ഒരു കുടന്ന പൂവുമായി വീണ്ടും വിഷുക്കാലം

ഇത്തവണയും മലയാളികളുടെ വിഷു ആഘോഷം കോവിഡ് ആശങ്കക്കും സാമൂഹിക അകല്‍ച്ചക്കും ഇടയിലാണ്. കഴിഞ്ഞ വര്‍ഷം കൊന്നപ്പൂക്കളില്ലാതെ, പടക്കങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദമില്ലാതെയാണ് വിഷു കടന്നുപോയത്. ഇത്തവണയും കൊറോണ ഭീതി അകന്നു പോയിട്ടില്ല. കൊറോണയുടെ രണ്ടാം വരവിനിടയിലാണ് വിഷു എത്തിയിരിക്കുന്നത്. കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുമ്പോഴും എവിടെയോ ഒരു വിങ്ങല്‍ അനുഭവപ്പെടുന്നു. വിഷു അന്നും ഇന്നും മനസ്സില്‍ കാഴ്ചകളുടെയും അനുഭവങ്ങളുടെയും കണി നിറക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. ഇന്നത്തെ ബാല്യങ്ങള്‍ക്ക് ആഘോഷങ്ങള്‍ പലതും നഷ്ടപ്പെട്ടുപോകുന്നു. വിഷു പക്ഷികളുടെ പാട്ടും കളകൂജനവും അകന്നകന്നു പോയ്‌ക്കൊണ്ടിരിക്കുന്നു. കാര്‍ഷിക […]

ഇത്തവണയും മലയാളികളുടെ വിഷു ആഘോഷം കോവിഡ് ആശങ്കക്കും സാമൂഹിക അകല്‍ച്ചക്കും ഇടയിലാണ്. കഴിഞ്ഞ വര്‍ഷം കൊന്നപ്പൂക്കളില്ലാതെ, പടക്കങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദമില്ലാതെയാണ് വിഷു കടന്നുപോയത്. ഇത്തവണയും കൊറോണ ഭീതി അകന്നു പോയിട്ടില്ല. കൊറോണയുടെ രണ്ടാം വരവിനിടയിലാണ് വിഷു എത്തിയിരിക്കുന്നത്. കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുമ്പോഴും എവിടെയോ ഒരു വിങ്ങല്‍ അനുഭവപ്പെടുന്നു. വിഷു അന്നും ഇന്നും മനസ്സില്‍ കാഴ്ചകളുടെയും അനുഭവങ്ങളുടെയും കണി നിറക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. ഇന്നത്തെ ബാല്യങ്ങള്‍ക്ക് ആഘോഷങ്ങള്‍ പലതും നഷ്ടപ്പെട്ടുപോകുന്നു. വിഷു പക്ഷികളുടെ പാട്ടും കളകൂജനവും അകന്നകന്നു പോയ്‌ക്കൊണ്ടിരിക്കുന്നു. കാര്‍ഷിക സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഗ്രാമാന്തരീക്ഷങ്ങളില്‍ നിന്നും പലരും പട്ടണങ്ങളിലേക്ക് പറിച്ചു നട്ടപ്പോള്‍ പലതും നമുക്ക് കൈമോശം വന്നു. അടിമുടി സ്വര്‍ണവര്‍ണമണിഞ്ഞ് പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരത്തിന്റെ ചാരുത വിഷു വിളിച്ചറിയിക്കുന്നു. ശ്രീരാമന്‍ ബാലിയെ അമ്പെയ്തു കൊന്നത് കൊന്നമരത്തെ മറയാക്കിയാണത്രെ. 'കൊന്ന'മരം എന്ന പേര് വന്നത് അങ്ങനെയാണത്രെ. വിഷുവിനായി നാട് ഒരുങ്ങുമ്പോള്‍ കൊന്നകളും പൂത്തു തുടങ്ങും. വേനലില്‍ സ്വര്‍ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപ്പറ്റി പുരാണങ്ങളില്‍ പറയുന്നത്. മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചരിത്രകാരന്മാര്‍ കരുതുന്നു. നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നുമാണ് ഒരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തില്‍ വെയില്‍ തട്ടിയത് രാവണന് ഇഷ്ടപ്പെടാത്തതിനാല്‍ സൂര്യനെ നേരെ ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ രാമന്‍ വധിച്ചതിന് ശേഷമാണ് സൂര്യന്‍ നേരെ ഉദിച്ചതെന്നുമാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസവുമുണ്ട്. കേരളത്തില്‍ പ്രധാന വിളവെടുപ്പ് ഉത്സവമാണ് വിഷുവും ഓണവും. ഓണം വിരിപ്പു കൃഷിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിഷു പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുക്കണിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. കണി കണ്ടതിന് ശേഷം ഗൃഹനാഥന്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുകൈനീട്ടം. വര്‍ഷം മുഴുവന്‍ സമ്പല്‍സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നല്‍കുന്നത്. വിഷു ദിവസം ആദ്യമായി നിലം ഉഴുതു മറിച്ച് വിത്തിടുന്നത് പണ്ട് കാലത്ത് പതിവായിരുന്നു. കന്നുകാലികളെ കുളിപ്പിച്ച് കുറിതൊട്ട് കൊന്നപ്പൂങ്കുലകള്‍ കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്ത് എത്തിക്കുന്നു. കാര്‍ഷികോപകരണങ്ങള്‍ എല്ലാം പുതിയവയായിരിക്കും. കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിച്ച് വിത്തിടുന്നതിനെ ചാലിടല്‍ എന്ന് പറയും. അവില്‍, മലര്‍, ഓട്ടട എന്നിവ നിവേദിക്കുന്ന ചടങ്ങാണിത്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും വിഷുവിന് സമാനമായ ആഘോഷങ്ങള്‍ ഉണ്ട്. ആസാമിലെ ബിഹു ഉത്സവം സമാനമാണ്. വൈശാഖ മാസത്തിലെ ബൈഹാഗ് ആണ് അവര്‍ക്ക് ബിഹു. നവവത്സരവും വസന്തോത്സവവും എല്ലാമായി ആഘോഷിക്കുന്നു. ഭൂമി പൂജ, ഗോപൂജ, ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ നല്‍കുക തുടങ്ങിയവയൊക്കെ ഇതിന്റ ഭാഗമാണ്. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും വളര്‍ത്തുമൃഗങ്ങളെ കണികാണിക്കലും കൈനീട്ടം നല്‍കലും എല്ലാം ബിഹുവിലും ഉണ്ട്. ബീഹാറിലെ ബൈഹാഗ് ഉത്സവവും പഞ്ചാബിലെ വൈശാഖിയും കര്‍ണ്ണാടകയിലെ യുഗാദിയുമൊക്കെ സമാന ഉത്സവങ്ങളാണ്. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. സൂര്യന്‍ ഒരു രാശിയില്‍ നിന്ന് അടുത്ത രാശിയിലേക്ക് സംക്രാന്തികളിലെ പ്രധാനമായതാണ് മഹാവിഷു. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തിയതിയുമാണ് രാവും പകലും തുല്യമായി വരുന്ന രണ്ട് ദിനങ്ങള്‍. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏത് ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ നേരെ ഭൂമധ്യരേഖക്ക് നേരെ മുകളില്‍ വരുന്നു. വിഷുക്കണിക്ക് വേണ്ടി ഒരുക്കുന്ന വസ്തുക്കളെല്ലാം ഐശ്വര്യം വിളിച്ചറിയിക്കുന്നവയാണ്. വേനല്‍ കൃഷിയില്‍ വിരിഞ്ഞ കണിവെള്ളരി, കൊന്നപ്പൂങ്കുലകള്‍, ഉമിക്കരിയിട്ട് തേച്ചുമിനുക്കിയ ഓട്ടുരുളി, ഏഴുതിരിയിട്ട വിളക്ക്, നടുവേ ഉടച്ച നാളികേരത്തിന്റെ മുനിഞ്ഞു കത്തുന്ന അന്തിത്തിരികള്‍, വെള്ളം നിറച്ച വാല്‍ക്കിണ്ടി, പുതുവസ്ത്രം, പുസ്തകം, ചക്ക, മാങ്ങ, വിവിധ പലഹാരങ്ങള്‍ തുടങ്ങിയവയൊക്കെ വിഷുക്കണിയിലെ പ്രധാന ഇനങ്ങളാണ്. മലയാളിയുടെ മനസ്സില്‍ പ്രത്യാശയും സ്വപ്‌നങ്ങളും വിരിയിക്കുന്ന വിഷു സങ്കല്‍പ്പം ഒരിക്കലും മാഞ്ഞുപോകാതിരിക്കട്ടെ.

Related Articles
Next Story
Share it