തിരുവനന്തപുരം: വൈറസ് വ്യാപനം രൂക്ഷമാകുന്ന കേരളത്തില്‍ സ്വന്തമായി വാക്‌സിന്‍ നിര്‍മിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വൈറല്‍ രോഗങ്ങള്‍ക്കുള്ള വാക്സിന്‍ ഗവേഷണവും നിര്‍മ്മാണവും നടത്താനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ചിക്കന്‍ ഗുനിയയും ഡെങ്കിപ്പനിയും നിപ്പയുമടക്കം പല വൈറല്‍ രോഗങ്ങളും പടര്‍ന്നു പിടിച്ച സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ ഇവിടെ വാക്സിന്‍ ഗവേഷണത്തിന് സാഹചര്യമൊരുക്കുകയെന്നത് ഭാവിയിലേക്കുള്ള കരുതലായിരിക്കും. സംസ്ഥാനത്ത് അടുത്തിടെ ആരംഭിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉപയോഗപ്പെടുത്തി വാക്സിന്‍ നിര്‍മ്മാണത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ജേക്കബ് ജോണാണ് സമിതിയുടെ അധ്യക്ഷന്‍.
ലോകത്തിന്റെ പലഭാഗത്തായി കൊറോണ വാക്സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ പരിമിതമായ അളവിലെങ്കിലും കൊറോണ വാക്സിന്‍ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും ആദ്യം വാക്സിന്‍ ലഭിക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കിയ ശേഷം മറ്റുള്ളവരിലേക്ക് എത്തിക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഇതുവരെ ആറു ലക്ഷത്തിലധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചങ്കെിലും ഇതില്‍ 90 ശതമാനം ആളുകളും രോഗമുക്തി നേടി. ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഒക്ടോബര്‍ മാസത്തിലാണ്്. ഒക്ടോബര്‍ മാസം രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഇപ്പോള്‍ കുറഞ്ഞു വരികയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇടുക്കി, വയനാട് കോട്ടയം ജില്ലകളില്‍ കേസ് കൂടുതലായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Virus spreading: Kerala will try to develop Own vaccine: CM