ന്യൂഡല്‍ഹി: ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനിക്ക് ഭാരതരത്ന.
പ്രധാനമന്ത്രി നരേന്ദ്രമോഡി എക്സ് പ്ലാറ്റ് ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അദ്വാനിയോട് ഇക്കാര്യം അറിയിച്ചതായും ആശംസകള്‍ നേര്‍ന്നതായും പ്രധാനമന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.
96-ാം വയസിലാണ് പരമോന്നത സിവിലിയന്‍ ബഹുമതി അദ്വാനിയെ തേടിയെത്തിയത്. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു അദ്വാനി. 1970 മുതല്‍ 2019 വരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമായിരുന്നു. താഴേത്തട്ട് മുതല്‍ ഉപപ്രധാനമന്ത്രി എന്ന നിലയില്‍ വരെ രാഷ്ട്രത്തെ സേവിച്ച ജീവിതമാണ് അദ്വാനിയുടേതെന്നും മോദി പറഞ്ഞു. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ഇടപെടലുകള്‍ മാതൃകാപരവും ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞതുമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.