വി.എസ്. അജിത്തിന്റെ കഥകള്‍ പറയുന്നത്...
പല പ്രകാരത്തില്‍ കഥകളും കവിതകളും നോവലുകളും എഴുതുന്നവരാണ് നമ്മുടെ എഴുത്തുകാര്‍. ഓരോരുത്തര്‍ക്കും തങ്ങളുടേതായ രചനാതന്ത്രവും ഭാഷാശൈലിയുമുണ്ട്.അധികമാളുകളും തെളിഞ്ഞ മാനക ഭാഷയില്‍ എഴുതുന്നവരാണ്. അച്ചടിഭാഷയില്‍ കഥ പറയുമ്പോള്‍ സംഭാഷണങ്ങളില്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ സ്ലാങ്ങുകള്‍ കൊണ്ടുവരുന്നവരും യഥേഷ്ടമുണ്ട്. ആനന്ദിന്റെ രചനകളില്‍ കഥാപാത്രങ്ങളും അച്ചടിഭാഷയില്‍ സംസാരിക്കുമ്പോള്‍ ബഷീറിന്റേയും പുനത്തിലിന്റേയും ഖാദറിന്റേയും മറ്റും കഥാപാത്രങ്ങളിലധികവും തങ്ങളുടെ സ്വന്തം ശൈലിയില്‍ സംസാരിക്കുന്നവരാണ്.എന്നാല്‍, ആഖ്യാനത്തിലും സംഭാഷണത്തിലുമെല്ലാം പ്രാദേശിക ഭാഷകള്‍ മാത്രം ഉപയോഗിക്കുന്ന എഴുത്തുകാര്‍ അത്യപൂര്‍വ്വമാണ്. കുറേ കഠിനവും ഒട്ടേറെ പരിമിതികളുമുള്ള ഒരേര്‍പ്പാടാണത്. അതുകൊണ്ടു തന്നെ […]
പല പ്രകാരത്തില്‍ കഥകളും കവിതകളും നോവലുകളും എഴുതുന്നവരാണ് നമ്മുടെ എഴുത്തുകാര്‍. ഓരോരുത്തര്‍ക്കും തങ്ങളുടേതായ രചനാതന്ത്രവും ഭാഷാശൈലിയുമുണ്ട്.അധികമാളുകളും തെളിഞ്ഞ മാനക ഭാഷയില്‍ എഴുതുന്നവരാണ്. അച്ചടിഭാഷയില്‍ കഥ പറയുമ്പോള്‍ സംഭാഷണങ്ങളില്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ സ്ലാങ്ങുകള്‍ കൊണ്ടുവരുന്നവരും യഥേഷ്ടമുണ്ട്. ആനന്ദിന്റെ രചനകളില്‍ കഥാപാത്രങ്ങളും അച്ചടിഭാഷയില്‍ സംസാരിക്കുമ്പോള്‍ ബഷീറിന്റേയും പുനത്തിലിന്റേയും ഖാദറിന്റേയും മറ്റും കഥാപാത്രങ്ങളിലധികവും തങ്ങളുടെ സ്വന്തം ശൈലിയില്‍ സംസാരിക്കുന്നവരാണ്.എന്നാല്‍, ആഖ്യാനത്തിലും സംഭാഷണത്തിലുമെല്ലാം പ്രാദേശിക ഭാഷകള്‍ മാത്രം ഉപയോഗിക്കുന്ന എഴുത്തുകാര്‍ അത്യപൂര്‍വ്വമാണ്. കുറേ കഠിനവും ഒട്ടേറെ പരിമിതികളുമുള്ള ഒരേര്‍പ്പാടാണത്. അതുകൊണ്ടു തന്നെ […]
പല പ്രകാരത്തില്‍ കഥകളും കവിതകളും നോവലുകളും എഴുതുന്നവരാണ് നമ്മുടെ എഴുത്തുകാര്‍. ഓരോരുത്തര്‍ക്കും തങ്ങളുടേതായ രചനാതന്ത്രവും ഭാഷാശൈലിയുമുണ്ട്.
അധികമാളുകളും തെളിഞ്ഞ മാനക ഭാഷയില്‍ എഴുതുന്നവരാണ്. അച്ചടിഭാഷയില്‍ കഥ പറയുമ്പോള്‍ സംഭാഷണങ്ങളില്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ സ്ലാങ്ങുകള്‍ കൊണ്ടുവരുന്നവരും യഥേഷ്ടമുണ്ട്. ആനന്ദിന്റെ രചനകളില്‍ കഥാപാത്രങ്ങളും അച്ചടിഭാഷയില്‍ സംസാരിക്കുമ്പോള്‍ ബഷീറിന്റേയും പുനത്തിലിന്റേയും ഖാദറിന്റേയും മറ്റും കഥാപാത്രങ്ങളിലധികവും തങ്ങളുടെ സ്വന്തം ശൈലിയില്‍ സംസാരിക്കുന്നവരാണ്.
എന്നാല്‍, ആഖ്യാനത്തിലും സംഭാഷണത്തിലുമെല്ലാം പ്രാദേശിക ഭാഷകള്‍ മാത്രം ഉപയോഗിക്കുന്ന എഴുത്തുകാര്‍ അത്യപൂര്‍വ്വമാണ്. കുറേ കഠിനവും ഒട്ടേറെ പരിമിതികളുമുള്ള ഒരേര്‍പ്പാടാണത്. അതുകൊണ്ടു തന്നെ അധികം എഴുത്തുകാരും അങ്ങനെയുള്ള സാഹസത്തിന് മുതിര്‍ന്നെന്നു വരില്ല.
ഉദാഹരിക്കുകയാണെങ്കില്‍ ഒരു കാസര്‍കോടന്‍ എഴുത്തുകാരന് മാനകഭാഷയിലേ എഴുതാന്‍ പറ്റൂ. വേണമെങ്കില്‍ സംഭാഷണങ്ങളില്‍ കാസര്‍കോടന്‍ ഭാഷ കൊണ്ടുവരാം. പക്ഷേ, അതുതന്നെ ദുഷ്‌കരവും വില്‍പനയെ ദോഷമായി ബാധിക്കുന്നതുമായിരിക്കും. മദ്ധ്യ-തെക്കന്‍ തിരുവിതാംകൂറുകാരന്റേയും അവസ്ഥയും വ്യത്യസ്തമാവില്ല. കാസര്‍കോടന്‍ വാമൊഴി ഭാഷ കണ്ണൂരിനപ്പുറമുള്ള ജില്ലക്കാര്‍ക്ക് ഗ്രഹിക്കുക എത്രമാത്രം കഠിനമാണോ അതേ കാഠിന്യമാണ് തിരുവനന്തപുരത്തുകാരുടെ വാമൊഴി കാസര്‍കോട്ടുകാര്‍ക്ക് മനസ്സിലാവുക എന്നതും.
തന്റെ നാടിന്റെ സ്വന്തം ഭാഷയിലും ശൈലിയിലും വിട്ടുവീഴ്ചയില്ലാതെ എഴുതുക എന്നത് ഒരെഴുത്തുകാരനെ സംബന്ധിച്ച് ഒരേസമയം ധീരോദാത്തവും മണ്ടത്തരമാര്‍ന്നതുമായ കാര്യമാണ്. എന്നിട്ടും തന്റെ തീരുമാനത്തിലും ദൃഢനിശ്ചയത്തിലും കൂസലെന്യേ എഴുത്തിന്റെ വഴിയേ മുന്നോട്ടു പോകുന്ന എഴുത്തുകാരനെ നമുക്ക് വി.എസ്.അജിത്ത് എന്നു മാത്രം വിളിക്കാം.
വി.എസ്. അജിത്ത് സ്‌നേഹപൂര്‍വ്വം കൈയൊപ്പു ചാര്‍ത്തിത്തന്ന 'എലിക്കെണി', 'വിരൂപയായ വേലക്കാരി' എന്നീ രണ്ടു കഥാസമാഹാരങ്ങളാണ് എന്റെ മുന്നില്‍. തെക്കന്‍ തിരുവിതാംകൂറുകാരുടെ പെടുപ്പും പള്ളും പുളുന്താന്‍ വയറും ലവനും നട്ടെരിയാനം വെയിലും ലലനാമണിയും മറ്റും തിരിയില്ല എന്ന മുന്‍വിധിയുള്ള കാസര്‍കോട്ട്, കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച 'എലിക്കെണി'യെക്കുറിച്ചുള്ള വായനാ സന്ധ്യയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അജിത്ത് എനിക്ക് സസ്‌നേഹം സമ്മാനിച്ചവയാണവ.
മലയാളത്തില്‍ ഇന്ന് കഥകള്‍ എഴുതിക്കൊണ്ടിരിക്കുന്നവര്‍ക്കിടയില്‍ വി.എസ്. അജിത്തിനോളം ജനകീയനും വായനക്കാരുള്ളവനുമായ മറ്റൊരാള്‍ വിരളമാവും. ഭാഷയില്‍ ഏറ്റവും വായിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന വലിയ ഒരെഴുത്തുകാരന്റെ യാതൊരു ജാഡയുമില്ലാത്ത ഒരു സാദാ പയ്യന്‍. സോഷ്യല്‍ മീഡിയയായ ഫെയ്‌സ്ബുക്കില്‍ നിരന്തരം എഴുതുകയും എഴുതിയവ പുസ്തക രൂപത്തിലാക്കുകയും അവയെ ഫെയ്‌സ്ബുക്ക് പേജിലൂടെ തന്നെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ഒരു അത്യുത്സാഹിയായ എഴുത്തുകാരന്‍. ഇപ്പോള്‍ മലയാളത്തിലെ മുഖ്യധാരാ ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വിശേഷാല്‍ പതിപ്പുകളിലും ഒരുപാടൊരുപാട് എഴുതിക്കൊണ്ടിരിക്കുമ്പോഴും തലക്കനം ഒട്ടും കൂടാതെ നിഷ്‌കളങ്കതയോടെയും ആദ്യമായി ഒരു കഥ പ്രസിദ്ധീകൃതമാകുന്നതിന്റെ അതേ ത്രില്ലിലും ഓരോ കഥ വ്യത്യസ്ത പ്രസിദ്ധീകരണങ്ങളില്‍ വരുമ്പോഴും അതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കളുമായി പങ്കുവെക്കാനും സമയം കണ്ടെത്തുന്ന ഉത്സുകനായ കഥാകൃത്ത്.
മുഖകാന്തിയും ശബ്ദഗാംഭീര്യവും മറ്റുമുളളവരാകണം സിനിമാ നടന്‍മാരാവണമെങ്കില്‍ എന്ന നമ്മുടെ പൂര്‍വ്വകല്‍പനകളെ എപ്രകാരമാണോ വര്‍ത്തമാനകാല പ്രതിഭാധനരായ നടന്‍മാര്‍ തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്നത് അപ്രകാരമാണ് വര്‍ത്തമാന സാഹിത്യത്തില്‍ അജിത്ത് പൊളിച്ചെഴുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. പറയാന്‍ വിഷയങ്ങളും പ്രതിഷ്ഠിക്കാന്‍ ബിംബങ്ങളും ഉണ്ടെങ്കില്‍ ഭാഷ ഒരു പ്രശ്‌നമേയല്ലെന്ന് അജിത്ത് ഉച്ചൈസ്തരം പ്രഖ്യാപിക്കുകയാണ്. കരകവിഞ്ഞൊഴുകുന്ന നദികളില്‍ അല്ല, കൊച്ചുകൊച്ചു കാട്ടരുവികളിലും ജലമര്‍മ്മരങ്ങളിലും പലപ്പോഴും ചുഴികളും മലരികളുമുണ്ടെന്ന് രണ്ടോ മൂന്നോ, ഏറിയാല്‍ നാലോ പുറങ്ങള്‍ മാത്രം നീളുന്ന കൊച്ചുകൊച്ചു കഥകളിലൂടെ അദ്ദേഹം നെറികെട്ട വര്‍ത്തമാനകാല രാഷ്ട്രീയത്തേയും കപട സദാചാരത്തിന്റെ പുറന്തോടുകളേയും താന്‍ എന്തൊക്കെയോ ആണെന്നു ധരിച്ചുവശായ പുരുഷന്റെ ദൗര്‍ബ്ബല്യങ്ങളേയും ദയനീയ തോല്‍വിയേയും അന്ധവിശ്വാസങ്ങളില്‍ ആണ്ടുപൊയ്‌ക്കൊണ്ടിരിക്കുന്ന അഭ്യസ്തവിദ്യരായ ആധുനിക കാലഘട്ടത്തിലെ യുവതയേയും രോഗങ്ങളെ വിറ്റു കാശാക്കുന്ന കുശാഗ്രതയേയും എല്ലാം കണക്കിന് കളിയാക്കുകയും വിമര്‍ശിക്കുകയുമാണ്. ആ തൂലികയ്ക്ക് ശരവ്യമാവാത്ത ഒരു വിഷയവുമില്ല. ഏറെയും രാഷ്ട്രീയ കൂരമ്പുകള്‍ തന്നെയാണ്. ഒരു പ്രീണന പക്ഷത്തും അല്ലാത്തതിനാല്‍ എല്ലാ പക്ഷ നെറികേടുകള്‍ക്കും നേരേ ഒരുപോലെ അസ്ത്രങ്ങള്‍ തൊടുക്കാന്‍ പുസ്തകങ്ങളുടെ വിപണനത്തിലോ പുകഴ്ത്തലുകളിലോ അവ വിറ്റ് കഞ്ഞി കുടിക്കണമെന്ന ചിന്തയിലോ ഒരു തരത്തിലും ഉത്ക്കണ്ഠാകുലനല്ലാത്ത എഴുത്തുകാരന് അനായാസം കഴിയുന്നു.
തിരുവനന്തപുരം ഭാഷയിലാണ് എഴുത്തെങ്കിലും സംസ്‌കൃതവും തമിഴും ഇംഗ്ലീഷും യഥേഷ്ടം കടന്നുവരുന്നുണ്ട്. ഉള്‍ട്ടാ എന്ന ഹിന്ദി വാക്കു പോലും ഒരു കഥയില്‍ കടന്നുവരുന്നു. പല കഥകളുടേയും പേരുകള്‍ തന്നെ തലതിരിഞ്ഞവയും കേട്ടുകേള്‍വി പോലുമില്ലാത്ത പദങ്ങളിലുള്ളവയുമാണ്. ഇംഗ്ലീഷിലും സംസ്‌കൃതത്തിലും കുറേ പേരുകള്‍. 'ണറോക്കോ പിച്ചിക്കോവ്' പോലെ തലതിരിഞ്ഞവയും! തിരുവിതാംകൂറില്‍ 'ചൊറിച്ചു മല്ല്' എന്ന ഒരു പ്രയോഗമുണ്ട്. അതിനേയും തകിടം മറിക്കുന്നതാണ് ണറോക്കോ പിച്ചിക്കോവ്.
സഞ്ജയനും വി.കെ.എന്നിനും മറ്റും ശേഷം മലയാളത്തിലെ ഗൗരവ സാഹിത്യത്തില്‍ ഉപഹാസത്തിനു മുന്‍തൂക്കം നല്‍കുന്ന എഴുത്തുകാര്‍ അധികമാരും ഉണ്ടായിട്ടില്ല. കവികളില്‍ ചെമ്മനം ചാക്കോയേയും ഹാസ്യസാഹിത്യത്തില്‍ വേളൂര്‍ കൃഷ്ണന്‍കുട്ടിയേയും തോമസ് പാലായേയും പാക്കനാരേയും മറ്റും മാറ്റി നിര്‍ത്തിയാല്‍. ആ ഒരു ശൂന്യതയിലേക്കാണ് അജിത്ത് ഏകാന്ത പഥികനായി കടന്നുവരുന്നത്. പല കഥകളും ഉപഹാസത്തിന്റെ മേമ്പൊടി ചേര്‍ത്താണ് എഴുതിയിരിക്കുന്നതെങ്കിലും ആത്യന്തികമായി അവ വെറും ഹാസ്യത്തിനു വേണ്ടിയല്ല മറിച്ച്, നിശിതമായ രാഷ്ട്രീയ-സാമൂഹ്യ വിമര്‍ശനമാണ് ഉന്നമാക്കുന്നത്. ഉപഹാസത്തില്‍ ചാലിച്ചവയല്ലാത്ത കഥകളും അദ്ദേഹത്തിന്റെ പുസ്തകങ്ങളിലുണ്ട്.
കൊറോണക്കാലത്തെ മുഷ്യരുടെ വ്യഥയും ഏകാന്തതയും പ്രമേയമായ കുറേ കഥകളാണ് രണ്ടിലും. എലിക്കെണി, വെബിനാര്‍, മോടിയുള്ള മദ്യക്കുപ്പി, എല്ലാം അയ്യപ്പന്റെ കൃപ, വൈയ് ഭായ് ഈ കോലീബി, ഡെയ്‌സി ദി സ്‌നേക്ക്‌ഹെഡ് മ്യൂറല്‍, ണറോക്കോ പിച്ചിക്കോവ്, ജനമൈത്രി പോലീസ്, മകര ധ്വജന്‍, അപ്പൂപ്പന്റെ ആമാടപ്പെട്ടി, അംബോഹിമാംഗ, അഗാറിക്കസ് മസ്‌കാറിയസ്, ആഞ്ജനേയ മുറുക്കുകട, മറിയ മുക്കോത്തിയുടെ മൂത്രം, ആല്‍ഫാ സെഞ്ചുറി, കൊപ്രാത്തലയന്റെ കാറും ചീരമുലച്ചിയുടെ ചേലും തുടങ്ങിയ കഥകളില്‍ കോവിഡും ലോക്ക്ഡൗണും മാസ്‌കും സാനിറ്റൈസറും ഓടിച്ചു പിടിക്കലും മര്‍ദ്ദിക്കലും എല്ലാമുണ്ട്. കോവിഡ് കാലത്തെ സര്‍ഗാത്മക രചനകള്‍ക്കായി അജിത്തിനോളം ഉപയോഗപ്പെടുത്തിയ മറ്റൊരു എഴുത്തുകാരനും ഉണ്ടാവുമെന്നു തോന്നുന്നില്ല. ഇവയില്‍ പലതും കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ കൂടിയാണ്.
ലൈംഗിക ദാരിദ്ര്യമനുഭവിക്കുന്നവര്‍, അഗമ്യഗമനം നടത്തുന്നവര്‍, അത്യാര്‍ത്തി പൂണ്ട് വര്‍ഷത്തില്‍ രണ്ടു സീസണായി ചക്ക കായ്ക്കുന്ന പ്ലാവിന് പോലും തടമെടുത്ത് വളം നല്‍കി ഷണ്ഡീകരിക്കുന്നവര്‍, ഉന്നത ബിരുദധാരികളായിരുന്നിട്ടു പോലും ജിന്ന് പോലുള്ള അന്ധവിശ്വാസങ്ങളില്‍ കുടുങ്ങി തങ്ങളുടെ സര്‍വ്വസ്വവും നഷ്ടപ്പെടുത്തുന്ന യുവത, വിശേഷാല്‍ പ്രതികള്‍ക്കായി കഥയില്ലായ്മയില്‍ നിന്നും കഥകള്‍ മെനയാന്‍ പാടുപെടുന്ന എഴുത്തുകാര്‍, പ്രളയകാലത്ത് മൂന്നുദിവസത്തെ ശമ്പളം കടമായി സര്‍ക്കാറിലേക്ക് നല്‍കണമെന്ന ഉത്തരവിനെ പുച്ഛിച്ച് കീറിയെറിഞ്ഞവര്‍, അയഥാര്‍ത്ഥമായവയെ മാത്രം കണ്ട് ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍ തുടങ്ങി നാമെന്നും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പലതരം കഥാപാത്രങ്ങള്‍ പല കഥകളിലായി വന്ന് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അനുതാപമുള്ളവരാക്കുകയും ചെയ്യുന്നു.
അജിത്തിന്റെ പുസ്തകങ്ങളിലെ പല കഥകളേക്കുറിച്ചും വിശദമായിത്തന്നെ പറയണമെന്നുണ്ട്. പക്ഷേ, ഒരു കുറിപ്പിന്റെ പരിധിയില്‍ അത് ഒതുക്കാന്‍ സാധ്യമല്ലാത്തത് കൊണ്ടു മാത്രം മുതിരുന്നില്ല. എലിക്കെണിയും തിമോത്തി അരിക്കാടിയും മോടിയുള്ള മദ്യക്കുപ്പിയും മറിയമുക്കോത്തിയുടെ മൂത്രവും കുക്കുടാസനവും വിരൂപയായ വേലക്കാരിയും ഉണ്ണിയപ്പവും ദണ്ഡാപൂപികാന്യായവും അംബോഹിമാംഗയും ബ്ലൂ പെയില്‍ ഡോട്ടും മറ്റും സൂപ്പര്‍ കഥകളാണ്. അജിത്തിന്റെ ഓരോ കഥകളും രണ്ടു തവണയെങ്കിലും വായിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഒറ്റ വായനയിലൂടെ ചിരിച്ചും രസിച്ചും അങ്ങ് വായിച്ചു പോകാം എന്നു തോന്നുമെങ്കിലും രണ്ടാം വായനയില്‍ ചിരിക്കും ഉപഹാസത്തിനുമപ്പുറം ചിന്തയിലേക്കും ആത്മപരിശോധനയിലേക്കും അവ നമ്മെ കൊണ്ടുപോകും.
-റഹ്മാന്‍ മുട്ടത്തൊടി