ബഷീര്‍ എന്ന മനുഷ്യന്‍
'മന്ദിര്‍ ദാദേ, മസ്ജിദ് ദാദേ, പ്യാര്‍കിസ്സികാ ദില്‍നാ ഭായി...'ബഷീര്‍ പതുക്കെ പാടുകയാണ്. ഒരു സൂഫി ഗാനമാണ്. പിന്നാലെ വിവര്‍ത്തനവും വന്നു. നിങ്ങള്‍ക്ക് പള്ളിയും അമ്പലവും തകര്‍ക്കാനായേക്കാം. എന്നാല്‍ ആരുടേയും ഹൃദയം തകര്‍ക്കാനാവില്ല.അതെന്നില്‍ ശുഭാപ്തി വിശ്വാസം നിറച്ചു. വിഷാദവും അധമബോധവും നിരാശയും എന്നില്‍ നിന്ന് പമ്പകടന്നു. ഓരോ കാഴ്ചയിലും ബഷീര്‍ നല്‍കുന്ന പ്രതീക്ഷയുടെ നാമ്പുകളില്‍ ഞാന്‍ വിശ്വസിച്ചു. ഇനിയും സൗകര്യം പോലെ വായിക്കാവുന്ന ഒരു ലഘു ഗ്രന്ഥമാണല്ലോ. ബഷീര്‍ അവശേഷിപ്പിച്ചുപോയ ഈ വാക്യത്തിന് പ്രായമില്ല. പുതിയ അര്‍ത്ഥങ്ങള്‍ ഉല്‍പാദിപ്പിച്ച് […]
'മന്ദിര്‍ ദാദേ, മസ്ജിദ് ദാദേ, പ്യാര്‍കിസ്സികാ ദില്‍നാ ഭായി...'ബഷീര്‍ പതുക്കെ പാടുകയാണ്. ഒരു സൂഫി ഗാനമാണ്. പിന്നാലെ വിവര്‍ത്തനവും വന്നു. നിങ്ങള്‍ക്ക് പള്ളിയും അമ്പലവും തകര്‍ക്കാനായേക്കാം. എന്നാല്‍ ആരുടേയും ഹൃദയം തകര്‍ക്കാനാവില്ല.അതെന്നില്‍ ശുഭാപ്തി വിശ്വാസം നിറച്ചു. വിഷാദവും അധമബോധവും നിരാശയും എന്നില്‍ നിന്ന് പമ്പകടന്നു. ഓരോ കാഴ്ചയിലും ബഷീര്‍ നല്‍കുന്ന പ്രതീക്ഷയുടെ നാമ്പുകളില്‍ ഞാന്‍ വിശ്വസിച്ചു. ഇനിയും സൗകര്യം പോലെ വായിക്കാവുന്ന ഒരു ലഘു ഗ്രന്ഥമാണല്ലോ. ബഷീര്‍ അവശേഷിപ്പിച്ചുപോയ ഈ വാക്യത്തിന് പ്രായമില്ല. പുതിയ അര്‍ത്ഥങ്ങള്‍ ഉല്‍പാദിപ്പിച്ച് […]
'മന്ദിര്‍ ദാദേ, മസ്ജിദ് ദാദേ, പ്യാര്‍
കിസ്സികാ ദില്‍നാ ഭായി...'
ബഷീര്‍ പതുക്കെ പാടുകയാണ്. ഒരു സൂഫി ഗാനമാണ്. പിന്നാലെ വിവര്‍ത്തനവും വന്നു. നിങ്ങള്‍ക്ക് പള്ളിയും അമ്പലവും തകര്‍ക്കാനായേക്കാം. എന്നാല്‍ ആരുടേയും ഹൃദയം തകര്‍ക്കാനാവില്ല.
അതെന്നില്‍ ശുഭാപ്തി വിശ്വാസം നിറച്ചു. വിഷാദവും അധമബോധവും നിരാശയും എന്നില്‍ നിന്ന് പമ്പകടന്നു. ഓരോ കാഴ്ചയിലും ബഷീര്‍ നല്‍കുന്ന പ്രതീക്ഷയുടെ നാമ്പുകളില്‍ ഞാന്‍ വിശ്വസിച്ചു. ഇനിയും സൗകര്യം പോലെ വായിക്കാവുന്ന ഒരു ലഘു ഗ്രന്ഥമാണല്ലോ. ബഷീര്‍ അവശേഷിപ്പിച്ചുപോയ ഈ വാക്യത്തിന് പ്രായമില്ല. പുതിയ അര്‍ത്ഥങ്ങള്‍ ഉല്‍പാദിപ്പിച്ച് അത് വീണ്ടും അപാരതയില്‍ ലയിക്കുന്നു. ബഷീര്‍ നിര്‍മ്മിച്ച ജൈവവൈവിധ്യ ഭൂപടത്തില്‍ മനുഷ്യന്‍ മാത്രമല്ല ഉണ്ടായിരുന്നത്. പുല്ലും പൂവും മണലും മറ്റെല്ലാ മനുഷ്യേതരജീവികളും അവരുടെ വാസസ്ഥലങ്ങളും കൊണ്ട് കടുത്ത സാര്‍വ്വലൗകീകമായ ഒരു ഗര്‍ഭഗൃഹമായിരുന്നു അത്. മതിലിന് ചോരയും നീരും വെച്ച് കാണുകയില്ല. പക്ഷേ അതിനൊരാത്മാവ് ഉണ്ടായിട്ടില്ലേ എന്നൊരു സംശയം' എന്ന് ബഷീര്‍ മതിലുകളില്‍ പറയുന്നത് അതുകൊണ്ടാണ്. സ്‌കൂള്‍ പഠനകാലം കഴിഞ്ഞ ഘട്ടത്തില്‍ എപ്പോഴോ ബഷീറിന്റെ ജീവിതദര്‍ശനം എന്നില്‍ ആവേശിച്ചു. അപ്രതീക്ഷിതമായി എന്റെ ജീവിതത്തിനേറ്റ ഒരു ആഘാതം എന്നില്‍ പരാജയബോധവും അപകര്‍ഷതയും അമിത വിഷാദവും ഉണ്ടാക്കി. രണ്ടാം റാങ്കോടെ എം.എ പാസ്സായ ഞാന്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ എംഫിലിന് അപേക്ഷിച്ചു. ഇന്റര്‍വ്യൂവിനു ചെന്ന എന്റെ മുഖത്തേക്ക് അപേക്ഷ ഫോറം വലിച്ചെറിഞ്ഞ് വകുപ്പുതലവന്‍ എന്നെ പുറത്താക്കി. രണ്ടാം റാങ്കുകാരനായ എനിക്ക് അര്‍ഹമായ മാര്‍ക്കുണ്ടായിട്ടും എന്നേക്കാള്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്ക് പ്രവേശനം നല്‍കി. എന്റെ പ്രവേശനനിരാസത്തിന് പറഞ്ഞ കാരണം ഞാന്‍ എം.എ പരീക്ഷയുടെ ഒരു ഉത്തരപേപ്പര്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിച്ചു എന്നതാണ്. ആ ഉത്തരപേപ്പര്‍ അദ്ദേഹമാണു മൂല്യനിര്‍ണ്ണയം നടത്തിയതത്രെ. അതിനാല്‍ അദ്ദേഹത്തിന്റെ ധര്‍മ്മത്തില്‍ ശങ്കയുള്ള ഒരാളെ അദ്ദേഹം പഠിപ്പിക്കില്ല. ഇങ്ങനെ അദ്ദേഹം പറയുമ്പോള്‍ ഉത്തരപേപ്പര്‍ പുനര്‍മൂല്യ നിര്‍ണയത്തിന് നല്‍കാനുള്ള അവകാശം വിദ്യാര്‍ത്ഥിക്കുണ്ട് എന്ന കാര്യം മറന്നുപോയി. ഈ സംഭവം ഒരു ഷോക്കായി എന്റെ മനസില്‍ നിന്നു. അതൊരു ശൂന്യത സൃഷ്ടിച്ചു. ഈ ശൂന്യതയിലേക്കാണ് ബഷീറിന്റെ ജീവിത ദര്‍ശനം ചേക്കേറിയത്.
'എനിക്കാരുമില്ലാത്തതില്‍ ഒരു രസമുണ്ട്' എന്ന ബഷീറിയന്‍ വാക്യം എനിക്ക് അക്കാലത്ത് ഒരു ഭജനപോലെയായിരുന്നു. ഉരുവിടും തോറും ജീവിതത്തിന്റെ കെട്ടുകള്‍ അഴിക്കാനുള്ള എന്തോ ഒരു പ്രചോദനം അത് നല്‍കിയിരുന്നു. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഇന്ത്യയുടെ അവകാശത്തിനുവേണ്ടി പോരാടിയ ബഷീറിന്റെ ജീവചരിത്രത്തിലൂടെ കടന്നുപോകുമ്പോഴെല്ലാം പരാജിതന്‍ രണ്ടാമതൊരു ശ്രമം നടത്തുന്നതിന്റെ ശക്തി തിരിച്ചറിഞ്ഞു. എന്റെ ജീവിതത്തിലെയും നിര്‍ണ്ണായകമായ ഒരു ഘട്ടമായിരുന്നു അത്. പാത്തുമ്മയുടെ ആടിന്റെ മുഖവുരയിലെ ആ വാക്യങ്ങള്‍. ഇല്ല ജീവിതം താറുമാറായിപ്പോകുവാന്‍ ഞാന്‍ സമ്മതിക്കില്ല. ഏകാഗ്രതയോടെ ജീവിക്കണം. എനിക്ക് നന്നാവണം. എല്ലാ ശക്തിയും സംഭരിച്ച് ഗംഭീരമായ ഒരു ശ്രമം നടത്തുക. യുക്തി കൈവിടല്ലേ. കാരണം കണ്ടു പിടിക്കുക. ഓരോന്നിനും ഓരോ കാരണങ്ങളില്ലേ.
ലാന്റ് ട്രിബ്യൂണലിലെ പകര്‍പ്പെഴുത്തു ഗുമസ്തന്റെ കയ്യിലായിരുന്നു ഞാന്‍. അതില്‍ നിന്നും രക്ഷപ്പെടണം. അതിനായി-എം.എ എഴുതണം. എംഫിലും ഉണ്ടെങ്കില്‍ കോളേജധ്യാപകജോലികിട്ടാനുള്ള അധിക യോഗ്യതയാകും എന്ന് കരുതിയാണ് അപേക്ഷിച്ചത്. ആ അവകാശമാണ് നിഷേധിക്കപ്പെട്ടത്. ബഷീര്‍ പറഞ്ഞതുപോലെ ഞാനും ആലോചിച്ചു. ശരിക്കും ഇവിടെ എന്താണ് തകരാറ്. എല്ലാവരും അവരവരുടെ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയാണെങ്കില്‍, ബഷീറിന്റെ മേല്‍വാക്യങ്ങള്‍ എന്റെ ശൂന്യതാ ബോധത്തില്‍ നികത്തി. എന്നില്‍ അത് പുതിയൊരു ഊര്‍ജ്ജം ചൊരിഞ്ഞു. ഞാന്‍ കോടതി കയറിയില്ല. നീതിപീഠം നീതി നിര്‍വഹിക്കുമെന്നുറപ്പുണ്ടായിരുന്നു. പക്ഷേ അത് മറ്റൊരാളുടെ അനീതിയുടെ മുദ്ര കുത്തുമെന്നെനിക്കറിയാമായിരുന്നു. ബഷീറിന്റെ ദര്‍ശനം തന്നെയാണവിടെയും എന്നെ സഹായിച്ചത്. തൊട്ടടുത്തിരിക്കുന്നയാളും ജീവിയും പുല്ലും പൂവും പുല്‍ക്കൊടിയും ബഷീറിനൊരു പോലെയായിരുന്നു. മറ്റൊരാളുടെ അനീതി കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ അയാളുടെ ജീവിതകാലം മുഴുവന്‍ അയാളിലെ അധ്യാപകന്‍ കുറ്റവാളിയാകേണ്ടിവരും. അതിനുപകരം ഞാന്‍ ആലോചിച്ചത് തനിക്ക് നിഷേധിക്കപ്പെട്ട പഠനം മറ്റെവിടെ നിന്നെങ്കിലും കിട്ടുമോ എന്നാണ്. അപ്പോഴാണ് തിരുവനന്തപുരം കാര്യവട്ടം സെന്ററില്‍ നിന്ന് എം.ഫീലിന് അപേക്ഷ ക്ഷണിച്ചത്. എം.ഫില്‍ പഠനത്തിനായി തിരുവനന്തപുരത്തേക്ക് പോകുന്നതിനുമുമ്പ് ഞാന്‍ ബഷീറിനെ കാണാന്‍ ചെന്നു. നിരാശയും വിഷാദവും അധമബോധവും കൊണ്ട് എനിക്ക് ബഷീറിനെ നേരിടാന്‍ കഴിഞ്ഞില്ല. ബഷീര്‍ എന്നെ തിരിച്ചറിഞ്ഞോ എന്നുപോലും ഞാനാലോചിച്ചില്ല. 'ഏകാന്തതയുടെ മഹാതീരത്ത് എനിക്കാരുമില്ലാത്തതില്‍ ഒരു രസമുണ്ട്' എന്ന് ഉരുക്കഴിച്ചുകൊണ്ട് ബഷീര്‍ മരത്തണലില്‍ ഇരിക്കുകയായിരുന്നു. ഗ്രാമഫോണില്‍ തലത്ത് അസീസിന്റെ 'ദോപ്യാസേ ദില്‍ ഏക് ഹുയേ ഹേ ഐസെബിച്ച് ടേം ഗേ അബ് കൈസേ' എന്ന ഉറുദുഗാനം.
സമയം സന്ധ്യയാകാറാകുന്നു. രാത്രി വണ്ടിക്കാണ് എനിക്ക് തിരുവനന്തപുരത്തേക്ക് പേകേണ്ടത്. കാര്യവട്ടത്ത് എം.ഫിലിന് ചേരേണ്ടത് പിറ്റേന്ന് രാവിലെയാണ്. ഞാന്‍ ബഷീറിനോട് യാത്രപറഞ്ഞു. അപ്പോഴെല്ലാം എന്റെ മനസ്സില്‍ സക്രിയതയില്‍ നിന്ന് ആത്മീയതയിലേക്കും നിരാശയില്‍ നിന്ന് പ്രതീക്ഷയിലേക്കും നടന്നു കയറിയ ബഷീറായിരുന്നു. എം.ഫിലിന് 'നോവലും മനഃശാസ്ത്ര'വുമാണ് വിഷയം. വകുപ്പ് തലവനായ പ്രൊഫ. കെ. രാമചന്ദ്രന്‍നായരാണ് എന്റെ ഗൈഡ് അദ്ദേഹം ആദ്യമേ ആരാഞ്ഞു: 'എന്താണ് കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ ചേരാതെ ഇങ്ങോട്ടു വന്നത്. ഇത് വളരെ ദൂരെയല്ലേ'. ഞാന്‍ അവിടെ പ്രവേശനം നിഷേധിക്കപ്പെട്ട കാര്യമൊന്നും പറഞ്ഞില്ല. ഇവിടെ 'ഇഷ്ടംപോലെ ലൈബ്രറികളുണ്ടല്ലോ അതുകൊണ്ടാണ് കാര്യവട്ടം തിരഞ്ഞെടുത്തത്' എന്ന് മാത്രം പറഞ്ഞു. മനഃശാസ്ത്ര സ്വഭാവമുള്ള അഞ്ചു നോവലുകള്‍ മലയാളത്തില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ബോധധാരയുടെ തുടക്കം തൊട്ട് തുടങ്ങണം. പ്രൊഫസര്‍ പറഞ്ഞു: "ബഷീറിന്റെ മിക്ക കൃതികളിലും ഞാന്‍ ഉണ്ടല്ലോ. അതിന് ബോധധാരയുടെ അംശങ്ങള്‍ കാണില്ലേ.
ലൈബ്രറി കാര്‍ഡ് കിട്ടിയപ്പോള്‍ ആദ്യം ചെയ്തത് ബഷീറിന്റെ ലഭ്യമായ കൃതികള്‍ ഹോസ്റ്റല്‍ മുറിയില്‍ എത്തിക്കുകയാണ്. മിക്ക കഥകളിലും ബഷീര്‍ "ഞാന്‍' ആയി സ്വാഗതാഖ്യാനം നടത്തുന്നു. അങ്ങനെയാണ് ബഷീറിലെ ഞാന്‍ അന്വേഷിച്ചിറങ്ങിയത്. 'അജ്ഞാതഭാവിയിലേക്ക്' എന്നത് ഞാന്‍ ആരംഭിക്കുന്നു. "ആരാണ് എന്റെ കാല്‍പ്പാടുകളെ മായ്ച്ചുകളയുന്നത്'. ബാപ്പയുടെ കൂടെ മണല്‍പ്പുറത്തുകൂടി സഞ്ചരിക്കുമ്പോള്‍ ബഷീര്‍ ചോദിച്ചു. 'ആരാണ് ഈശ്വരന്‍' പിതാവ് പറഞ്ഞു: 'നിന്നെയും എന്നെയും ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ച പരാശക്തി. എന്തിനു സൃഷ്ടിച്ചു. അങ്ങനെ ചോദിക്കാന്‍ പാടില്ല. ഞാന്‍ ചോദിക്കും. എനിക്കറിയണം'.
ബഷീര്‍ ചോദിച്ച ഈ ചോദ്യം എന്റെ ഉള്ളിലും നിറഞ്ഞു നിന്നു. ബഷീറിന്റെ ആത്മാന്വേഷണത്തിന്റെ ആരംഭം. ആത്മീയത, അനശ്വരത, അജ്ഞേയത ബഷീറിന്റെ സത്യാന്വേഷണ ത്വര ഒരു കുട്ടിയുടെ ബാല്യകാലകൗതുകം മാത്രമായിരുന്നോ എന്ന് പ്രൊഫസര്‍ രാമചന്ദ്രന്‍ നായര്‍ എന്നോട് ചോദിച്ചു. അങ്ങനെയാണ് മലയാളത്തിലെ ആദ്യത്തെ ബോധധാരസ്വഭാവമുള്ള രചന 'ബഷീറിന്റെ മരണത്തിന്റെ നിഴലില്‍' ആണ് എന്ന നിഗമനത്തില്‍ ഞങ്ങള്‍ എത്തിയത്. തുടര്‍ന്ന് വന്നത് റാഫിയുടെ 'സ്വര്‍ഗ്ഗദൂതന്‍' എം.ടിയുടെ 'മഞ്ഞി'ലാണത് പരിപക്വമാകുന്നത്. ആനന്ദിന്റെ ഉത്തരായനത്തിലെത്തുമ്പോള്‍ അത് അസ്തിത്വമനഃശാസ്ത്രത്തോളം വളരുന്നു.
ഓര്‍മ്മകളിലെ ബോധധാരകളുടെ ചെറുഖണ്ഡങ്ങളെ ഇങ്ങനെ സന്നിവേശിപ്പിച്ച ആ പുസ്തകത്തെപ്പറ്റിയുള്ള പഠനം എന്റെ എം.ഫില്‍ പ്രബന്ധത്തിലെ ആദ്യ അധ്യായമായി. പ്രൊഫസര്‍ പലപ്പോഴും ബഷീറിനെ കുമാരനാശാനുമായി ചേര്‍ത്തു. 'കുമാരനാശാന്റെ ദുരന്തബോധം' എന്ന പേരില്‍ അദ്ദേഹം ഒരു പ്രബന്ധമെഴുതിയിരുന്നു. ബഷീറിന്റേത് ദുരന്ത ബോധമാണെങ്കിലും ദൂരന്തത്തെ അതിജീവിക്കാനും കണ്ണുനീരിനെ മഴവില്ലാക്കാനും ബഷീറിന് കഴിവുണ്ട്. രണ്ടുപേരും യൗവ്വനത്തില്‍ തന്നെ സന്ന്യാസം അനുഭവിച്ചു. കുമാരനാശാന് സന്ന്യാസം പോലും സമാധാനം നല്‍കിയില്ല.
'ശോകത്താലിഹയോഗ സംഗതി സമാധാനം
തരുന്നില്ലെനിക്കേകുന്നീല ചിദാനുഭൂത
രസമിന്നാധ്യാത്മബോധം ഹാ സുഖം വെറും ജാലം ഉപാസിക്കുന്നു ദുഃഖത്തെ ഞാന്‍'-
എന്ന് ലോകത്തോട് പറയാന്‍ ആശാന് ഒരു മടിയുമുണ്ടായിരുന്നില്ല. ബഷീറിന് യോഗസംഗതി ഉണ്ടായത് ശരിയാണ്.
കോഴിക്കോട് സര്‍വ്വകലാശാലയില്‍ എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ട കാര്യം പ്രൊഫസര്‍ അറിഞ്ഞു. അദ്ദേഹം എന്നെ മുറിയിലേക്ക് വിളിപ്പിച്ചു. എന്നെ കാര്യവട്ടത്ത് നിന്ന് അപ്പോള്‍ പറഞ്ഞയക്കുമെന്ന് പേടിച്ചാണ് മുറിയില്‍ കയറിയത് മുന്നിലെ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഇരുന്നു. അദ്ദേഹം ചോദിച്ചു. ഇവിടെ വല്ല പ്രശ്‌നവും ഉണ്ടോ? ഇല്ല നഗരത്തിലെ മൂന്നു ലൈബ്രറികളില്‍ അംഗമാണ്. ശരി, ഒരു ഉപദേശം തരാം. നാളെ താനും അധ്യാപകനാകാണ്ടേതാണ്. ആ വകുപ്പു തലവനെപ്പറ്റി യൂണിവേഴ്‌സിറ്റിക്ക് ഒരു പരാതിയും താന്‍ കൊടുക്കരുത്. എനിക്കദ്ദേഹത്തെ നന്നായി അറിയാം. അദ്ദേഹം പറഞ്ഞു.
ആ സംഭവം ഞാന്‍ വസ്തുനിഷ്ഠമായി പത്രങ്ങളില്‍ കത്തുകളായെഴുതിയിട്ടുണ്ട്. സത്യം മാത്രമേ എഴുതിയിട്ടുള്ളൂ. യൂണിവേഴ്‌സിറ്റിക്ക് ഒരു പരാതിയും ഞാന്‍ അയക്കില്ല. ഞാന്‍ കോടതിയില്‍പോലും പോയിട്ടില്ലല്ലോ. പ്രൊഫസര്‍ എന്നെ പറഞ്ഞയക്കുമെന്നാണ് കരുതിയത്. അതുണ്ടായില്ല. മുറിയില്‍ നിന്നിറങ്ങി ഞാന്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.
ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാര്‍ഷിക ദിനം. ബഷീര്‍ ഓര്‍മകളാല്‍ മനം നിറയുകയാണ്. ദേശീയ പുരസ്‌കാരം നേടിയ 'ബഷീര്‍ ദ മാന്‍' എന്ന സിനിമ എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഏടാണ്. 'ബഷീര്‍ ദ മാന്‍' പിറന്നതിനെ കുറിച്ച് ഞാന്‍ വിവരിക്കാം.
ഒരു ദിവസം ചലച്ചിത്രകാരനായ ജോണ്‍ അബ്രഹാം കാര്യവട്ടത്തുവന്ന് എന്നെ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് കുട്ടിക്കൊണ്ടുപോയി. കണ്ണൂര്‍ ഷൂട്ട് ചെയ്യാന്‍ കാസര്‍കോടുപോയ അദ്ദേഹം 'തെയ്യം' ഷൂട്ട് ചെയ്തിരുന്നു. അതിന്റെ റഷസ് കണ്ട് ഞാന്‍ അദ്ദേഹത്തിന് കമന്ററി എഴുതി കൊടുക്കണം. ഞാനെഴുതിയ തെയ്യം ലേഖനങ്ങള്‍ അദ്ദേഹം വായിച്ചിട്ടുണ്ട്. മൂന്ന് ദിവസം അവിടെ താമസിച്ച് അതെഴുതിക്കൊടുത്തു. തിരിച്ചു വരുമ്പോഴാണ് എന്റെ മനസ്സിലേക്ക് ബഷീര്‍ വന്ന് മുട്ടി വിളിച്ചത്. എന്റെ അസ്ഥിത്വ ശൂന്യതകളെ നികത്താന്‍ എനിക്കെന്തെങ്കിലും സൃഷ്ടിക്കണമായിരുന്നു. എനിക്കാരുമില്ലാത്തതില്‍ ഒരു രസമുണ്ടെന്ന് പഠിപ്പിച്ച മനുഷ്യന്റെ ജീവിതത്തിന്റെ പ്രകാശമാണ് എനിക്കസ്ഥിത്വം നല്‍കിയത്.
'ബഷീര്‍ ദ മാന്‍' മനസ്സില്‍ രൂപം കൊള്ളുകയായിരുന്നു. പ്രൊഫസറോട് സംസാരിച്ചപ്പോള്‍ നമുക്കിവിടെയിരുന്നു തന്നെ സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു. തലയോലപ്പറമ്പിലും എറണാകുളത്തുമൊക്കെ പോകാന്‍ അവധി തരാം. രണ്ടാഴ്ച പുറത്ത് പോകാനുള്ള അനുവാദം അദ്ദേഹം എനിക്ക് തന്നു. ആദ്യം തലയോലപ്പറമ്പ്, പാത്തുമ്മ, ആനുമ്മ, അബൂബക്കര്‍, അബ്ദുള്‍ ഖാദര്‍, ഹനീഫ, മൂവാറ്റുപുഴയാറ് രണ്ടായി പിരിഞ്ഞ് ഒന്നായി ഒഴുകുന്ന ഇമ്മിണിബല്ല്യ ഒന്നിന്റെ ഭൂമിശാസ്ത്രം. കെ.സി. ജോര്‍ജ്, കെ.എസ്. നാരായണപിള്ള, പോഞ്ഞിക്കര റാഫി, വൈലോപ്പിള്ളി, കൃഷ്ണന്‍ നായര്‍ സ്റ്റുഡിയോ... ബഷീറിന് ആവതില്ലാത്ത കാലത്ത് താന്‍ ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ കൊടുത്ത രണ്ടണ വിശന്ന് വന്ന ഒരു അപരിചിതന് നല്‍കി. ഊണ് കഴിക്കാതെ പട്ടിണി കിടന്ന ബഷീറിന്റെയത്ര മനുഷ്യസ്‌നേഹം തനിക്കുണ്ടോ? എന്ന് കെ.സി. ജോര്‍ജ് സംശയിച്ചു. ഉന്മാദവേളയില്‍ മുറിയുടെ മൂലയില്‍ അബോധാവസ്ഥയില്‍ ചുരുണ്ടുകൂടി കിടന്ന ബഷീറിനെ വിഷാദഭാവത്തോടെ ഓര്‍ക്കുന്ന കെ.എസ്. നാരായണപിള്ള, എറണാകുളത്ത് തന്റെ മുറിയില്‍ ഗ്രാമഫോണ്‍ പെട്ടിയും സൈക്കിളുമായി വന്നപ്പോള്‍ വിശപ്പടക്കാന്‍ ഒന്നും ഇല്ലാഞ്ഞിട്ട് മുറ്റത്തെ ആര്‍ക്കും വേണ്ടാത്ത തവര പറിച്ച് ചെമ്പ് കലത്തില്‍ വേവിച്ച് കഴിപ്പിച്ച പോഞ്ഞിക്കര റാഫി, ചോരയൂറിക്കുന്ന കഥ പറയുന്ന കൊല്ലം കസബ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പ്, ടൈഗര്‍ എന്ന നായ കിടന്ന ലോക്കപ്പ് വരാന്ത...
'ബഷീര്‍ ദ മാന്‍'ന്റെ തിരക്കഥാ വേളയില്‍ ബഷീറില്‍ പരസ്പരം പോരടിച്ച വൈരാഗിയും ഉന്മാദിയും എന്നെ അലട്ടിയിരുന്നു. സന്ന്യാസം ഉപേക്ഷിച്ചു എന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിച്ചു. 'ഒരാള്‍ സന്ന്യാസി ആയിട്ടിരിക്കുമ്പോള്‍ അയാളെ തീറ്റിപ്പോറ്റാന്‍ വേറെ കുറേ ആളുകള്‍ അധ്വാനിക്കേണ്ടിയിരിക്കുന്നു. അത് ശരിയാണെന്ന് എനിക്ക് തോന്നിയില്ല. പിന്നെ സൃഷ്ടിയുടെ ഉദ്ദേശം തന്നെ അധ്വാനിച്ച് ജീവിക്കുക എന്നതാണ്. പിന്നെ അവന് ഭാര്യയെ വേണം മക്കള്‍ വേണം. ഇതൊന്നും സന്ന്യാസത്തിലില്ലല്ലോ?' നിങ്ങള്‍ ഒരു മിസ്റ്റിക്കാണോ എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഒരു പച്ചക്കറിയല്ല, വെണ്ടക്കയല്ല, മനുഷ്യനാണെന്ന് ബഷീര്‍ പറയുന്നു. ഞാന്‍ വിവാഹിതനായ ജ്ഞാനിയാണ്. ആദ്യ തീവ്രവിപ്ലവം, പിന്നെ സന്ന്യാസം, ഉന്മാദം, ഏറ്റവും ഒടുവില്‍ സാധാരണ മനുഷ്യന്‍. അങ്ങനെ ആ സത്യാന്വേഷി പരാജയപ്പെട്ടു. പരാജയപ്പെട്ട സത്യാന്വേഷിക്ക് പിന്നെ മനുഷ്യന്റെ റോളേ എടുക്കാന്‍ പറ്റൂ. തന്നെ ലജന്റും സുല്‍ത്താനും ആക്കിയവര്‍ നല്‍കിയ ശീതളഛായകളെ ഉപേക്ഷിക്കാന്‍ കൂടിയാവാം ബഷീര്‍ മനുഷ്യന്റെ വെയിലിലേക്ക് ഇറങ്ങിവന്നത്. 'ലോക ലോകങ്ങളുടെ സ്രഷ്ടാവേ, എനിക്കിതെന്നില്‍ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. നിന്റെ മഹാപ്രഭാവം, ഈ മഹാത്ഭുതം ഞാന്‍ തീരെ ചെറിയ ജീവിയാണ്. എനിക്ക് വയ്യ, എന്നെ രക്ഷിക്ക് ചെറിയ മനസ്സിന് ഗ്രഹിക്കാന്‍ കഴിയാത്ത ബ്രഹ്മാണ്ഡ പ്രശ്‌നം. വേണ്ട വേണ്ട എനിക്ക് ബുദ്ധി വേണമെന്നില്ല. എന്നെ ഒരു പുല്‍ക്കൊടിയാക്കിയാല്‍ മതി. പക്ഷേ മനുഷ്യനായിപ്പോയി. അത് വലിയൊരു അനുഗ്രഹമാണ്. ബഷീറിലെ മനുഷ്യന്റെ സാരാംശം. ഈ മനുഷ്യനെയാണ് 'ബഷീര്‍ ദ മാനി'ല്‍ 1982 മുതല്‍ 1987 വരെ ഞാന്‍ ചിത്രീകരിച്ചത്. ചിത്രീകരണത്തില്‍ ഒട്ടേറെ തടസ്സങ്ങള്‍ ഉണ്ടായെങ്കിലും ബഷീറിന്റെ ജീവിത ദര്‍ശനം പോലെ തന്നെ അഞ്ച് വര്‍ഷത്തെ നരകയാതനകള്‍ക്ക് ശേഷം എനിക്ക് മധുര ഫലങ്ങള്‍ ലഭിച്ചു. അത് ബഷീറിനെയും സന്തോഷിപ്പിച്ചു. നമ്പൂതിരി ചിത്രങ്ങളും ബഷീറിന്റെ സ്വന്തം ശബ്ദവും ചിത്രത്തിന് മാറ്റ് കൂട്ടി. അപരിഹാരമായ കാരണങ്ങളാല്‍ ചിത്രം നീണ്ട് പോകുമ്പോള്‍ ബഷീറിലെ മനുഷ്യന്‍ കാരുണ്യത്തിന്റേയും സഹാനുഭൂതിയുടെയും തണല്‍ തന്ന് എന്നെ അനുഗ്രഹിച്ചു. അത് പൂര്‍ത്തിയാക്കാനായി ശരീരം കൊണ്ടും മനസ്സുകൊണ്ടും അദ്ദേഹം ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചു. ഇടക്കിടെ കാലിടറി, അത് പൂര്‍ത്തിയാക്കാനാകാതെ ഞാന്‍ കുഴയുമ്പോള്‍ ജീവിതവും ഞാനും തമ്മില്‍ നടത്തിയ അനന്തമായ പോരാട്ടത്തില്‍ ആ വാക്യങ്ങള്‍ എന്നെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചു. 'ഇല്ല ജീവിതം താറുമാറായി പോകാന്‍ ഞാന്‍ സമ്മതിക്കുകയില്ല. സര്‍വ്വശക്തിയും സംഭരിച്ചു രണ്ടാമത് ഒരു ശ്രമം കൂടി നടത്തുക.' ആ കൈകള്‍ എന്നെ പിടിച്ചുയര്‍ത്തി. കുഴഞ്ഞ് പോയ കാലുകള്‍ ശക്തമായി. പുസ്തകത്തിലെ വാക്യങ്ങള്‍ എന്റെ ജീവിത്തതിലെ വാക്യങ്ങളായി. ഒടുവില്‍ എനിക്ക് പറയാന്‍ കഴിഞ്ഞു 'ആ സിനിമ എന്നെ നിര്‍മ്മിക്കുകയായിരുന്നു'. ഇന്ത്യന്‍ പനോരമയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. 1988-ലെ ദേശീയ അവാര്‍ഡ് ലഭിച്ചു. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും ഹൂസ്റ്റന്‍ ഫിലിം ഫെസ്റ്റിവലിലും എസ്റ്റോണിയ ഡോക്യുമെന്ററി ഫെസ്റ്റിവെലിലും 'ബഷീര്‍ ദ മാന്‍' തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പനോരമ തിരുവനന്തപുരത്തായിരുന്നു. ഡോ. കെ. രാമചന്ദ്രന്‍ നായര്‍ ചിത്രം കണ്ടശേഷം എനിക്കൊരു കത്തയച്ചു. പിതാവ് മകനയച്ച കത്ത് പോലെ കരുതി ഞാനതിനെ ഇപ്പോഴും സൂക്ഷിക്കുന്നു.
'പ്രിയപ്പെട്ട റഹ്മാന്‍, ഞാന്‍ ബഷീര്‍ ദ മാന്‍ രണ്ടാം ദിവസം വന്ന് കണ്ടിരുന്നു. ഇയാളെ അവിടെയെങ്ങും കണ്ടില്ല. അഭിനന്ദനം നേരിട്ട് അറിയിക്കണമെന്നുണ്ടായിരുന്നു. ബഷീറിന്റെ അപൂര്‍വ്വമായ വ്യക്തിത്വം ക്യാമറയിലാക്കാന്‍ റഹ്മാന് ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്. ചിത്രം ഇനിയും അംഗീകാരം കിട്ടും എന്ന് ഉറപ്പുണ്ട്. അഭിനന്ദനങ്ങള്‍...'
-ഡോ. കെ. രാമചന്ദ്രന്‍ നായര്‍
കോഴിക്കോട് നിന്ന് നിഷ്‌കാസിതനായ എന്നെ തിരുവനന്തപുരത്തേക്കാണ് ദൈവം വലിച്ചെറിഞ്ഞത്. കാര്യവട്ടത്ത് വന്ന് വീണ ഞാന്‍ യാദൃച്ഛികമായി മുമ്പൊരിക്കലും നേരിട്ട് പരിചയമില്ലാതിരുന്ന ജോണിന്റെ കൈയില്‍ പെടുന്നു. സിനിമ തന്റെ വിഷയം അല്ലാതിരുന്നിട്ടും ഡോ. കെ. രാമചന്ദ്രന്‍ നായര്‍ എനിക്ക് എല്ലാസൗകര്യവും ചെയ്തുതരുന്നു. ഞാന്‍ ചലച്ചിത്രകാരനാകുന്നു. എനിക്ക് ഇപ്പോള്‍ ഓര്‍മ്മ വരുന്നത് ഒരു അറബിക് പഴമൊഴിയാണ്. ഭാഗ്യവാനെ കടലിലെറിഞ്ഞാല്‍ അയാള്‍ സ്വര്‍ണ്ണ മത്സ്യവുമായി മടങ്ങിവരും... ഒപ്പം 'നിങ്ങള്‍ക്ക് ആരുടെയും ഹൃദയം തകര്‍ക്കാനാകില്ല' എന്ന ബഷീറിയന്‍ സൂഫി ഗാനവും ഓര്‍മ്മ വരുന്നു.
-എം.എ റഹ്മാന്‍