കാസര്‍കോട്: ഉത്തരദേശത്തില്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി എഴുതിയ മുഖപ്രസംഗങ്ങള്‍ കാസര്‍കോടിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്നതാണെന്നും അവ ക്രോഡീകരിച്ച് പുസ്തകമാക്കേണ്ടതുണ്ടെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ ജില്ലാ സെക്രട്ടറിയും കേരള സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ ട്രഷററും ഉത്തരദേശം സീനിയര്‍ സബ് എഡിറ്ററുമായിരുന്ന ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയെ അനുസ്മരിക്കാന്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എം അഹ്‌മദ് മാഷ് പകര്‍ന്നുനല്‍കിയ വഴിയിലൂടെ യഥാര്‍ത്ഥ പത്രപ്രവര്‍ത്തകനായി ജീവിച്ച ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും മികച്ച മാതൃകയായിരുന്നുവെന്ന് ഇ. ചന്ദ്രശേഖരന്‍ എം. എല്‍.എ പറഞ്ഞു.
സത്യസന്ധമായ രീതിയില്‍ മാധ്യമ പ്രവര്‍ത്തനം നടത്തിയ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയെ ഏതുപക്ഷക്കാരനാണെന്ന് തിരിച്ചറിയാന്‍ ഇക്കാലയളവിനുള്ളില്‍ ഒരിക്കല്‍പോലും തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയും പറഞ്ഞു. ഉണ്ണിയേട്ടന്റെ മുഖത്തുകണ്ട അതേ പ്രസന്നതയും നന്മയുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിനെന്നും നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ ഹൃദയപക്ഷത്തായിരുന്നുവെന്ന് സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡണ്ട് വി.വി പ്രഭാകരന്‍ അനുസ്മരിച്ചു. മൂന്ന് പതിറ്റാണ്ട് കാലം ഉത്തരദേശത്തിന്റെ മുഖമായി നിന്ന ഉണ്ണിയേട്ടന്റെ വേര്‍പാട് ‘ഉത്തരദേശ’ത്തിന് വലിയ നഷ്ടമാണെന്ന് പബ്ലിഷര്‍ മുജീബ് അഹ്‌മദ് അനുസ്മരിച്ചു.
പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി പത്മേഷ് കെ.വി സ്വാഗതവും ട്രഷറര്‍ ഷൈജു കെ.കെ നന്ദിയും പറഞ്ഞു.