ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ വലിയ ജനപ്രിയ ബജറ്റാണ് പ്രഖ്യാപിക്കുകയെന്ന് പ്രതീക്ഷിച്ചുവെങ്കിലും ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് ബജറ്റ് അവതരത്തിന്റെ അധികസമയവും ഉപയോഗപ്പെടുത്തിയത് കഴിഞ്ഞ പത്ത് വര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറയാനാണ്. നിര്‍മ്മലാ സീതാരാമന്റെ ആറാമത്തെ ബജറ്റ് അവതരണമായിരുന്നു ഇത്. എന്‍.ഡി.എ സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തുടരുമെന്നും ധനമന്ത്രി പ്രത്യാശ പ്രകടപ്പിച്ചു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇതാണ്. ആദായ നികുതി പരിധിയില്‍ മാറ്റമില്ല. നിലവിലെ നിരക്കുകള്‍ തുടരും. പ്രത്യക്ഷ-പരോക്ഷ നികുതി നിരക്കുകളിലും മാറ്റമില്ല. 2047ല്‍ വികസിത ഭാരതമാക്കും. പി.എം.എ.വൈ പദ്ധതിയില്‍ 2 കോടി വീടുകള്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കും. പുതിയ 149 വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കും. നിലവിലുള്ള വിമാനത്താവളങ്ങള്‍ നവീകരിക്കും. 3 പുതിയ റെയില്‍വെ ഇടനാഴികള്‍ വരും. വിനോദ സഞ്ചാര മേഖലയില്‍ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്ഥ്യമാക്കും. ഒരുകോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി നടപ്പിലാക്കും. വന്ദേഭാരത് നിലവാരത്തില്‍ ട്രെയിനുകളില്‍ 40,000 ബോഗികള്‍ കൊണ്ടുവരും. സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി കൂട്ടും. ജി.എസ്.ടി പ്രാബല്യത്തില്‍ കൊണ്ടുവന്ന് ഒരു രാജ്യം ഒരു നികുതി സാധ്യമാക്കി. രാജ്യത്തിന് ഭക്ഷണത്തെ കുറിച്ച് ആശങ്കയില്ല. ജി-20 ഉച്ചകോടി രാജ്യത്തിന്റെ ഗരിമ ഉയര്‍ത്തി- ധനമന്ത്രി പറഞ്ഞു.
എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്ക്കും വികസനം എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമന്ത്രമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളിലും വികസനം എത്തിച്ചു. ഗോത്ര വിഭാഗങ്ങളെ ശാക്തീകരിച്ചു. നാലുകോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്കി. എല്ലാ വിഭാഗങ്ങളെയും സമഭാവനയോടെ കണ്ടു. വിശ്വകര്മ്മയോജനയിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് സഹായം എത്തിച്ചു. 1361 ഗ്രാമീണ ചന്തകളെ നവീകരിച്ചു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്കി. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാക്കി. തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചു. ഗ്രാമീണതലത്തില്‍ സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ എത്തിച്ചു. അഴിമതി ഇല്ലാതാക്കിയെന്നും ധനമന്ത്രി പറഞ്ഞു. നിക്ഷേപ സൗഹൃദ രാജ്യമായി ഇന്ത്യ മാറി. ആളോഹരി വരുമാനത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായി. രാജ്യത്തെ സമ്പദ്വ്യവസ്ഥ മികച്ച നിലയിലാണ്. കായികരംഗത്തെ യുവാക്കളുടെ മികച്ച നേട്ടം അഭിമാനാര്‍ഹമാണ്. 30 കോടി രൂപ സ്ത്രീകള്‍ക്ക് മുദ്രലോണ്‍ വഴി നല്കി.