പാടിയും പറഞ്ഞും ഡയറ്റ്; ഓര്‍മ്മകളില്‍ നിറഞ്ഞ് ഉബൈദ്

കാസര്‍കോട്: മായിപ്പാടി ഡയറ്റിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ടി. ഉബൈദിനെ പരിചയപ്പെടുത്തിയും ഉബൈദിന്റെ ഗാനങ്ങളും കവിതകളും ചൊല്ലി കേള്‍പ്പിച്ചും കാസര്‍കോട് സാഹിത്യവേദിയുടെ ഉബൈദ് ദിനാചരണം.കവി ടി. ഉബൈദ് വിട പറഞ്ഞതിന്റെ 51-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഉബൈദിനെ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മായിപ്പാടി ഡയറ്റില്‍ ദിനാചരണം സംഘടിപ്പിച്ചത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. റഫീഖ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യ ചരിത്രത്തില്‍ മാപ്പിള സാഹിതിക്ക് ശക്തമായ ഇടം കണ്ടെത്തുന്നതില്‍ ടി. ഉബൈദ് നടത്തിയ ശ്രമങ്ങള്‍ […]

കാസര്‍കോട്: മായിപ്പാടി ഡയറ്റിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ടി. ഉബൈദിനെ പരിചയപ്പെടുത്തിയും ഉബൈദിന്റെ ഗാനങ്ങളും കവിതകളും ചൊല്ലി കേള്‍പ്പിച്ചും കാസര്‍കോട് സാഹിത്യവേദിയുടെ ഉബൈദ് ദിനാചരണം.
കവി ടി. ഉബൈദ് വിട പറഞ്ഞതിന്റെ 51-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഉബൈദിനെ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മായിപ്പാടി ഡയറ്റില്‍ ദിനാചരണം സംഘടിപ്പിച്ചത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. റഫീഖ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യ ചരിത്രത്തില്‍ മാപ്പിള സാഹിതിക്ക് ശക്തമായ ഇടം കണ്ടെത്തുന്നതില്‍ ടി. ഉബൈദ് നടത്തിയ ശ്രമങ്ങള്‍ വലിയ ഫലം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പ്രയോഗിച്ച 'മഹീതലം' പോലുള്ള വാക്കുകള്‍ ആ കാലഘട്ടത്തില്‍ ഒരു മാപ്പിള കവി ഉപയോഗിച്ചു എന്നത് അതിശയിപ്പിക്കുന്ന കാര്യമാണെന്നും മലയാള കവിതയില്‍ വലിയ സംഭാവനകള്‍ അര്‍പ്പിച്ച ഈ കവിയെ മാപ്പിള കവി എന്ന വിശേഷണത്തിലൊതുക്കി ഒരു പ്രത്യേക സമുദായത്തിന്റെയോ ഒരു പ്രത്യേക പ്രദേശത്തിന്റെയോ കവിയായി മാറ്റി നിര്‍ത്തിയത് കൊണ്ടാണ് ഉബൈദ് കാസര്‍കോടിന് പുറത്ത് ചര്‍ച്ച ചെയ്യപ്പെടാതെ പോവുന്നതെന്നും റഫീഖ് ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു. ഉബൈദിന്റെ ജീവിതത്തെയും സാഹിത്യത്തെയും അധ്യാപനത്തെയും വിശദീകരിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രഭാഷകനുമായ റഹ്മാന്‍ തായലങ്ങടി അനുസ്മരണ പ്രഭാഷണം നടത്തി. ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ. രഘുറാം ഭട്ട് മുഖ്യാതിഥിയായിരുന്നു. സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. യൂസഫ് കട്ടത്തടുക്ക, ടി.കെ അന്‍വര്‍ മൊഗ്രാല്‍, കെ.എച്ച് മുഹമ്മദ്, അഹമദലി കുമ്പള എന്നിവരും ഡയറ്റിലെ വിദ്യാര്‍ത്ഥിനികളും ഉബൈദിന്റെ ഗാനങ്ങളും കവിതകളും ചൊല്ലിക്കേള്‍പ്പിച്ചത് സദസ് കയ്യടിയോടെ ആസ്വദിച്ചു. ഡോ. വിനോദ് കുമാര്‍ പെരുമ്പള, മുജീബ് അഹ്മദ്, അഷ്‌റഫലി ചേരങ്കൈ, ടി.എ ഷാഫി, ആയിസത്ത് ഹസൂറ, ആര്‍.എസ്. രാജേഷ് കുമാര്‍ പ്രസംഗിച്ചു. സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും റഹീം ചൂരി നന്ദിയും പറഞ്ഞു. എ.എസ് മുഹമ്മദ് കുഞ്ഞി, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, എം.വി. സന്തോഷ് കുമാര്‍, എം.പി ജില്‍ജില്‍, ഫാറൂഖ് കാസ്മി, സിദ്ദീഖ് പടുപ്പില്‍, രേഖാ കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it