ലഹരിക്കെതിരെ കര്‍ശന നടപടിയുമായി മുന്നേറുന്ന ജില്ലാ പൊലീസ് മേധാവിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പൊലീസ് മെഡല്‍

കാസര്‍കോട്: ലഹരിക്കെതിരെ ശക്തമായ നടപടിയുമായി മുന്നേറുന്ന ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പൊലീസ് മെഡല്‍. നേരത്തെ വയനാട്ടിലെ സേവനകാലത്ത് ലഹരിവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള അംഗീകാരം തേടിയെത്തിയത്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റ് 20 മാസത്തിനുള്ളില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് ലഹരിയുമായി ബന്ധപ്പെട്ട 2642 കേസുകളാണ്. പൊലീസിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് ശക്തമായ കരുത്തുപകരുകയാണ് അദ്ദേഹത്തിന്റെ നേതൃത്വം.വയനാട്ടില്‍ എ.എസ്.പി ആയിരിക്കെ 2019 […]

കാസര്‍കോട്: ലഹരിക്കെതിരെ ശക്തമായ നടപടിയുമായി മുന്നേറുന്ന ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പൊലീസ് മെഡല്‍. നേരത്തെ വയനാട്ടിലെ സേവനകാലത്ത് ലഹരിവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള അംഗീകാരം തേടിയെത്തിയത്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റ് 20 മാസത്തിനുള്ളില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് ലഹരിയുമായി ബന്ധപ്പെട്ട 2642 കേസുകളാണ്. പൊലീസിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് ശക്തമായ കരുത്തുപകരുകയാണ് അദ്ദേഹത്തിന്റെ നേതൃത്വം.
വയനാട്ടില്‍ എ.എസ്.പി ആയിരിക്കെ 2019 ജൂണില്‍ 5 പേരടങ്ങുന്ന കഞ്ചാവ് മാഫിയയെ പിടികൂടിയ ഓപ്പറേഷനാണ് എസ്.പിയെ കേന്ദ്ര അംഗീകാരത്തിന് അര്‍ഹനാക്കിയത്. കേസില്‍ കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിച്ച് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും വാങ്ങിനല്‍കി. ജാമ്യം കിട്ടാതെ പ്രതിയായ സ്ത്രീ ജയിലിലാണ് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങി നല്‍കാന്‍ കഴിഞ്ഞതാണ് വൈഭവ് സക്‌സേനയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
2022 ജനുവരി 3നാണ് കാസര്‍കോട്ട് ചുമതലയേറ്റത്. അദ്ദേഹം ആദ്യപരിഗണന നല്‍കിയത് തന്നെ ലഹരി വിരുദ്ധ നടപടികള്‍ക്കാണ്. 2642 കേസുകളിലായി 2952 പ്രതികളാണ് ഉള്ളത്. 2022 ജനുവരി 3 മുതല്‍ 2023 ആഗസ്ത് 11 വരെ ലഹരിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണിത്. ഇതില്‍ 34 കേസുകള്‍ വലിയ അളവിലുള്ള ലഹരി വസ്തുകൈവശം വച്ചതാണ്. ഇടത്തരം അളവിലുള്ള 29 കേസുകളും ചെറിയ അളവില്‍ ലഹരി കടത്തിയതിന് 74 കേസുകളും ഉള്‍പ്പെടുന്നു.
2.06 കിലോഗ്രാം എം.ഡി.എം.എയും 159 കിലോഗ്രാം കഞ്ചാവുമാണ് ഈ കാലയളവില്‍ പിടികൂടിയത്. ഹാഷിഷ് (129 ഗ്രാം), ഹാഷിഷ് ഓയില്‍ (9.44 ഗ്രാം), ബ്രൗണ്‍ ഷുഗര്‍ (45.683 ഗ്രാം), എല്‍.എസ്.ഡി (2), കഞ്ചാവ് ബീഡി (2141), കഞ്ചാവ് ചെടി (3) എന്നിവയും പിടികൂടി. 2020 ജനുവരി മുതല്‍ 2021 ഡിസംബര്‍ വരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 208 കേസുകളിലായി 325 പ്രതികള്‍ മാത്രമായിരുന്നു.
ലഹരിക്കെതിരെ 'ക്ലീന്‍ കാസര്‍കോട്' എന്ന പേരിലുള്ള പദ്ധതി ആവിഷ്‌കരിച്ചതും അദ്ദേഹമാണ്. കാസര്‍കോട്ടെ ലഹരിക്കടത്ത് കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കലായിരുന്നു ആദ്യ ദൗത്യം.
ജില്ലയുടെ മൂന്നുഭാഗവും അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി കടത്തിനുള്ള എളുപ്പ മാര്‍ഗമാണ് അതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്ത് 'ക്ലീന്‍ കാസര്‍കോട്' പദ്ധതിക്ക് തുടക്കം കുറിച്ചതും ലഹരിക്കടത്തുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് തുടങ്ങിയതും.

Related Articles
Next Story
Share it