ആത്മീയതയുടെയും മത സൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും മഹത്തായ സന്ദേശം ഉയര്‍ത്തിക്കാണിച്ചു കൊണ്ട് പുനര്‍നിര്‍മിച്ച ഉദുമ പടിഞ്ഞാര്‍ മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ്, നിര്‍മാണത്തിലെ മനോഹാരിത കൊണ്ടും ഉദ്ഘാടന പരിപാടികളിലെ സംഘാടന മികവ് കൊണ്ടും ജനശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷവും സന്ദര്‍ശനത്തിനായി ദൂര ദേശങ്ങളില്‍ നിന്നടക്കം ആളുകള്‍ ഒഴുകിയെത്തുകയാണ്.
രാജ്യത്തിനു തന്നെ മാതൃകയാവുകയാണ് കാസര്‍കോട് ജില്ലയിലെ ഉദുമ പടിഞ്ഞാര്‍ എന്ന കൊച്ചു ഗ്രാമം. അറബിക്കടലിന്റെയും നോമ്പില്‍ പുഴയുടെയും തീരത്തു ഒദവത്തു വയലും കോട്ടക്കുന്ന് കുന്നും എല്ലാം കൊണ്ട് മനോഹരമായ പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ നാടാണ് ഒദവത് എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഉദുമ പടിഞ്ഞാര്‍. നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ഒദോത് കൃഷിക്കും ആതിഥ്യ മര്യാദക്കും പേരുകേട്ട സ്ഥലമായിരുന്നു, പട്ടിണിയും പ്രാരാബ്ധവും നിറഞ്ഞു നിന്നിരുന്ന പഴയ കാലത്തില്‍ ഒദോത് പള്ളിയില്‍ വലിയ രീതിയില്‍ ഒരുപാട് പേര്‍ക്ക് ഭക്ഷണം ഏര്‍പ്പെടുത്തിക്കൊണ്ട് നടത്തപ്പെട്ടിരുന്ന റാത്തിബ് ആഘോഷത്തിന്റെ വിശേഷം മറ്റു നാടുകളിലെ ഉള്‍പ്പെടെയുള്ള പഴമക്കാര്‍ വിവരിക്കുന്നത് പലപ്പോഴും കേട്ടിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടി ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഈ നാട്ടുകാര്‍ മതം നോക്കാതെ ഒരുമിച്ച് പോരാടിയതിന്റെ ചരിത്രവും നമുക്കുണ്ട്. കര്‍ഷക സംഘത്തിലൂടെ കര്‍ഷകരെ സംഘടിപ്പിച്ചു ജന്മികള്‍ക്കെതിരെയും ബ്രിട്ടീഷ്കാര്ക്കെതിരെയും പി.കെ അബ്ദുല്‍ റഹ്മാന്, എച്ച് ഗോപാലന് മാസ്റ്റര്‍, തോട്ടപ്പാടി അബ്ദുല്ല, ഹസ്സന് കുട്ടി, അമ്മിണി കോരന്, മാഞ്ഞന്റെ അഹമ്മദ്, മുള്ളന്‍ വെള്ളുങ്ങന്‍, തോരകോരന് തുടങ്ങിയവരുടെയൊക്കെ നേതൃത്തില്‍ ഇവിടെ സമരം നടന്നിരുന്നു എന്നുള്ളത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതയാണ്.
എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹവും സാഹോദര്യവും ആണെങ്കിലും ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ അശാന്തിയും സംഘര്‍ഷങ്ങളും ഉണ്ടാവുന്നത് മതത്തിന്റെ പേരിലാണ്. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആഗസ്റ്റ് 10ന് ഉദ്ഘാടനം ചെയ്ത പള്ളി സന്ദര്‍ശിക്കാന്‍ പ്രദേശത്തെ മുഴുവന്‍ ആള്‍ക്കാരും ജാതി-മത വ്യത്യാസമില്ലാതെ എത്തിയപ്പോള്‍ പള്ളി കമ്മിറ്റി അംഗങ്ങളും വിശ്വാസികളും മധുര പലഹാരങ്ങളും സ്നേഹ വാക്കുകളുമായി സ്വീകരിച്ചത് നയന മനോഹരമായ കാഴ്ചയായിരുന്നു.
പള്ളിയോട് ചേര്‍ന്ന് നില്ക്കുന്ന പറമ്പില്‍ മുഴുവന്‍ നാട്ടുകാര്‍ക്കും വേണ്ടി ഒരുക്കിയ സ്നേഹവിരുന്നില്‍ എല്ലാ മതസ്ഥരും ഒരുമിച്ച് ഭക്ഷണം വിളമ്പിയതും കഴിച്ചതും മനോഹരമായ ഒരു അനുഭൂതിയായി. ആരാധനാലയം എന്നത് പവിത്രമാണ്, അത് സ്രഷ്ടാവിനോട് പ്രാര്‍ത്ഥിക്കാനും ആത്മീയതയില്‍ മുഴുകി മനസ്സിനെ ശുദ്ധീകരിക്കാനും ഉള്ളതാണ്. അതിനോടൊപ്പം തന്നെ അത് മനുഷ്യര്‍ തമ്മിലുള്ള സ്നേഹവും ബഹുമാനവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാനുള്ള കേന്ദ്രവുമാണെന്ന് ഉദുമ പടിഞ്ഞാര്‍ നിവാസികള്‍ ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുത്തു. ബേവൂരി ശ്രീ രക്തേശ്വരി വിഷ്ണു മൂര്‍ത്തി ക്ഷേത്രം, കൊതാറമ്പത്ത് ശ്രീ ചുളിയാര്‍ ഭഗവതി വിഷ്ണു മൂര്‍ത്തി ക്ഷേത്രം, ഒദോത് ചുളിയാര്‍ ഭഗവതി ക്ഷേത്രം, ഉദുമ പടിഞ്ഞാര്‍ അയ്യപ്പ ഭജന മന്ദിരം, പാലക്കുന്ന് കഴകം ഉദുമ പടിഞ്ഞാര്‍ പ്രദേശ് തിരുമുല്‍ കാഴ്ച്ച കമ്മിറ്റി തുടങ്ങിയവയുടെ ഭാരവാഹികള്‍ സന്ദര്‍ശനത്തിനെത്തുകയും അവരെ ഉഷ്മളമായി സ്വീകരിക്കുകയുമുണ്ടായി. നമ്മള് ഇവിടെ ഒരുമിച്ചു കൂടാനും ഈ മഹത്തായ കര്‍മത്തിന് ഭാഗമാവാനും കഴിഞ്ഞത് നമ്മള്‍ക്കെല്ലാം ലഭിച്ച മഹാഭാഗ്യവും ദൈവ നിയോഗവുമാണെന്ന് പള്ളി സന്ദര്‍ശന സമയത്ത് പാലക്കുന്ന് ഭഗവതി ക്ഷേത്രം സ്ഥാനികന് കുഞ്ഞിക്കണ്ണന് ആയത്താര്‍ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ ആഴത്തില്‍ പതിക്കുന്നവയായിരുന്നു.
ഉദ്ഘാടനത്തിനു ശേഷം നടന്ന പ്രവാസി സംഗമത്തില്‍ മുതിര്‍ന്ന പ്രവാസികളെ ആദരിച്ചത് വ്യത്യസ്തമായ അനുഭവമായി. പ്രവാസി സംഗമത്തില്‍ വെച്ച് നടന്ന, പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ പി.എം.എ ഗഫൂറിന്റെ പ്രഭാഷണത്തില്‍ സ്നേഹത്തിനെയും കാരുണ്യത്തിനെയും കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു. പള്ളിക്കരയിലെ റനീഷ എന്ന അനുജത്തി പി.എം.എ ഗഫൂറിനു നന്ദി പറഞ്ഞു കൊണ്ട് തന്റെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഉണ്ടാക്കിയ മാറ്റത്തിന് സമ്മാനമായി തന്റെ കൈ കൊണ്ട് വരച്ച അദ്ദേഹത്തിന്റെ ചിത്രം കൊടുക്കുകയുണ്ടായി.
ഏതു വലിയ പ്രശ്നത്തെയും സമ്മര്‍ദ്ദത്തെയും അതിജീവിക്കാന്‍ വാക്കുകളിലൂടെ സമാധാനിപ്പിച്ച് സ്നേഹം എന്ന മരുന്ന് കൊണ്ട് ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ട് മനുഷ്യന് പരസ്പരം സാധിക്കുമെന്ന് മനസിലാക്കിത്തന്ന നിമിഷങ്ങളായിരുന്നു അത്. പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍, ഫാദര്‍ ബേബി മാത്യു, മുനീര്‍ ഹുദവി വിളയില്‍, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന് തുടങ്ങിയ മത-രാഷ്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത മാനവ സൗഹാര്‍ദ്ദ സംഗമവും നടക്കുകയുണ്ടായി.
മത-രാഷ്ട്രീയ-ദേശ വ്യത്യാസമില്ലാതെ മനുഷ്യര്‍ പരസ്പരം സ്നേഹിക്കേണ്ടതിന്റെയും പരസ്പര സഹകരണത്തിന്റെയും പ്രാധാന്യം യോഗത്തില്‍ എല്ലാവരും വിവരിക്കുകയുണ്ടായി.
ഉദുമ പടിഞ്ഞാര്‍ നിവാസികള്‍ക്കു സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യാം, ഈ മനോഹരമായ പ്രദേശത്ത് സ്നേഹവും സൗഹൃദവും പരസ്പര ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് വരാന്‍ പോകുന്ന കാലത്തിനു മാതൃക സൃഷ്ടിക്കാന്‍ സാധിച്ചതിന്, അതോടൊപ്പം തന്നെ ആത്മീയതയുടെയും മനുഷ്യ സഹവര്ത്തിതത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി ഉദുമ പടിഞ്ഞാറര്‍ മുഹായുദ്ദീന് ജുമാ മസ്ജിദ് വിശ്വസികള്‍ക്ക് മുന്നില്‍ മനോഹരമായി പുനര്‍ നിര്‍മിച്ചതിനും.
-മുനീര്‍ കോട്ടക്കുന്ന്