വൈലിത്തറയും ചുള്ളിക്കാടും പിന്നെ റോബര്‍ട്ട് ഫ്രോസ്റ്റും
പോയമാസം പിരിഞ്ഞുപോയ വൈലിത്തറ മുഹമ്മദ്കുഞ്ഞി മൗലവിയെയും അദ്ദേഹത്തിന്റെ ഉശിരന്‍ പ്രഭാഷണങ്ങളെയും കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കാന്‍ മറ്റൊരു പ്രഭാഷണം കാരണമായി. ഇച്ചിലങ്കോട് പള്ളി മുതവല്ലി (കൈകാര്യകര്‍ത്താവ്) അന്‍സാരി ശെറൂലും അഡ്വ. അനസ് ഷംനാടും വിടാത്തത് കൊണ്ടാണ് ഞാന്‍ അവരുടെ കൂടെ പോയത്. അന്‍സാരിക്ക് മുമ്പ് പിതാവ് എ.എ. ശെറൂലായിരുന്നു മുതവല്ലി. അന്നാട്ടിലെ ചില തര്‍ക്കങ്ങള്‍ക്ക് രമ്യമായ പരിഹാരം ഉണ്ടാക്കുന്നതിനായി, ജനസമ്മതനായ എ.എ. ശെറൂലിനെ ഖാന് ബഹദൂര്‍ മഹ്മൂദ് ശംനാട് നിര്‍ദ്ദേശിച്ചതിന് പ്രകാരമാണ് 1946-ല്‍ എ.എ. ശെറൂലിനെ മുതവല്ലിയായി […]
പോയമാസം പിരിഞ്ഞുപോയ വൈലിത്തറ മുഹമ്മദ്കുഞ്ഞി മൗലവിയെയും അദ്ദേഹത്തിന്റെ ഉശിരന്‍ പ്രഭാഷണങ്ങളെയും കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കാന്‍ മറ്റൊരു പ്രഭാഷണം കാരണമായി. ഇച്ചിലങ്കോട് പള്ളി മുതവല്ലി (കൈകാര്യകര്‍ത്താവ്) അന്‍സാരി ശെറൂലും അഡ്വ. അനസ് ഷംനാടും വിടാത്തത് കൊണ്ടാണ് ഞാന്‍ അവരുടെ കൂടെ പോയത്. അന്‍സാരിക്ക് മുമ്പ് പിതാവ് എ.എ. ശെറൂലായിരുന്നു മുതവല്ലി. അന്നാട്ടിലെ ചില തര്‍ക്കങ്ങള്‍ക്ക് രമ്യമായ പരിഹാരം ഉണ്ടാക്കുന്നതിനായി, ജനസമ്മതനായ എ.എ. ശെറൂലിനെ ഖാന് ബഹദൂര്‍ മഹ്മൂദ് ശംനാട് നിര്‍ദ്ദേശിച്ചതിന് പ്രകാരമാണ് 1946-ല്‍ എ.എ. ശെറൂലിനെ മുതവല്ലിയായി […]
പോയമാസം പിരിഞ്ഞുപോയ വൈലിത്തറ മുഹമ്മദ്കുഞ്ഞി മൗലവിയെയും അദ്ദേഹത്തിന്റെ ഉശിരന്‍ പ്രഭാഷണങ്ങളെയും കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കാന്‍ മറ്റൊരു പ്രഭാഷണം കാരണമായി. ഇച്ചിലങ്കോട് പള്ളി മുതവല്ലി (കൈകാര്യകര്‍ത്താവ്) അന്‍സാരി ശെറൂലും അഡ്വ. അനസ് ഷംനാടും വിടാത്തത് കൊണ്ടാണ് ഞാന്‍ അവരുടെ കൂടെ പോയത്. അന്‍സാരിക്ക് മുമ്പ് പിതാവ് എ.എ. ശെറൂലായിരുന്നു മുതവല്ലി. അന്നാട്ടിലെ ചില തര്‍ക്കങ്ങള്‍ക്ക് രമ്യമായ പരിഹാരം ഉണ്ടാക്കുന്നതിനായി, ജനസമ്മതനായ എ.എ. ശെറൂലിനെ ഖാന് ബഹദൂര്‍ മഹ്മൂദ് ശംനാട് നിര്‍ദ്ദേശിച്ചതിന് പ്രകാരമാണ് 1946-ല്‍ എ.എ. ശെറൂലിനെ മുതവല്ലിയായി നിയമിച്ചത്. അദ്ദേഹം പല പുരോഗമന പ്രവര്‍ത്തനങ്ങളും കൈക്കൊണ്ടു. ആ പ്രദേശവുമായി എനിക്ക് വൈകാരികമായ ബന്ധമുണ്ട്. 1956-ല്‍ എന്റെ വിദ്യാരംഭം ഇച്ചിലങ്കോട് ലോവര്‍ പ്രൈമറി സ്കൂളിലായിരുന്നു. അതിനു കുറേ മുമ്പ് പിതാവ് ഇച്ചിലങ്കോട് ജമാഅത്ത് പള്ളിയില്‍ ഖുതുബ നിര്‍വ്വഹിച്ചിരുന്നു.
1950 കളുടെ ഉത്തരാര്‍ദ്ധത്തിലോ അറുപതുകളുടെ പൂര്‍വ്വാര്‍ദ്ധത്തിലോ ആയിരുന്നു കറണ്ടെത്താത്ത കാലത്ത് അതേ പള്ളിപ്പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ സ്റ്റേജില്‍ രാത്രികളില്‍ ജനറേറ്ററിന്റെ വെളിച്ചത്തില്‍ വൈലിത്തറപ്രഭാഷണം ആദ്യമായി കേട്ടത്. ഭാഷയുടെ കട്ടി കൊണ്ടും സാഹിത്യത്തിന്റെ കടുകട്ടി കൊണ്ടും അധികമൊന്നും ആ പ്രസംഗത്തിന്റെ പൊരുളും തിരുളും ഗ്രഹിക്കുവാന്‍ കഴിഞ്ഞില്ല. എന്നല്ല, മുതിര്‍ന്നവര്‍ക്കു പോലും പൂര്‍ണ്ണമായി ദഹിച്ചിരുന്നില്ല, അവരുടെ ഭാഷ കര്‍ണ്ണാടകം കലര്ന്നതായിരുന്നതിനാല്. എന്നാല്‍ പോലും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു മാന്ത്രികശക്തി വയലിത്തറ പ്രഭാഷണങ്ങള്ക്കുണ്ടായിരുന്നു. ആ പ്രസംഗത്തിന്റെ മാന്ത്രിക പ്രഭാവത്തിന് വിധേയനായ, ഒരു പ്രായം ചെന്നയാള്‍ കൈയില്‍ താടി ചായ്ച്ച് വഅള് കേള്‍ക്കുകയായിരുന്നു. വഅള് കഴിഞ്ഞ ശേഷം ഒരാളയാളോട് ചോദിച്ചു: നിങ്ങള്‍ക്ക് എന്തെങ്കിലും തിരിഞ്ഞോ? വൃദ്ധന്റെ മറുപടി: വഅളിനിടക്ക് ഒരു കപ്പ് ചായ വേണമെന്ന് വൈലിത്തറ ഉസ്താദ് പറഞ്ഞില്ലേ അതുമാത്രം തിരിഞ്ഞിട്ടുണ്ട്. മറ്റൊന്നും തിരിഞ്ഞില്ല.
ഇംറുല്‍ഖൈസ്, സുഹൈര്‍ മുഹല്ഹല മുതലായ, അറബിക്കവികളുടെ ഇടയില്‍ മുടിചൂടാമന്നന്മാരായ പല കവികളുടെയും ചിന്താസുന്ദരമായ കാവ്യങ്ങള്‍ ഉദ്ധരിച്ചും ചിലപ്പോള്‍ ഇംഗ്ലീഷ് ഉദ്ധരണികള്‍ കേള്‍പ്പിച്ചും യുക്തിഭദ്രങ്ങളായ ആശയങ്ങള്‍ അവതരിപ്പിച്ചും മതപ്രഭാഷണ ചരിത്രത്തില്‍ വൈലിത്തറ വഴിത്തിരിവ് സൃഷ്ടിച്ചു. ആലപ്പുഴയിലെ ആ പ്രഭാഷണ പ്രതിഭയെ വടക്കേ മലബാറുകാരും സ്നേഹാദരങ്ങളോടെ നെഞ്ചേറ്റി. എവിടെ വയലിത്തറ ഉണ്ടോ അവിടെ അവരെത്തി. ആകൃതി സൗഭഗമുള്ള, യൗവ്വനം തുടിക്കുന്ന മുന്തിയ ഇസ്തിരിയുടെ എട്ടു മടക്കുള്ള വസ്ത്രം ധരിച്ച വൈലിത്തറയെ ബൈത്തുകളുടെ അകമ്പടിയോടെ പ്രസംഗ മണ്ഡപത്തിലേക്ക് ആനയിക്കുന്ന കാഴ്ച കൗതുകകരമായിരുന്നു. ആ പ്രഭാഷണത്തില്‍ ഭാഷ അറിയാത്തവര്‍ പോലും അഭിരമിച്ചു പോയി. മതപ്രഭാഷണ മണ്ഡലത്തില്‍ വേറിട്ടു നില്‍ക്കുന്നതായിരുന്നു അത്. രാത്രി പോയി പകല്‍ ആവിര്‍ഭവിക്കുന്നതു വരെ കേട്ടാലും മതിവരാത്ത പ്രഭാഷണം. ആ പ്രതിഭാധനന് സമശീര്‍ഷനായ മറ്റൊരു മതപ്രഭാഷകനെ കാണാന്‍ കഴിയില്ല.
ആ കാലം പോയി. അതൊന്നും ഇവിടെ പറയാന്‍ വിചാരിച്ചതല്ല. ചുള്ളിക്കാടുസ്താദിന്റെ ഒരു പ്രഭാഷണമാണ് ആ ഓര്‍മ്മകളെ മനസ്സിലേക്ക് ആനയിച്ചത്. ദശാബ്ദങ്ങള്‍ക്ക് ശേഷം ഇച്ചിലങ്കോടെത്തിയ ഞങ്ങള്‍ക്ക് അത്താഴം ഒരുക്കിയത് ഒരു വീട്ടിലായിരുന്നു. ഒന്നാം ക്ലാസിലെ എന്റെ ചില പഴയ സഹപാഠികളും അവിടെ ഉണ്ടായിരുന്നു. പ്രമേഹത്തിന്റെ ആക്രമണം കൊണ്ടായിരിക്കാം ചുള്ളിക്കാടുസ്താദ് അത്താഴം ഒഴിവാക്കുകയാണത്രേ പതിവ്. നിയമത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ട്, ചുള്ളിക്കാടുസ്താദെന്ന ഡോ: ഹുസൈന് സഖാഫിക്ക്. സംഭാഷണ മധ്യേ മുസ്ലിം നിയമത്തിലെ ഖുല എന്ന വിവാഹ മോചന രീതിയും ഞങ്ങളുടെ ചര്‍ച്ചാവിഷയമായി.
കോഴിക്കോട് വലിയ ഖാസി ശിഹാബ് തങ്ങളുടെ ചിന്തോദ്ദീപകമായ പ്രഭാഷണത്തിനു ശേഷം ചുള്ളിക്കാട് സംസാരിച്ചു തുടങ്ങി. അദ്ദേഹം അമേരിക്കന്‍ കവിയായ റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ഏതാനും വരികള്‍ ശ്രോതാക്കളുടെ ഹൃദയത്തിലേക്ക് എറിഞ്ഞു കൊടുത്തതാണ് വൈലിത്തറ സ്മരണകള്‍ എന്റെ മനസ്സില്‍ കയറി വരാന്‍ കാരണമായത്.
ഇരുപതാം നൂറ്റാണ്ടില്‍ ജനഹൃദയങ്ങളെ ഏറ്റവുമധികം ചലനം കൊള്ളിച്ച കവികളിലൊരാളാണ് റോബര്‍ട്ട് ലീ ഫ്രോസ്റ്റ്. അമേരിക്കക്കാരനാണെങ്കിലും രചനകള്‍ ആദ്യമായി പ്രസിദ്ധീകൃതമായത് ഇംഗ്ലണ്ടിലായിരുന്നു. അധികം വിവരിക്കാന്‍ നിന്നില്ലെങ്കിലും കവിയുടെ ഏറ്റവും പ്രശസ്തമായ സ്റ്റോപിംഗ് ബൈ വുഡ്സ് ഓണ്‍ എ സ്റ്റോവീ ഈവ്നിംഗ് എന്ന കവിതയിലെ അവസാനത്തെ നാലു വരികളാണ് സാഹിതീ തല്പരനായ ചുള്ളിക്കാടുസ്താദ് ഉദ്ധരിച്ചത്. അദ്ദേഹത്തിനു കുറേ നേരം വേദിയില്‍ ഇരിക്കാന്‍ മോഹം. പക്ഷെ സമയമില്ല. അടുത്ത ദിവസം ആസ്ത്രേലിയക്ക് പോകണം. കുറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ബാക്കിയുണ്ട്. അതുകൊണ്ട് ഇവിടെ നിന്ന് ഇറങ്ങിപ്പോയേ തീരൂ.
റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ആത്മാവ് മന്ത്രിച്ചതും അതു തന്നെ. തണുപ്പുള്ള സായാഹ്നത്തില്‍ കുതിരപ്പുറത്തിരുന്ന് യാത്രയിലായിരുന്നു കവി. മഞ്ഞില്‍ കുളിച്ച ഇട തൂര്‍ന്ന മരങ്ങള്‍. മഞ്ഞു പൊതിഞ്ഞ തടാകങ്ങളും. സായംസന്ധ്യയിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച. ആ പ്രദേശത്തിലെത്തിയപ്പോള് പ്രകൃതി സൗന്ദര്യത്തില്‍ മതിമയങ്ങി ഒരു മിനുട്ട് കവി നിന്നുപോയി. പോകാന്‍ മനസ്സു വരുന്നില്ല. എന്തിനാണ് ഇവിടെ നിശ്ചലമായി നില്‍ക്കുന്നതെന്ന് ചോദിക്കാനെന്നോണം, കുതിര അതിന്റെ തലയാട്ടി കടിഞ്ഞാണില്‍ കെട്ടിത്തൂക്കിയ മണി കുലുക്കി. കവിയുടെ ആത്മാവ് മന്ത്രിച്ചു.
' The woods are lovely dark and deep
But I have promises
to keep
And miles to go before I sleep
And miles to go before I sleep.'
ജവഹര്‍ ലാല്‍ നെഹ്റു ഉറങ്ങാന്‍ നേരത്ത് ഈ വരികള്‍ തലയണയില്‍ മുഖത്തോട് ചേര്‍ത്തു വെക്കാറുണ്ടായിരുന്നത്രേ. അമേരിക്കന്‍ പ്രസിഡണ്ട് കെന്നഡിയും പലപ്പോഴും ഫ്രോസ്റ്റിനെയും ഫ്രോസ്റ്റിന്റെ കവിതകളെയും തന്റെ പ്രസംഗങ്ങളില്‍ ധാരാളമായി ഓര്‍ത്തതായി കാണാം.
-അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്