ഹിമാലയ മഞ്ഞുമല ദുരന്തം: മരണസംഖ്യ 26 ആയി, തിരച്ചില്‍ തുടരുന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഹിമാലയത്തിന്റെ മുകള്‍ ഭാഗത്ത് മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 200ല്‍ അധികം ആളുകള്‍ പ്രളയത്തില്‍ പെട്ടുവെന്നാണ് റിപോര്‍ട്ട്. 10 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കണക്കുകൂട്ടല്‍. മണ്ണിടിച്ചിലില്‍ ആളുകള്‍ ഒഴികിപ്പോകാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നുണ്ട്. പ്രളയത്തെ തുടര്‍ന്ന് വലിയതോതില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് തപോവന്‍-റെനി മേഖലയിലെ ഋഷി ഗംഗ ജല വൈദ്യുതി പദ്ധതി ഭാഗികമായി തകരുകയും ഇവിടെ ജോലി ചെയ്യുന്ന 150 ലധികം […]

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഹിമാലയത്തിന്റെ മുകള്‍ ഭാഗത്ത് മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 200ല്‍ അധികം ആളുകള്‍ പ്രളയത്തില്‍ പെട്ടുവെന്നാണ് റിപോര്‍ട്ട്. 10 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കണക്കുകൂട്ടല്‍. മണ്ണിടിച്ചിലില്‍ ആളുകള്‍ ഒഴികിപ്പോകാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നുണ്ട്.

പ്രളയത്തെ തുടര്‍ന്ന് വലിയതോതില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് തപോവന്‍-റെനി മേഖലയിലെ ഋഷി ഗംഗ ജല വൈദ്യുതി പദ്ധതി ഭാഗികമായി തകരുകയും ഇവിടെ ജോലി ചെയ്യുന്ന 150 ലധികം തൊഴിലാളികള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയെന്നുമാണ് വിവരം. ഇവര്‍ക്കു പുറമേ പ്രദേശവാസികളില്‍ ചിലരേയും കാണാതായിട്ടുണ്ട്. അപകട സ്ഥലത്തുനിന്നും വളരെ ദൂരെ നിന്നാണ് മൃതദേഹങ്ങളില്‍ പലതും കിട്ടിയത്. അതിനാല്‍ തന്നെ നൂറിലധികം ആളുകള്‍ ഒലിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കത്തില്‍ നിന്ന് ചെളി നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിലവില്‍ തിരച്ചില്‍ നടത്തുന്ന ഭാഗത്തു നിന്നും ഏറെ ദൂരത്തേക്ക് തിരച്ചില്‍ വ്യാപിപ്പിക്കേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അമിതമായി മണ്ണും ചെളിയും അടിഞ്ഞു കിടക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ വലിയരീതിയില്‍ ബാധിച്ചിട്ടുണ്ട്.

നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ധോലി ഗംഗ, അളകനന്ദ നദികള്‍ കരകവിഞ്ഞൊഴുകുകയായിരുന്നു. ഞായറാഴ്ചയാണ് ദുരന്തമുണ്ടായത്. പ്രളയത്തില്‍ അറ് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടപ്പോള്‍ അഞ്ച് പാലങ്ങള്‍ ഒലിച്ചു പോയി. അതേസമയം ദുരന്തത്തിന്റെ കാരണം സംബന്ധിച്ച് വിദഗ്ധര്‍ക്ക് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഗ്ലോഫ് എന്ന മഞ്ഞ് ഉറഞ്ഞ് രൂപപ്പെട്ടുണ്ടായ തടാകമാണോ അപകട കാരണമെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. സാറ്റ്ലൈറ്റ് പരിശോധിച്ചെങ്കിലും പ്രത്യേക കാരണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വാദിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് സംഘം സ്ഥലത്ത് പഠനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles
Next Story
Share it