ടി.പി. ആറിന്റെ പേരിലുള്ള അശാസ്ത്രീയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം; സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികള്‍ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുന്നു-വി.ഡി സതീശന്‍

കാസര്‍കോട്: കോവിഡ് നിയന്ത്രണത്തിനെന്നുപറഞ്ഞ് സര്‍ക്കാര്‍ ടി.പി.ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന നടപടികള്‍ തികച്ചും അശാസ്ത്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടകള്‍ തുറക്കുന്ന കാര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ യഥാര്‍ഥത്തില്‍ കോവിഡ് വ്യാപനത്തിന് ആക്കംകൂട്ടുകയാണ് ചെയ്യുന്നത്. കോഴിക്കോട് ജില്ലയില്‍ ആഴ്ചയില്‍ ഒരു തവണ മാത്രമേ കടതുറക്കാന്‍പാടുള്ളൂവെന്ന് നിര്‍ദേശം വന്നു. മറ്റ് അഞ്ച് ദിവസവും കടകള്‍ അടഞ്ഞുകിടക്കുന്നു. ഈ ദിവസങ്ങളില്‍ വാങ്ങാന്‍ പറ്റാത്ത […]

കാസര്‍കോട്: കോവിഡ് നിയന്ത്രണത്തിനെന്നുപറഞ്ഞ് സര്‍ക്കാര്‍ ടി.പി.ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന നടപടികള്‍ തികച്ചും അശാസ്ത്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടകള്‍ തുറക്കുന്ന കാര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ യഥാര്‍ഥത്തില്‍ കോവിഡ് വ്യാപനത്തിന് ആക്കംകൂട്ടുകയാണ് ചെയ്യുന്നത്. കോഴിക്കോട് ജില്ലയില്‍ ആഴ്ചയില്‍ ഒരു തവണ മാത്രമേ കടതുറക്കാന്‍പാടുള്ളൂവെന്ന് നിര്‍ദേശം വന്നു. മറ്റ് അഞ്ച് ദിവസവും കടകള്‍ അടഞ്ഞുകിടക്കുന്നു. ഈ ദിവസങ്ങളില്‍ വാങ്ങാന്‍ പറ്റാത്ത സാധനങ്ങള്‍ക്കായി ഒരുദിവസം തുറക്കുന്ന കടകളിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്തുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കടകള്‍ക്ക് ഏര്‍പ്പെടുത്തിയ അശാസ്ത്രീയമായ നിയന്ത്രണം കാരണം രോഗവ്യാപനം രൂക്ഷമാകുകയാണ്. എല്ലാമാസവും കൃത്യമായി ശമ്പളം വാങ്ങി അല്ലലില്ലാതെ വകുപ്പുദ്യോഗസ്ഥരുടെ ശുപാര്‍ശക്കനുസരിച്ചല്ല സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കേണ്ടത്. വ്യാപാരികള്‍ അടക്കമുള്ള ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് കണ്ണുതുറക്കണം. കടകളില്‍ അടക്കം അനുഭവപ്പെടുന്ന തിരക്കുകള്‍ കോവിഡ് നിരക്ക് കൂട്ടുന്ന കാര്യം ഐ.എം.എയും പ്രതിപക്ഷവും ഭരണപക്ഷത്തെ തന്നെ വിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദുരഭിമാനം വെടിഞ്ഞ് യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍പഠിച്ചാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്. ഒരു കോവിഡ് ദുരന്തനിവാരണകമ്മിറ്റി ഇതിനായി രൂപീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. വ്യാപാരമേഖലയിലും ചെറുകിട-വന്‍കിടവ്യവസായമേഖലകളിലും മോട്ടോര്‍ വ്യവസായ മേഖലകളിലും കാര്‍ഷികമേഖലയിലും തൊഴില്‍മേഖലകളിലും കോവിഡ് വരുത്തിയ സാമ്പത്തിക ആഘാതങ്ങള്‍ കണ്ടെത്താനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും സര്‍ക്കാരിന് കഴിയണം. എന്നാല്‍ സര്‍ക്കാര്‍ എല്ലാ ദുരിതങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു. ജനങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്ന ഈ കെട്ട കാലത്ത് കണ്ണും കാതും തുറന്നുവെക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. കോവിഡ് വിഷയത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സ്വീകരിച്ച സമീപനമല്ല തിരഞ്ഞെടുപ്പിന് ശേഷം കാണുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ബാങ്കുകളില്‍ നിന്നും സഹകരണസ്ഥാപനങ്ങളില്‍ നിന്നും കുടുംബശ്രീകളില്‍ നിന്നുമൊക്കെ എടുത്തവായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. വട്ടിപ്പലിശക്കാര്‍ക്ക് വരെയാണ് ആ സമയം വിലക്കേര്‍പ്പെടുത്തിയത്. ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നല്ലാതെ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ സര്‍ക്കാര്‍ തീര്‍ത്തും അവഗണിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിനേരിടുന്ന സങ്കടകരമായ കാലത്തുപോലും ബാങ്കുകളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ആളുകള്‍ക്ക് നോട്ടീസ് വരികയാണ്. ഓട്ടോറിക്ഷാ തൊഴിലാളി മുതല്‍ വന്‍കിട ബിസിനസുകാര്‍ വരെ ഇന്ന് കടക്കെണിയിലാണ്. ഈ അവസരത്തില്‍ വ്യാപാരികള്‍ അടക്കമുള്ളവരെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഇടയാക്കുന്ന റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. ഇത്തരമൊരു സാഹചര്യത്തിലാണ് വ്യാപാരികള്‍ സര്‍ക്കാരിന്റെ തലതിരിഞ്ഞനയങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ചത്. അവരുടെ അവസ്ഥ മാനസിലാക്കി സാന്ത്വനം പകരേണ്ടതാണ് ഒരു ഭരണാധികാരിയുടെ കടമ. അതിന് തയ്യാറാകാതെ വ്യാപാരികളെ വിരട്ടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാല്‍ വ്യാപാരികള്‍ ഇതുകൊണ്ടൊന്നും ഭയപ്പെടാതെ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ചക്ക് മുഖ്യമന്ത്രി തയ്യാറാവുകയായിരുന്നു. പ്രതിപക്ഷം ഇക്കാര്യത്തില്‍ നടത്തിയ ഇടപെടലും ഫലം കണ്ടിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.
ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പുനക്രമീകരിച്ച സംസ്ഥാനസര്‍ക്കാര്‍ മത്സൗഹാര്‍ദത്തിന് പോറലേല്‍പ്പിക്കുന്ന തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ എന്തൊക്കെ ചെയ്യണമെന്നതുസംബന്ധിച്ചുള്ള ശുപാര്‍ശ സര്‍ക്കാരിന് യു.ഡി.എഫ് നല്‍കുകയും ചെയ്തു. സര്‍വ കക്ഷിയോഗം വിളിച്ചില്ലെന്നുമാത്രമല്ല യു.ഡി.എഫിന്റെ ശുപാര്‍ശ ഭാഗികമായി മാത്രമാണ് അംഗീകരിച്ചത്. എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുന്ന നിര്‍ദേശങ്ങളാണ് യു. ഡി.എഫിന്റെ ശുപാര്‍ശയിലുണ്ടായിരുന്നത്.പുനക്രമീകരണം വന്നതോടെ സച്ചാര്‍ കമ്മിറ്റിയുടെയും പാലോളി കമ്മീഷന്റെയും നിര്‍ദേശങ്ങള്‍ ഇല്ലാതായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിക്കുപോയത് കേരളത്തിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല. കേരളസര്‍ക്കാരിനെതിരായ സ്വര്‍ണക്കടത്ത് കേസ് പൂര്‍ണമായും ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇതിന് പ്രത്യുപകാരമായി ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കുന്ന കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം തുടരാതിരിക്കാനും കെ സുരേന്ദ്രനെ രക്ഷിക്കാനും മോദി-പിണറായി ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ടെന്ന് സതീശന്‍ ആരോപിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ എന്നിവരും വി.ഡി സതീശനൊപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it