രാകിപ്പറക്കുന്ന ചെമ്പരുന്തേ...

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് പ്രായം 79. പ്രായത്തിന്റെ അവശതകളും തുടര്‍ച്ചയായി നടക്കാന്‍ പ്രയാസവുമുണ്ട്. എങ്കിലും ഇങ്ങ് ദൂരെ കാസര്‍കോട്ടേക്ക് വരുമ്പോള്‍ അദ്ദേഹത്തിന് ആവേശം ഇരട്ടിയാണ്. ബുധനാഴ്ച അദ്ദേഹം കാസര്‍കോട്ടുണ്ടായിരുന്നു. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍, അധികാര വികേന്ദ്രീകരണത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍, നിയമസഭയില്‍ പഞ്ചായത്ത് രാജ് ബില്‍ അവതരിപ്പിച്ച അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രി സി.ടി അഹമ്മദലിക്ക് നല്‍കിയ സ്വീകരണ ചടങ്ങായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രധാന പരിപാടികളിലൊന്ന്. കൂടാതെ അന്ന് രാവിലെ 11.30ന് കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ […]

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് പ്രായം 79. പ്രായത്തിന്റെ അവശതകളും തുടര്‍ച്ചയായി നടക്കാന്‍ പ്രയാസവുമുണ്ട്. എങ്കിലും ഇങ്ങ് ദൂരെ കാസര്‍കോട്ടേക്ക് വരുമ്പോള്‍ അദ്ദേഹത്തിന് ആവേശം ഇരട്ടിയാണ്. ബുധനാഴ്ച അദ്ദേഹം കാസര്‍കോട്ടുണ്ടായിരുന്നു. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍, അധികാര വികേന്ദ്രീകരണത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍, നിയമസഭയില്‍ പഞ്ചായത്ത് രാജ് ബില്‍ അവതരിപ്പിച്ച അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രി സി.ടി അഹമ്മദലിക്ക് നല്‍കിയ സ്വീകരണ ചടങ്ങായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രധാന പരിപാടികളിലൊന്ന്. കൂടാതെ അന്ന് രാവിലെ 11.30ന് കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ സ്മാരക ഹാള്‍ ഉദ്ഘാടനവും വൈകിട്ട് മൂന്ന് മണിക്ക് ഡി.സി.സിയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ടില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനവും അഞ്ച് മണിക്ക് കിനാനൂര്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനവുമായിരുന്നു ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കേണ്ട മറ്റു പരിപാടികള്‍. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താകുറിപ്പില്‍ ഉണ്ടായിരുന്നതും ഈ നാല് പരിപാടികള്‍ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ശാരീരിക പ്രയാസങ്ങള്‍ മനസ്സിലാക്കികൊണ്ടുള്ള കൃത്യമായ ആസൂത്രണമായിരുന്നു ഇത്. ഓരോ പരിപാടികള്‍ക്കിടയിലും വിശ്രമിക്കാന്‍ നേരമുണ്ട്.
എന്നാല്‍ സംഭവിച്ചതാവട്ടെ. വിമാന റാഞ്ചികളെ പോലും വെല്ലുന്ന തരത്തില്‍ റാഞ്ചല്‍ വിദഗ്ധരായ കോണ്‍ഗ്രസ് നേതാക്കളെ കൊണ്ട് അദ്ദേഹം ശരിക്കും പൊറുതിമുട്ടി. ഓരോ നേതാവും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ വീടുകളിലേക്ക് ചാണ്ടി സാറിനെ റാഞ്ചിയെടുത്തപ്പോള്‍ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ തന്നെ വശംകെട്ടു. സെല്‍ഫിയെടുത്ത് വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് ഇടാന്‍ വേണ്ടി പലരും അദ്ദേഹത്തെ തലങ്ങും വിലങ്ങും റാഞ്ചുകയായിരുന്നു.
കേരളത്തിന്റെ അങ്ങേതലയ്ക്കല്‍ നിന്നും രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും കാസര്‍കോട്ടേക്ക് വരാന്‍ മടിക്കുന്നുവെന്ന പരിഭവം നമുക്ക് പണ്ടേയുണ്ട്. എങ്ങനെ വരാനാണ്. വന്നവര്‍ക്ക് ഒരു സ്വസ്ഥതയും നല്‍കില്ല. യു.ഡി.എഫ് നേതാക്കള്‍ക്കാണ് ഇത്തരം ദുരിതം കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നത്.
വലിയൊരു ഇടവേളക്ക് ശേഷമാണ് ഉമ്മന്‍ചാണ്ടി ബുധനാഴ്ച കാസര്‍കോട്ടെത്തിയത്. ജനകീയ നേതാവെന്ന നിലയിലും തങ്ങള്‍ക്ക് പ്രിയപ്പെട്ടവന്‍ എന്ന നിലയിലും ഉമ്മന്‍ചാണ്ടിയെ കൊണ്ട് വിവിധ ഉദ്ഘാടനങ്ങള്‍ നിര്‍വ്വഹിക്കാന്‍ പലരും ആഗ്രഹിക്കുന്നതില്‍ കുറ്റം പറയാന്‍ പറ്റില്ല. എന്നാല്‍ ചുളുവില്‍ അദ്ദേഹത്തെ തങ്ങളുടെ വീട് സന്ദര്‍ശിക്കാന്‍ ചിലര്‍ 'തട്ടിക്കൊണ്ട് പോയപ്പോള്‍' ഉമ്മന്‍ചാണ്ടിയും ഒപ്പമുണ്ടായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അടക്കമുള്ള നേതാക്കളും അനുഭവിച്ച ദുരിതം ചെറുതല്ല.
രാവിലെ മാവേലി എക്‌സ്പ്രസിനാണ് ഉമ്മന്‍ചാണ്ടി കാസര്‍കോട്ടെത്തിയത്. ഗസ്റ്റ് ഹൗസില്‍ അല്‍പനേരം വിശ്രമിക്കാന്‍ ഇരുന്നപ്പോഴേക്കും സെല്‍ഫി മോഹികളുടെ ബഹളമായി. പിന്നീട് ആദ്യ പരിപാടിയായ, സി.ടി അഹമ്മദലിക്കുള്ള ആദര ചടങ്ങിന് ഗസ്റ്റ് ഹൗസില്‍ നിന്ന് നടന്നാണ് കോണ്‍ഫറന്‍സ് ഹാളിലേക്ക് അദ്ദേഹം ചെന്നത്. അത് സി.ടി അഹമ്മദലിയോടുള്ള സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും സന്തോഷമായിരുന്നു. പിന്നീട് കരിച്ചേരി പ്രിയദര്‍ശിനി കലാകേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച കരിച്ചേരി നാരായണന്‍ സ്മാരക ഹാള്‍ ഉദ്ഘാടനം നിര്‍വഹിക്കാനായി പുറപ്പെട്ടു. ഇതിനിടയില്‍ തന്നെ ആദ്യത്തെ റാഞ്ചല്‍ തുടങ്ങി.
ഒരു കോണ്‍ഗ്രസ് നേതാവിന്റെ വിവാഹ ചടങ്ങിലേക്കാണ് പൊക്കിയെടുത്ത് കൊണ്ടുപോയത്. പിന്നീട് മറ്റൊരു നേതാവിന്റെ വീട്ടിലേക്കുള്ള റാഞ്ചലായി. അപ്പോഴേക്കും വരാമെന്നേറ്റ പരിപാടികള്‍ക്ക് കൃത്യസമയത്ത് എത്താന്‍ വയ്യാത്ത അവസ്ഥയുമായി. എല്ലായിടത്തും പോകാന്‍ പ്രയാസമുണ്ട്. പക്ഷെ നേതാക്കളുടെ നിര്‍ബന്ധത്തിന് മുന്നില്‍ വഴങ്ങേണ്ടിവരുന്നു. മാങ്ങാട്ട് നിന്ന് പെരിയയിലെ കോണ്‍ഗ്രസ് നേതാവ് പരേതനായ പി. ഗംഗാധരന്‍നായരുടെ വീട്ടിലേക്കാണ് പിന്നീടെത്തിയത്. ഉമ്മന്‍ചാണ്ടിയുമായി ദീര്‍ഘകാല അടുപ്പമുണ്ടായിരുന്ന ഒരു നേതാവ് എന്ന നിലയില്‍ കാസര്‍കോട്ട് വരുമ്പോഴൊക്കെ ഗംഗാധരന്‍ നായരുടെ വീട് സന്ദര്‍ശിക്കാറുണ്ട്. അത് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരു രക്തസാക്ഷിയുടെ വീട് സന്ദര്‍ശിക്കണമെന്ന ആവശ്യം ഉയര്‍ന്നു. തൊട്ടുപിന്നാലെ മറ്റൊരു നേതാവിന്റെ വീട്ടിലേക്കായി ക്ഷണം. 48 വര്‍ഷം മുമ്പ് തന്നോടൊപ്പം യൂണിയന്‍ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പുല്ലൂരിലെ പരേതനായ പി.പി കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ വീട്ടിലേക്കാണ് പോയത്. അവിടെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ ഭാര്യ ജാനകിക്കുട്ടിയെ ഉമ്മന്‍ചാണ്ടി ഷാള്‍ അണിയിച്ച് ആദരിക്കുന്നു. പിന്നീട് പോവേണ്ടിവന്നത് ഇരിയയിലെ സായി ഗ്രാമത്തിലേക്കാണ്. അവിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യങ്ങള്‍ സംസാരിച്ചു. സായിഗ്രാമത്തില്‍ നിന്ന് നേരെ മറ്റൊരു നേതാവിന്റെ വീട്ടിലേക്ക്.
അവിടെ നിന്ന് കിനാനൂര്‍ കരിന്തളത്ത് ബൂത്ത് കമ്മിറ്റി നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ കൈമാറ്റ ചടങ്ങിലേക്ക്. അതും കഴിഞ്ഞ് മുന്‍മുഖ്യമന്ത്രിയെ റാഞ്ചികൊണ്ടുപോയത് മറ്റൊരു നേതാവിന്റെ വീട്ടിലേക്കാണ്. ഇങ്ങനെ നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വീടായ വീടുകളിലെല്ലാം കയറി ഇറങ്ങുമ്പോഴേക്കും ഉമ്മന്‍ചാണ്ടി അവശനായിരുന്നു.
ഭക്ഷണത്തിന് വേണ്ടി ഏതെങ്കിലും ഒരു വീട്ടില്‍ നേതാക്കളെ ആനയിക്കുന്നത് സമ്മതിക്കാം. എന്നാല്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ വീടുകളിലേക്കെല്ലാം നേതാക്കളെ തട്ടിയെടുത്ത് കൊണ്ടുപോയി ആളാവാനുള്ള ചിലരുടെ ശ്രമം സഹിക്കവയ്യ.
ഉമ്മന്‍ചാണ്ടി ഇങ്ങനെ റാഞ്ചപ്പെടുന്നതിന്റെ വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ ഇടക്കിടെ നേതാക്കളെ വിളിച്ച് പരിഭവം പറയുന്നുണ്ടായിരുന്നുവത്രെ. സി.ടിക്കുള്ള ആദരവിനൊപ്പം
ഒരു ഗാനമേളകൂടി
ഉണ്ടായിരുന്നെങ്കില്‍...
അധികാര വികേന്ദ്രീകരണത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ മുന്‍മന്ത്രി മുസ്ലിംലീഗിന്റെ സംസ്ഥാന ട്രഷറര്‍ കൂടിയായ സി.ടി അഹമ്മദലിക്ക് യു.ഡി.എഫ് ജില്ലാ കമ്മിറ്റി നല്‍കിയ ആദരവ് പരിപാടി എന്തുകൊണ്ടും ഉചിതവും പ്രശംസനീയവുമായി. സി.ടിയെ പോലുള്ള, സംസ്ഥാനതല ഫിഗറായ മുതിര്‍ന്ന നേതാക്കള്‍ നമുക്ക് അധികമൊന്നുമില്ല. സി.ടിയുടെ പ്രവര്‍ത്തനങ്ങളെ ആദരിച്ചേ തീരൂ. എന്നാല്‍ പരിപാടി സംഘടിപ്പിക്കപ്പെട്ടത് ബുധനാഴ്ച വര്‍ക്കിംഗ് ഡേയില്‍ രാവിലെ നേരത്താണ്. സി.ടിയെ ആദരിക്കുന്ന പരിപാടിക്ക് സാക്ഷിയാവണമെന്ന് ആഗ്രഹിക്കുന്ന എത്രയോ പേര്‍ യു.ഡി.എഫിന് പുറത്തുമുണ്ട്.
അത്രമാത്രം വ്യക്തിബന്ധം കക്ഷിരാഷ്ട്രീയ ഭേദമന്യേ കാത്തുസൂക്ഷിക്കുന്ന നേതാവാണ് സി.ടി അഹമ്മദലി. സെമിനാറോ രാഷ്ട്രീയ യോഗങ്ങളോ പോലെ വര്‍ക്കിംഗ് ഡേയിലെ ഏറ്റവും തിരക്ക് പിടിച്ച രാവിലെ നേരത്ത് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ എല്ലാവര്‍ക്കും എത്താന്‍ കഴിഞ്ഞുവെന്ന് വരില്ല. സര്‍ക്കാര്‍ ജീവനക്കാരടക്കം പലരും ജോലിതിരക്കിലായിരിക്കും ഈ നേരത്ത്. സന്ധ്യാനേരങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കപ്പെടുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് എത്താനുള്ള അവസരമുണ്ടാകും. മാത്രമല്ല പരിപാടിയോടനുബന്ധിച്ച് ഒരു ഗാനമേളയോ മറ്റു കലാപരിപാടികളോ സംഘടിപ്പിക്കുകയോ ചെയ്യാം.
കാസര്‍കോട്ട് നിരവധി വേദികളുണ്ടെങ്കിലും കലാപരിപാടികള്‍ കുറവാണെന്ന പരിഭവം നമുക്ക് മുമ്പേ ഉണ്ട്. ആദരവ് പരിപാടിയോടനുബന്ധിച്ച് ഒരു ഗാനമേളയൊക്കെ സംഘടിപ്പിക്കുമ്പോള്‍ അത് നാടിന്റെ ഉത്സവം കൂടിയായി മാറും. സ്ത്രീകളടക്കമുള്ളവര്‍ക്ക് സംബന്ധിക്കാനും കഴിയും. നമുക്ക് മനോഹരമായ ടൗണ്‍ ഹാളും സന്ധ്യാരാഗം ഓഡിറ്റോറിയവും മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളുമൊക്കെയുണ്ട്. എന്നാല്‍ അധികദിവസവും ഇവയൊന്നും ഉണരാറില്ല. കാരണം ഇത്തരം വേദികളെ ഉപയോഗപ്പെടുത്താന്‍ നാം ശ്രമിക്കുന്നില്ല.
കാസര്‍കോട്ട് ലളിതകലാസദനം ഓഡിറ്റോറിയം മാത്രം ഉണ്ടായിരുന്ന കാലത്ത് അവിടെ ആഴ്ചയില്‍ രണ്ടും മൂന്നും ദിവസങ്ങളില്‍ കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയിരുന്നു. നമുക്കും വേണം ആ നല്ല നാളുകള്‍.
സി.ടി അഹമ്മദലിയെ ആദരിക്കുന്ന പരിപാടിയോടനുബന്ധിച്ച് ടൗണ്‍ ഹാളിലോ സന്ധ്യാരാഗം ഓഡിറ്റോറിയത്തിലോ ഒരു ഗാനമേള കൂടി ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ; അല്ലേ...

-ടി.എ ഷാഫി

Related Articles
Next Story
Share it