കണ്ണൂര്‍: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ റൂട്ടുകളില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടും യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങുന്നതില്‍ അനിശ്ചിതത്വം തീര്‍ന്നില്ല. ഇതോടെ ബെംഗളൂരു യാത്രയ്ക്കും മറ്റും യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സ്പ്രസിനെ ഏറെ ആശ്രയിക്കുന്ന മലബാര്‍ മേഖലയിലുള്ളവര്‍ ദുരിതത്തിലായി.
കര്‍ണാടകയില്‍ ലോക്ക്ഡൗണില്‍ രണ്ടാം ഘട്ട ഇളവ് പ്രാബല്യത്തിലായതോടെ കമ്പനികളെല്ലാം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തിനും കര്‍ണാടകക്കും ഇടയില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ആരംഭിക്കാത്തതിനാല്‍ യാത്രാക്ലേശം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കേരളത്തിലെ മലബാര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഏറെ സഹായകമാകുന്ന പാലക്കാട് വഴിയുള്ള യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് അടിയന്തരമായി ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളില്‍ കെ.എസ്.ആര്‍ ബെംഗളൂരു, എറണാകുളം-മൈസൂരു, ബംഗളൂരു-കൊച്ചുവേളി സ്പെഷ്യല്‍ എന്നീ ട്രെയിനുകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് റെയില്‍വെ പുനരാരംഭിച്ചിരുന്നു. ലോക്ക്ഡൗണിനിടെ കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനും മംഗളൂരു വഴിയുള്ള യശ്വന്ത്പുര-കണ്ണൂര്‍ എക്‌സ്പ്രസും മാത്രമായിരുന്നു സര്‍വീസ് തുടര്‍ന്നിരുന്നത്.
അതിനിടെ 06305 എറണാകുളം ജംഗ്ഷന്‍-കണ്ണൂര്‍ ഇന്റര്‍സിറ്റി സ്‌പെഷ്യല്‍ ട്രെയിന്‍ വരും ദിവസങ്ങളില്‍ ഷൊര്‍ണൂര്‍ വരെ മാത്രമേ സര്‍വീസ് ഉണ്ടാകുകയുള്ളൂ. ഷൊര്‍ണ്ണൂര്‍-പട്ടാമ്പി-പള്ളിപ്പുറം സെക്ഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണമാണ് തീരുമാനം. ജൂണ്‍ 24, 25, 26, 27, 28, 29, 30 തീയതികളില്‍ ഷൊര്‍ണ്ണൂരിനും കണ്ണൂരിനും ഇടയില്‍ സര്‍വ്വീസ് നടത്തില്ലെന്ന് റെയില്‍വേ ഔദ്യോഗിക വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു.