പട്ടികവര്‍ഗ്ഗ കോളനികളിലെ പ്രശ്‌നങ്ങള്‍ അടുത്തറിഞ്ഞ് വനിതാ കമ്മീഷന്‍; കുറ്റിക്കോല്‍ പഞ്ചായത്തില്‍ ക്യാമ്പിന് തുടക്കമായി

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നടത്തുന്ന ക്യാമ്പിന് തുടക്കമായി. ആദ്യദിനം വനിതാ കമ്മീഷന്‍ അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്തിലുള്ള സംഘം കുറ്റിക്കോല്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ ഊരുകളായ മാണിമൂല, നരമ്പില കണ്ടം, മാനടുക്കം എന്നിവ സന്ദര്‍ശിച്ചു. തുടര്‍ന്ന് പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ക്ഷേമ പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിന് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു. രണ്ടു ദിനങ്ങള്‍ ആയി സംഘടിപ്പിക്കുന്ന ക്യാമ്പ് ഞായറാഴ്ച്ച രാവിലെ […]

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നടത്തുന്ന ക്യാമ്പിന് തുടക്കമായി. ആദ്യദിനം വനിതാ കമ്മീഷന്‍ അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്തിലുള്ള സംഘം കുറ്റിക്കോല്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ ഊരുകളായ മാണിമൂല, നരമ്പില കണ്ടം, മാനടുക്കം എന്നിവ സന്ദര്‍ശിച്ചു. തുടര്‍ന്ന് പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ക്ഷേമ പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിന് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു. രണ്ടു ദിനങ്ങള്‍ ആയി സംഘടിപ്പിക്കുന്ന ക്യാമ്പ് ഞായറാഴ്ച്ച രാവിലെ 10ന് കുറ്റിക്കോല്‍ വ്യാപാരി വ്യവസായി സമിതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറോടു കൂടി സമാപിക്കും. സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അടിയന്തരമായി അതിന് പരിഹാരം കാണുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുന്നതിനാണ് രണ്ടു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പട്ടികവര്‍ഗ്ഗ കോളനികളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേരള വനിതാ കമ്മീഷന്‍ ഇടപ്പെടുമെന്ന് വനിതാ കമ്മീഷന്‍ അംഗം പി.കുഞ്ഞായിഷ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പല പദ്ധതികളും പട്ടികവര്‍ഗ്ഗ മേഖലകളിലേക്ക് കൃത്യമായി എത്തിച്ചേരുന്നില്ലെന്ന് കോളനി സന്ദര്‍ശനത്തില്‍ മനസിലായെന്നും അഡ്വ.പി. കുഞ്ഞായിഷ പറഞ്ഞു. കുറ്റിക്കോല്‍ പഞ്ചായത്തിലെ മാണിമൂല, നരമ്പില കണ്ടം, മാനടുക്കം എന്നീ കോളനികളാണ് ക്യാമ്പിന്റെ ഭാഗമായി സന്ദര്‍ശിച്ചത്. ഈ കോളനികളുടെ വികസനത്തിനായി പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. കോളനി സന്ദര്‍ശനത്തിലൂടെ പട്ടികവര്‍ഗ്ഗ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തി. മാണിമൂല തട്ട് കോളനിയില്‍ കുടിവെള്ള പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും. കുടിവെള്ള പ്രശ്‌നം കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനവുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കുഞ്ഞായിഷ പറഞ്ഞു. നരമ്പിലക്കണ്ടം കോളനിയില്‍ പട്ടയ പ്രശ്‌നമുള്ളതിനാല്‍ വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. വനിതാ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കും.
മാണിമൂല തട്ടു കോളനിയില്‍ രണ്ടു വീടുകളാണ് സന്ദര്‍ശിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ ഭര്‍ത്താവ് നഷ്ടപ്പെട്ട് രണ്ടു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുമായി അമ്മയുടെ തണലില്‍ കഴിയുന്ന ജി.കാര്‍ത്തികയുടെ വീടും, വളരെക്കാലമായി ചികിത്സയില്‍ കഴിയുന്ന കെ.കമലയുടെ വീടും. ഇരുവരുടെയും പ്രശ്നങ്ങള്‍ വനിതാ കമ്മീഷന്‍ ചോദിച്ചറിഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ പെന്‍ഷന്‍ പദ്ധതികളെക്കുറിച്ച് ഇരുവര്‍ക്കും വിശദീകരിച്ചു കൊടുത്തു.
നരമ്പില കണ്ടം കോളനിയില്‍ മൂന്നു വീടുകളാണ് സന്ദര്‍ശിച്ചത്. തങ്കമണിയുടെ ഭര്‍ത്താവ് ഡയാലിസിസ് രോഗിയാണ്. പട്ടയം നഷ്ടപ്പെട്ടതുമൂലം വീടിന് അപേക്ഷിക്കാന്‍ സാധിക്കുന്നില്ല. പട്ടയം ലഭിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ വനിതാ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും അവര്‍ക്ക് ഉറപ്പു നല്‍കി. കൂടാതെ അല്‍ഷിമേഴ്‌സ് രോഗിയായ മുടന്തച്ചി, കൈമച്ചി എന്നിവരുടെ വീടുകളും വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു. മാനടുക്കം കോളനിയില്‍ സരോജിനി, ലക്ഷ്മി, കോര്‍പാള്ളു എന്നിവരുടെ വീടുകള്‍ വനിത കമ്മീഷന്‍ സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പല പദ്ധതികളെ കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവരോട് വിശദീകരിച്ചു.
വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ.പി.കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍.ദിവ്യ, കമ്മീഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മണിലാല്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, വൈസ് പ്രസിഡണ്ട് ശോഭനകുമാരി, മെമ്പര്‍മാരായ കെ.കുഞ്ഞിരാമന്‍, നാരായണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോളനി സന്ദര്‍ശിച്ചത്.

Related Articles
Next Story
Share it