കാസര്‍കോട്: ജില്ലയില്‍ കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം കാരണം കാര്‍ഷികമേഖലയില്‍ നഷ്ടം കോടികള്‍. ഇതിന് പുറമെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവന് തന്നെ നിരന്തരം ഭീഷണി ഉയരുകയാണ്. വര്‍ഷങ്ങളായി കര്‍ഷകര്‍ നേരിടുന്ന ദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കാനത്തൂരിലെ ആനക്കാര്യം കര്‍ഷക കൂട്ടായ്മ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഒരു പഠനവുമില്ലാതെയും ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗവും അവലംബിക്കാതെയും കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഉദാസീനമായ ഒരു നിലപാടാണ് ഈ കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
കര്‍ണ്ണാടക വനത്തില്‍ നിന്നും കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി കാനത്തൂര്‍ മേഖലയിലേക്ക് എത്തുന്ന കാട്ടാനകളുടെ എണ്ണം പത്തിരട്ടിയിലേറെയാണ്. ഇതുമൂലം കാര്‍ഷിക നഷ്ടം കോടികള്‍ കവിയുകയും കര്‍ഷകര്‍ ഭീതിയോടെ കഴിയുകയും ചെയ്യുമ്പോള്‍ വനഗവേഷണ സ്ഥാപനവും കാട്ടാനയെ വനത്തില്‍ തന്നെ സംരക്ഷിക്കേണ്ട വനം വകുപ്പും ഒളിച്ചുകളിക്കുകയാണ്. കാട്ടാനകളെ ജനവാസമേഖലയില്‍ നിന്നും തുരത്താനുള്ള വനം വകുപ്പിന്റെ തന്നെ എസ്.ഒ.പി പദ്ധതി രേഖകളില്‍ വിശ്രമിക്കുകയാണ്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെയും കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെയും എണ്ണം ഈ മേഖലയില്‍ കൂടിവരികയാണ്. ഭാഗികമായി കൃഷിനശിപ്പിക്കപ്പെടുമ്പോള്‍ വിള ഇന്‍ഷൂറന്‍സിന്റെ പരിരക്ഷ കര്‍ഷകന് ലഭിക്കില്ലെന്ന് അറിയാവുന്ന അധികൃതര്‍ നഷ്ടപരിഹാരത്തിനായുള്ള കര്‍ഷകന്റെ ന്യായമായ ആവശ്യങ്ങള്‍ക്കെതിരെ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്-കര്‍ഷക കൂട്ടായ്മ കുറ്റപ്പെടുത്തി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പദ്ധതിവിഹിതമായി കൈമാറിയ കോടികള്‍ പോലും ഫലപ്രദമായി വിനിയോഗിച്ച് സോളാര്‍ തൂക്ക് ഫെന്‍സിങ്ങ് സമയബന്ധിതമായി നിര്‍മ്മിക്കുന്ന കാര്യത്തില്‍ പോലും ഉദാസീനതയാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. പലഗ്രൂപ്പുകളിലായി വിവിധ ഭാഗങ്ങളില്‍ കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ ഓടിക്കാന്‍ പരിമിതമായ ആര്‍.ആര്‍.ടി ടീമാണ് നിലവിലുള്ളത്. അത് ശക്തിപ്പെടുത്തണം. ബോവിക്കാനത്ത് ഒരു ഫോറസ്റ്റ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള ആനക്കാര്യം കൂട്ടായ്മയുടെ വര്‍ഷങ്ങളായുള്ള ആവശ്യവും നിരാകരിക്കുന്നതാണ് നിലവിലെ സാഹചര്യം. ശക്തമായ പ്രതിഷേധമാണ് ഈ മേഖലയിലെ ജനങ്ങള്‍ക്കുള്ളത്. ഡ്രോണ്‍, റേഡിയോ കോളര്‍ പോലുള്ള ആധുനിക സംവിധാനങ്ങള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ശക്തമായ സമരരംഗത്തേക്ക് കടക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കൂട്ടായ്മ വ്യക്തമാക്കി.
കര്‍ഷകരോട് കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് 21ന് ആനക്കാര്യം കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിദ്യാനഗറിലെ ജില്ലാ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
പത്രസമ്മേളനത്തില്‍ സി. രാമകൃഷ്ണന്‍, ടി. ഗോപിനാഥന്‍ നായര്‍, സുരേഷ് ബാബു കെ, കൃഷ്ണരാജ് ഇ.ബി, സുനില്‍ കുമാര്‍ കര്‍മംതൊടി, ഗംഗാധരന്‍ സംബന്ധിച്ചു.