കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബു ദുബായില്‍ നിന്ന് നേരിട്ടെത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ഇന്ന് രാവിലെ ഹാജരായത്. വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. പൊലീസിന്റെ ശക്തമായ നടപടികള്‍ക്കൊടുവിലാണ് വിജയ് ബാബു നാട്ടിലേക്ക് മടങ്ങിയെത്തിയത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതടക്കം പൊലീസ് കര്‍ശന നടപടികള്‍ എടുത്തതോടെയാണ് വിജയ് ബാബു മടങ്ങിയതെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും സി.എച്ച് നാഗരാജു വ്യക്തമാക്കി. ഒളിവില്‍ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിന് സഹായം ചെയ്തവരെ കണ്ടെത്തുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു മാസമായി വിദേശത്തായിരുന്നു വിജയ് ബാബു രാവിലെ ഒമ്പത് മണിയോടെയാണ് കൊച്ചിയിലെത്തിയത്. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ 39 ദിവസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. വിമാനത്താവളത്തില്‍ നിന്ന് വിജയ് ബാബു ആദ്യം പോയത് ആലുവയിലെ ദത്ത ആജ്ഞനേയ ക്ഷേത്രത്തിലേക്കാണ്. തുടര്‍ന്ന് എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയെ പൂര്‍ണ വിശ്വാസമുണ്ടെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. കേസ് അടുത്ത തവണ പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് കോടതി തടഞ്ഞത്.