വെങ്കിടരാജ പുണിഞ്ചിത്തായ: ത്രിഭാഷാബന്ധം വളര്‍ത്തിയ ഗവേഷകന്‍...

വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന നോവല്‍, നന്നജ്ജനിഗെ ഒന്താനയിത്തു എന്ന പേരില്‍ കന്നഡയിലേയ്ക്ക് മൊഴിമാറ്റിയ ആള്‍ എന്ന പേരിലാണ് തുളു-കന്നഡ-മലയാള ഭാഷകള്‍ തമ്മിലുള്ള ബന്ധം ഊട്ടിവളര്‍ത്തിയ ഗവേഷകനും വിവര്‍ത്തകനുമായിരുന്ന വിദ്വാന്‍ പി. വെങ്കിടരാജ പുണിഞ്ചിത്തായ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പിന്നീടദ്ദേഹം രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈയുടെ ലഘുജീവചരിത്രം മലയാളികള്‍ക്ക് തന്നു. അത്യുത്തര കേരളീയനായ, തുളു മാതൃഭാഷക്കാരനായ ഇദ്ദേഹം ശേഷിച്ച കാലമത്രയും തുളുവിന്റെ സമുദ്ധാരകനായി മാറുന്നതാണ് നാട് കണ്ടത്.സ്വന്തമായി ലിപിയില്ലെന്നും പ്രൗഢ സാഹിത്യമില്ലെന്നും ആക്ഷേപിക്കപ്പെട്ട്, കേവലം പ്രാചീന വാമൊഴി […]


വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന നോവല്‍, നന്നജ്ജനിഗെ ഒന്താനയിത്തു എന്ന പേരില്‍ കന്നഡയിലേയ്ക്ക് മൊഴിമാറ്റിയ ആള്‍ എന്ന പേരിലാണ് തുളു-കന്നഡ-മലയാള ഭാഷകള്‍ തമ്മിലുള്ള ബന്ധം ഊട്ടിവളര്‍ത്തിയ ഗവേഷകനും വിവര്‍ത്തകനുമായിരുന്ന വിദ്വാന്‍ പി. വെങ്കിടരാജ പുണിഞ്ചിത്തായ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പിന്നീടദ്ദേഹം രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈയുടെ ലഘുജീവചരിത്രം മലയാളികള്‍ക്ക് തന്നു. അത്യുത്തര കേരളീയനായ, തുളു മാതൃഭാഷക്കാരനായ ഇദ്ദേഹം ശേഷിച്ച കാലമത്രയും തുളുവിന്റെ സമുദ്ധാരകനായി മാറുന്നതാണ് നാട് കണ്ടത്.സ്വന്തമായി ലിപിയില്ലെന്നും പ്രൗഢ സാഹിത്യമില്ലെന്നും ആക്ഷേപിക്കപ്പെട്ട്, കേവലം പ്രാചീന വാമൊഴി ഭാഷയായി ഇകഴ്ത്തപ്പെട്ട്, മൂലയ്ക്കിരുത്തിയ തുളു ഭാഷയ്ക്ക് പുനരുജ്ജീവനം സാധ്യമാക്കിയ, ഗവേഷക തപസ്വിയായിരുന്നു വിദ്വാന്‍ പി. വെങ്കിടരാജ പുണിഞ്ചിത്തായ.
പഞ്ചദ്രാവിഡ ഭാഷകളില്‍ വെച്ച് ഏറെ പഴക്കമുള്ള തുളുവിന് ആ ഭാഷയുടെ ആരംഭകാലം മുതല്‍ക്കു തന്നെ സ്വന്തം ലിപിയുണ്ടെന്നും ഇതിഹാസങ്ങളും പുരാണങ്ങളുമടക്കം എല്ലാ സാഹിത്യരൂപങ്ങളും അതില്‍ രചിക്കപ്പെട്ടിട്ടുണ്ടെന്നും പുണിഞ്ചിത്തായ സ്ഥാപിച്ചു. തുളുവിന് 15-ാം നൂറ്റാണ്ട് തൊട്ടിങ്ങോട്ട് ചരിത്രമുണ്ടെന്നും അദ്ദേഹം തെളിയിച്ചു.
അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി നിരവധി തുളു കൃതികള്‍ വെളിച്ചം കണ്ടു. കര്‍ണാടകയില്‍ തുളു ലിപിയില്‍ തന്നെ സ്‌കൂള്‍-കോളേജ് തലങ്ങളില്‍ തുളുഭാഷ പാഠ്യവിഷയമായി. ഒപ്പം അച്ചടി ലിപിയും വികസിപ്പിച്ചെടുത്തു.
വയലുകളില്‍ നാട്ടിപ്പണികളിലേര്‍പ്പെട്ട, കീഴാള ഗ്രാമീണ സ്ത്രീകള്‍ ഈണത്തിലും വൈകാരികമായും പാടുന്ന, പാഡ്ദണകളില്‍ ആകൃഷ്ടനായാണ് പുണിഞ്ചിത്തായ തുളുവിന്റെ ചരിത്രം തേടിയിറങ്ങുന്നത്. അത് പതിനാറാം നൂറ്റാണ്ടില്‍ വിഷ്ണുതുംഗ എന്ന കവിയാല്‍ വിരചിതമായ തുളു മഹാകാവ്യം ശ്രീ ഭാഗവതോ എന്ന തുളുലിപിയിലും ഭാഷയിലുമുള്ള താളിയോല ഗ്രന്ഥം കണ്ടെടുക്കുന്നതിലേയ്ക്ക് വരെ എത്തിച്ചു. മധൂരിലെ ശിവനാരായണ സരളായയുടെ വീട്ടില്‍ നിന്നാണ് അവര്‍ പൈതൃകമായി സൂക്ഷിച്ചു വന്ന ആ അമൂല്യഗ്രന്ഥം കണ്ടെടുത്തത്.
കോഴിക്കോട് യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ ലിപിയും ഭാഷയുമറിയാതെ കിടന്നിരുന്ന താളിയോല ഗ്രന്ഥം തുളുമഹാകാവ്യമായ കാവേരിയാണെന്ന് പുണിഞ്ചിത്തായ തിരിച്ചറിഞ്ഞു. കാവേരി നദിയുടെ ഉത്ഭവവും മഹത്വവും ഛന്ദസ്സിലും മനോഹരമായ ശൈലിയിലും വര്‍ണിച്ചെഴുതുന്ന ഈ കൃതിയുടെ ആദ്യത്തെയും അവസാനത്തെയും സ്‌കന്ദങ്ങള്‍ നഷ്ടപ്പെട്ടു പോയിരുന്നു. അതിനാല്‍ കര്‍ത്താവും കാലവും അറിയാനായില്ല.
പതിനാറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്ന് കണക്കാക്കുന്ന തുളു ഗദ്യഗ്രന്ഥം ദേവീമാഹാത്മ്യവും പുണിഞ്ചിത്തായ കണ്ടെടുത്തു. ശിവള്ളി ബ്രാഹ്മണരിലെ ഒരു വിഭാഗമായ തെങ്കില്ലായയില്‍ പെട്ടയാളാണ് ഗ്രന്ഥകര്‍ത്താവ് എന്ന് അനുമാനിക്കുന്നു. ശരിയായ പേര് അറിവായിട്ടില്ല. കവി കാസര്‍കോട് മുട്ടത്തൊടി വില്ലേജിലെ ബാരിക്കാടില്‍ ജീവിച്ചിരുന്നതായി വിവരമുണ്ട്.
തുളു ലിപിയിലും ഭാഷയിലും എഴുതിയ ശ്രീ മഹാഭാരതം ദക്ഷിണ കര്‍ണാടകയിലെ പുത്തൂരില്‍ നിന്നാണ് കണ്ടെടുത്തത്. അരുണാബ്ജ എന്ന കവി പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇത് രചിച്ചത്. ഇതോടൊപ്പം ത്രുടിത കര്‍ണപര്‍വോ എന്ന കൃതിയും പുണിഞ്ചിത്തായ കണ്ടെത്തി. ഇത് കേരള തുളു അക്കാദമി പ്രസിദ്ധീകരിക്കുകയുണ്ടായി.
നാട്ടുവൈദ്യത്തെ കുറിച്ചുള്ള ഒരു തുളു താളിയോലഗ്രന്ഥവും ഇക്കാലത്തു തന്നെ ലഭ്യമായി. തുളുവിലെ നിരവധി പാഡ്ദണകള്‍, നാടന്‍ പാട്ടുകള്‍, നാടോടിക്കഥകള്‍, പദങ്ങള്‍, ആയുര്‍വേദ ഗ്രന്ഥങ്ങള്‍, ജ്യോതിഷഗ്രന്ഥങ്ങള്‍, ചരിത്രഗ്രന്ഥങ്ങള്‍, പുരാവസ്തുക്കള്‍, ശിലാലിഖിതങ്ങള്‍ എന്നിവയെല്ലാം പുണിഞ്ചിത്തായ കണ്ടെത്തി സമാഹരിക്കുകയും വ്യാഖ്യാന സഹിതം പ്രസിദ്ധീകരിക്കുകയും ചെയ്തു.
കന്നഡയിലും തുളുവിലും ധാരാളം കവിതകള്‍ എഴുതി. ഏതാനും കൃതികള്‍ കേരളത്തിലും കര്‍ണാടകയിലും സ്‌കൂള്‍ -കോളേജ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടു. കേരള-കര്‍ണാടക തുളു അക്കാദമികളുടെ ചെയര്‍മാനായി.
ഉഡുപ്പിയിലെ ഗോവിന്ദ പൈ ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച തുളു ലെക്‌സിക്കണിലേയ്ക്ക് കാസര്‍കോട് പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് വാക്കുകള്‍ അദ്ദേഹം ശേഖരിച്ചു നല്‍കി. നല്ലൊരു നടനും ഗായകനും യക്ഷഗാന പണ്ഡിതനും കൂടിയായിരുന്നു പുണിഞ്ചിത്തായ.
എതിര്‍ത്തോട് മൊഗേറ കോളനിയിലെ പക്രി എന്ന വയോവൃദ്ധനില്‍ നിന്ന് കേട്ടറിഞ്ഞ വ്യത്യസ്തമായ രാമായണ കഥ പക്രി രാമായണം എന്ന പേരില്‍ രേഖപ്പെടുത്തി.
അമേരിക്കക്കാരിയായ ജൂലിയാ ഡീന്‍, ഇറ്റലിക്കാരി മെരിയാ ബ്രൂണാ സിരബെല്ല, ജര്‍മന്‍കാരന്‍ ബ്രൂക്‌നര്‍ എന്നീ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കടക്കം ധാരാളം പേര്‍ക്ക് പുണിഞ്ചിത്തായ ഭാഷാ-സംസ്‌ക്കാര പഠനങ്ങള്‍ക്ക് മാര്‍ഗദര്‍ശകനായി. സി. രാഘവന്‍ മാസ്റ്റര്‍ ഉള്‍പെടെയുള്ള നിരവധി മലയാളി എഴുത്തുകാര്‍ക്ക് തുളു പഠനത്തിന് പുണിഞ്ചിത്തായയുടെ സംഭാവനകള്‍ വഴിവെളിച്ചമായി.
പുണിഞ്ചിത്തായയുടെ ഗവേഷണ ലേഖനങ്ങള്‍ മഹാജനപദ എന്ന പേരില്‍ ഉഡുപ്പി ഗോവിന്ദ പൈ ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിരവധി കലാകാരന്മാരും പണ്ഡിതരും പിറന്ന പൈക്ക പുണ്ടൂര്‍ തറവാട്ടില്‍ 1936 ഒക്ടോബര്‍ 10നാണ് വെങ്കിടരാജ പുണിഞ്ചിത്തായ ജനിച്ചത്. ദാമോദര പുണിഞ്ചിത്തായ-സരസ്വതി ദമ്പതികളുടെ മകനാണ്. പുണിഞ്ചിത്തായയുടെ ജന്മദിനം ലോക തുളുദിനമായി കൊണ്ടാടുന്നു. കര്‍ണാടക തുളു അക്കാദമിയുടെ നിര്‍ദ്ദേശപ്രകാരമാണത്.
അഗല്‍പ്പാടി ശ്രീ അന്നപൂര്‍ണേശ്വരി സംസ്‌കൃത പാഠശാല, നീര്‍ച്ചാല്‍ മഹാജന സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച പുണിഞ്ചിത്തായ, സംസ്‌കൃത സാഹിത്യ ശിരോമണി, കന്നഡ വിദ്വാന്‍ ബിരുദങ്ങള്‍ നേടി. തുടര്‍ന്ന് മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ. കന്നഡ ബിരുദവും മദ്രാസ് ആയുരാരോഗ്യ ഐശ്വര്യ ആശ്രമത്തില്‍ നിന്ന് പണ്ഡിതരത്‌നം ബഹുമതിയും നേടി. മംഗലാപുരം സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. മലയാളം സ്വന്തം പരിശ്രമത്താല്‍ പഠിച്ചു. ആയുര്‍വേദവും നാട്ടുവൈദ്യവും പിതാവില്‍ നിന്ന് പഠിച്ചു. മൈസൂരിലെ വിവേകം മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. കുടകിലെ പുരാണെ ഹൈസ്‌കൂളില്‍ ഒരു വര്‍ഷം പഠിപ്പിച്ചു. 1961 മുതല്‍ വിരമിക്കുന്നതു വരെ എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കന്നഡ അധ്യാപകനായിരുന്നു.
മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക സമിതി അംഗവും കാസര്‍കോട് ഹിസ്റ്ററി സൊസൈറ്റി ഉപാധ്യക്ഷനും ആയിരുന്നു. കേരള-കര്‍ണാടക പാഠപുസ്തക സമിതി, കേരള സ്റ്റേറ്റ് ആര്‍ക്കീവ് ഡിപാര്‍ട്ട്‌മെന്റിലെ റീജിയണല്‍ റിക്കാര്‍ഡ് സര്‍വെ കമ്മിറ്റി അംഗം, ഉഡുപ്പി ആയുര്‍വേദ കോളേജ് നാട്ടുവൈദ്യ ഗവേഷണ കേന്ദ്രം അംഗം, കാസര്‍കോട് താലൂക്ക് കന്നഡ എഴുത്തുകാര്‍ സംഘടനാ സെക്രട്ടറി തുടങ്ങി ഒട്ടേറെ സ്ഥാനങ്ങളില്‍ അദ്ദേഹം തിളങ്ങി. ആലഡെ എന്ന തുളു കാവ്യം ഏറെ പ്രശസ്തമാണ്. ദേശീയ അധ്യാപക അവാര്‍ഡടക്കം വലുതും ചെറുതുമായ അനവധി പുരസ്‌ക്കാരങ്ങള്‍ വെങ്കിടരാജ പുണിഞ്ചിത്തായയെ തേടിയെത്തി.
ഭൂതക്കണ്ണാടി വെച്ച് താളിയോലകളും ശിലാലിഖിതങ്ങളും മറ്റും സൂക്ഷ്മമായി വായിച്ചതിന്റെ ഫലമായി അവസാന കാലത്ത് അദ്ദേഹത്തിന് കാഴ്ച നഷ്ടമായിരുന്നു. പത്‌നി വനിത, പുണിഞ്ചിത്തായയുടെ പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടായിരുന്നു. മൂന്ന് മക്കള്‍. എല്ലാവരും സാഹിത്യതത്പരര്‍.
കാസര്‍കോട്, മംഗലാപുരം, ഉഡുപ്പി ജില്ലകള്‍ അടങ്ങുന്ന തുളുനാട്ടില്‍ അങ്ങിങ്ങ് തുളുലിപിയിലുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തമിഴ്, തെലുഗ്, കന്നഡ, മലയാളം, തുളു എന്നീ പഞ്ചദ്രാവിഡ ഭാഷകളില്‍ തുളുവിന് മലയാളത്തോടുള്ള വലിയ അടുപ്പത്തെക്കുറിച്ച് അദ്ദേഹം അന്വേഷണം നടത്തിയിരുന്നു. തുളു ലിപിയില്‍ 26 എണ്ണത്തിന് മലയാള ലിപിയുമായുള്ള സാമ്യവും അദ്ദേഹം പരിശോധിച്ചിരുന്നു.
വെങ്കിടരാജ പുണിഞ്ചിത്തായ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞിട്ട് 2023 ജൂലായ് 13ന് 11 വര്‍ഷം പിന്നിട്ടു. സാഹിത്യം, സംസ്‌ക്കാരം, ചരിത്രം, അധ്യാപനം, വിവര്‍ത്തനം എന്നീ മേഖലകളിലെല്ലാം വിശ്രമമെന്തെന്നറിയാതെ വ്യാപരിച്ച ആ സാര്‍ത്ഥക ജീവിതത്തിന് 77-ാം വയസിലാണ് കാസര്‍കോട് ബെള്ളൂര്‍ അയിത്തനടുക്കത്തെ ഗായത്രി എന്നു പേരായ വീട്ടില്‍ വിരാമമായത്.


-രവീന്ദ്രന്‍ പാടി

Related Articles
Next Story
Share it