വി.എം മുനീര്‍ ഈ മാസം സ്ഥാനം ഒഴിയും; അബ്ബാസ് ബീഗം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ പദത്തിലേക്ക്

കാസര്‍കോട്: മൂന്ന് വര്‍ഷം കാസര്‍കോട് നഗരസഭയെ നയിച്ച അഡ്വ. വി.എം മുനീര്‍ പടിയിറങ്ങുന്നു. പാര്‍ട്ടിയിലെ മുന്‍ ധാരണ പ്രകാരമാണിത്. ഈ മാസം തന്നെ മുനീര്‍ രാജിവെക്കും. 15ന് മുമ്പായി രാജി സമര്‍പ്പിച്ചേക്കുമെന്നും സൂചനയുണ്ട്. പകരം നിലവിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം പുതിയ ചെയര്‍മാനാവും. ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് പാര്‍ട്ടിയിലെ മുന്‍ ധാരണ നടപ്പാക്കാന്‍ തീരുമാനിച്ചത്.സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ […]

കാസര്‍കോട്: മൂന്ന് വര്‍ഷം കാസര്‍കോട് നഗരസഭയെ നയിച്ച അഡ്വ. വി.എം മുനീര്‍ പടിയിറങ്ങുന്നു. പാര്‍ട്ടിയിലെ മുന്‍ ധാരണ പ്രകാരമാണിത്. ഈ മാസം തന്നെ മുനീര്‍ രാജിവെക്കും. 15ന് മുമ്പായി രാജി സമര്‍പ്പിച്ചേക്കുമെന്നും സൂചനയുണ്ട്. പകരം നിലവിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം പുതിയ ചെയര്‍മാനാവും. ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് പാര്‍ട്ടിയിലെ മുന്‍ ധാരണ നടപ്പാക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ് മാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.കെ.പി ഹമീദലി എന്നിവര്‍ സംബന്ധിച്ചു. നഗരസഭാ ചെയര്‍മാനെ നിശ്ചയിക്കുന്ന വേളയില്‍ മുനീറിനൊപ്പം തന്നെ അബ്ബാസ് ബീഗത്തിന്റെയും പേര് ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്ന് ആദ്യത്തെ മൂന്ന് വര്‍ഷം മുനീറിനെയും തുടര്‍ന്നുള്ള രണ്ട് വര്‍ഷം അബ്ബാസിനെയും ചെയര്‍മാനാക്കാന്‍ ധാരണയിലെത്തുകയായിരുന്നു. ഡിസംബര്‍ 28ന് മുനീര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി. എന്നാല്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ദുബായിലായിരുന്നതിനാല്‍ അദ്ദേഹം എത്താന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതിനിടയില്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടിയുടെ പേരും ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഒരു വിഭാഗം ഉയര്‍ത്തികൊണ്ടുവന്നുവെങ്കിലും മുന്‍ ധാരണ പ്രകാരം തീരുമാനം നടപ്പിലാക്കാന്‍ ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
നിലവില്‍ ചേരങ്കൈ ഈസ്റ്റ് വാര്‍ഡിനെ (2-ാം വാര്‍ഡ്) പ്രതിനിധീകരിക്കുന്ന അബ്ബാസ് ബീഗം 2010-15 കാലയളവിലും കാസര്‍കോട് നഗരസഭയുടെ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ഒരു മാസം നഗരസഭാ ചെയര്‍മാന്റെ താല്‍ക്കാലിക ചുമതലയും വഹിച്ചിരുന്നു. ചെയര്‍മാനായിരുന്ന ടി.ഇ അബ്ദുല്ലയും വൈസ് ചെയര്‍പേഴ്‌സണായിരുന്ന താഹിറ സത്താറും മക്ക തീര്‍ത്ഥാടന യാത്രയ്ക്ക് വേണ്ടി അവധിയെടുത്തപ്പോഴാണിത്. നേരത്തെ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്നു. നെല്ലിക്കുന്നിലെ പൂന മൊയ്തീന്‍ മഹലില്‍ താമസിക്കുകയാണ് 56കാരനായ അബ്ബാസ്.

Related Articles
Next Story
Share it