ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ പ്രശംസനീയമായ പ്രവര്‍ത്തനം: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവില്‍ വിദ്യാനഗര്‍ സിഡ്‌കോ വ്യവസായ എസ്റ്റേറ്റിന് പട്ടയം

കാസര്‍കോട്: വിദ്യാനഗര്‍ സിഡ്കോ വ്യവസായ എസ്റ്റേറ്റിലെ പതിറ്റാണ്ടുകളായുള്ള പട്ടയ പ്രശ്‌നത്തിന് പരിഹാരം. കാസര്‍കോട് വില്ലേജിലെ റിസര്‍വ്വെ നമ്പര്‍ 273/1 എ 3 ബിയില്‍പെട്ട 16.84 ഏക്കര്‍ ഭൂമിയാണ് വ്യവസായ എസ്റ്റേറ്റിനായി സിഡ്കോക്ക് ലഭിക്കുക. സിഡ്‌കോക്ക് കൈമാറാനുള്ള പട്ടയം തയ്യാറായതായി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഇന്ന് രാവിലെ റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാതല പട്ടയ വിതരണ മേളയില്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവരെ അറിയിച്ചു.1975 ഏപ്രില്‍ ഒന്നിന് സര്‍ക്കാര്‍ സിഡ്കോക്ക് ഭൂമി കൈമാറിയിരുന്നെങ്കിലും പട്ടയം […]

കാസര്‍കോട്: വിദ്യാനഗര്‍ സിഡ്കോ വ്യവസായ എസ്റ്റേറ്റിലെ പതിറ്റാണ്ടുകളായുള്ള പട്ടയ പ്രശ്‌നത്തിന് പരിഹാരം. കാസര്‍കോട് വില്ലേജിലെ റിസര്‍വ്വെ നമ്പര്‍ 273/1 എ 3 ബിയില്‍പെട്ട 16.84 ഏക്കര്‍ ഭൂമിയാണ് വ്യവസായ എസ്റ്റേറ്റിനായി സിഡ്കോക്ക് ലഭിക്കുക. സിഡ്‌കോക്ക് കൈമാറാനുള്ള പട്ടയം തയ്യാറായതായി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഇന്ന് രാവിലെ റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാതല പട്ടയ വിതരണ മേളയില്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവരെ അറിയിച്ചു.
1975 ഏപ്രില്‍ ഒന്നിന് സര്‍ക്കാര്‍ സിഡ്കോക്ക് ഭൂമി കൈമാറിയിരുന്നെങ്കിലും പട്ടയം ലഭിച്ചിരുന്നില്ല. നിരവധി തവണ ഈ ആവശ്യം ഉന്നയിച്ച് കേരള ചെറുകിട അസോസിയേഷനും (കെ.എസ്.എസ്.ഐ.എ.) സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഫോറവും (എസ്.ഐ.ഇ.ഐ.എഫ്.) എസ്റ്റേറ്റിലെ വ്യവസായികളും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഈ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. നാലര പതിറ്റാണ്ടിലധികമായി ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്ന സിഡ്‌കോ എസ്റ്റേറ്റിലെ പട്ടയ പ്രശ്‌ന പരിഹാരത്തിന് വേണ്ടി മുന്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ ഇടപെടലാണ് നടപടി ക്രമങ്ങള്‍ക്ക് ജീവന്‍ വെപ്പിച്ചത്. ജില്ലാ കലക്ടറായി ചാര്‍ജെടുത്ത ഉടനെ അവര്‍ വിളിച്ചുചേര്‍ത്ത വ്യവസായികളുടെ യോഗത്തില്‍ കെ.എസ്.എസ്.ഐ.എയും സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഫോറവും വിഷയം ശ്രദ്ധയില്‍പെടുത്തിയിരുന്നു. വിഷയം വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നടപടി വൈകുന്നത് ചൂണ്ടിക്കാട്ടി സിഡ്‌കോ ഫോറം ഭാരവാഹികള്‍ 2023 ഫെബ്രുവരി 6ന് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് രണ്ടുദിവസത്തിനകം ഉദ്യോഗസ്ഥരുടെയും സംഘടനാ ഭാരവാഹികളുടെയും യോഗം വിളിച്ചുചേര്‍ത്ത് അടിയന്തര നടപടികള്‍ക്കായി കലക്ടര്‍ ഉത്തരവിട്ടത്. സിഡ്കോക്ക് പട്ടയം ഒരുമാസത്തിനുള്ളില്‍ അനുവദിച്ച് നല്‍കണണമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2023 ഏപ്രില്‍ 28ന് ഓര്‍ഡര്‍ ഓഫ് അസൈന്‍മെന്റും സിഡ്‌കോയുടെ പേരില്‍ അനുവദിക്കുകയുണ്ടായി. പുതിയ ജില്ലാ കലക്ടര്‍ എന്ന നിലയില്‍ കെ. ഇമ്പശേഖറിന്റെ ഭാഗത്ത് നിന്നും അനുകൂല നീക്കങ്ങളുണ്ടായി.
വ്യവസായ സംരംഭങ്ങള്‍ക്കായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓണര്‍ഷിപ്പ് വ്യവസ്ഥയില്‍ അനുവദിച്ച ഭൂമിയുടെ പട്ടയമോ സെയില്‍ ഡീഡോ നല്‍കാത്തത് സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. വ്യാവസായികാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന ഭൂമി ഒ.ആര്‍.എസ് (ഔട്ട്‌റൈറ്റ് സെയില്‍) വ്യവസ്ഥയില്‍ കാലാകാലങ്ങളില്‍ നിശ്ചയിച്ച മുഴുവന്‍ തുകയും ഈടാക്കി സിഡ്‌കോ സംരംഭകര്‍ക്ക് അനുവദിച്ചെങ്കിലും ഉടമസ്ഥാവകാശ രേഖ അനുവദിച്ചിരുന്നില്ല. സിഡ്‌കോയ്ക്ക് പട്ടയം ലഭിക്കുന്ന മുറക്ക് ഇത് നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഉടമസ്ഥാവകാശ രേഖ ലഭിക്കാത്തതിനാല്‍ വ്യവസായികള്‍ക്ക് കാലോചിതമായ മാറ്റം വരുത്തുന്നതിനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാനോ സാധിക്കാത്ത് പല യൂണിറ്റുകളും സ്തംഭനാവസ്ഥയിലാക്കി. സിഡ്‌കോക്ക് പട്ടയം ലഭിച്ചത് വഴി വ്യവസായ സ്ഥാപനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം കൈവന്നിരിക്കുകയാണ്.

Related Articles
Next Story
Share it