പി.ബി. അബ്ദുല്‍ റസാഖിന്റെ വേര്‍പാടിന് രണ്ടാണ്ട്

ജനപ്രതിനിധി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയ പി.ബി. അബ്ദുല്‍ റസാഖിന്റെ വേര്‍പാടിന് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. ജന മനസുകളില്‍ റദ്ദുച്ച എന്ന പേരില്‍ ജീവിക്കുകയും ഒരു നാടിന്റെ പൂമരമായി നിലകൊള്ളുകയും ചെയ്ത പി.ബി. അബ്ദുല്‍ റസാഖ് നിയമസഭാ അംഗമായിരിക്കെ 2018 ഒക്‌ടോബര്‍ 20നാണ് വിടപറഞ്ഞത്. മനസു നിറയെ കനിവും അനുകമ്പയും കാരുണ്യവും നിറച്ച, ഹരിത രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന് ജന സേവനം മുഖമുദ്രയാക്കിയ പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍എ.യുടെ […]

ജനപ്രതിനിധി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയ പി.ബി. അബ്ദുല്‍ റസാഖിന്റെ വേര്‍പാടിന് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. ജന മനസുകളില്‍ റദ്ദുച്ച എന്ന പേരില്‍ ജീവിക്കുകയും ഒരു നാടിന്റെ പൂമരമായി നിലകൊള്ളുകയും ചെയ്ത പി.ബി. അബ്ദുല്‍ റസാഖ് നിയമസഭാ അംഗമായിരിക്കെ 2018 ഒക്‌ടോബര്‍ 20നാണ് വിടപറഞ്ഞത്. മനസു നിറയെ കനിവും അനുകമ്പയും കാരുണ്യവും നിറച്ച, ഹരിത രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന് ജന സേവനം മുഖമുദ്രയാക്കിയ പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍എ.യുടെ പൊടുന്നനെയുള്ള വിയോഗം മുറിവുണങ്ങാത്ത വേദനയായി മനസില്‍ ബാക്കി നില്‍ക്കുന്നു. രാഷ്ട്രീയ രംഗത്ത് ഒരു ഭാഗത്ത് തിളങ്ങുമ്പോള്‍ തന്നെയും ആരാരുമില്ലാത്ത ഒരുപാട് പേരുടെ അത്താണിയും ആശ്രയവുമായി ജീവിച്ച പി.ബി. അബ്ദുല്‍ റസാഖ് ആര്‍ക്കും തോല്‍പ്പിക്കാന്‍ ആവാത്ത വിധം ഹൃദയങ്ങളില്‍ കുടിയേറിയ ഒരു നേതാവായിരുന്നു. രാഷ്ട്രീയ നേതാവെന്നതിലുപരി തങ്ങളുടെ ഏത് പ്രശ്‌നങ്ങളും കേള്‍ക്കുന്ന, പരിഹരിക്കുന്ന ഒരു അത്താണിയായാണ് പലരും അദ്ദേഹത്തെ കണ്ടത്.
1967ല്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായി പൊതു രംഗത്തേക്ക് കടന്നു വന്ന പി.ബി. അബ്ദുല്‍ റസാഖ് സര്‍വ്വസമ്മതനായ രാഷ്ട്രീയക്കാരനായി വളരെ പെട്ടെന്ന് തന്നെ വളര്‍ന്നു വന്നത് അദ്ദേഹത്തിന്റെ കളങ്കമില്ലാത്ത പ്രവര്‍ത്തന മികവ് കൊണ്ടാണ്. ആരെയും ആകര്‍ഷിക്കുന്ന സംസാര രീതിയും ആരിലും മതിപ്പുളവാക്കുന്ന പെരുമാറ്റവും കൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച പി.ബി. അബ്ദുല്‍ റസാഖ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും ഒടുവില്‍ മഞ്ചേശ്വരം നിയമസഭാ അംഗമായും വളര്‍ന്നു പന്തലിക്കുന്നതിനിടയിലായിരുന്നു ഒട്ടും പ്രതീക്ഷിക്കാതെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. റദ്ദുച്ച കുറച്ച് കാലം കൂടി ഉണ്ടായിരുന്നുവെങ്കില്‍ മന്ത്രിപദം വരെ അലങ്കരിക്കുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്. പൊതു പ്രവര്‍ത്തന രംഗത്ത് അത്രമാത്രം അടയാളപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റേതായി കാണാം. ഓരോ പദ്ധതികളും ചോദിച്ചുവാങ്ങുന്നതില്‍ അദ്ദേഹം കാണിച്ചിരുന്ന മിടുക്ക് മഞ്ചേശ്വരം മണ്ഡലത്തിന്റെ മുക്കുമൂലകള്‍ സന്ദര്‍ശിച്ചാല്‍ കാണാവുന്നതാണ്. അബ്ദുല്‍ റസാഖ് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ട് രാഷ്ട്രീയ പ്രതിയോഗികള്‍ പോലും കയ്യടിക്കാറുണ്ടായിരുന്നു.
2011ലാണ് അദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. തുടര്‍ന്ന് 2016ലും ബി.ജെ.പി.യെ കെട്ടുകെട്ടിച്ച് നിയമസഭയില്‍ വീണ്ടുമെത്തി. ഏഴ് വര്‍ഷം എം.എല്‍.എ. പദത്തിലിരുന്ന് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികള്‍ക്ക് മാതൃകയാണ്.
ദീര്‍ഘകാലം മുസ്ലിം ലീഗ് പാര്‍ട്ടി നേതൃ സ്ഥാനവും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. സമസ്തയുടെയും സഹ സ്ഥാപനങ്ങളുടെയും നേതൃനിരയിലും മികവ് കാട്ടി. എന്നും ജനാധിപത്യ ചേരിയോടൊത്ത് പ്രവര്‍ത്തിച്ച് ഫാസിസ്റ്റ് ശക്തികളോട് പോരാടിയ നേതാവായിരുന്നു അദ്ദേഹം. റദ്ദുച്ചയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ സഹായം തേടി നായന്മാര്‍മൂലയിലെ വീട്ടില്‍ നിരവധി പേര്‍ എത്തുമായിരുന്നു. നാട്ടുകാരുടെ സ്വപ്‌നത്തിനോടൊപ്പം വികസനം തേടിയുള്ള യാത്രക്കിടയിലാണ് റദ്ദുച്ച യാത്രയായത്. റദ്ദുച്ചയുടെ ദീപ്ത സ്മരണകള്‍ എന്നും ജ്വലിച്ചുകൊണ്ടിരിക്കും.

Related Articles
Next Story
Share it