കോവിഡ് കാല ഉംറ ഒരാസ്വാദനം

നിര്‍ഭയത്വത്തിന്റെ നാട് അഥവാ 'ബലദന്‍ ആമിനന്‍' എന്നാണ് വിശുദ്ധ ഖുര്‍ആന്‍ മക്കയെ വിശേഷിപ്പിച്ചത്. ആ നിര്‍ഭയത്വം ആവോളം ആസ്വദിച്ച് കോവിഡ് കാലത്തെ ഉംറക്ക് വേണ്ടി വിശുദ്ധഭൂമിയിലെത്തിയപ്പോള്‍. ഉംറ നിര്‍വ്വഹിക്കാന്‍ പാസ്‌പോര്‍ട്ട് കൈമാറുമ്പോള്‍ നേരിയ ശങ്ക ഉണ്ടായിരുന്നു. പഴയത് പോലെ ഉംറ നിര്‍വ്വഹിക്കാന്‍ പറ്റുമോ? സര്‍വ്വശക്തനില്‍ ഭരമേല്‍പിച്ച് പാസ്‌പോര്‍ട്ട് കൈമാറി. പ്രാര്‍ത്ഥനാ നിമഗ്‌നനായി കാത്തിരുന്നു. മനസ്സ് നിറയെ കഅബ എന്ന വിശുദ്ധ ഗേഹവും പ്രവാചകന്‍ അന്ത്യവിശ്രമം കൊളളുന്ന തിരുറൗദയും മാത്രം. സര്‍വ്വശക്തന്റെ മുമ്പില്‍ താണുകേണപേക്ഷിച്ചു വിശുദ്ധ നാടുകളിലേക്കുള്ള കവാടങ്ങള്‍ […]

നിര്‍ഭയത്വത്തിന്റെ നാട് അഥവാ 'ബലദന്‍ ആമിനന്‍' എന്നാണ് വിശുദ്ധ ഖുര്‍ആന്‍ മക്കയെ വിശേഷിപ്പിച്ചത്. ആ നിര്‍ഭയത്വം ആവോളം ആസ്വദിച്ച് കോവിഡ് കാലത്തെ ഉംറക്ക് വേണ്ടി വിശുദ്ധഭൂമിയിലെത്തിയപ്പോള്‍.
ഉംറ നിര്‍വ്വഹിക്കാന്‍ പാസ്‌പോര്‍ട്ട് കൈമാറുമ്പോള്‍ നേരിയ ശങ്ക ഉണ്ടായിരുന്നു. പഴയത് പോലെ ഉംറ നിര്‍വ്വഹിക്കാന്‍ പറ്റുമോ? സര്‍വ്വശക്തനില്‍ ഭരമേല്‍പിച്ച് പാസ്‌പോര്‍ട്ട് കൈമാറി. പ്രാര്‍ത്ഥനാ നിമഗ്‌നനായി കാത്തിരുന്നു.
മനസ്സ് നിറയെ കഅബ എന്ന വിശുദ്ധ ഗേഹവും പ്രവാചകന്‍ അന്ത്യവിശ്രമം കൊളളുന്ന തിരുറൗദയും മാത്രം. സര്‍വ്വശക്തന്റെ മുമ്പില്‍ താണുകേണപേക്ഷിച്ചു വിശുദ്ധ നാടുകളിലേക്കുള്ള കവാടങ്ങള്‍ തുറന്ന് കിട്ടാന്‍.
വിസ അടിച്ചുകിട്ടി എന്നറിഞ്ഞപ്പോള്‍ നാഥനെ സ്തുതിച്ചു. യാത്രക്ക് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലായി പിന്നീടുള്ള ശ്രദ്ധ. യാത്രാ സാമഗ്രികളില്‍ ഏറ്റവും ഉത്തമം സൂക്ഷ്മത (തഖ്‌വ) യാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചത്. അതിനാല്‍ തന്നെ സൂക്ഷ്മതയോടെയാണ് ഓരോ ചുവടും മുന്നോട്ട് വെച്ചത്.
2022 ജനുവരി ഒമ്പതിന് ഞങ്ങളുടെ ഉംറ സംഘം പ്രയാണമാരംഭിച്ചു. കൊച്ചിയില്‍ നിന്നും മസ്‌കത്ത് വഴി ജിദ്ദയിലേക്കാണ് വിമാന യാത്ര.
കൊച്ചിയില്‍ നിന്നും പറന്നുയര്‍ന്ന ആകാശയാനം ഞങ്ങളെ മസ്‌കത്തിലാണിറക്കിയത്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കടമായെടുത്ത ഒമാന്റെ മണ്ണിലേക്ക് വിമാനം പറന്നിറങ്ങുമ്പാള്‍ കേരളത്തില്‍ നിന്നും പ്രവാചകനെ കാണാന്‍ അറബ് നാട്ടില്‍ എത്തി വിശ്വാസം സ്വീകരിച്ച് ഒമാന്റെ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്ന താജുദ്ദീന്‍ എന്ന ചേരമാന്‍ പെരുമാള്‍ രാജാവിന്റെ ഓര്‍മ്മകള്‍ അയവിറക്കി.
ഒമാനില്‍ നിന്നും ഇഹ്‌റാമിന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ചു. ചുറ്റിത്തുന്നിയ വസ്ത്രങ്ങള്‍ മാറ്റിവെച്ചു. ഒരു ഉടുമുണ്ടും ഒരുത്തരീയവും മാത്രം ധരിച്ചു. ദൈവത്തിനോടുള്ള അടിമത്തത്തിന്റെ ഏറ്റവും മഹനീയ പ്രകടനം. പ്രവാചകന്‍ ഇബ്രാഹിമിന്റെ വസ്ത്രത്തിലാണ് ഞങ്ങളിപ്പോള്‍!
ചുണ്ടുകളില്‍ നിന്നും തല്‍ബിയത്തിന്റെ വചനങ്ങള്‍ ഒഴുകിത്തുടങ്ങി. ഹജ്ജിന്റെയും ഉംറയുടെയും ചിഹ്നങ്ങളാണ് തല്‍ബിയത്ത് ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്... നാവ് മൊഴിയുമ്പോള്‍ മനസ്സ് കഅബയെ ത്വവാഫ് ചെയ്യുകയായിരുന്നു.
ഇഹ്‌റാമിന്റെ വസ്ത്രങ്ങണിഞ്ഞ് ചുണ്ടില്‍ തല്‍ബിയത്തിന്റെ മന്ത്രോച്ചാരണങ്ങളുമായി ആത്മീയതയില്‍ കുളിച്ച് നില്‍ക്കുന്ന ഞങ്ങളെയും വഹിച്ച് ജിദ്ദ ലക്ഷ്യമാക്കി വിമാനം ആകാശത്തിലൂടെ ഊളിയിട്ടു.
ജിദ്ദയില്‍ വിമാനമിറങ്ങി. എമിഗ്രേഷന്‍ കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിയ ഞങ്ങളെ ഉത്തരവാദപ്പെട്ടവര്‍ സ്വീകരിച്ചു. ഞങ്ങളെ പോലെ ഉംറ ആഗ്രഹിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരെ കണ്ടുമുട്ടി.
സ്മാര്‍ട്ട് ഫോണും മൊബൈല്‍ ആപ്പുകളും സജീവമാക്കാനുള്ള നിര്‍ദ്ദേശം കിട്ടി. തവക്കല്‍ന ഇഅതമര്‍ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് തുടര്‍ നടപടികള്‍ക്കായി കാത്തിരുന്നു. വിശ്വാസവും ശാസ്ത്രവും ചരിത്രവും സാങ്കേതികവിദ്യയും പരസ്പരം സമ്മേളിക്കുന്ന നൂതന രീതിയിലാണ് ഈ പ്രാവശ്യത്തെ ഉംറ എന്ന തിരിച്ചറിവുണ്ടായി.
തൂവെള്ള വസ്ത്രം ധരിച്ച തീര്‍ത്ഥാടകരെ കൊണ്ട് എയര്‍പോര്‍ട്ട് നിറഞ്ഞിരുന്നത് കണ്ടപ്പോള്‍ മനസ്സൊന്ന് തണുത്തു, പ്രതീക്ഷ കൈവന്നു. സര്‍വ്വശക്തനെ സ്തുതിച്ചു.
ഞങ്ങളെയും വഹിച്ചുള്ള പുതുപുത്തന്‍ വാഹനം തീര്‍ത്ഥാടന നഗരമായ മക്കയെ ലക്ഷ്യം വെച്ച് മുന്നോട്ട് കുതിച്ചു. ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. മക്ക ഞങ്ങളിലേക്ക് അടുത്തടുത്ത് വരികയാണ്. വിശുദ്ധ നഗരത്തിന്റെ അടയാളങ്ങള്‍ ദൃഷ്ടിയില്‍ പെട്ട് തുടങ്ങി. കണ്ണുകള്‍ നിറഞ്ഞു. മന്ത്രോച്ചാരണങ്ങള്‍ ശബ്ദത്തിലായി. പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സോടെ ഹറം ശരീഫില്‍ പ്രവേശിച്ചു.
മക്കയില്‍ വാഹനമിറങ്ങി, ചുറ്റും കണ്ണോടിച്ചു നോക്കി. കണ്ണുനീര്‍ തുള്ളികള്‍ക്കിടയിലൂടെ മക്കയെ ദര്‍ശിച്ചു. എല്ലാവരും വികാരപരവശരാണ്. ജീവിത ലക്ഷ്യം പൂര്‍ത്തീകരിച്ച് വിശുദ്ധ മണ്ണില്‍ കാല്‍കുത്തിയിരിക്കുന്ന സന്തോഷം! കണ്ണുകള്‍ നിര്‍ത്താതെ പെയ്ത് കൊണ്ടിരുന്നു.
ഉംറ തീര്‍ത്ഥാടകരാണെന്ന് തിരിച്ചറിയാനുള്ള വള കയ്യിലണിഞ്ഞു. താമസ മുറിയിലെത്തി കുളിച്ചു ഉംറക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തി.
താമസ സ്ഥലത്ത് നിന്നും ഹറമിലേക്കുള്ള യാത്ര ശരിക്കും ആത്മീയാനുഭുതിയിലായിരുന്നു. കരഞ്ഞ് കലങ്ങിയ കണ്ണുകളും തല്‍ബിയത്ത് ഉരുവിടുന്ന അധരങ്ങളും കൊണ്ട് മനസ്സും ശരീരവും ഏകാഗ്രതയിലായി.
ഹറമിന്റെ കവാടങ്ങളിലെത്തിയപ്പോള്‍ സ്മാര്‍ട്ട് ഫോണും ആപ്പുകളും സജീവമായി. ഉംറ നിര്‍വ്വഹിക്കാനുള്ള അനുവാദ പത്രം അഥവാ തസ്രീഹ് സുരക്ഷാ ഭടന്മാര്‍ക്ക് പരിശോധനക്ക് നല്‍കി. അവര്‍ സ്വാഗതമോതി. വിശ്വാസികളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് ഈ പരിശോധനകള്‍ എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി.
ഞങ്ങള്‍ മസ്ജിദുല്‍ ഹറമിലേക്ക് പ്രവേശിച്ചു. കാലുകള്‍ക്കിപ്പോള്‍ വേഗത കുറവാണ്. ആകെ ഒരു മരവിപ്പ്.
കറുത്ത മൂടുപടമണിഞ്ഞ് ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന കഅബ ദൃശ്യമായപ്പോള്‍ സകലമാന നിയന്ത്രണങ്ങളും കൈവിട്ടുപോയി. ഉമ്മയുടെ സുരക്ഷിതമായ കരങ്ങളിലേക്ക് വാവിട്ട് കരഞ്ഞുകൊണ്ട് വരുന്ന കുട്ടികളെ പോലെ ഞങ്ങളും കഅബയുടെ മടിത്തട്ടില്‍ ലയിച്ച് ചേര്‍ന്നു. കരളുരുകി പ്രാര്‍ത്ഥിച്ചു. സര്‍വ്വലോക രക്ഷിതാവിന്റെ കാര്യണ്യം സര്‍വ്വരിലും വര്‍ഷിക്കാന്‍ വേണ്ടി, ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയെ പിടിച്ച് കെട്ടാന്‍ വേണ്ടി, അശാന്തിയുടെ തുരുത്തുകളിലേക്ക് ശാന്തിയുടെ മന്ദമാരുതന് വേണ്ടി... അങ്ങനെ സകലമാന നന്മകള്‍ക്ക് വേണ്ടി.
കഅബ ത്വവാഫ് ചെയ്തു. വിശുദ്ധ നീരുറവയായ സംസം പാനം ചെയ്തു. കഅബയുടെയും സംസമിന്റെയും വരവിന് കാരണക്കാരായ ഇബ്രാഹിമീ കുടുംബത്തെ ഓര്‍മ്മയില്‍ താലോലിച്ചു. പിന്നെ സഫ മലയില്‍ കയറി. മല എന്ന് വെച്ചാല്‍ മാര്‍ബിള്‍ പ്രതലം കൊണ്ട് പൊതിഞ്ഞ ഒരിടം. ആത്മീയതയും ആധുനികതയും ഒരുമിക്കുന്ന ഒരിടം. ആധുനികതയുടെ സകലമാന സൗകര്യങ്ങളോടെ ആത്മീയതയുടെ അത്യുന്നതിയില്‍ ദൈവ വിളിക്ക് ഉത്തരം നല്‍കുന്ന വിശ്വാസികളെ കൊണ്ട് നിറഞ്ഞിരിക്കയാണ് മസ്ജിദുല്‍ ഹറം.
ഒമ്പത് ദിവസത്തെ താമസം. മൂന്ന് ഉംറകള്‍. വിശുദ്ധ നഗരത്തിലെ സന്ദര്‍ശനം എല്ലാം അനിര്‍വചനീയമായ അനുഭവങ്ങള്‍.
പ്രവാചകന്‍ ഹിജ്‌റ സന്ദര്‍ഭത്തില്‍ ഒളിഞ്ഞിരുന്ന സൗര്‍ മല, അറഫ, മുസ്ദലിഫ, മിന, ജംറകള്‍, പ്രവാചകന് ആദ്യമായി ദിവ്യബോധനം ലഭിച്ച ജബലുന്നൂര്‍, മക്കയിലെ ഖബര്‍സ്ഥാന്‍, മസ്ജിദ് ജിന്ന്... അങ്ങനെ ഒളിമങ്ങാത്ത ഓര്‍മ്മകള്‍ അയവിറക്കുന്ന വിശുദ്ധ ദേശങ്ങള്‍ ഒരിക്കല്‍ കൂടി നേരില്‍ കണ്ടു.
വിടവാങ്ങല്‍ ത്വവാഫ് ചെയ്ത് യാത്ര തിരിക്കുന്നത് പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന മദീന മുനവ്വറയിലേക്കാണ്. ബദര്‍ വഴിയാണ് യാത്ര. സത്യാസത്യ വിവേചനത്തിന്റെ പോര്‍ക്കളമാണ് ബദര്‍. ആ പോരാട്ടത്തില്‍ പങ്കുകൊണ്ട വിശ്വാസികളായ ബദ്രീങ്ങള്‍ക്ക് വിശ്വാസികളുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ബദര്‍ ദിനം പ്രവാചകന് വിശ്രമിക്കാന്‍ പണിത പന്തലില്‍ നിര്‍മ്മിച്ച മസ്ജിദ് അരീഷില്‍ നമസ്‌കരിച്ചു. രക്തസാക്ഷികള്‍ക്ക് സലാം പറഞ്ഞു.
മദീന വേറിട്ടൊരനുഭവമാണ്. അന്‍സ്വാറുകളായ പൂര്‍വ്വ സൂരികളുടെ സല്‍സ്വഭാവം ഇന്നും കൈവിടാതെ സൂക്ഷിക്കുന്ന മദീന വാസികള്‍ ലോകത്തിന് ഒരത്ഭുതമാണ്. ആധുനിക ലോകത്തും ധാര്‍മ്മികതയുടെ ഉത്തുംഗതയിലാണ് മദീനക്കാരെന്നത് അനുഭവ സാക്ഷ്യമാണ്.
പ്രവാചക നഗരിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന പ്രവാചകന്റെ മസ്ജിദ്. ആകാശം മുട്ടി നില്‍ക്കുന്ന മിനാരങ്ങളും പ്രകാശം തുളുമ്പുന്ന വിളക്കുമാടങ്ങളും മസ്ജിദുന്നബവിയുടെ യശസ്സിന് മാറ്റുകൂട്ടുന്നു.
മസ്ജിദ് നബവിയില്‍ നമസ്‌കരിച്ചു. പ്രവാചകന് സലാം മൊഴിഞ്ഞു. ഭൂമിയിലെ സ്വര്‍ഗ്ഗത്തോപ്പെന്ന് പ്രവാചകന്‍ അറിയിച്ച 'റൗദ' യില്‍ പ്രാര്‍ത്ഥനാ നിരതരായി.
ഇസ്ലാമിക ചരിത്രത്തിലെ ആദ്യ മസ്ജിദ് മസ്ജിദ് ഖുബയില്‍ നമസ്‌കരിച്ചു. സയ്യിദ് ശുഹദാഹ് ഉള്‍പ്പെടെ എഴുപത് രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഉഹ്ദിലെ രക്തസാക്ഷികളെ സന്ദര്‍ശിച്ചു.
മദീനയോട് വിട പറയുകയാണ്. പ്രവാചകന്റെ റൗദയിലെത്തി നിറമിഴികളോടെ പ്രവാചകനോട് വിട ചോദിച്ചു. പി.സി. ആര്‍. ടെസ്റ്റില്‍ നെഗറ്റീവ് എന്നറിഞ്ഞപ്പോള്‍ സന്തോഷമായി.
വിശുദ്ധ നാടുകളുടെ മഹനീയമായ സമ്മാനം മക്കയില്‍ നിന്ന് സംസവും മദീനയില്‍ നിന്ന് ഈത്തപ്പഴവും ലഗേജില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തി. നാട്ടിലുള്ള ബന്ധുമിത്രാദികള്‍ കാത്തിരിക്കുന്നത് അതിന് വേണ്ടിയാണ്.
പ്രിയ പ്രവാചകന്റെ ചാരത്ത് സ്വര്‍ഗ്ഗത്തിലൊരിടം എന്ന പ്രതീക്ഷയോടെ, പ്രവാചകന്റെ പ്രത്യേകമായ ശുപാര്‍ശ പരലോകത്ത് ലഭിക്കുമെന്ന പ്രതീക്ഷയോടെ വീണ്ടും വീണ്ടും മദീനയിലെ പച്ചക്കുബ്ബയെ നിറമിഴികളോടെ നോക്കി.
വിട വിട വീണ്ടും വീണ്ടും വരണമെന്ന ആശയോടെ, കോവിഡ് ദുരന്തത്തിനിടയിലും വിശുദ്ധഭൂമിയിലെത്തിച്ച സര്‍വ്വ ശക്തനോടുള്ള ഹൃദയംഗമമായ നന്ദിയോടെ... കണ്ണുകളില്‍ നിന്നും പച്ചക്കുബ്ബയും മിനാരങ്ങളും ചെറുതായി വന്ന് ഇല്ലാതായിത്തീരുമ്പോള്‍ അറിയാതെ പറഞ്ഞു പോയി. 'ബലദന്‍ ആമിനന്‍' അഥവാ നിര്‍ഭയത്വത്തിന്റെ നാട് എത്ര മനോഹരം!

Related Articles
Next Story
Share it