മൊഗ്രാല്‍ തീരപ്രദേശത്ത് തെങ്ങിന് അജ്ഞാത രോഗം: കേര കര്‍ഷകര്‍ ആശങ്കയില്‍

മൊഗ്രാല്‍: കുമ്പള തീരദേശ മേഖലയില്‍ നാളികേര കര്‍ഷകരില്‍ ആശങ്കയുണ്ടാക്കി തെങ്ങുകള്‍ക്ക് അജ്ഞാത രോഗം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം ജില്ലയില്‍ വേനല്‍ മഴ ലഭിക്കാത്തതും തെങ്ങുകള്‍ ഉണങ്ങി നശിക്കാന്‍ കാരണമായിട്ടുണ്ട്. ഇതുമൂലം മണ്ട കരിഞ്ഞ തെങ്ങുകള്‍ ജില്ലയിലെങ്ങും പതിവ് കാഴ്ചയാണ്. ഓരോ വേനല്‍ക്കാലത്തും ജില്ലയില്‍ പതിനായിരത്തിലേറെ തെങ്ങുകള്‍ കരിഞ്ഞുണങ്ങി നശിക്കുന്നുവെന്നാണ് കണക്ക്.നേരത്തെ കൂമ്പ് ചീയല്‍ രോഗം ബാധിച്ച് നിരവധി തെങ്ങുകളുടെ മണ്ട മുറിച്ചുമാറ്റിയിരുന്നു. ഇതിനിടയില്‍ തീരദേശത്ത് കാറ്റുവീഴ്ച രോഗവും ഉണ്ടായിരുന്നു. ഇത് തെങ്ങുകളുടെ കൂട്ട നശീകരണത്തിന് കാരണമായിരുന്നു. പ്രദേശത്ത് […]

മൊഗ്രാല്‍: കുമ്പള തീരദേശ മേഖലയില്‍ നാളികേര കര്‍ഷകരില്‍ ആശങ്കയുണ്ടാക്കി തെങ്ങുകള്‍ക്ക് അജ്ഞാത രോഗം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം ജില്ലയില്‍ വേനല്‍ മഴ ലഭിക്കാത്തതും തെങ്ങുകള്‍ ഉണങ്ങി നശിക്കാന്‍ കാരണമായിട്ടുണ്ട്. ഇതുമൂലം മണ്ട കരിഞ്ഞ തെങ്ങുകള്‍ ജില്ലയിലെങ്ങും പതിവ് കാഴ്ചയാണ്. ഓരോ വേനല്‍ക്കാലത്തും ജില്ലയില്‍ പതിനായിരത്തിലേറെ തെങ്ങുകള്‍ കരിഞ്ഞുണങ്ങി നശിക്കുന്നുവെന്നാണ് കണക്ക്.
നേരത്തെ കൂമ്പ് ചീയല്‍ രോഗം ബാധിച്ച് നിരവധി തെങ്ങുകളുടെ മണ്ട മുറിച്ചുമാറ്റിയിരുന്നു. ഇതിനിടയില്‍ തീരദേശത്ത് കാറ്റുവീഴ്ച രോഗവും ഉണ്ടായിരുന്നു. ഇത് തെങ്ങുകളുടെ കൂട്ട നശീകരണത്തിന് കാരണമായിരുന്നു. പ്രദേശത്ത് തെങ്ങുകള്‍ക്ക് കീടബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മൊഗ്രാല്‍ തീരപ്രദേശമായ കൊപ്പളത്തില്‍ അജ്ഞാത രോഗം ബാധിച്ച് തെങ്ങുകള്‍ ഒന്നൊന്നായി ഉണങ്ങി നശിക്കുകയാണെന്ന് പറയുന്നു. എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് സ്ഥല ഉടമകള്‍.
ആദ്യം തെങ്ങോലകള്‍ക്ക് മഞ്ഞനിറം ബാധിക്കുകയും പിന്നീട് നശിച്ചു പോവുകയും ചെയ്യുന്നു. നിരവധി തെങ്ങുകള്‍ക്കാണ് ഇത്തരത്തില്‍ അജ്ഞാതരോഗ ബാധയുള്ളത്. രോഗം തടയാനായില്ലെങ്കില്‍ മഴക്കാലത്ത് കൂടുതല്‍ തെങ്ങുകള്‍ നശിച്ചുപോകുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. രോഗത്തെക്കുറിച്ച് കൃഷി വകുപ്പിലെ വിദഗ്ധസംഘം പരിശോധന നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related Articles
Next Story
Share it