യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യു.എ.ഇ.) ഇന്നേക്ക് 52 വര്‍ഷം തികയുകയാണ്. സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടേയും അനുകമ്പയുടേയും പ്രതീകമായ യു.എ.ഇ. എന്ന രാജ്യത്തിന്റെ വികസന കുതിപ്പിന് പിറകില്‍ ഇവിടത്തെ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണം ഒന്നു മാത്രമായിരിക്കെ രാഷ്ട്രം ഇന്ന് ഓര്‍ക്കുന്നത് പ്രതാപശാലികളായ മുന്‍കാല നേതൃത്വത്തെ കുറിച്ചാണ്.
ഇന്ന് യു.എ.ഇ അഥവാ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ലോകരാജ്യങ്ങളുടെ ശ്രദ്ധാബിന്ദുവായി വാനോളം വളര്‍ന്ന കൊച്ചുരാജ്യം.
1966ല്‍ ശെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് അബുദാബിയുടെ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തതോടെയാണ് യു.എ.ഇ എന്ന രാജ്യ രൂപീകരണത്തെക്കുറിച്ചുള്ള ചിന്തക്ക് തുടക്കമിട്ടത്. അറബികളുടെ പുരോഗതിയും അതിനനുസൃതമായ രാജ്യവും എന്നും ഒരു സ്വപ്നമായി നെഞ്ചിലേറ്റി നടന്ന അദ്ദേഹം തന്റെ മനസ്സിലെ മോഹം അന്നത്തെ ദുബായ് ഭരണാധികാരിയായിരുന്ന ശെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്മഖ്തുമുമായി പങ്കുവെയ്ക്കുകയും പ്രാഥമിക നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു. സൗഹൃദം നിറഞ്ഞ ചര്‍ച്ചകളും കൂടിയാലോചനകളും മാനസിക ഐക്യത്തിന് ആക്കം കൂട്ടുകയും കാര്യങ്ങള്‍ സുഗമമായി മുന്നോട്ടു നീങ്ങുകയും ചെയ്തപ്പോള്‍ രാജ്യത്തിന്റെ പിറവിക്ക് ഒരു നീണ്ട കാലയളവിന്റെ കാത്തിരിപ്പൊന്നും വേണ്ടിവന്നില്ല. വിശാലമായി ചിന്തിച്ച അദ്ദേഹം മറ്റു അയല്‍ രാജ്യങ്ങളെയും ചര്‍ച്ചയില്‍ പങ്കാളികളാക്കി. അതനുസരിച്ച് പ്രാഥമിക ചര്‍ച്ചകളില്‍ ബഹ്റൈനും പങ്കാളിയായെങ്കിലും മുന്നോട്ടുളള ഗമനത്തില്‍ അവരുണ്ടായില്ല.
1971 ഡിസംബര്‍ രണ്ടിന് അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നീ ചെറുരാജ്യങ്ങള്‍ ചേര്‍ന്ന് യു.എ.ഇ രൂപീകരിച്ചു. പിന്നീട് റാസല്‍ ഖൈമയും ഈ പൊന്‍കതിരിലെ മണിയായി മാറി. നൂറ്റാണ്ടുകളായി നിലവിലുളള രാജ്യങ്ങള്‍പോലും കെട്ടുറപ്പോടെയും ഐക്യത്തോടെയും മുന്നോട്ടുപോകാന്‍ കഴിയാതിരിക്കുമ്പോള്‍ പുതിയ കൂട്ടായ്മയിലൂടെ മറ്റൊരു രാജ്യം പിറവിയെടുക്കുന്നതില് പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. പലരാജ്യങ്ങളും സംഘര്‍ഷങ്ങളാല്‍ വീര്‍പ്പുമുട്ടുകയും ലോകം ആഭ്യന്തരകലാപങ്ങളില്‍ കലുഷിതമായിരിക്കുകയും ചെയ്യുന്ന സാഹാചര്യത്തില്‍ പുതിയൊരു രാജ്യം കെട്ടിപ്പടുക്കുന്നത് അന്ന് പലരാജ്യങ്ങളും വ്യത്യസ്ത വീക്ഷണത്തോടെയാണ് നോക്കിക്കണ്ടത്. ഈ ദൗത്യത്തിന് വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാനാവില്ലെന്ന് പ്രവചിച്ചവര്‍ പോലും ഐക്യത്തിന്റെ പ്രചാരകരെ കണ്ട് അത്ഭുതം കൂറി. രാജ്യരൂപീകരണാനന്തരം ജീവിതത്തിന്റെ അഖില മേഖലകളിലും വികസനത്തിന്റെ പുതുവെട്ടം വീശി രാജ്യം പ്രഭാപൂരിതമായി. സൗഖ്യജീവിതം പ്രജകള്‍ക്ക് സമ്മാനിച്ച യു.എ.ഇ, വര്ണ്ണോജ്വലതയുടെ വാതായനങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ തുറന്നിട്ടത്. ആശകള്‍ അവശേഷിപ്പിക്കാതെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ആശങ്ക അകറ്റുന്നതിലുമൊക്കെ വിജയം കൈവരിച്ച ഭരണാധികാരികള്‍ രാജ്യത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധചെലുത്തിയിട്ടുണ്ട്.
എണ്ണഖനനം എണ്ണിയാലൊതുങ്ങാത്ത പുരോഗതി എല്ലാ ഗള്‍ഫു രാജ്യങ്ങളുടെയും മുഖഛായ മാറ്റിമറിച്ചിട്ടുണ്ടെങ്കിലും യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നും എല്ലാവരെക്കാളും മുന്‍പന്തിയില്‍ നില്ക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. അതിന് നായകത്വം വഹിച്ച ശെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്നഹ്യാന്, ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മഖ്തും എന്നീ ഉന്നത ഭരണ കര്ത്താക്കള്പോലും ഒരുപക്ഷെ വളരെ ചുരുങ്ങിയ കാലംകൊണ്ട് ഇത്രയും വലിയൊരു പുരോഗതി സ്വപ്നം കണ്ടിരിക്കാനിടയില്ല. സാമ്പത്തികവും സാംസ്കരികവുമായി ഉന്നതിയില്‍നിന്നും അത്യുന്നതിയിലേക്ക് അനുദിനം അസൂയാവഹമായ വിധത്തിലാണ് രാജ്യം ഉയര്‍ന്നുവന്നത്. ചുട്ടുപഴുത്ത മണല്‍ക്കാടും അങ്ങിങ്ങായി ഉയര്ന്നുനില്ക്കുന്ന ഈന്തപ്പനകളും അതിനെ ചുറ്റപ്പെട്ടു കിടക്കുന്ന അലതല്ലുന്ന അറബിക്കടലും അതില്‍ നീന്തിത്തുടിക്കുന്ന മത്സ്യങ്ങളുമല്ലാതെ മറ്റൊന്നും സ്വന്തമായി പറയാനില്ലാതിരുന്ന കാലം പിന്നിട്ട് അധികമൊന്നുമായിട്ടില്ല.
പക്ഷെ രാഷ്ട്രം 52-ാം വയസ്സിലേക്ക് പ്രവേശിക്കുമ്പോള്‍ സമ്പൂര്‍ണ്ണമായൊരു രാജ്യത്തിന്റെ സര്‍വ്വവും ഒത്തിണങ്ങിയ സന്തോഷം എങ്ങും തുടികൊട്ടുന്നുണ്ട്. ചുടുകാറ്റില്‍ ചുഴികളുയര്ത്തുന്ന അറ്റം കാണാത്ത മരുഭൂമിയെ മുല്ലപ്പൂവിന്റെ സുഗന്ധം പരത്തുന്ന പൂന്തോപ്പാക്കി അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞത് ഭരണനൈപുണ്യം ഒന്നുകൊണ്ടു മാത്രമാണ്. ആരേയും അമ്പരപ്പിക്കുന്ന പുരോഗതിയും ഏവരെയും ആകര്‍ഷിക്കുന്ന ആസൂത്രണവും രാജ്യത്തെ പുരോഗതിയുടെ ഉത്തുംഗതയിലേക്ക് നയിച്ചു. ആധുനികലോകം വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകളും സമൂഹ നന്മയുടെ പരിഷ്കാരങ്ങളും ധ്രുതഗതിയിലാണ് ഇവിടെ നടപ്പാക്കിയത്. ലോകരാജ്യങ്ങളുടെ ശ്രദ്ധ ഈ കൊച്ചുരാജ്യത്തേക്ക് തിരിയാന്‍ കാലമേറെ കാത്തിരിക്കേണ്ടി വന്നില്ല. കരയും കടലും ആകാശവും കടന്ന് പതിനായിരങ്ങള്‍ ഇവിടേക്കൊഴുകി. തൊഴില്‍ തേടിയെത്തിയ ലക്ഷക്കണക്കായ വിദേശികളെ ഇരുകൈയും നീട്ടി സ്വീകരിക്കാനും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനും ഭരണാധികാരികള്‍ അതീവ താല്പര്യം കാട്ടി. ഒരു കാലത്ത് ഭൗതിക വിദ്യാഭ്യാസത്തിനായി അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാഷ്ട്രങ്ങളില്‍ അയച്ചു ഉന്നതവിദ്യാഭ്യാസം നല്കി പുതിയൊരു തലമുറയെ ഭരണകര്‍ത്താക്കള്‍ വാര്‍ത്തെടുത്തു. വിസ്മയകരമായ വികസനങ്ങള്‍… സര്‍വ്വരാജ്യങ്ങളെയും പിന്നിലാക്കി സഹസ്ര ഹസ്തങ്ങളില്‍ ഇവിടെ എത്തിക്കുന്നതിലും ഭരണകൂടം എന്നും വിജയിച്ചിട്ടുണ്. രാജ്യം കൈവരിച്ചിട്ടുള്ള നേട്ടങ്ങളും രാജ്യത്തിനുണ്ടായിട്ടുള്ള പുരോഗതിയും ഏവരെയും വിസ്മയം കൊള്ളിക്കുന്നതാണ്. ഒരു കാലത്ത് നോക്കെത്താ ദൂരത്തോളം നീണ്ടുപരന്നു കിടന്നിരുന്ന ഒട്ടകക്കൂട്ടങ്ങള്‍ നിറഞ്ഞ മണല്‍ കാടിനെ ലോകശ്രദ്ധയാകര്ഷിക്കുംവിധം പുരോഗതിയുടെ പരിപൂര്‍ണ്ണതയിലേക്ക് നയിച്ചു. രാജ്യത്തിന്റെ പൊതുസമ്പത്തായ പെട്രോളിന്റെ തൊണ്ണൂറ് ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് അബുദാബിയിലാണ്. എണ്ണകയറ്റുമതിയും അതിന്റെ വരുമാനവുമെല്ലാം പാഴാവാത്ത വിധം വിനിയോഗിക്കാന്‍ കഴിയുന്നുവെന്നതുതന്നെയാണ് നേട്ടങ്ങളുടെ പട്ടിക കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റിയത്.
ലോക സമ്മേളനങ്ങളുടെ നിറവില്‍ യു.എ.ഇ. 52-ാം ദേശീയ ദിനാഘോഷം.
ഇത്തവണത്തെ പ്രധാന സവിഷേത കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇയില്‍ കോപ് സമ്മേളനം നടക്കുകയാണ്. ലോക നേതാക്കള്‍ യു.എ.ഇയിലുണ്ട്. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്നതാണ് ഈ സമ്മേളനം.
മജീദ് തെരുവത്ത്