തളങ്കരയ്ക്ക് വിലപ്പെട്ട രണ്ട് നഷ്ടങ്ങള്‍
കോവിഡിന്റെ കറുത്ത കൈകള്‍ എല്ലായിടത്തേക്കും നീളുകയാണ്. സുരക്ഷിതത്വത്തിന്റെ വേലിക്കെട്ടുകളെ തകര്‍ത്തുപോലും കോവിഡ് താണ്ഡവം തുടരുന്നതിന്റെ അടയാളങ്ങളാണ് വീട്ടിലടച്ചിരിക്കുന്നവരുടെ ജീവന്‍പോലും കവര്‍ന്നെടുക്കപ്പെടുന്ന സംഭവങ്ങളുടെ ആവര്‍ത്തനം. തളങ്കരക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയോടടുത്ത നേരത്തായിരുന്നു കെ.എസ് മുഹമ്മദ് ഹബീബുല്ല ഹാജിയുടെ വേര്‍പാട്. തളങ്കര ശോകമൂകമായിരുന്നു. ആ ആഘാതത്തില്‍ നോവുകയായിരുന്ന നെഞ്ചിലേക്കാണ് മറ്റൊരു ഇടിത്തിപോലെ മുക്രി ഇബ്രാഹിം ഹാജിയുടെ വിയോഗ വാര്‍ത്ത ഇന്ന് രാവിലെ എത്തുന്നത്. ഹബീബുല്ല ഹാജി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുമായി ഏറെക്കാലമായി വീട്ടില്‍ വിശ്രമത്തിലായിരുന്നുവെങ്കില്‍, […]
കോവിഡിന്റെ കറുത്ത കൈകള്‍ എല്ലായിടത്തേക്കും നീളുകയാണ്. സുരക്ഷിതത്വത്തിന്റെ വേലിക്കെട്ടുകളെ തകര്‍ത്തുപോലും കോവിഡ് താണ്ഡവം തുടരുന്നതിന്റെ അടയാളങ്ങളാണ് വീട്ടിലടച്ചിരിക്കുന്നവരുടെ ജീവന്‍പോലും കവര്‍ന്നെടുക്കപ്പെടുന്ന സംഭവങ്ങളുടെ ആവര്‍ത്തനം. തളങ്കരക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയോടടുത്ത നേരത്തായിരുന്നു കെ.എസ് മുഹമ്മദ് ഹബീബുല്ല ഹാജിയുടെ വേര്‍പാട്. തളങ്കര ശോകമൂകമായിരുന്നു. ആ ആഘാതത്തില്‍ നോവുകയായിരുന്ന നെഞ്ചിലേക്കാണ് മറ്റൊരു ഇടിത്തിപോലെ മുക്രി ഇബ്രാഹിം ഹാജിയുടെ വിയോഗ വാര്‍ത്ത ഇന്ന് രാവിലെ എത്തുന്നത്. ഹബീബുല്ല ഹാജി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുമായി ഏറെക്കാലമായി വീട്ടില്‍ വിശ്രമത്തിലായിരുന്നുവെങ്കില്‍, […]
കോവിഡിന്റെ കറുത്ത കൈകള്‍ എല്ലായിടത്തേക്കും നീളുകയാണ്. സുരക്ഷിതത്വത്തിന്റെ വേലിക്കെട്ടുകളെ തകര്‍ത്തുപോലും കോവിഡ് താണ്ഡവം തുടരുന്നതിന്റെ അടയാളങ്ങളാണ് വീട്ടിലടച്ചിരിക്കുന്നവരുടെ ജീവന്‍പോലും കവര്‍ന്നെടുക്കപ്പെടുന്ന സംഭവങ്ങളുടെ ആവര്‍ത്തനം. തളങ്കരക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയോടടുത്ത നേരത്തായിരുന്നു കെ.എസ് മുഹമ്മദ് ഹബീബുല്ല ഹാജിയുടെ വേര്‍പാട്. തളങ്കര ശോകമൂകമായിരുന്നു. ആ ആഘാതത്തില്‍ നോവുകയായിരുന്ന നെഞ്ചിലേക്കാണ് മറ്റൊരു ഇടിത്തിപോലെ മുക്രി ഇബ്രാഹിം ഹാജിയുടെ വിയോഗ വാര്‍ത്ത ഇന്ന് രാവിലെ എത്തുന്നത്.
ഹബീബുല്ല ഹാജി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുമായി ഏറെക്കാലമായി വീട്ടില്‍ വിശ്രമത്തിലായിരുന്നുവെങ്കില്‍, ഇബ്രാഹിം ഹാജി അങ്ങനെയായിരുന്നില്ല. നല്ല അരോഗ ദൃഢഗാത്രനായി, ചടുലതമാറാത്ത പ്രസരിപ്പുമായി അടുത്തിടെവരെ എല്ലാ മേഖലകളിലും സജീവമായിരുന്നു അദ്ദേഹം.
പ്രമുഖ വ്യവസായിയും മാലിക് ദീനാര്‍ ചാരിറ്റബിള്‍ ആസ്പത്രി ചെയര്‍മാനുമായിരുന്ന കെ.എസ് അബ്ദുല്ലഹാജിയുടേയും നഗരസഭാ മുന്‍ ചെയര്‍മാനും മുസ്ലിംലീഗിന്റെ നേതാവുമായിരുന്ന കെ.എസ് സുലൈമാന്‍ ഹാജിയുടേയും സഹോദരനായിരുന്ന ഹബീബുല്ല ഹാജി നിരവധിപേര്‍ക്ക് തൊഴില്‍ ആശ്രയമായിരുന്ന ഇസ്ലാമിയ ടൈല്‍ കമ്പനിയുടെ അമരക്കാരനെന്ന നിലയിലുമായിരുന്നു ഒരുകാലത്ത് ശ്രദ്ധനേടിയിരുന്നത്. പിന്നീടദ്ദേഹം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടേയും ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ദീനി പ്രവര്‍ത്തന മേഖലയില്‍ എന്നും നിറഞ്ഞുനിന്നിരുന്ന അദ്ദേഹം പണ്ഡിതന്മാരും സയ്യിദന്‍മാരുമായി വലിയ അടുപ്പമാണ് എല്ലായിപ്പോഴും സ്ഥാപിച്ചിരുന്നത്. സമൃദ്ധിയുടേയും പ്രൗഡിയുടേയും നല്ല നാളുകളില്‍ ഹബീബുല്ല ഹാജിയുടെ വലിയ സഹായങ്ങള്‍ എല്ലാ മേഖലകളിലേക്കും എത്തിയിരുന്നു. അദ്ദേഹം താല്‍പര്യപ്പെട്ട് രണ്ട് പുസ്തകങ്ങള്‍ ഇറക്കിയിരുന്നുവെന്ന കാര്യം അധികമാര്‍ക്കും അറിയാനിടയില്ല. 'റമദാന്റെ റഹ്‌മത്തുകള്‍' എന്ന പേരിലാണ് ഒരു പുസ്തകം ഇറങ്ങിയത്. അത് എഡിറ്റ് ചെയ്ത് രൂപകല്‍പന തയ്യാറാക്കാനുള്ള ഭാഗ്യമുണ്ടായത് എനിക്കാണ്. നാലഞ്ച് വര്‍ഷം മുമ്പ് റമദാനോടടുത്ത നാളുകളില്‍ ഒരു ദിവസം അദ്ദേഹം എന്നെ കാണാന്‍ വീട്ടില്‍ വരുന്നു. ഒരു പ്ലാസ്റ്റിക് കവറില്‍ നിറയെ കുറെ പത്രകട്ടിംഗ്‌സുകളുണ്ട്. മാധ്യമം ദിനപത്രത്തിലും ഉത്തരദേശത്തിലും വന്ന, റമദാന്റെ മഹത്വം വിവരിക്കുന്ന കുറേ കട്ടിംഗ്‌സുകളായിരുന്നു അവ.
'ഇതൊരു പുസ്തകമാക്കണം. റമദാന് മുമ്പ് പുറത്തിറങ്ങണം. എത്ര ചെലവ് വരുമെങ്കിലും ഞാന്‍ തരാം...' -ആ പത്രകട്ടിംഗുകള്‍ നീട്ടി ഹബീബ് ഹാജി പറഞ്ഞു.
'ഇതൊക്കെ പത്രകട്ടിംഗുകളാണല്ലോ. എല്ലാവരും വായിച്ചതുമാണ്. ഇനിയൊരു പുസ്തകമാക്കേണ്ടതിന്റെ ആവശ്യമുണ്ടോ' എന്ന എന്റെ ചോദ്യം അദ്ദേഹത്തിന് രസിച്ചില്ല. നിനക്ക് കഴിയുമെങ്കില്‍ പുസ്തകമാക്കി തരണം. ഇല്ലെങ്കില്‍ ഞാന്‍ വേറെ ആരെയെങ്കിലും കണ്ടോളാം. ഹബീബ് ഹാജിയുടെ മുഖം മാറിയിരുന്നു. ഹബീബ് ഹാജി അങ്ങനെയാണ്. സ്‌നേഹിച്ചാല്‍ ഹൃദയം നിറഞ്ഞ് സ്‌നേഹിക്കും. ദേഷ്യംവന്നാല്‍ വല്ലാത്തൊരു പിണക്കവുമാണ്. പുസ്തകമാക്കാമെന്ന് ഞാനേറ്റു. പക്ഷെ റമദാന് മുമ്പ് ഇറങ്ങുന്ന കാര്യം സംശയമായിരുന്നു. റമദാന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. സുഹൃത്ത് ഷാഫി എ. നെല്ലിക്കുന്നിന്റെ പ്രിന്റിംഗ് ഓഫീസില്‍ മണിക്കൂറുകളോളം ചെന്നിരുന്ന് എഡിറ്റ് ചെയ്ത് ആ റമദാന് മുമ്പ് തന്നെ പുസ്തകം ഇറക്കുകയും ചെയ്തു. വില്‍പ്പനക്കായിരുന്നില്ല. തനിക്ക് വേണ്ടപ്പെട്ടവര്‍ക്കൊക്കെ സൗജന്യമായി നല്‍കാനും റമദാന്റെ മഹത്വങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാനുമായിരുന്നു ഹബീബുല്ല ഹാജി ഇത്തരമൊരു വലിയ ദൗത്യത്തിനിറങ്ങിയത്. അതിലദ്ദേഹം ആനന്ദം കണ്ടെത്തുകയും ചെയ്തിരുന്നു.
ഉത്തരദേശത്തോട് എന്നും വലിയ മമതയായിരുന്നു അദ്ദേഹത്തിന്. എല്ലാ ദിവസവും പത്രം അരിച്ചുപെറുക്കി വായിക്കും. കാണുമ്പോഴൊക്കെ അനുമോദനങ്ങളും വിമര്‍ശനങ്ങളും ഒരുപോലെ പങ്കുവയ്ക്കുകയും ചെയ്യും.
ഉത്തരദേശത്തിന്റെ വളര്‍ച്ചയില്‍ കെ.എസ് അബ്ദുല്ല ഹാജിയോടൊപ്പം ഹബീബുല്ല ഹാജിയുടേയും വലിയ പിന്തുണ ഉണ്ടായിരുന്നു. ഉത്തരദേശം ആരംഭിക്കുന്നതിന് പിന്തുണ നല്‍കിയവരില്‍ ഒരാള്‍ ഹബീബുല്ല ഹാജിയായിരുന്നുവെന്ന് അഹമദ് മാഷ് പറയാറുണ്ട്. ആദ്യകാലത്ത് ഉത്തരദേശത്തിന് പിടിച്ചുനില്‍ക്കാന്‍വേണ്ടി കെ.എസ് അബ്ദുല്ല ഹാജി മാലിക് ദീനാര്‍ ചാരിറ്റബിള്‍ ആസ്പത്രിയുടേയും ഇസ്ലാമിയ കമ്പനിയുടേയും പരസ്യങ്ങള്‍ നിര്‍ലോഭം തന്ന് സഹായിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം വലിയ പിന്തുണയുമായി ഹബീബുല്ല ഹാജി ഉണ്ടായിരുന്നു. 2002 ഡിസംബര്‍ 30ന് ഇറങ്ങിയ ഉത്തരദേശത്തിന്റെ വിംശതി പതിപ്പില്‍ (20-ാം വാര്‍ഷിക പതിപ്പ്) കെ.എം അഹ്‌മദ് മാഷ് ഉത്തരദേശത്തിന്റെ ആരംഭ കാലത്തെ കുറിച്ച് ഓര്‍ക്കുന്നിടത്ത് കെ.എസ് അബ്ദുല്ലഹാജിയുടേയും കെ.എസ് മുഹമ്മദ് ഹബീബല്ല ഹാജിയുടേയും നിര്‍ലോഭമായ പിന്തുണയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മുബാറക് പ്രസിന്റെ ആരംഭകാലം. കണ്ണൂരില്‍ നിന്ന് സിംഗില്‍ ഡമ്മി സിലിണ്ടര്‍ മെഷീന്‍ വാങ്ങാന്‍ തീരുമാനിക്കുന്നു. ഈ മെഷീന്റെ വരവായിരുന്നു ഉത്തരദേശത്തിന്റെ ബോധപൂര്‍വ്വമല്ലാത്ത ഒരു തയ്യാറെടുപ്പിന്റെ കാരണമെന്ന് അഹമദ് മാഷ് ഓര്‍ത്തെടുക്കുന്നു. പത്രം തുടങ്ങുന്നതിനെ കുറിച്ച് ആദ്യമായി സംസാരിച്ചവരില്‍ ഒരാള്‍ കെ.എസ്.അബ്ദുല്ല സാഹിബായിരുന്നു. സി. രാഘവന്‍മാഷ്, സി.എച്ച് കൃഷ്ണന്‍ മാഷ് തുടങ്ങിയവരുമായി ബന്ധപ്പെട്ടിരുന്നു. മാലിക് ദീനാര്‍ ആസ്പത്രിയില്‍ ചെയര്‍മാന്റെ മുറിയിലിരുന്ന് പത്രത്തിന്റെ കാര്യം സംസാരിച്ചുകൊണ്ടിരിക്കെ കെ.എസ് ഹബീബുല്ല ഹാജിയും അവിടെ എത്തുന്നു. പത്രത്തിന് വേണ്ടി അക്കൗണ്ട് തുടങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയത് ഹബീബുല്ല ഹാജിയാണെന്നും 313 രൂപ നിക്ഷേപിച്ചുകൊണ്ടുള്ള ആ അക്കൗണ്ട് തുടങ്ങലിനെ എങ്ങനെ മറക്കാന്‍ കഴിയുമെന്നും അഹ്‌മദ് മാഷ് ആ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ഒരു വര്‍ഷത്തേക്കുള്ള പരസ്യം ഉറപ്പുവരുത്താനുള്ള നടപടികള്‍ക്കും കെ.എസ് അബ്ദുല്ലഹാജിയും ഹബീബുല്ല ഹാജിയും രൂപരേഖ വരച്ചുതന്നതും മാഷ് നന്ദിയോടെ ഓര്‍ക്കുന്നുണ്ട്.
ദീര്‍ഘകാലം മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുക്രി ഇബ്രാഹിം ഹാജി രണ്ട് പതിറ്റാണ്ടിലേറെ കാലമായി കാസര്‍കോടിന്റെ മത, സാമൂഹ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ബിസിനസ് കെട്ടിപ്പടുക്കുന്നതിനിടയിലും മതരംഗത്തെ വളര്‍ച്ചയ്ക്ക് വേണ്ടി നിരന്തരമായ പ്രവര്‍ത്തനങ്ങളിലും വിവിധ സംഘടനകളുടെ അമരത്തുമായിരുന്നു അദ്ദേഹം. ദീര്‍ഘകാലമായി മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ ട്രഷറര്‍ പദവി അലങ്കരിക്കുന്നത് ഇബ്രാഹിം ഹാജിയാണ്. മാലിക് ദീനാര്‍ മഹല്‍ കമ്മിറ്റിയുടെ പ്രസിഡണ്ടായും ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
യഹ്‌യ തളങ്കര പ്രസിഡണ്ടും എ. അബ്ദുല്‍റഹ്‌മാന്‍ ജനറല്‍ സെക്രട്ടറിയുമായുള്ള മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി നടത്തിയ നിരവധി വലിയ വികസന പദ്ധതികളുടെ കമ്മിറ്റിയുടെ നേതൃരംഗത്ത് ട്രഷറര്‍ എന്ന നിലയില്‍ മുക്രി ഇബ്രാഹിം ഹാജിയുടെ പ്രവര്‍ത്തനങ്ങളും വിലപ്പെട്ടതായിരുന്നു. ഉറൂസ് പരിപാടികളില്‍ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് ആവേശമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മാലിക് ദീനാര്‍ മഹല്‍ കമ്മിറ്റിയും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1400 വര്‍ഷം പിന്നിട്ട മാലിക് ദീനാര്‍ പള്ളിയുടെ വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. വര്‍ഷാവര്‍ഷം ഈ പരിപാടി വലിയ ജനസാന്നിധ്യത്തോടെ നടന്നുവരുന്നുണ്ട്.
ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ ഖജാഞ്ചി പദവിയും ദീര്‍ഘകാലമായി ഭംഗിയായി നിര്‍വ്വഹിച്ചുവരുന്നത് ഇബ്രാഹിം ഹാജിയാണ്. തളങ്കര മേഖലയിലെ നിരവധി പള്ളികള്‍ക്ക് പുതിയ കെട്ടിടവും രൂപവും നല്‍കുന്നതില്‍ ഇബ്രാഹിം ഹാജി വഹിച്ച പങ്ക് ചെറുതല്ല. ഖാസിലേന്‍ ബദ്‌രിയ മസ്ജിദിന്റെയും പള്ളിക്കാല്‍ അമലുസ്വാലിഹ മസ്ജിദിന്റെയും ഇസ്ലാമിയ ടൈല്‍ ഫാക്ടറിക്ക് സമീപമുള്ള ബദ്‌രിയ മസ്ജിദിന്റെയുമൊക്കെ പുനര്‍നിര്‍മ്മാണത്തിന്റെ നേതൃസ്ഥാനത്ത് ഇബ്രാഹിം ഹാജിയായിരുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുമായി വലിയ അടുപ്പം സ്ഥാപിച്ചിരുന്ന അദ്ദേഹം സഅദിയ സ്ഥാപനങ്ങളുടേയും കേരള മുസ്ലിം ജമാഅത്തിന്റെയും നേതൃസ്ഥാനങ്ങളും അലങ്കരിച്ചുവരികയായിരുന്നു. കേരള മുസ്ലിം ജമാഅത്തിന്റെ ജില്ലാ വൈസ് പ്രസിഡണ്ടും സഅദിയയുടേയും സഅദിയ സയന്‍സ് കോളേജിന്റെയും നിര്‍വാഹക സമിതി അംഗവുമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം സഅദിയ മുംബൈ കമ്മിറ്റിയുടെ പ്രസിഡണ്ട് സ്ഥാനം വഹിച്ചിട്ടുണ്ട്. സംഘടനാ രംഗങ്ങളില്‍ അദ്ദേഹം എല്ലായ്‌പ്പോഴും വല്ലാത്തൊരു ചടുലതയും പ്രസരിപ്പും പ്രകടിപ്പിച്ചിരുന്നു. ഭാരിച്ച ചെലവുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകാന്‍ തടസ്സം നേരിടുമ്പോള്‍ പോസിറ്റീവ് എനര്‍ജിയുമായി ഇബ്രാഹിം ഹാജി എത്തും. കാശിന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം, നിങ്ങള്‍ ധൈര്യമായി ഇറങ്ങിക്കൊള്ളുവെന്ന് പറഞ്ഞ് ആത്മധൈര്യം പകരുന്ന കരുത്തനായ ട്രഷററായിരുന്നു അദ്ദേഹം പല കമ്മിറ്റികള്‍ക്കും. അമാന്തിച്ചുനില്‍ക്കാന്‍ അദ്ദേഹം ആരേയും സമ്മതിക്കില്ല. കരുത്ത് പകര്‍ന്ന് കൂടെ നില്‍ക്കും. സാമ്പത്തിക ചെലവുള്ള പദ്ധതികള്‍ക്ക് തടസ്സം നേരിടുമ്പോള്‍ കയ്യില്‍ നിന്ന് വായ്പ എടുത്ത് തന്ന് പദ്ധതി പൂര്‍ത്തീകരണത്തിന് മുന്നില്‍ നില്‍ക്കാനും ഇബ്രാഹിം ഹാജിക്ക് എപ്പോഴും ഉത്സാഹമായിരുന്നു.
ടി.ഇ അബ്ദുല്ല പ്രസിഡണ്ടായുള്ള ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തില്‍ ഞാന്‍ ജനറല്‍ സെക്രട്ടറിയും ഇബ്രാഹിം ഹാജി ട്രഷററുമാണ്. ദഖീറത്ത് സ്‌കൂളിന്റെ വളര്‍ച്ചയുടെ ഭാഗമായി കോടികള്‍ ചെലവ് വരുന്ന കെട്ടിടങ്ങള്‍ നിര്‍മ്മിക്കേണ്ടിവരുന്ന വേളയില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ഇബ്രാഹിം ഹാജിയുടെ നിര്‍ലോഭമായ പിന്തുണയും സഹായവും ഏറെ ഉപകരിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണം ചില ഘട്ടങ്ങളില്‍ മുടങ്ങിപ്പോയപ്പോള്‍ അദ്ദേഹം വായ്പ തന്ന് സഹായിച്ച സന്ദര്‍ഭങ്ങളും ഉണ്ട്. കാരുണ്യ പ്രവര്‍ത്തന രംഗത്തും അദ്ദേഹത്തിന് വലിയ ഉത്സാഹമായിരുന്നു. നിരവധി പേര്‍ക്ക് അദ്ദേഹത്തിന്റെ തണല്‍ ഉണ്ടായിട്ടുണ്ട്.
കെ.എസ്. മുഹമ്മദ് ഹബീബുല്ല ഹാജിയുടേയും മുക്രി ഇബ്രാഹിം ഹാജിയുടേയും വേര്‍പാട് തളങ്കരക്ക് വിലപ്പെട്ട നഷ്ടം തന്നെയാണ്. തളങ്കരയുടെ സൗഭാഗ്യങ്ങള്‍ ഒന്നൊന്നായി കാലയവനികള്‍ക്കുള്ളിലേക്ക് മറയുമ്പോള്‍ ഇത്തരം വേര്‍പാടുകള്‍ കൂടുതല്‍ വേദന സൃഷ്ടിക്കുന്നു.