വായിക്കാം ഖാസാക്കിന്റ ഇതിഹാസം

മലയാള നോവല്‍ സാഹിത്യത്തിലെ നിര്‍ണ്ണായക വഴിത്തിരിവെന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം'. പ്രമേയപരവും ഭാഷാപരവുമായ ഔന്നത്യമാണ് ഈ കൃതിയെ ഇതര നോവലുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. 1968-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ഈ കൃതി 1969-ലാണ് പുസ്‌കമാവുന്നത്. പാലക്കാടന്‍ ചുരത്തിന്റെ താഴ്‌വരയില്‍ സ്ഥിതിചെയ്യുന്ന തസ്രാക്ക് എന്ന പരിഷ്‌കാരം ഒട്ടും തീണ്ടിയിട്ടില്ലാത്ത ഗ്രാമത്തിന്റെ നേര്‍ പതിപ്പാണ് നോവലിലെ ഖസാക്ക്. ഖസാക്കെന്ന സാങ്കല്‍പിക ഗ്രാമത്തില്‍ ഒരേകാധ്യാപക വിദ്യാലയത്തിലെ അധ്യാപകനായി വരുന്ന രവിയാണ് ഇതിലെ കേന്ദ്രകഥാപാത്രം. രവിയുടെ ജീവിതം പടര്‍ന്നുകയറുന്നതും […]

മലയാള നോവല്‍ സാഹിത്യത്തിലെ നിര്‍ണ്ണായക വഴിത്തിരിവെന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം'. പ്രമേയപരവും ഭാഷാപരവുമായ ഔന്നത്യമാണ് ഈ കൃതിയെ ഇതര നോവലുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
1968-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ഈ കൃതി 1969-ലാണ് പുസ്‌കമാവുന്നത്. പാലക്കാടന്‍ ചുരത്തിന്റെ താഴ്‌വരയില്‍ സ്ഥിതിചെയ്യുന്ന തസ്രാക്ക് എന്ന പരിഷ്‌കാരം ഒട്ടും തീണ്ടിയിട്ടില്ലാത്ത ഗ്രാമത്തിന്റെ നേര്‍ പതിപ്പാണ് നോവലിലെ ഖസാക്ക്. ഖസാക്കെന്ന സാങ്കല്‍പിക ഗ്രാമത്തില്‍ ഒരേകാധ്യാപക വിദ്യാലയത്തിലെ അധ്യാപകനായി വരുന്ന രവിയാണ് ഇതിലെ കേന്ദ്രകഥാപാത്രം. രവിയുടെ ജീവിതം പടര്‍ന്നുകയറുന്നതും വേരറ്റു വീഴുന്നതും എല്ലാം ഈ ഗ്രാമത്തിലാണ്.
ജീവിതത്തെ നിരര്‍ത്ഥകമായി കാണുന്ന ഒരു കൂട്ടം മനുഷ്യരെയാണ് ഖസാക്കിന്റെ ഇതിഹാസത്തില്‍ കാണാനാവുക. കൂമന്‍ കാവില്‍ ബസ് ചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കടിയില്‍ നാലഞ്ച് ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം എന്ന ഹൃദയസ്പര്‍ശിയായ വരികളിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്.
ഉന്തി നിന്ന ചുണ്ടുകളും പിഞ്ഞാണം പോലെ മങ്ങിയ കണ്ണുകളും ഒരു മുക്കാല്‍ മനുഷ്യന്റെ ഉടലും മുരടിച്ചു പോയ കൈകളും ഒരു കുട്ടിയുടെ വലുപ്പവുമുള്ള അപ്പുക്കിളി അപ്പുക്കിളിയെ വിദ്യാലയത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന മാധവന്‍ നായര്‍, അള്ളാപ്പിച്ചാ മൊല്ലാക്ക, ശിവരാമന്‍ നായര്‍, കുപ്പുവച്ചന്‍ നൈസാമലി, മൈമൂന, പത്മ, കൊച്ചുസൊഹറ തുടങ്ങി ഉജ്ജ്വലമായ കഥാപാത്രങ്ങള്‍ ഈ നോവലിലുണ്ട്. വഴിയമ്പലം തേടി, തിരിച്ചുവരവ്, പുരോഹിതന്‍ ഖസാക്കിലെ സുന്ദരി തുടങ്ങി 28 അധ്യായങ്ങളിലായാണ് ഖസാക്കിന്റെ ഇതിഹാസം ഒ.വി.വിജയന്‍ രചിച്ചത്. ഗ്രാമത്തിന്റെ പെരുമയും ഒരുമയും കാത്തുസൂക്ഷിക്കുന്ന മതസൗഹാര്‍ദ്ദം, ഗ്രാമീണരെ തീരാദു:ഖത്തിലാഴ്ത്തിയ വസൂരിയുടെ താണ്ഡവം, കൊടിയ വരള്‍ച്ച, പ്രിയപ്പെട്ടവരുടെ മരണം, അഹോരാത്രം പെയ്യുന്ന മഴ എന്നിവയെല്ലാം ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നു.
മഴ പെയ്യുന്നു. മഴ മാത്രമേയുള്ളൂ. ആരോഹണമില്ലാതെ, അവരോഹണമില്ലാതെ, കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞു കിടന്നു. അയാള്‍ ചിരിച്ചു. അനാദിയായ മഴ വെള്ളത്തിന്റെ സ്പര്‍ശം. ചുറ്റും പുല്‍ക്കൊടി മുളപൊട്ടി.
രോമ കൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു. മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി. ബസ്സ് വരാനായി രവി കാത്തുകിടന്നു.
നോവല്‍ ഇങ്ങനെ അവസാനിക്കുമ്പോള്‍ രചനാഭാഗിയുടേയും പ്രമേയ ഗരിമയുടേയും ഭാഷാസൗന്ദര്യത്തിന്റെയും അതിനൂതന ലോകമാണ് ഒ.വി.വിജയന്‍ അനുവാചകന്റെ മുന്നില്‍ തുറന്നുവയ്ക്കുന്നത്.
കരിമ്പനകളും നെല്‍പാടങ്ങളും നിറഞ്ഞ, മിത്തുകളും ചരിത്രവുമുറങ്ങുന്ന പാലക്കാട് ജില്ലയില്‍ 1931-ലാണ് ഒ.വി.വിജയന്‍ ജനിച്ചത്.
കഥാകൃത്ത്, നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്, ഉപന്യാസകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായി. ഖസാക്കിന്റെ ഇതിഹാസത്തിന് പുറമെ ധര്‍മ്മപുരാണം, ഗുരുസാഗരം, പ്രവാചകന്റെ വഴി, മധുരം ഗായതി, തലമുറകള്‍ എന്നീ നോവലുകളും കടല്‍ത്തീരത്ത്, അശാന്തി, കാറ്റ് പറഞ്ഞ കഥ, തുടങ്ങിയ കഥാസമാഹരങ്ങളും, ഘോഷയാത്രയില്‍ തനിയെ, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മ തുടങ്ങിയ ലേഖനസമാഹാരങ്ങളും അദ്ദേഹത്തിന്റെതായുണ്ട്.

-ഡോ.പി.കെ ജയരാജന്‍ കാനാട്

Related Articles
Next Story
Share it