ഉപ്പള: കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഉപ്പള സ്വദേശി ഡി.ആര്‍.ഐയുടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് യുവാവ് ചന്തേരയില്‍ പിടിയിലാകുകയും ചെയ്തു. ഉപ്പള മണ്ണംകുഴിയിലെ മുഹമ്മദ് ആദില്‍(32) ആണ് ഇന്നലെ രാത്രി കണ്ണൂരില്‍ നിന്ന് രക്ഷപ്പെടുകയും പിന്നീട് ചന്തേരയില്‍ പിടിയിലാവുകയും ചെയ്തത്. ഗുജറാത്തില്‍ മയക്കുമരുന്ന് പിടികൂടിയ കേസുമായി ആദിലിന് ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആദിലിന്റെ വീട്ടില്‍ പരിശോധന നടത്തുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ആദില്‍ ഇന്നലെ ഉച്ചയോടെ കണ്ണൂരിലുള്ള ഡി.ആര്‍.ഐ ഓഫീസിലെത്തി. ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ രാത്രി 7.30 മണിയോടെ ആദില്‍ കണ്ണൂരിലെ ഓഫീസില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഈ വിവരം ഡി.ആര്‍.ഐ ആദിലിന്റെ ഫോട്ടോ സഹിതം ഓട്ടോ ഡ്രൈവര്‍മാരുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. കണ്ണൂരില്‍ നിന്ന് രാത്രി ഓട്ടോ പിടിച്ച ആദില്‍ തന്നെ ഉടനെ ഉപ്പളയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഓട്ടോയില്‍ കയറുന്നതിനിടെ യുവാവിന്റെ വെപ്രാളം ഡ്രൈവറില്‍ സംശയം ജനിപ്പിച്ചു. ഇതിനിടെ വാട്‌സ്ആപ് പരിശോധിച്ചപ്പോള്‍ ഇതേ യുവാവിന്റെ ഫോട്ടോയും ഡി.ആര്‍.ഐ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട വിവരം അടങ്ങിയ പോസ്റ്റും കണ്ടു. ഓട്ടോ ഡ്രൈവര്‍ ഉടന്‍ തന്നെ യുവാവിനെ കണ്ടെത്തിയ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഇത് കൈമാറി. ആദില്‍ സഞ്ചരിക്കുന്ന ഓട്ടോയുടെ നമ്പറും മറ്റ് അടയാളങ്ങളും ഡ്രൈവര്‍ നല്‍കിയിരുന്നതിനാല്‍ ഇന്ന് പുലര്‍ച്ചെ ചന്തേര പൊലീസ് ഈ ഓട്ടോ കണ്ടെത്തുകയും നാട്ടുകാരുടെ സഹായത്തോടെ ആദിലിനെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് ആദിലിനെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.