കുന്നതാണ്. ഭൂമിശാസ്ത്രപരമായും ജ്യോതിശാസ്ത്രപരമായും ഏറെ പ്രാധാന്യമുണ്ട് വിഷു സങ്കല്‍പ്പത്തിന്. അതെല്ലാം ഓര്‍മ്മയില്‍ മാത്രം ഒതുങ്ങിപ്പോയില്ലേ എന്ന് പഴമക്കാര്‍ പരിതപിക്കുമ്പോഴും നമ്മള്‍ തലമുറകള്‍ കൈമാറി, പടക്കം പൊട്ടിച്ചും പുത്തനുടുപ്പണിഞ്ഞും ഉണ്ണിയപ്പം രുചിച്ചും പലതരം വിഭവങ്ങള്‍ ഒരുക്കി സദ്യയുണ്ടും മേടം ഒന്ന് പുതുവര്‍ഷ തുടക്കമായി വിഷുവിനെ വരവേല്‍ക്കുന്നു.
വിഷുവിന്റെ വരവറിയിച്ചു കൊണ്ട് എത്തിയിരുന്ന 'വിഷുപ്പക്ഷി'കളും ഇപ്പോള്‍ കാണാമറയത്താണ്.
കാര്‍ഷിക സങ്കല്‍പങ്ങള്‍
മഹത്തായ കാര്‍ഷിക സങ്കല്‍പ്പങ്ങളുമായി ഒതുങ്ങി നിന്നൊരു പഴയകാലം നമുക്കുണ്ടായിരുന്നു. അതെല്ലാം വിഷുവെന്ന ആണ്ടുപിറവിയോടെയാണ് ആരംഭിച്ചിരുന്നത്. വിഷുനാള്‍ തൊട്ട് പത്താമുദയം വരെ കൃഷിക്കാലമാണിവിടെ. പക്ഷേ കാലാവസ്ഥയില്‍ വ്യതിയാനങ്ങള്‍ വന്നപ്പോള്‍ കാര്‍ഷിക വിളവെടുപ്പിന് പോലും ഒരു നിശ്ചമില്ലയൊന്നിനും എന്ന മട്ടില്ലല്ലേ കൃഷിയുടെയും കര്‍ഷകന്റെയും അവസ്ഥ. ഈ മാറ്റങ്ങള്‍ പഴയ പ്രതീക്ഷകളില്‍ വിഷവിത്ത് പാകിയിരിക്കുകയാണ് . അനവസരത്തിലെത്തുന്ന മഴയും പ്രളയവും ചരിത്രഗതിയെ തന്നെ താറുമാറാക്കും വിധം പഴയകാല സങ്കല്‍പങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു.
എന്ത് തന്നെയായാലും മേടം ഒന്ന് നമുക്ക് വിഷുവാണ്. നമ്മളത് ആഘോഷിക്കും. പുതു വസ്ത്രങ്ങള്‍ വാങ്ങും, പടക്കങ്ങള്‍ വാങ്ങി തലേന്നാല്‍ മുതല്‍ പൊട്ടിക്കും. വടക്കരായ നമുക്ക് പടക്കമില്ലാതെ വിഷു ആഘോഷമില്ല. ഉണ്ണിയപ്പം ഉണ്ടാക്കും, കണിയൊരുക്കും, തറവാടുകളും മറ്റ് ബന്ധുഗൃഹങ്ങളും സന്ദര്‍ശിക്കും. വീട്ടിലെത്തി പിന്നെ വിഭവസമൃദ്ധമായ സദ്യയുണ്ണും. കുഞ്ഞു പിറന്ന് ആദ്യത്തെ വിഷുവാണെങ്കില്‍ അത് കുറച്ചുകൂടി വര്‍ണാഭമാക്കും. നമ്മുടെ വിഷു സങ്കല്‍പം ഇങ്ങനെയൊക്കെയാണ്.
കണികാണുംനേരം....
പ്രകൃതിയുടെ കാഴ്ച തന്നെയാണ് പൂജാമുറിയിലെ വിഷുക്കണി. പൂജാമുറിയിലെ വിളക്കുകള്‍ തുടച്ച് തിളക്കം കൂട്ടും. പ്രപഞ്ചത്തിന്റെ പ്രതീകമായ പുത്തന്‍ മണ്‍കലത്തില്‍ ഉണ്ണിക്കണ്ണന് പ്രിയമായ ഉണ്ണിയപ്പം നിറയ്ക്കും. ഓട്ടുരുളിയില്‍ അരി, സ്വര്‍ണം, കോടിമുണ്ട്, വാല്‍കണ്ണാടി(ഭഗവതി സങ്കല്‍പം), കണിവെള്ളരി, പഴവര്‍ഗങ്ങള്‍, ചക്ക, മാങ്ങ, നാളികേരം, പിന്നെ വീട്ടുപറമ്പില്‍ വിളഞ്ഞ മറ്റു ഫലങ്ങള്‍, ഗ്രന്ഥങ്ങള്‍, കൊന്നപ്പൂക്കുലകള്‍, വെറ്റില, അടക്ക, കണ്‍മഷി, ചാന്ത്, സിന്ദൂരം, നവധാന്യങ്ങള്‍ (നെല്ല്, ഗോതമ്പ്, കടല, എള്ള്, തുവര, പയര്‍, ഉഴുന്ന്, മുതിര, മൊച്ചകൊട്ട എന്ന പയര്‍), നാണയ തുട്ടുകള്‍ എന്നിവ നിരത്തിവെക്കും. തിരിയിട്ട് കത്തിച്ച നിലവിളക്ക്, ശ്രീകൃഷ്ണ രൂപം, മറ്റ് ഇഷ്ട ദൈവങ്ങളുടെ സങ്കല്‍പ്പ രൂപങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ പൂജമുറിയിലോ അതിനായി സങ്കല്‍പ്പിച്ച ഇടങ്ങളിലോ ഒരുക്കും. കണിയൊരുക്കുന്നതില്‍ പ്രാദേശിക സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ച വ്യത്യാസങ്ങള്‍ കാണാറുണ്ട്.
തലേന്ന് രാത്രി കണിയൊരുക്കി വീട്ടമ്മ പൂജാമുറി ചാരി വെക്കും. സൂര്യോദയത്തിന് മുന്‍പ് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കണി കണ്ടിരിക്കണമെന്നാണ് വെപ്പ്. വീട്ടിലെ തലമുതിര്‍ന്നവര്‍ കണ്ണ് പൊത്തി കുട്ടികളെ കണി കാണിക്കാനായി പൂജാമുറിയില്‍ എത്തിക്കും. മുന്‍കാലങ്ങളില്‍ വിഷുക്കണി കാണാനെത്തുന്ന കുട്ടിക്കൂട്ടങ്ങള്‍ ഉണ്ടായിരുന്നു. കണികണ്ടശേഷം കിട്ടുന്ന ഉണ്ണിയപ്പം സഞ്ചിയില്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോയി സൂക്ഷിക്കും. പെട്ടെന്ന് പഴകിപ്പോകില്ല എന്നൊരു ഗുണം ഉണ്ണിയപ്പത്തിനുണ്ട്. ദിവസങ്ങളോളം അവ തിന്നുതീര്‍ക്കും. ഇന്നതൊക്കെ മാറി.
മേടപൊന്നണിയും
കൊന്നപ്പൂക്കണിയായി...
സ്വര്‍ണകിങ്ങിണികള്‍ പോലെ ചില്ലകള്‍ തോറും കൊന്നമരത്തില്‍ പൂങ്കുലകള്‍ തൂങ്ങി നില്‍ക്കുന്നത് കാണാന്‍ എന്ത് ഭംഗി! നമ്മുടെ സംസ്ഥാന പുഷ്പമെന്ന ബഹുമതിയുള്ള പൂവാണത്. ഏതു കണ്ണിനും ആകര്‍ഷകമാണ് പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നപ്പൂക്കള്‍.
വിഷു വരവിനെ ഓര്‍മിപ്പിക്കും പോലെ ഒരു മാസം മുമ്പെ കൊന്ന പൂക്കും.
പാലക്കുന്ന് ഭണ്ഡാരവീട്ടിലെ കൊന്നമരത്തിലെ സമൃദ്ധമായ കൊന്നപ്പൂക്കള്‍ എന്നും ക്യാമറ കണ്ണുകള്‍ക്ക് പ്രിയങ്കരമായിരുന്നു. നേരത്തെ കുലച്ച് വിടര്‍ന്ന് വീണതിനാല്‍ ഇക്കുറി അവിടെ പൂക്കള്‍ അധികം കാണാനായില്ല.
പലേടത്തും ഇതാണ് സ്ഥിതിയത്രെ.
ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ കൊന്നപ്പൂക്കള്‍ സമൃദ്ധമായി കാണാനുണ്ടെന്നും പറയുന്നു. പക്ഷേ കൊന്നപ്പൂവില്ലാതെ എന്ത് വിഷുക്കണി? എവിടെ നിന്നായാലും ഒന്നോ രണ്ടോ കുലകള്‍ നമ്മള്‍ ഒപ്പിച്ചിരിക്കും.
വിഷുപ്പടക്കങ്ങള്‍
വിഷുവിന് തലേന്നാല്‍ മുതല്‍ തന്നെ വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ച് പുതുവര്‍ഷവരവിന് സ്വാഗതമരുളും. ഞങ്ങളുടെ കുട്ടിക്കാലത്ത് പാലക്കുന്ന് ക്ഷേത്ര പറമ്പില്‍ ഉണ്ടായിരുന്ന കാഞ്ഞിരമരത്തില്‍ നിന്ന് വീഴുന്ന കാഞ്ഞിരക്കുരു സഞ്ചിയില്‍ പെറുക്കിക്കൂട്ടി ഉദുമ സ്‌കൂളിനടുത്ത മുഹമ്മദിച്ഛന്റെ കടയില്‍ തൂക്കി വില്‍ക്കും. അങ്ങനെ കിട്ടുന്ന ചില്ലറ തുട്ടുകള്‍ കരുതിവെച്ചാണ് കുഞ്ഞു പ്രായത്തില്‍ പടക്കം വാങ്ങിയിരുന്നത്. വിഷുവിന് പടക്കം പൊട്ടിക്കുന്നത് ഒരു ത്രില്ല് പോലെയായിരുന്നു അന്നൊക്കെ. വീട്ടില്‍ നിന്ന് പടക്കം വാങ്ങാന്‍ പൈസ കിട്ടുന്ന സാഹചര്യമായിരുന്നില്ല അന്ന്.
കുറച്ചുപേര്‍ ക്ഷേത്രത്തിന് പടിഞ്ഞാര്‍ ഭാഗത്തെ സ്വകാര്യവ്യക്തിയുടെ കശുമാവില്‍ നിന്ന് ആരും കാണാതെ സ്വന്തമാക്കുന്ന കശുവണ്ടി വിറ്റും പടക്കം വാങ്ങാന്‍ കാശ് കണ്ടെത്തി. ആ കൂട്ടായ്മയില്‍ എന്നോടൊപ്പം ചേര്‍ന്നവര്‍ ഇപ്പോള്‍ സപ്തതിയുടെ നിറവില്‍ കുഞ്ഞുമക്കള്‍ക്ക് യഥേഷ്ടം പടക്കങ്ങള്‍ വാങ്ങി നല്‍കുന്നു.
വിഷുക്കൈനീട്ടം
ചില ക്ഷേത്രങ്ങളില്‍ നിന്ന് കൈനീട്ടമായി കിട്ടുന്ന നാണയതുട്ടുകള്‍ പലരും സൂക്ഷിച്ച് വെക്കും. ലക്ഷ്മിദേവിയോടുള്ള ആരാധന സങ്കല്‍പമാണ് വിഷുകൈനീട്ടം കൊടുക്കലും വാങ്ങലും. കണികാണാനെത്തുന്ന ബന്ധുക്കള്‍ക്ക് ഗൃഹനാഥന്‍ കൈനീട്ടം നല്‍കും. മൂല്യം കുറഞ്ഞുപോയ നാണയതുട്ടുകള്‍ നല്‍കുന്ന രീതി ഇപ്പോഴില്ല. പുത്തന്‍ നോട്ടുകളാണ് നിലവിലെ ട്രെന്‍ഡ്. പുത്തനാകുമ്പോള്‍ കുട്ടികള്‍ അവ സൂക്ഷിച്ചു വെക്കുന്നത് ഒരു സമ്പാദ്യശീലമാകും. വരും കാലങ്ങളില്‍ അവ ഗൂഗിള്‍ പേ സംവിധാനത്തിലേക്കും മാറില്ലെന്ന് ആര്‍ക്കറിയാം.
വീടുകളില്‍ പോയി കൈനീട്ടം നല്‍കുന്നത് കൊടുക്കുന്നവരുടെ ധനസമ്പത്ത് ശോഷിച്ചു പോകാന്‍ കാരണമാകുമെന്നും പറഞ്ഞുകേട്ടിട്ടുണ്ട്.
കോവിഡ് കാലത്ത് കുറേ ആഘോഷങ്ങള്‍ ഉപേക്ഷിച്ചവരാണ് നമ്മള്‍. പക്ഷേ കോവിഡിന്റെ ഭീകരതയിലും വീടുകളില്‍ കണികണ്ടും സദ്യയുണ്ടും നമ്മള്‍ വിഷു ആഘോഷിച്ചു.
കോവിഡ് വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ നമ്മെ ഭീതിപ്പെടുത്തുന്നുണ്ട്. ക്ഷേത്രോത്സവങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായെങ്കിലും ആള്‍കൂട്ട സാന്നിധ്യ പെരുമയില്‍ ആഘോഷമാകുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍ ജില്ലയില്‍ ആറിടങ്ങളില്‍ നടക്കാന്‍ ബാക്കിയുണ്ട്. സംഭവാമി യുഗേ യുഗേ.


-പാലക്കുന്നില്‍ കുട്ടി

Related Articles
Next Story
Share it