ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. 2017 മുതല്‍ സംസ്ഥാനത്ത് നടന്നിട്ടുള്ള 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണ പുരോഗതി, ഏതൊക്കെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു, സ്വീകരിച്ച ശിക്ഷാ നടപടികള്‍ എന്നിവ അടങ്ങുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. 6 ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജസ്റ്റിസുമാരായ എസ്. രവീന്ദ്രഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന് തയ്യാറാക്കിയ മാര്‍ഗ രേഖക്ക് സമാനമായ പൊതുമാര്‍ഗ നിര്‍ദ്ദേശം തയ്യാറാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഗുണ്ടാനേതാവ് ആതിഖ് അഹമ്മദ് ഉള്‍പ്പെടെ നിരവധി പേരാണ് കഴിഞ്ഞ 6 വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.