രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായാല്‍ സര്‍ക്കാര്‍ ജോലിയില്ല; വിവാദ ജനസംഖ്യാ നിയന്ത്രണ ബില്ലുമായി യു.പി സര്‍ക്കാര്‍

ലക്നോ: ലോക ജനസംഖ്യാ ദിനത്തില്‍ വിവാദ ജനസംഖ്യാ നിയന്ത്രണ ബില്ലുമായി യു.പി സര്‍ക്കാര്‍. രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായാല്‍ സര്‍ക്കാര്‍ ജോലിക്ക് വിലക്കേര്‍പ്പെടുത്തുന്ന തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങളുമായാണ് യോഗി സര്‍ക്കാരിന്റെ ബില്ല്. ഉത്തര്‍പ്രദേശ് സംസ്ഥാന നിയമ കമ്മീഷന്‍ ബില്ലിന്റെ കരട് തയ്യാറാക്കി. ജൂലൈ 19 വരെ പൊതുജനങ്ങള്‍ക്ക് ബില്ലില്‍ അഭിപ്രായം പറയാം. ഇതിനായി കരട് ബില്ല് കമ്മീഷന്റെ വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ എന്‍ മിത്തല്‍ ചെയര്‍മാനായ നിയമ കമ്മീഷനാണ് […]

ലക്നോ: ലോക ജനസംഖ്യാ ദിനത്തില്‍ വിവാദ ജനസംഖ്യാ നിയന്ത്രണ ബില്ലുമായി യു.പി സര്‍ക്കാര്‍. രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായാല്‍ സര്‍ക്കാര്‍ ജോലിക്ക് വിലക്കേര്‍പ്പെടുത്തുന്ന തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങളുമായാണ് യോഗി സര്‍ക്കാരിന്റെ ബില്ല്. ഉത്തര്‍പ്രദേശ് സംസ്ഥാന നിയമ കമ്മീഷന്‍ ബില്ലിന്റെ കരട് തയ്യാറാക്കി. ജൂലൈ 19 വരെ പൊതുജനങ്ങള്‍ക്ക് ബില്ലില്‍ അഭിപ്രായം പറയാം. ഇതിനായി കരട് ബില്ല് കമ്മീഷന്റെ വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തു.

മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ എന്‍ മിത്തല്‍ ചെയര്‍മാനായ നിയമ കമ്മീഷനാണ് കരട് ബില്ല് തയ്യാറാക്കിയത്. എല്ലാ വശങ്ങളും പരിശോധിച്ചും പഠിച്ചുമാണ് നിര്‍ദിഷ്ട നിയമം തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ജനസംഖ്യ വര്‍ധിക്കുന്നത് മെഡിക്കല്‍ സൗകര്യങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, ജോലി തുടങ്ങിയവയെ എല്ലാം പ്രതികൂലമായി ബാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് വിലക്കേര്‍പ്പേടുത്തും. നിലവിലുള്ള ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കില്ല. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് 77 സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കില്ല. രണ്ടോ അതില്‍ കുറവോ കുട്ടികളുള്ളവര്‍ക്ക് നികുതി ഇളവുകള്‍ പോലുള്ള പ്രോത്സാഹനങ്ങള്‍ നല്‍കും. തുടങ്ങിയ കാര്യങ്ങള്‍ കരട് ബില്‍ നിഷ്‌കര്‍ഷിക്കുന്നു. ഒരു കുട്ടിയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റുകള്‍, പ്രമോഷനുകള്‍, ഭവന പദ്ധതികളില്‍ ഇളവുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ബില്ല് വിഭാവനം ചെയ്യുന്നു. സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവര്‍ക്ക്, വെള്ളം, പാര്‍പ്പിടം, ഭവന വായ്പകള്‍ എന്നിവയിന്മേലുള്ള നികുതിയില്‍ ഇളവ് നല്‍കും. ഇതിന് പുറമെ, ഒരൊറ്റ കുട്ടിയുടെ രക്ഷിതാക്കള്‍ വന്ധ്യംകരണത്തിന് സന്നദ്ധമാകുകയാണെങ്കില്‍ 20 വയസ്സ് വരെ കുട്ടിക്ക് സൗജന്യ മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭിക്കാനും അര്‍ഹതയുണ്ടായിരിക്കും. അത്തരം കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന എന്നിവ നല്‍കുമെന്നും കരട് ബില്ലില്‍ വ്യക്തമാക്കുന്നു.

2021-2030 കാലത്തേക്കുള്ള ജനസംഖ്യാനയം സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം ആദ്യം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദ ബില്ലുമായി ഭരണകൂടം രംഗത്ത് വന്നിരിക്കുന്നത്. 22 കോടിയിലേറെ പേര്‍ അധിവസിക്കുന്ന യു.പി ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ്. അതേസമയം, ജനസംഖ്യാ നിയന്ത്രണ ബില്‍ കൊണ്ടുവന്ന സമയത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. ഏഴു മുതല്‍ എട്ടു മാസത്തിനുള്ളില്‍ വോട്ടെണ്ണല്‍ നടക്കാനിരിക്കെ, പാര്‍ട്ടികള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോള്‍ ഇത്തരമൊരു ബില്‍ കൊണ്ടുവരേണ്ടതിന്റെ അടിയന്തിര പ്രാധാന്യം എന്താണെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് വി എന്‍ മദന്‍ ചോദിച്ചു. ബില്ലിന്റെ ക്രിയാത്മക വശങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും എന്നാല്‍ സര്‍ക്കാര്‍ സ്വന്തം ആനുകൂല്യങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയവയെ എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it