ഐക്യകേരളവും കാസര്‍കോടും

ആധുനിക കേരള ചരിത്രത്തിലെ നിര്‍ണായക ഘട്ടമായ ഐക്യ കേരള രൂപീകരണത്തിലേക്ക് വഴിതെളിച്ച രാഷ്ട്രീയവും ഭൗതികവുമായ ഘടകങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ആമുഖമായി സൂചിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. കേരള സംസ്ഥാനം രൂപം കൊണ്ടതിനെ കുറിച്ച് പറയുമ്പോള്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് കേരള സംസ്ഥാനത്തിന് രൂപം നല്‍കിയതെന്ന് പറയാറുണ്ട്. അതില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്താറില്ല. രണ്ടാമത്തെ കാര്യം ഐക്യ കേരളം സാധ്യമാക്കിയ രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ മുന്‍കൈ എടുത്ത പ്രദേശം കാസര്‍കോട് ആയിരുന്നു എന്നതാണ്. ഐക്യ കേരള രൂപീകരണത്തില്‍ […]


ആധുനിക കേരള ചരിത്രത്തിലെ നിര്‍ണായക ഘട്ടമായ ഐക്യ കേരള രൂപീകരണത്തിലേക്ക് വഴിതെളിച്ച രാഷ്ട്രീയവും ഭൗതികവുമായ ഘടകങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ആമുഖമായി സൂചിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. കേരള സംസ്ഥാനം രൂപം കൊണ്ടതിനെ കുറിച്ച് പറയുമ്പോള്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് കേരള സംസ്ഥാനത്തിന് രൂപം നല്‍കിയതെന്ന് പറയാറുണ്ട്. അതില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്താറില്ല. രണ്ടാമത്തെ കാര്യം ഐക്യ കേരളം സാധ്യമാക്കിയ രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ മുന്‍കൈ എടുത്ത പ്രദേശം കാസര്‍കോട് ആയിരുന്നു എന്നതാണ്. ഐക്യ കേരള രൂപീകരണത്തില്‍ കാസര്‍കോടിന്റെ പങ്കാളിത്തവും സംഭാവനയും വിശദീകരിക്കുകയാണ് ഈ ലേഖനത്തില്‍ ഉദ്ദേശിക്കുന്നത്.
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ തന്നെ പ്രത്യേകിച്ച് മഹാത്മാഗാന്ധി ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തതിനുശേഷം ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ പുനഃസംഘടനയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല ഇതിന്റെ അടിസ്ഥാനത്തില്‍ 1920ല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഉള്‍പ്പെടെ നിലവില്‍ വരികയും ചെയ്തു. സ്വാതന്ത്ര്യാനന്തരം ഭരണഘടന അസംബ്ലിയുടെ അധ്യക്ഷനായ രാജേന്ദ്രപ്രസാദ് 1948 ജൂണ്‍ 17ന് എസ്.കെ. ധാര്‍ ചെയര്‍മാനും ജഗത് നാരായണന്‍ ലാല്‍, പന്നാ ലാല്‍ എന്നിവര്‍ അംഗങ്ങളുമായി ഭാഷാ സംസ്ഥാന കമ്മീഷന്‍ രൂപീകരിച്ചു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുനഃസംഘടന വേണമോ വേണ്ടയോ എന്ന് പഠിച്ച് ശുപാര്‍ശ ചെയ്യാനാണ് ധാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്. ധാര്‍ കമ്മിറ്റിയുടെ ഭാഷാ സംസ്ഥാന രൂപീകരണമെന്ന തീരുമാനം പുറത്ത് വന്നതിന് ശേഷം അനുകൂലമായും പ്രതികൂലമായും നിരവധി അഭിപ്രായങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരികയും അതൊരു വൈകാരിക പ്രശ്‌നമായി വളരുകയും ചെയ്തു. തെലുങ്ക് ഭൂരിപക്ഷ സംസ്ഥാനത്തിന് വേണ്ടിയുള്ള പ്രക്ഷോഭം 1952 ഓടെ ശക്തമാവുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പോറ്റി ശ്രീരാമലു തെലുങ്ക് സംസ്ഥാനത്തിന് വേണ്ടി നിരാഹാരം അനുഷ്ഠിക്കുകയും 1952 ഡിസംബര്‍ 16ന് മരണം വരിക്കുകയും ചെയ്തു. ഭാഷാ സംസ്ഥാനത്തിന് വേണ്ടിയുള്ള ആദ്യത്തെ രക്തസാക്ഷിത്വം! ഇതിനെ തുടര്‍ന്നാണ് ആന്ധ്ര സംസ്ഥാനം രൂപം കൊള്ളുന്നത്. ഭാഷാ സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളുടെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ 1953 ഡിസംബറില്‍ ജസ്റ്റിസ് ഫസല്‍ അലി ചെയര്‍മാനും സര്‍ദാര്‍ കെ.എം. പണിക്കര്‍, എച്ച്.എന്‍. കുന്‍സ്രു എന്നിവര്‍ അംഗങ്ങളുമായ സംസ്ഥാന പുനഃസംഘടന കമ്മീഷന് കേന്ദ്ര ഗവണ്‍മെന്റ് രൂപം നല്‍കി. 1955 സെപ്തംബറില്‍ ജസ്റ്റിസ് ഫസല്‍ അലി കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും 1956 നവംബറില്‍ സംസ്ഥാന പുനഃസംഘടന നിയമം നിലവില്‍ വരികയും ചെയ്തു
ഇതിന്റെ ഭാഗമായി 1956 നവംബര്‍ ഒന്നിന് മലയാളഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്ത് കേരളസംസ്ഥാനം നിലവില്‍ വന്നു. സംസ്ഥാന പുനഃസംഘടന നിയമത്തിന്റെ സ്വാഭാവികമായ പരിസമാപ്തി അല്ല ഐക്യ കേരളത്തിന്റെ സൃഷ്ടി. രണ്ട് ഘട്ടങ്ങളിലൂടെ ഐക്യ കേരളം എന്ന ആശയവും ആവശ്യവും കടന്നുപോയിട്ടുണ്ട്. കാസര്‍കോടിനെ മലബാറിനോട് കൂട്ടിച്ചേര്‍ക്കണം എന്ന ആവശ്യവും മലയാളഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവും കൂടിച്ചേര്‍ന്നതാണ് ഐക്യ കേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭം. ഇതിലേക്ക് ആദ്യ ചുവടുവെപ്പ് നടത്തിയത് കാസര്‍കോട് ആണ്. കൊളോണിയല്‍ ഭരണത്തില്‍ കാസര്‍കോട് 1860 വരെ കനറ ജില്ലയിലും അതിനുശേഷം ദക്ഷിണകനറ ജില്ലയിലും ആയിരുന്നു. ദക്ഷിണ കനറയിലെ ഒരു താലൂക്ക് ആയിരുന്നു കാസര്‍കോട്. മുമ്പ് താലൂക്ക് ആസ്ഥാനം ബേക്കല്‍ ആയിരുന്നു. മലയാളം, തുളു, കന്നഡ, കൊങ്കിണി, ബ്യാരി, മറാട്ടി, ഉറുദു, കൊടവ തുടങ്ങിയ ഭാഷകളാണ് ജനങ്ങള്‍ സംസാരിക്കുന്നത്. ചന്ദ്രഗിരിപ്പുഴയ്ക്ക് തെക്ക് ഭാഗം ഭൂരിഭാഗം മലയാളികളാണ്. അപൂര്‍വമായി മറ്റു ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്. ചന്ദ്രഗിരിയുടെ വടക്ക് ഭാഗത്ത് കന്നഡ ഭൂരിപക്ഷ ഭാഷയാണ്. കൂടെ തുളുവുമുണ്ട്. ദക്ഷിണ കനറയും മലബാറും മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. രണ്ടിടത്തുമുള്ള പാട്ടവ്യവസ്ഥ റയത്ത് വാരി സമ്പ്രദായവും. കൃഷിക്കാരുമായി നേരിട്ട് സെറ്റില്‍മെന്റ് നടത്തി സ്ഥിരനികുതി നിശ്ചയിക്കുന്ന വ്യവസ്ഥയാണിത്. യഥാര്‍ത്ഥത്തില്‍ ഇവിടെയുള്ള ഭൂവുടമകളുമായിട്ടായിരുന്നു സെറ്റില്‍മെന്റ്. കുടിയാന്മാരുടെ താല്‍പര്യം പരിഗണിക്കപ്പെട്ടിരുന്നില്ല. കുടിയാന്മാര്‍ നല്‍കേണ്ട പാട്ടം ക്രമേണ വര്‍ധിച്ചു വരികയും കര്‍ഷകര്‍ക്ക് പാട്ടം അളക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാവുകയും ചെയ്തു. ഈ നികുതി വര്‍ധനവിനെതിരെ നിരന്തരമായ പ്രക്ഷോഭങ്ങള്‍ താലൂക്കില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവരികയുണ്ടായി. 1810-11 ലും 1830-31ലും 1837 ലും അതിവിപുലമായ കര്‍ഷകപ്രതിഷേധം ഇവിടെ നടക്കുകയുണ്ടായി. 1830-31 ലെ കൂട്ട കലാപവും 1837ലെ കല്യാണസ്വാമി കലാപവും കാസര്‍കോട് താലൂക്കിനെ പിടിച്ചുകുലുക്കിയ കര്‍ഷക സമരങ്ങള്‍ ആയിരുന്നു. മലബാറിലെ കുടിയാന്മാരായ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ കാസര്‍കോട്ട് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. മലബാറിനെ അപേക്ഷിച്ച് ഇവിടെ നികുതി വളരെ കൂടുതലായിരുന്നു. പാറയ്ക്കും ചെങ്കല്‍ പ്രദേശത്തിനും വരെ ഇവിടെ നികുതി ചുമത്തിയിരുന്നു. ജന്മിമാര്‍ കൊളോണിയല്‍ ഭരണകൂടത്തിന്റെ സഖ്യകക്ഷികളായി മാറി. കര്‍ഷകര്‍ക്ക് ഭൂമിയില്‍ യാതൊരു അവകാശവും ഇല്ല. കുടിയൊഴിപ്പിക്കലിന്റെ ഇരകളായി കര്‍ഷകര്‍ മാറി. മലബാറിലെ കര്‍ഷകര്‍ അനുഭവിച്ച ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് കൂടി നല്‍കണമെന്നും മലബാര്‍ കുടിയായ്മ നിയമം കാസര്‍കോടിന് കൂടി ബാധകമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നതോടെ കര്‍ഷകരെ സംഘടിപ്പിച്ച കര്‍ഷകസംഘം യൂണിറ്റുകള്‍ താലൂക്കിലാകെ രൂപീകരിച്ചു. ജാഥയും മീറ്റിങ്ങുകളും സംഘടിപ്പിച്ച് കര്‍ഷകരെ സി.എസ്.പിയുടെ കീഴില്‍ അണിനിരത്തി. ഈ സന്ദര്‍ഭത്തിലാണ് കാസര്‍കോടിനെ മലബാറിന്റെ ഭാഗമാക്കി മാറ്റണമെന്ന ആവശ്യം സി.എസ്.പിയും കര്‍ഷകസംഘവും മുന്നോട്ടുവെക്കുന്നത്. മലബാര്‍ സംയോജനം ഒരു രാഷ്ട്രീയ പ്രശ്‌നമായി അവര്‍ വളര്‍ത്തിയെടുത്തു. 1928ല്‍ തന്നെ എ.സി കണ്ണന്‍ നായര്‍, ബാരിസ്റ്റര്‍ കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ മലയാളി സേവാസംഘം നിലവില്‍ വന്നു. ഹൊസ്ദുര്‍ഗിനെ പ്രത്യേക താലൂക്കായി മാറ്റുകയോ മലബാര്‍ ലയിപ്പിക്കുകയോ ചെയ്യണമെന്ന് നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ 1929ല്‍ ചേര്‍ന്ന മലയാളി സേവാ സംഘം യോഗം ആവശ്യപ്പെട്ടു. 1937ല്‍ മദ്രാസില്‍ രാജാജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ മലബാര്‍ സംയോജനപ്രസ്ഥാനം പുതിയ ഘട്ടത്തിലേക്ക് കടന്നു. മാതൃഭൂമി പോലുള്ള പത്രങ്ങള്‍, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി, കര്‍ഷകസംഘം, കോണ്‍ഗ്രസ് പാര്‍ട്ടി ഇവയൊക്കെ മലബാര്‍ സംയോജനത്തിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിച്ചു.
1937ല്‍ തൃക്കരിപ്പൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി നയിച്ച മലബാര്‍ സംയോജന യാത്ര ഐക്യ കേരള സ്ഥാപനത്തിന് വേണ്ടിയുള്ള ആദ്യത്തെ പ്രക്ഷോഭം ആയിരുന്നു. 1937 മെയ് 23ന് ആരംഭിച്ച ജാഥ കോണ്‍ഗ്രസ് നേതാവ് കെ. കേളപ്പന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം നേതാവായ സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ നേതൃത്വത്തിലുള്ള ജാഥയില്‍ കോടോത്ത് നാരായണന്‍ നായര്‍, പി.കെ മായിന്‍ സാഹിബ്, കെ. മാധവന്‍ തുടങ്ങി 21 പേരാണ് ഉണ്ടായിരുന്നത.് കാസര്‍കോട്ട് ചേര്‍ന്ന സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നു. ചില മലയാളി പ്രമുഖരും കര്‍ണാടക പക്ഷത്തെ സഹായിക്കുവാന്‍ രംഗത്തുണ്ടായിരുന്നു. എം.എല്‍.സി മുഹമ്മദ് ചെമ്മനാട്, വക്കീല്‍ നാരായണ മേനോന്‍ തുടങ്ങിയവര്‍ ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന് ജാഥ സംഘാടകരിലെ പ്രമുഖനായ കെ. മാധവന്‍ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. പക്ഷെ കവി ഉബൈദിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് മുസ്ലിങ്ങളില്‍ മഹാഭൂരിപക്ഷവും സംയോജനപ്രചരണ ജാഥയുടെ പിന്നില്‍ അണിനിരന്നു.
കാസര്‍കോട് കോണ്‍ഗ്രസില്‍ കര്‍ണാടക പക്ഷക്കാരും മലയാള പക്ഷക്കാരും തുടക്കം മുതല്‍ വളരെ സജീവമായിരുന്നു. ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടു വിഭാഗവും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. കര്‍ണാടക അനുകൂല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോടോത്ത് കുഞ്ഞമ്പു നായര്‍ വാശിയേറിയ തിരഞ്ഞെടുപ്പില്‍ ഹൊസ്ദുര്‍ഗില്‍ നിന്ന് വിജയിച്ചു. ഇതിന്റെ ഫലമായി ഹൊസ്ദുര്‍ഗ് പ്രദേശം കേരളത്തോടോ കര്‍ണാടകയോടോ ചേര്‍ക്കേണ്ടത് എന്ന് പരിശോധിക്കാനായി അഖിലേന്ത്യ കോണ്‍ഗ്രസ് സെക്രട്ടറി ആചാര്യ കൃപലാനി ഒരു പ്രത്യേക പ്രതിനിധിയെ നിയമിക്കുകയുണ്ടായി. അലഹബാദില്‍ നിന്ന് വന്ന കോണ്‍ഗ്രസ് പ്രതിനിധി ഹൊസ്ദുര്‍ഗിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് തെളിവെടുപ്പ് നടത്തി. ഹൊസ്ദുര്‍ഗ് പ്രദേശം കേരളത്തോട് ചേര്‍ക്കേണ്ടതാണെന്ന് അദ്ദേഹം റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.
മലബാര്‍ സംയോജനത്തിന്റെ അടുത്തഘട്ടം 1938ല്‍ നീലേശ്വരത്ത് നടന്ന മലബാര്‍ സംയോജന സമ്മേളനം ആയിരുന്നു. സമ്മേളനത്തില്‍ ഉണ്ടായ ബഹുജന സാന്നിധ്യം മലബാര്‍ സംയോജനം എന്ന ആശയത്തിന് ലഭിച്ച ജനസ്വീകാര്യത സൂചിപ്പിക്കുന്നു. രാജാജി ഗവണ്‍മെന്റില്‍ നിയമ വകുപ്പ് മന്ത്രിയായിരുന്ന കോങ്ങാട്ട് രാമന്‍ മേനോന്‍ ഉദ്ഘാടനം ചെയ്ത മഹാ സമ്മേളനത്തിന്റെ അധ്യക്ഷന്‍ കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ ആയിരുന്നു. മലബാര്‍ കുടിയായ്മ നിയമം കാസര്‍കോട്ടേക്ക് വ്യാപിപ്പിക്കുവാന്‍ രാജാജി ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം കെ. മാധവന്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഇത് ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് നിമിത്തമായി. ജന്മിമാരുടെ പ്രതിനിധികള്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തു. പ്രമേയത്തെ അടിസ്ഥാനമാക്കി നടന്ന ചര്‍ച്ച സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ചില പുതിയ പ്രവണതകളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു. ജന്മി കുടുംബങ്ങളിലെ മുതിര്‍ന്ന അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ അതേ കുടുംബങ്ങളിലെ യുവതലമുറ ശക്തമായി പ്രമേയത്തെ പിന്തുണച്ചു. ജ്യേഷ്ഠന്‍ ഉണ്ണികൃഷ്ണന്‍ തിരുമുമ്പ് പ്രമേയത്തെ എതിര്‍ത്തപ്പോള്‍ അനുജന്‍ സുബ്രഹ്മണ്യന്‍ തിരുമുമ്പ് പ്രമേയത്തെ ശക്തമായി പിന്തുണച്ചു. ഏച്ചിക്കാനം ജന്മിയുടെ കാര്യസ്ഥന്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ ജന്മി കുടുംബത്തിലെ എ.സി. കണ്ണന്‍ നായര്‍ പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. കുടിയായ്മ പ്രമേയം അവതരിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ കെ. മാധവേട്ടന്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. എ.വി. കുഞ്ഞമ്പുവിന്റെ നേതൃത്വത്തിലുള്ള അഭിനവ ഭാരത യുവ സംഘത്തിന്റെ പിന്തുണയോടെ കുടിയായ്മ പ്രമേയം അവതരിപ്പിക്കുകയും പാസാക്കിയെടുക്കുകയും ചെയ്തു. സമ്മേളനം പാസാക്കിയ പ്രമേയങ്ങളില്‍ ഒന്ന് ഹോസ്ദുര്‍ഗ് സബ് താലൂക്കിലെ സ്‌കൂളുകളില്‍ മലയാളം കൂടി പഠിപ്പിക്കണം എന്നതായിരുന്നു .ഈ ആവശ്യം അംഗീകരിച്ച് രാജാജി ഗവണ്‍മെന്റ് പിന്നീട് ഉത്തരവിറക്കി.
ഐക്യ കേരളത്തിനുവേണ്ടിയുള്ള അടുത്തഘട്ടം ആരംഭിക്കുന്നത് സ്വതന്ത്ര ഇന്ത്യയിലാണ്. ഭാഷാ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യവും പോറ്റി ശ്രീരാമലുവിന്റെ രക്തസാക്ഷിത്വവും എല്ലാം കാസര്‍കോട്ടും സംയോജന പ്രസ്ഥാനത്തെ സജീവമാക്കി. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഇരുപതാം സമ്മേളനം 1949ല്‍ നീലേശ്വരത്ത് ചേര്‍ന്നപ്പോള്‍ ഉബൈദ് അവതരിപ്പിച്ച കവിത മലബാര്‍ സംയോജനത്തിന്റെ ചൂടും ചൂരും നിറഞ്ഞ ഒന്നായിരുന്നു. വിടവാങ്ങല്‍ എന്ന കവിതയില്‍
'വിടതരികമ്മേ കന്നഡ ധാത്രി
കേരള ജനനി വിളിക്കുന്നു...' എന്നാണ് സംയോജനത്തെ കവി വിശേഷിപ്പിച്ചത്. മഹാകവി വെണ്ണിക്കുളം നീലേശ്വരം സമ്മേളനത്തിന്റെ തിലകക്കുറി എന്ന് ഈ കവിതയെ വിശേഷിപ്പിച്ചു.
മലബാര്‍ സംയോജന വാദം ശക്തിപ്പെട്ട സാഹചര്യത്തില്‍ അതിന് ബദലായി കര്‍ണാടക ലയന വാദവും ഉയര്‍ന്നുവന്നു. 1947 ഓടെ അഖില കര്‍ണാടക ഏകീകരണ പരിഷത്ത് കാസര്‍കോട്ട് നിലവില്‍ വന്നു. ദക്ഷിണ കനറ ജില്ല പൂര്‍ണമായും കര്‍ണാടകയില്‍ ചേര്‍ക്കണം എന്നായിരുന്നു പരിഷത്തിന്റെ ആവശ്യം. കാസര്‍കോട്ട് വിളിച്ചുചേര്‍ത്ത മഹാസമ്മേളനം ഡോ. ശിവറാം കാറന്ത്, മസ്തി വെങ്കിടേഷ് അയ്യങ്കാര്‍, മഹാകവി ഗോവിന്ദ് പൈ, കിഞ്ഞണ്ണ റൈ, ഉമേഷ് റാവു തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മാത്രമല്ല കാസര്‍കോടിന്റെ വടക്കന്‍ പ്രദേശങ്ങള്‍ മൈസൂറിനോട് കൂടി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ചില പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു. ചന്ദ്രഗിരി പുഴയ്ക്ക് വടക്കുള്ള നിരവധി പഞ്ചായത്ത് ബോര്‍ഡുകള്‍ യോഗം ചേര്‍ന്ന് ആ പ്രദേശങ്ങള്‍ കര്‍ണാടകയോട് ലയിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഫസല്‍ അലി കമ്മിറ്റി രൂപീകൃതമാകുന്നത്. കമ്മീഷന്‍ നടത്തിയ സമഗ്രമായ സര്‍വേയുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ കാസര്‍കോട് താലൂക്ക് മുഴുവനും കേരളത്തില്‍ ലയിപ്പിക്കാനാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.
ഫസല്‍ അലി കമ്മീഷന്‍ റിപ്പോട്ട് വലിയ പ്രതിഫലനമാണ് കാസര്‍കോട്ട് സൃഷ്ടിച്ചത്. കന്നഡ ഭൂരിപക്ഷ പ്രദേശങ്ങള്‍ കര്‍ണാടകയോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് 1955ല്‍ രൂപം കൊണ്ടതാണ് കര്‍ണാടക സമിതി. ഇതിന്റെ നേതൃത്വത്തിലാണ് കാസര്‍കോട് പ്രശ്‌നം സജീവമായി മുന്നോട്ടുപോയത്. സ്വാതന്ത്ര്യസമരസേനാനി ഉമേഷ് റാവു, കെ.ആര്‍ കാറന്ത്, മഹാബല ഭണ്ഡാരി, കുനിക്കുല്ലായ തുടങ്ങിയവര്‍ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പൊതുയോഗങ്ങള്‍ നടത്തിയും പ്രമേയങ്ങള്‍ പാസാക്കിയും നിവേദനങ്ങള്‍ തയ്യാറാക്കുകയും ചെയ്തുകൊണ്ട് കര്‍ണാടക സമിതി കാസര്‍കോട്ട് പ്രശ്‌നം സജീവമായി നിലനിര്‍ത്തി.
എന്തുകൊണ്ട് കന്നഡ ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടെ താലൂക്ക് മുഴുവനും കേരളത്തില്‍ ലയിപ്പിച്ചു എന്നത് പ്രധാന പ്രശ്‌നമാണ്. രണ്ട് ഘട്ടങ്ങളാണ് ഇതിന് കമ്മീഷനെ പ്രേരിപ്പിച്ചത് എന്ന അഭിപ്രായം സജീവമാണ്. കമ്മീഷനിലെ മലയാളി സാന്നിധ്യമായ കെ.എം പണിക്കര്‍ കാസര്‍കോട്ടുകാരനായിരുന്നു എന്നതാണ് ഒരു അഭിപ്രായം. കെ.എം. പണിക്കരുടെ പിതാവ് കാസര്‍കോട് കൊടക്കാട് സ്വദേശിയായിരുന്നു. അദ്ദേഹത്തിന് കാസര്‍കോടിനോട് പ്രത്യേക താല്‍പര്യം ഉണ്ടാകുമല്ലോ എന്ന സംശയം! മറ്റൊന്ന് കോണ്‍ഗ്രസ് നേതാവായ കാമരാജിന്റെ താല്‍പര്യവും ഇതിന്റെ പിന്നില്‍ ഉണ്ടായിരുന്നു എന്നതാണ്. മലയാളി ഭൂരിപക്ഷമുള്ള ഗൂഡല്ലൂരിനെ തമിഴ്‌നാട്ടില്‍ ലയിപ്പിക്കാന്‍ അദ്ദേഹം കരുക്കള്‍ നീക്കിയെന്നും ആളുകള്‍ സംശയിക്കുന്നു. കാസര്‍കോടിനോടുള്ള കര്‍ണാടകത്തിന്റെ താല്‍പര്യം ബലികഴിപ്പിച്ചുകൊണ്ട് കാസര്‍കോടിനെ പൂര്‍ണമായും കേരളത്തില്‍ ലയിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ ഈ രണ്ടു വാദങ്ങളും വസ്തുതാപരമാണ് എന്ന് തോന്നുന്നില്ല. കമ്മീഷനില്‍ മലയാളി ഉണ്ടായിട്ടും മലയാളി ഭൂരിപക്ഷ പ്രദേശങ്ങളില്‍ തമിഴ്‌നാട്ടില്‍ ചേര്‍ക്കുകയുണ്ടായല്ലോ. കാമരാജിന്റെ താല്‍പര്യം തെളിയിക്കുന്ന സൂചനകള്‍ ഒന്നും ലഭ്യമല്ല താനും.
കാസര്‍കോടിനെ ഒരു യൂണിറ്റായി എടുത്തുകൊണ്ട് മലയാളി ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ താലൂക്കിനെ പൂര്‍ണമായും കേരളത്തില്‍ ചേര്‍ക്കുന്ന തീരുമാനമാണ് കമ്മീഷന്‍ സ്വീകരിച്ചത്. ഗ്രാമങ്ങളെ പ്രത്യേകമായെടുത്ത് ഭാഷാ മാനദണ്ഡം സ്വീകരിച്ചിരുന്നുവെങ്കില്‍ ചന്ദ്രഗിരിക്ക് വടക്കുള്ള പ്രദേശങ്ങള്‍ കര്‍ണാടകയുടെ ഭാഗമാകുമായിരുന്നു. പക്ഷേ അത്തരം മാനദണ്ഡമല്ല കമ്മീഷന്‍ സ്വീകരിച്ചത്. ഗ്രാമങ്ങളെ യൂണിറ്റായി പരിഗണിക്കുന്ന മാനദണ്ഡം സ്വീകരിച്ചിരുന്നുവെങ്കില്‍ സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പല പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നു എന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയുടെ അഭിപ്രായം വളരെ പ്രസക്തമാണ്.
പല സംസ്ഥാനങ്ങളിലൂടെ, പ്രക്ഷോഭങ്ങളിലൂടെ ഉയര്‍ന്നുവന്ന ഐക്യ കേരളമെന്ന സ്വപ്‌നം 1956 നവംബര്‍ ഒന്നിന് യാഥാര്‍ത്ഥ്യമായി. കാസര്‍കോട് കര്‍ണാടക സമിതി ഉയര്‍ത്തിയ ഭാഷാ പ്രശ്‌നം തുടക്കത്തില്‍ വലിയ ചലനം സൃഷ്ടിച്ചുവെങ്കിലും ക്രമേണ അത് കുറഞ്ഞുവന്നു. മഹാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്ന് ചില കോണുകളില്‍ നിന്ന് അഭിപ്രായം ഉയരുന്നുണ്ട്. പക്ഷേ പഴയ തീവ്രത ഇല്ല. ജനങ്ങളെ പരസ്പരം ധ്രുവീകരിക്കുന്ന ഘടകമായി ഇന്ന് ഭാഷാപ്രശ്‌നം പ്രവര്‍ത്തിക്കുന്നില്ല.

-ഡോ. സി. ബാലന്‍

Related Articles
Next Story
Share it