നഗരസഭാ യോഗത്തില്‍ രണ്ട് ഭരണകക്ഷി അംഗങ്ങളുടെ അപ്രതീക്ഷിത പ്രതിഷേധം; ഞെട്ടി മുസ്ലിംലീഗ് നേതൃത്വം, വിഷയം പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്യുന്നു

കാസര്‍കോട്: ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാടിന്റെ വാര്‍ഡിലേക്ക് കൂടുതല്‍ പദ്ധതികള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണസമിതിയിലെ തന്നെ രണ്ട് അംഗങ്ങള്‍ രംഗത്ത് വന്നത് കൗണ്‍സില്‍ യോഗത്തില്‍ ഏറെനേരം വാക്ക് തര്‍ക്കത്തിന് വഴിവെച്ചു. മുസ്ലിംലീഗ് ഭരിക്കുന്ന നഗരസഭയില്‍ മുസ്ലിംലീഗിലെ തന്നെ രണ്ടംഗങ്ങള്‍ രംഗത്ത് വന്നതും ഇവര്‍ക്കൊപ്പം മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെ.പി അടക്കം ചേര്‍ന്നതും മുസ്ലിംലീഗ് നേതൃത്വത്തെ ഞെട്ടിച്ചു. പച്ചക്കാട് വാര്‍ഡില്‍ വായനശാല നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ ഏഴാം നമ്പര്‍ അജണ്ടയായി വന്നപ്പോഴാണ് […]

കാസര്‍കോട്: ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാടിന്റെ വാര്‍ഡിലേക്ക് കൂടുതല്‍ പദ്ധതികള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണസമിതിയിലെ തന്നെ രണ്ട് അംഗങ്ങള്‍ രംഗത്ത് വന്നത് കൗണ്‍സില്‍ യോഗത്തില്‍ ഏറെനേരം വാക്ക് തര്‍ക്കത്തിന് വഴിവെച്ചു. മുസ്ലിംലീഗ് ഭരിക്കുന്ന നഗരസഭയില്‍ മുസ്ലിംലീഗിലെ തന്നെ രണ്ടംഗങ്ങള്‍ രംഗത്ത് വന്നതും ഇവര്‍ക്കൊപ്പം മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെ.പി അടക്കം ചേര്‍ന്നതും മുസ്ലിംലീഗ് നേതൃത്വത്തെ ഞെട്ടിച്ചു. പച്ചക്കാട് വാര്‍ഡില്‍ വായനശാല നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ ഏഴാം നമ്പര്‍ അജണ്ടയായി വന്നപ്പോഴാണ് മുസ്ലിംലീഗ് അംഗങ്ങളായ മമ്മു ചാലയും മജീദ് കൊല്ലമ്പാടിയും എതിര്‍പ്പുമായി എണീറ്റത്. പാര്‍ട്ടിയിലെ തന്നെ രണ്ടംഗങ്ങളുടെ അപ്രതീക്ഷിത നീക്കം മറ്റ് ലീഗ് അംഗങ്ങളെ ഞെട്ടിച്ചു. ലീഗ് ഭരണസമിതിക്കെതിരെ ലീഗ് അംഗങ്ങള്‍ തന്നെ പ്രതിഷേധവുമായി എണീറ്റത് ബി.ജെ.പിക്ക് കോളായി. പ്രതിഷേധിച്ച ലീഗ് അംഗങ്ങള്‍ക്കൊപ്പം പി. രമേശിന്റെ നേതൃത്വത്തില്‍ ബി.ജെ.പി അംഗങ്ങളും ചേര്‍ന്നു. പിന്നാലെ, ലീഗ് വിമതരായി വിജയിച്ച സക്കീന മൊയ്തീനും ഹസീന നൗഷാദും സി.പി.എമ്മിന്റെ ഏക അംഗവും ചേര്‍ന്നതോടെ എതിര്‍പ്പ് പ്രകടിപ്പിച്ച പക്ഷത്ത് ആള്‍ബലം കൂടി. ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷത്തെ മുസ്ലിംലീഗ് അംഗങ്ങളും എണീറ്റതോടെ ബഹളവും വാക്കേറ്റവുമായി. ഒരുവേള കയ്യാങ്കളിയുടെ വക്കത്ത് വരെ കാര്യങ്ങളെത്തി. ബി.ജെ.പിയുടെ നാല് അംഗങ്ങള്‍ ചെയര്‍മാന്റെ ഡയസില്‍ കയറി അജണ്ട തട്ടിയെടുത്തു. കയ്യാങ്കളിക്കിടെ പരിക്കേറ്റ ബി.ജെ.പി വനിതാ കൗണ്‍സിലര്‍ എം. ശ്രീലത ആസ്പത്രിയില്‍ ചികില്‍സ തേടി. പ്രഥമ ശുശ്രൂഷക്ക് ശേഷം ശ്രീലത ആസ്പത്രി വിട്ടു. ഖാലിദ് പച്ചക്കാട് പ്രതിനിധീകരിക്കുന്ന പതിനാറാം വാര്‍ഡിലേക്ക് കൂടുതല്‍ വികസനപദ്ധതികള്‍ അനുവദിക്കുന്നുവെന്ന് ആക്ഷേപമുയര്‍ത്തിയാണ് മമ്മു ചാലയും മജീദ് കൊല്ലമ്പാടിയും പ്രതിഷേധം അറിയിച്ചത്. നേരത്തെ അണങ്കൂര്‍ മേഖലയ്ക്ക് അനുവദിച്ച ആരോഗ്യ വെല്‍നസ് സെന്റര്‍ പതിനാറാം വാര്‍ഡിലാണ് സ്ഥാപിച്ചത്. ഇതിന് പിറകെയാണ് ലൈബ്രറിക്കും ടെണ്ടര്‍ വിളിച്ചത്. ടെണ്ടറിന് അനുമതി നല്‍കുന്ന കാര്യം ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വെച്ചിരുന്നു. ഇത് വായിച്ചപ്പോഴാണ് രണ്ട് ലീഗ് അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയത്. ബഹളം തുടര്‍ന്നുവെങ്കിലും മുഴുവന്‍ അജണ്ടകളും വായിച്ച് തീര്‍ത്ത് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം കൗണ്‍സില്‍ യോഗം പിരിച്ചുവിടുകയായിരുന്നു. മുപ്പതിലേറെ അജണ്ടകളുണ്ടായിരുന്നു.
തര്‍ക്കത്തിനിടയാക്കിയ ഏഴാം നമ്പര്‍ അജണ്ടയില്‍ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് 19 കൗണ്‍സില്‍ അംഗങ്ങള്‍ ഒപ്പിട്ട കത്ത് നഗരസഭാ സെക്രട്ടറിക്ക് നല്‍കി. എന്നാല്‍ ഇവരില്‍ മുഷ്താഖ് ചേരങ്കൈ പിന്നീട് താന്‍ കത്തില്‍ നിന്ന് പിന്‍വലിയുന്നതായി അറിയിച്ച് നഗരസഭാ സെക്രട്ടറിക്ക് രേഖാമൂലം കത്ത് നല്‍കി.
അജണ്ട മുഴുവനും വായിച്ച് യോഗ നടപടികള്‍ പൂര്‍ത്തീകരിച്ചതിനാല്‍, തര്‍ക്കത്തിന് വഴിവെച്ച അജണ്ടയില്‍ വോട്ടെടുപ്പ് നടത്തണമെന്ന കത്തിന് ഇനി പ്രസക്തിയില്ലെന്നും ഇക്കാര്യത്തിന് വേണ്ടി വീണ്ടും കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കേണ്ടതില്ലെന്നുമാണ് നഗരസഭാ അധികൃതര്‍ നല്‍കുന്ന സൂചന.
തന്റെ ഡയസില്‍ കയറിയ നാല് ബി.ജെ.പി അംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാന്‍ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. പരാതി പരിശോധിച്ച് തീരുമാനം ഉണ്ടാവും.
അതിനിടെ നഗരസഭാ യോഗത്തില്‍ പാര്‍ട്ടിയിലെ രണ്ട് അംഗങ്ങള്‍ നടത്തിയ അപ്രതീക്ഷിത പ്രതിഷേധം പാര്‍ട്ടി മുനിസിപ്പല്‍ കമ്മിറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്. വിഷയം പാര്‍ട്ടി ഗൗരവതരമായാണ് കാണുന്നത്. കൗണ്‍സില്‍ യോഗത്തിന് മുമ്പ് മുസ്ലിംലീഗ് നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുഴുവന്‍ അജണ്ടകളും ചര്‍ച്ച ചെയ്തതാണെന്നും അപ്പോള്‍ ആരും എതിര്‍പ്പറിയിച്ചിരുന്നില്ലെന്നുമാണ് വിവരം.

Related Articles
Next Story
Share it